ഹിജ്‌റ തിന്മയുടെ തിരസ്‌ക്കാരമാണ്
പുതിയ ഹിജ്‌റ വര്‍ഷം സമാഗതമായി. വിശ്വാസിയുടെ ഈ പുതുവര്‍ഷം സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും, ഐശ്വര്യത്തിന്റെയും അഭിവൃതിയുടെയും വര്‍ഷമായി ഭവിക്കാന്‍ പ്രത്യാശിക്കാം. പ്രവര്‍ത്തിക്കാം. പ്രാര്‍ത്ഥിക്കാം.
ഈ പുതുവര്‍ഷ പുലരികളില്‍ പ്രവാചകരുടെ (സ്വ) ത്യാഗനിര്‍ഭരമായ ഹിജ്‌റയെന്ന മദീനാ പലായനത്തിന്റെ സ്മരണകള്‍ പുതുക്കപ്പെടുകയാണ്. പ്രവാചകരുടെ (സ്വ) ഹിജ്‌റ മാനവിക ചരിത്രത്തിലെത്തന്നെ സുപ്രധാന സംഭവമാണ്. ഉമര്‍ ബ്‌നുല്‍ ഖത്വാബാണ് (റ) ഹിജ്‌റാ സംഭവത്തെ ഇസ്ലാമിക കലണ്ടറിന്റെ തുടക്കമായി നിര്‍ണയിച്ചത്. ഇസ്ലാമിക കലണ്ടര്‍ സ്ഥാപിക്കാനുള്ള സ്വഹാബാക്കളുടെ ചര്‍ച്ചയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നു. ചിലര്‍ പ്രവാചകത്വം മുതല്‍ക്ക് തുടങ്ങാമെന്ന് പറഞ്ഞു. മറ്റു ചിലര്‍ ഹിജ്‌റാ സംഭവം മുതല്‍ തുടങ്ങാമെന്നും അഭിപ്രായപ്പെട്ടു. അവസാനം, ഹിജ്‌റയെ ഇസ്ലാമിക തിയ്യതി നിര്‍ണ്ണയത്തിനുള്ള ഉപാധിയാക്കാമെന്ന ഐക്യാഭിപ്രായത്തില്‍ എത്തിച്ചേരുകയായിരുന്നു (അല്‍ കാമില്‍ ഫിത്താരീഖ്).
കാരണം, മാനവിക ചരിത്രത്തിലെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ അധ്യായങ്ങളാണ് ഹിജ്‌റാ പലായനം പറഞ്ഞുത്തരുന്നത്. പ്രവാചകാനുചരരില്‍ നിന്ന് സ്ത്രീകളും പുരുഷന്മാരും ഭാഗദേയം നിര്‍ണയിച്ച ആ ചരിത്രദൗത്യത്തിലൂടെ പ്രവാചകര്‍ (സ്വ) മദീനയുടെ മണ്ണില്‍ നീതിയുടെയും ന്യായത്തിന്റെയും വിത്തുകള്‍ പാകുകയായിരുന്നു. പരസ്പരം പുലര്‍ത്തേണ്ട സഹാനുഭൂതിയുടെയും സഹകരണത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു നബി തിരുമേനി (സ്വ.അ). അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ബാധ്യതകള്‍ നിര്‍വ്വഹിച്ച് അമുസ്ലിങ്ങളോട് സഹിഷ്ണുതാ മനോഭാവത്തോടെ സഹവസിക്കേണ്ടതിന്റെ മാനവിക മാനം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. മദീനാ ഉടമ്പടി തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവ്. സ്വഹാബികള്‍ മദീനാ ദേശത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വസിച്ച് മാനുഷിക സംസ്‌കൃതിയുടെ ഉത്തമ മാതൃകകള്‍ പണിയുകയും പരിപാവന ദീനുല്‍ ഇസ്ലാമിന്റെ താത്വിക വശങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഈ പുതുവര്‍ഷ വേളയില്‍, കഴിഞ്ഞ വര്‍ഷം നാം എന്ത് ചെയ്തുവെന്ന് ഓരോര്‍ത്തരും ആത്മവിചാരണ നടത്തേണ്ടിയിരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നുണ്ടല്ലൊ. 'അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല'(ഖുര്‍ആന്‍, സൂറത്തുല്‍ ഹാഖ 18). ഉമര്‍ ബ്‌നുല്‍ ഖത്വാബ് (റ) പറയുന്നു: 'നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് ആത്മവിചാരണ നടത്തുക, നിങ്ങള്‍ അളക്കപ്പെടുന്നതിന് മുമ്പ് സ്വയം അളക്കുക' (മുസ്വന്നഫു ഇബ്‌നി അബീ ശൈബ). അതായത് വിശ്വാസി പരലോകത്ത് വെച്ച് വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പായി ഇഹലോകത്ത് വെച്ച് തന്നെ സ്വന്തത്തെ വിചാരണ ചെയ്തിരിക്കും.
പരത്തില്‍ വിജയിക്കാന്‍ ഇഹത്തില്‍ എന്ത് ചെയ്‌തെന്ന് ഓരോര്‍ത്തരും ആത്മവിചിന്തനം നടത്തണം.
നിര്‍ബന്ധ ആരാധനാ കര്‍മ്മങ്ങല്‍ യഥാവിധി കൃത്യമായി നിറവേറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ഏതെല്ലാം നന്മകള്‍ക്ക് സമയം ചെലവഴിച്ചുവെന്ന് വിലയിരുത്തണം.
സ്വന്തത്തിനും സ്വകുടുംബത്തിനും എന്ത് നേടിക്കൊടുത്തുവെന്ന് ആത്മാവില്‍ അന്വേഷിക്കണം.
നാടിനും നാട്ടാര്‍ക്കും എന്ത് ഗുണം ചെയ്തുവെന്ന് സ്വന്തത്തോട് ചോദിക്കണം.
കഴിഞ്ഞ വര്‍ഷം ആപേക്ഷികമായി സല്‍ക്കര്‍മ്മങ്ങള്‍ ഏറിയിട്ടുണ്ടോവെന്നും അറിവ് അധികരിച്ചിട്ടുണ്ടോവെന്നും കണക്കുകൂട്ടണം.
ജീവിതത്തില്‍ പുതിയ നേട്ടങ്ങളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ടോവെന്ന് ആത്മവിമര്‍ശനം നടത്തുകയും വേണം.
തീര്‍ച്ചയായും, മനുഷ്യന്‍ അവന്റെ ശരീരം എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും, ആയുസ്സ് എങ്ങനെ ചെലവഴിച്ചുവെന്നും, ധനം എങ്ങനെ സമ്പാദിച്ചുവെന്നും എങ്ങനെ വിനിയോഗിച്ചുവെന്നും, വിജ്ഞാനം എങ്ങനെ പ്രാവര്‍ത്തികമാക്കിയെന്നും ചോദിക്കപ്പെടും. ഈ പുതുവര്‍ഷ വേളയില്‍ ഇനിയെന്ത് നേടുമെന്നും തീരുമാനിച്ചുറച്ച് ഇറങ്ങണം.
പ്രവാചകര്‍ നബി (സ്വ)യുടെ ഹിജ്‌റാ പലായനം നിരവധി ആശയങ്ങളും ആദര്‍ശങ്ങളും മൂല്യങ്ങളുമാണ് നമ്മുക്ക് ഓതിത്തരുന്നത്. ഒന്നാമതായി ഹിജ്‌റയെന്നതിന്റെ വാക്കര്‍ത്ഥം തന്നെ. വെടിയല്‍ എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. അതായത് അല്ലാഹും വിരോധിച്ചത് വെടിയുക. നബി (സ്വ) പറയുന്നു: 'മുഹാജിര്‍ അല്ലാഹു വിരോധിച്ചത് വെടുയുന്നവനാണ്' (ഹദീസ് ബുഖാരി). വിശ്വാസി എന്നും സത്യത്തിലേക്കും വിശ്വാസ്യതയിലേക്കും ജ്ഞാന സമ്പാദനത്തിലേക്കും പരിശ്രമത്തിലേക്കും അഭയം പ്രാപിക്കണം. അതാണ് അവനിക്ക് മാന്യത വരുത്തുന്നതും അവന്റെ കുടുംബത്തിനും നാടിനും സമൂഹത്തിനും ഉപകരിക്കുന്നതും. അതാണ് സല്‍പാത. അതില്‍ അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചാല്‍ മഹത്തായ പ്രതിഫലം അവനിക്കുണ്ടെന്നതില്‍ സംശയിക്കാനില്ല. 'തീര്‍ച്ചയായും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് നിയ്യത്ത് (മനസ്സ് കൊണ്ടുള്ള കരുതല്‍) കൊണ്ട് തന്നെയാണ് ' (ഹദീസ് ബുഖാരി, മുസ്ലിം).
ഹിജ്‌റാ സംഭവം പാര്‌സപര്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. സമൂഹത്തില്‍ ഓരോ വ്യക്തിക്കും അവരവരുടേതായ ദൗത്യമുണ്ട്. അതാണ് ഹിജ്‌റയില്‍ നമ്മുക്ക് വ്യക്തമാവുന്നത്. അബൂബക്കര്‍ സിദ്ധീഖ് (റ) അര്‍പ്പണബോധത്തോടെ ഹിജ്‌റക്കായി നബി (സ്വ)യോടൊപ്പം എല്ലാം ത്യജിച്ച് പുറപ്പെടുകയായിരുന്നു. മാത്രമല്ല, അതിനായി തന്റെ സമ്പാദ്യവും വാഹനമായി ഉപയോഗിക്കുന്ന ഒട്ടകവും നല്‍കുകയും ചെയ്തു. ഈ സഹകരണ ഉദ്യമത്തില്‍ അബൂബക്കര്‍ സിദ്ധീഖി(റ)ന്റെ കുടുംബവും പങ്കുചേരുകയുണ്ടായി. അല്ലാഹു പുറപ്പെട്ടുകൊള്ളുവാന്‍ അനുമതി തന്നുവെന്നു നബി തങ്ങള്‍ (സ്വ) പറഞ്ഞപ്പോള്‍ തന്നെ അവര്‍ പൂര്‍ണാര്‍ത്ഥത്തില്‍ സഹകരിക്കുകയായിരുന്നു. അബൂബക്കര്‍ സിദ്ധീഖി(റ)ന്റെ മകള്‍ ആയിഷ (റ) പറയുന്നു: 'നമ്മള്‍ അവര്‍ രണ്ടാളെയും യാത്രക്കായി വേഗത്തില്‍ ഒരുക്കിത്തയ്യാറാക്കുകയും സഞ്ചിപ്പാത്രത്തില്‍ ഭക്ഷണം വിളമ്പുകയും ചെയ്തു. അസ്മാ ബിന്‍ത്ത് അബൂബക്കര്‍ (മറ്റൊരു മകള്‍) തന്റെ തോല്‍പ്പട്ട മുറിച്ച് രണ്ടാക്കി ഒരു ചരട് കൊണ്ട് ഭക്ഷണപ്പാത്രം കെട്ടിഭദ്രമാക്കി. അതുകൊണ്ടാണ് അസ്മാ 'ദാത്തുല്‍ നിത്വാഖൈന്‍' (രണ്ടു തോല്‍പ്പട്ടയുള്ളവള്‍) എന്നറിയപ്പെടുന്നത്' (ഹദീസ് ബുഖാരി).
ഈ സംഭവം ഹിജ്‌റയിലെ സ്ത്രീസാന്നിധ്യമാണ് വ്യക്തമാക്കിത്തരുന്നത്. സാംസ്‌കാരിക നേട്ടത്തിലും മതകീയ ഉന്നമനത്തിലുമുള്ള മറക്കുള്ളിലെ സത്രീപങ്കാളിത്തതിന്റെ തെളിവാണിത്. നബി(സ്വ)യും അബൂബക്കര്‍ സിദ്ധീഖും (റ) പര്‍വ്വതമുകളിലെ ശൗര്‍ ഗുഹയിലെത്തി മൂന്നുദിവസം താമസിച്ചിരുന്നപ്പോള്‍ അവര്‍ക്കുള്ള ഭക്ഷണം മല കയറി എത്തിച്ചിരുന്നത് ഗര്‍ഭിണിയായിരുന്ന അസ്മാ ബിന്‍തു അബൂബക്കര്‍ ആയിരുന്നു. ഈ സ്ത്രീ പരിശ്രമദാനത്തിന് ചരിത്രത്തില്‍ സമാനതകളില്ലതാനും.
ചരിത്രത്തില്‍ യുവതയുടെ ശ്രമങ്ങളും അനുസ്മരണീങ്ങളാണ്. അവരെക്കൊണ്ടാണല്ലൊ സമൂഹം വളരുന്നതും വെല്ലുവിളികള്‍ മറികടക്കുന്നതും നേട്ടങ്ങള്‍ കൊയ്യുന്നതും. അങ്ങനെയുള്ള യുവത്വങ്ങള്‍ ഹിജ്‌റയിലും നന്നായി ഇടപെട്ടതായി കാണാം. അവരില്‍ പ്രധാനിയാണ് അലിയ്യ് ബ്‌നു അബൂത്വാലിബ് (റ). മക്കാനിവാസികള്‍ക്ക് അമാനത്ത് വകകള്‍ (സൂക്ഷിപ്പുസ്വത്തുകള്‍) തിരിച്ചേല്‍പ്പിച്ചിരുന്നത് ആ യുവരത്‌നമായിരുന്നു. അതുവരെ മക്കയില്‍ തങ്ങിയശേഷമാണ് പലായനം ചെയ്തത്. മറ്റൊരു മാതൃകാ യുവത്വം മുസ്വ്അബ് ബ്‌നു ഉമൈര്‍ (റ) ആയിരുന്നു. അവരാണ് മദീനയിലേക്ക് ആദ്യം ചെന്നത്. അവിടത്തെ ജനങ്ങളെ ഉല്‍ബുദ്ധരാക്കാനും ദീന്‍ പഠിപ്പിക്കാനുമായിരുന്നു അത്. അങ്ങനെയാണ് മക്കാനിവാസികള്‍ നിര്‍മല ഹൃദയരാവുന്നതും പാരസ്പര്യബോധമുള്ളവരാവുന്നതും. മാത്രമല്ല, മക്കയില്‍ നിന്നുള്ള മുഹാജിറുകളും മദീനയിലെ അന്‍സ്വാരികളും സല്‍ക്കര്‍മ്മ സഹകാരികളായി സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞുകൂടുകയും ചെയ്തു, നാട് ഉണരുകയും പുതിയ സംസ്‌കാരം രൂപപ്പെടുകയും ചെയ്തു.
ഹിജ്‌റ പഠിപ്പിക്കുന്ന മറ്റൊരു പാഠം മസ്ജിദ് നിര്‍മ്മാണവും സംരക്ഷണവും പരിപാലനവുമാണ്. മദീനയിലെത്തിയ പ്രവാചകര്‍ (സ്വ) ആദ്യമായി ചെയ്തത് മസ്ജിദ് നിര്‍മ്മാണമായിരുന്നു. മസ്ജിദുകളിലാണ് അല്ലാഹുവിനെ ആരാധിക്കാന്‍ ഒത്തുകൂടുന്നതും വിശ്വാസികള്‍ പരസ്പരം അടുക്കുന്നതും. അങ്ങനെ ഹിജ്‌റ അല്ലാഹുവിന്റെ ദിവ്യാനുഗ്രഹത്താല്‍ വിജയകരമായി പൂര്‍ത്തിയായി. അല്ലാഹു പറയുന്നു: 'അവനാണ് അവന്റെ സഹായം മുഖേനയും വിശ്വാസികള്‍ മുഖേനയും താങ്കള്‍ക്ക് പിന്‍ബലം നല്‍കിയവന്‍. വിശ്വാസികളുടെ ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു (ഖുര്‍ആന്‍, സൂറത്തുല്‍ അന്‍ഫാല്‍ 62,63).
ഹിജ്‌റയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. മതം താല്‍പര്യപ്പെടുന്നത് പാരസ്പര്യബോധവും സഹകരണമനോഭാവവുമാണ്. സഹിഷ്ണുതയും അനുകമ്പയും ജീവിതത്തിലുടനീളം പുലര്‍ത്താനും കല്‍പ്പിക്കുന്നുണ്ട്. വിശ്വാസികള്‍ കണ്ടുമുട്ടിയാല്‍ സലാം പറയുന്നത് പതിവാക്കണം. മദീന മുനവ്വറയില്‍ വെച്ച് നബി (സ്വ) ആദ്യമായി നടത്തിയ അഭിസംബോധനം ഇങ്ങനെയായിരുന്നു: 'ജനങ്ങളേ.... നിങ്ങള്‍ സലാം പറയുന്നത് വ്യാപകമാക്കുക, ഭക്ഷിപ്പിക്കുക, കുടുംബബന്ധം ചേര്‍ക്കുക. ആളുകള്‍ ഉറങ്ങുന്ന സമയം നിസ്‌ക്കരിക്കുക. എന്നാല്‍ നിങ്ങള്‍ സമാധാനത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും' (ഹദീസ് തുര്‍മുദി).
മക്കാ വിശ്വാസികള്‍ മക്കയില്‍ കുടുബാംഗങ്ങളെയും ഉപേക്ഷിച്ച് മദീനയില്‍ പോയത് കാരണം ഒരു കുടുംബബന്ധവും മുറിഞ്ഞിട്ടില്ല. നേരെ മറിച്ച്, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള പാലം പണിയുകയായിരുന്നു നബി തങ്ങള്‍ (സ്വ). അതിന് സഹായികളായിരുന്നു മുഹാജിറുകളും അന്‍സ്വാറുകളുമായിരുന്ന സ്വഹാബത്ത്. നബി തിരുമേനി (സ്വ) പറയുന്നു: 'അല്ലാഹുവാണേ സത്യം.. ഖുറൈശികള്‍ എന്നോട് കുടുംബബന്ധം ചേര്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ ആ ബന്ധം ഞാന്‍ ചേര്‍ത്തിരിക്കുക തന്നെ ചെയ്യും' (ഹദീസ് അഹ്മദ്).
ഈ പുതുവര്‍ഷത്തില്‍ നമ്മുക്കും ഒരു ഹിജ്‌റക്ക് തയ്യാറാവാം, അല്ലാഹു വിലക്കിയതൊക്കെയും വെടിഞ്ഞുകൊണ്ട്.
ഹിജ്‌റ തിന്മയുടെ തിരസ്‌ക്കാരമാണല്ലൊ. സ്വര്‍ഗമെന്ന പുരസ്‌ക്കാരത്തിനായി തിന്മ തിരസ്‌ക്കരിച്ച് നമ്മുക്ക് മുന്നേറാം.
Leave A Comment