ഈ ഒച്ചപ്പാടുകൾക്കിടയിൽ എന്നാണ് നാം അകത്തേക്ക് നോക്കുക !

ശബ്ദഘോഷങ്ങളുടെ നിലക്കാത്ത പ്രവാഹമാണെങ്ങും. ശാന്തമായിരുന്ന് ഒന്ന് അകത്തേക്ക് നോക്കാൻ ആർക്കും ഒഴിവില്ല. അറിഞ്ഞോ അറിയാതെയോ നമ്മുടെ സംവിധങ്ങളൊന്നും അതിന് സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഒഴിഞ്ഞിരുന്ന് ധ്യാനാത്മകമായ മനസ്സോടെ അകത്തേക്ക് നോക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഉള്ളിന്റെ സുഖം നമുക്കനുഭവിക്കാൻ കഴിഞ്ഞേനെ. ഉള്ളറിഞ്ഞാലെ ഉള്ളതിനെയെല്ലാം പടച്ച റബ്ബിനെ അറിയാൻ കഴിയൂ എന്ന മഹാസത്യം നാമെന്തേ മറന്നുപോയി. 

മൗനം യുക്തിയാണ്, പക്ഷേ പ്രയോക്താക്കൾ വിരളമെന്ന് പഠിപ്പിച്ച ആദിമധ്യാന്ത്യങ്ങളിലെ അതുല്യ ജ്ഞാനത്തിന്റെ മഹാഗുരു പുണ്യ നബിയുടെ അധ്യാപനം എത്ര മേൽ സുന്ദരമാണ്.

ശബ്ദഘോഷങ്ങളിൽ നിന്നകന്ന് ഒറ്റക്കിരിക്കണം. ശാന്തനായി അകത്തേക്ക് നോക്കണം. ഏകാന്തത മാത്രം കൂട്ടാവണം, തൊട്ടറിയാവുന്ന ഏകാന്തത. ഉള്ളിന്റെ ഉള്ളിൽ മറഞ്ഞു പോയ ദൈവിക പ്രാതിനിധ്യത്തിന്റെ മഹത്വം പേറുന്ന ആത്മാവിനെ ഒന്ന് തൊട്ടറിയണം. ഫിത്റത്തിനെ  (ആത്മാവിന്റെ ശുദ്ധപ്രകൃതം/ ദൈവീകമായ നൈസർഗികത) കണ്ടെത്തണം. ഫിത്റത്തിന്റെ ആഴങ്ങളിലേക്ക്.. ആഴങ്ങളിലേക്കിറങ്ങി ചെല്ലണം. അവിടെ എല്ലാം നിശ്ശബ്ദമാണ്, ശബ്ദം പോലും. എല്ലാം ശാന്തമാണ്. പവിത്രമായ ശാന്തത. പ്രശാന്തതയുടെ പ്രവാഹമാണ്. വാക്കുകൾക്കതീതമായ അനുഭവങ്ങളുടെ ലോകമാണവിടെ.

സകല വണക്കങ്ങളുടെയും സർവ്വ ആരാധനകളുടെയും തുടക്കം നിശ്ശബ്ദതയിലാണെന്ന് പ്രവാചകാധ്യാപനം. എല്ലാ ശബ്ദങ്ങളുടെയും അപ്പുറത്ത് നിശബ്ദത തന്നെയാണ്. ഓരോ ശബ്ദത്തിനും അർത്ഥം നൽകുന്നത് പോലും അവക്കിടയിലെ നിശബ്ദതയാണെന്നും പറയാം. മൗനത്തിന്റെ ദൈർഘ്യമാണ് ഓരോ അർത്ഥങ്ങളുടെയും ആഴം. മൗനിയായ വിശ്വാസിയെ കണ്ടാൽ അവനെ കൂടെ കൂട്ടണമെന്നാണ് തിരുവരുൾ. കാരണം അവന്റെ വായിൽ നിന്നുതിർന്നു വീഴുന്നതത്രയും യുക്തിയുടെയും ജ്ഞാനത്തിന്റെയും അനർഘ മുത്തുകളായിരിക്കും.

ശബ്ദത്തേക്കാൾ നിശബ്ദതയെ ശ്രവിച്ചു നോക്കൂ. പുറത്തെ നിശ്ശബ്ദതയിലേക്ക് കാതോർക്കും തോറും അകത്തെ അവാച്യമായ നിശബ്ദതയുടെ സൗന്ദര്യത്തിന് മാറ്റ് കൂടിക്കൊണ്ടേയിരിക്കും.

ആത്മാവിന്റെ അകത്തളങ്ങളിൽ സത്യാസത്യ വിവേചനത്തിന്റെ അടയാളങ്ങൾ നാട്ടിയിരിക്കുന്നുവെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത് (91:8). അത് കാണണമെങ്കിൽ പ്രശാന്തമായ മനസ്സോടെ വേണം നോക്കാൻ. ഒച്ചപ്പാടുകൾക്കിടയിൽ പ്രക്ഷുബ്ധമായ മനസ്സിന് ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാൻ കഴിയില്ല.

നിശബ്ദത ഒരു ധ്യാനാത്മക സംഭാഷണമാണ്. നാം നമ്മോട് തന്നെ നടത്തുന്ന സംഭാഷണം. മനസ്സാണ് പലപ്പോഴും അവിടെ വില്ലനായി വരുന്നത്. അതാകട്ടെ നമുക്ക് നൽകപ്പെട്ട ഒരു ഉപകരണം മാത്രമാണ്; ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാനുള്ളത്. എന്നിട്ട് വിശ്രമമില്ലാതെ തിരക്കുകൾക്കിടയിൽ മാത്രമാണെപ്പോഴും നമ്മുടെ മനസ്സ്. അവിടെ നടക്കുന്ന ചിന്തകളുടെ നിലക്കാത്ത ഒഴുക്കിനെ പുറത്തുനിന്നെന്ന പോലെ ഒന്ന് വീക്ഷിച്ചു നോക്കൂ.. ഒരു സാക്ഷി മാത്രമായി.. പതിയെ പതിയെ നിശബ്ദതയുടെ ആഴങ്ങളിലേക്ക് നാം ഇറങ്ങിചെല്ലുന്നത് കാണാം. ആത്മാവിന്റെ യാഥാർത്ഥ്യത്തോട് അപ്പോഴേ നാം അടുക്കാൻ തുടങ്ങുന്നുള്ളൂ എന്നതാണ് സത്യം. ആ ദീർഘമായ മൗനത്തിന് ശേഷം മാത്രമാണ് നാം യഥാർത്ഥ സംസാരം തുടങ്ങുന്നത് പോലും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter