ജര്‍മനിയില്‍ നിന്നുയരുന്ന നവ-നാസി ആരവങ്ങള്‍
german protesജര്‍മന്‍ രക്തത്തിന്റെ മേല്‍ക്കോയ്മയിലുള്ള വിശ്വാസമായിരുന്നു നാസി ഐഡിയോളിയുടെ പ്രധാന ആശയങ്ങളിലൊന്ന്. ജര്‍മന്‍ ജനത ഉന്നതരും മറ്റുള്ളവര്‍ (ജൂതരടക്കം) നീചരും അടിച്ചൊതുക്കപ്പെടേണ്ടവരുമാണെന്നായിരുന്നു അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. പക്ഷേതങ്ങളുടെ സംഹാരം സിദ്ധാന്തവുമായി യൂറോപ്പ് കടക്കാന്‍ കഴിയുന്നതിന് മുമ്പ് 1945-ല്‍ അവര്‍ക്ക് ചരമമടിയേണ്ടി വന്നു. മതവിദ്വേഷം മുന്‍നിര്‍ത്തിയുള്ള ഏതുരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭീകരമായിരിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു നാസിസം. നാസികളുടെ തകര്‍ച്ചക്കു ശേഷം സമാന ചിന്താഗതിയുമായി രംഗത്തുള്ളവരെയാണ് നിയോ-നാസികളെന്ന് പറയപ്പെടുന്നത്. സെമിറ്റിക് വിരുദ്ധത, അന്യദേശക്കാരുടുള്ള കടുത്ത പക, വംശീയത, തീവ്രദേശീയത തുടങ്ങിയ നാസി ആശയങ്ങളുള്ള അത്തരക്കാര്‍ യൂറോപിലും ലാറ്റിനമേരിക്കയിലുമടക്കം പലയിടത്തും കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഇന്നുമുണ്ട്. നാസിസത്തിന്റെ ഈറ്റില്ലമായി ജര്‍മനിയിലും അത്തരക്കാര്‍ക്ക് പഞ്ഞമില്ലെന്നും വന്‍സ്വാധീനമുണ്ടെന്നും തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ വാരം നടന്ന ‘ഇസ്‍ലാമീകരണത്തിനെതിരെ യൂറോപ്യന്‍ രാജ്യസ്നേഹികള്‍’ എന്ന് മുദ്രാവാക്യവുമായി കിഴക്കന്‍ ജര്‍മന്‍ നഗരമായ ഡ്രസ്ഡനില്‍ നടന്ന റാലിയും പ്രതിഷേധ പ്രകടനങ്ങളും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡ്രസ്ഡന്‍ തീവ്രദേശീയവാദികളെന്ന് ജര്‍മന്‍-യൂറോപ്യന്‍ മാധ്യമങ്ങള്‍ വിളിച്ച 10,000 ഓളം ആളുകള്‍ പങ്കെടുത്ത റാലി നടന്നത്. സിറിയ, ഇറാഖ് പോലോത്ത സംഘര്‍ഷ രാഷ്ട്രങ്ങളില്‍ നിന്നും സ്വസ്ഥ ജീവിതത്തിന് വേണ്ടി അഭയാര്‍ഥികളായും അല്ലാതെയും ജര്‍മനിയിലെത്തുന്ന അറബ്-മുസ്‍ലിംകള്‍ക്കെതിരെയായിരുന്നു റാലി. സംഘര്‍ഷ രാജ്യങ്ങളില്‍ നിന്ന് സുരക്ഷിത രാജ്യങ്ങളിലേക്ക് ആളുകള്‍ ചേക്കേറുക പഴയ സംഭവമായത് പോലെ സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ വളരെ മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ക്രമേണ വളര്‍ന്നുവന്ന പ്രതിഷേധ മുന്നേറ്റമാണ് കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥി സംരക്ഷണമെന്ന ആഗോള ഉത്തരവാദിത്തത്തിനും അതിലുപരി ഇസ്‍ലാമിനുമെതിരെ കഴിഞ്ഞ തിങ്കളാഴ്ച ഏറ്റവും പ്രകടമായ രീതിയില്‍ അരങ്ങേറിയത്. പടിഞ്ഞാറിനെ ‘ഇസ്‍ലാമീകരിക്കുന്നതിനെ രാജ്യസ്നേഹികളായ യൂറോപ്യന്മാര്‍’ (Patriotic Europeans against the Islamization of the West)  എന്നായിരുന്നു റാലിയുടെ പേര്.ഇതിന്റെ ജര്‍മന്‍ഭാഷാന്തരത്തിന്റെ ചുരുക്ക രൂപമായ PEGIDA ('Patriotische Europaeer Gegen die Islamisierung des Abendlandes) എന്നാണ് റാലിയെ യൂറോപ്യന്‍ മാധ്യമങ്ങള്‍ വിളിച്ചത്. തീവ്രദേശീയത വാദിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നിലെന്നാണ് മിക്ക ജര്‍മന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയോ-നാസികളുടെ പ്രത്യക്ഷത്തിലുള്ള പിന്തുണ എവിടെയും കാണാനാവുന്നിലെന്ന് ബ്രിട്ടനിലെ ദി ഇന്‍ഡിപെന്റഡ് അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും തീവ്രവലതു പക്ഷ പാര്‍ട്ടിയായ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയടക്കമുള്ള നിയോ-നാസി ഗ്രൂപ്പുകള്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തച്ചതായി ഹഫിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയോ നാസികള്‍ പ്രത്യക്ഷത്തില്‍ പരിപാടിക്ക് നേതൃത്വം കൊടുത്താല്‍ നിരവധിയാളുകള്‍ പ്രതിഷേധ കൂട്ടായ്മയില്‍ ഒഴിഞ്ഞു പോകുമെന്ന് ഭയന്നാണ് നാസി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും റാലിയില്‍ നിന്ന് ഒഴിവാക്കിയതെന്നും പ്രസ്തുത റിപ്പോര്‍ട്ടിലുണ്ട്. സമരത്തിന് നേതൃത്വം കൊടുക്കുന്ന ലൂട്സ് ബാച്ച്മാന്‍ നിയോനാസികളുടെ പ്രതിനിധിയല്ലെങ്കിലും മയക്കുമരുന്ന് കടത്തടക്കം ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. തീവ്ര ഇസ്‍ലാമിനെതിരെയും അനധികൃത കുടിയേറ്റത്തിനെതിരെയുമാണ് സമരമെന്നും രാജ്യത്തിന്റെ സുരക്ഷക്കാണ് പോരാടുന്നെതെന്നും പ്രചാരണം നല്‍കി തീവ്രവലതുപക്ഷ വിഭാഗങ്ങളോട് അനുഭാവമില്ലാത്തവരെ പോലും ആകര്‍ഷിക്കാന്‍ സംഘാടകര്‍ ശ്രമിച്ചിരുന്നു. പ്രതിഷേധിക്കാനെത്തിയ പലരും തലമൊട്ടയടിച്ചും മറ്റുമായിരുന്നു എത്തിയിരുന്നത് എന്നതും നിയോനാസികളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. അപേക്ഷികമായി മുസ്‍ലിം ജനസംഖ്യ ഏറ്റവും കുറഞ്ഞ പ്രദേശമാണ് ഡ്രസ്ഡന്‍ നഗരം. പ്രതിഷേധക്കാര്‍ മുസ്‍ലിം വീടുകള്‍ക്ക് നേരെ തീപന്തങ്ങളെറിയുകയും മുദ്രവാക്യം വിളിക്കുകയും ചെയ്തിരുന്നു. തികഞ്ഞ വംശീയതയും മുസ്‍ലിം വിരുദ്ധതയും തീവ്രദേശീയതയും (xenophobia) ആയിരുന്നു പ്രതിഷേധത്തിന്റെ ഉള്ളടക്കം. ജര്‍മനിയിലെ മറ്റു നഗരങ്ങളിലും സമാനമായ പ്രകടനങ്ങള്‍ നടന്നിരുന്നെങ്കിലും ജനപിന്തുണ വളരെ കുറവായിരുന്നു. അതേസമയം ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയുമായി മുസ്‍ലിം-കുടിയേറ്റ അനുകൂല പ്രകടനവുമായും ഒരു വിഭാഗം പ്രകടനവുമായി എത്തിയിരുന്നു. ഡ്രസ്ഡന്‍ നഗരത്തില്‍ ഇവരുടെ എണ്ണം വളരെ കുറവായിരുന്നെങ്കിലും ബെര്‍ലിനിലടക്കം ഇവര്‍ക്കായിരുന്നു പ്രാമുഖ്യം. സംഘര്‍ഷ മേഖലകളില്‍ നിന്നുള്ള അഭയാര്‍ഥികളോട് പൊതുവെ അനുഭാവ സമീപനമാണ് ജര്‍മനി സ്വീകരിക്കുന്നത്. യു.എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നതും ജര്‍മനിയിലേക്കാണ്. സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ ജര്‍മനിയിലേക്കൊഴുകിയിരുന്നു. അവര്‍ക്കായി പ്രത്യേക പുനരധിവാസ പദ്ധതികളും അഭയാര്‍ഥി ക്യാമ്പുകളുമൊക്കെ ജര്‍മനി നല്‍കുന്നുണ്ട്. അത്തരത്തിലുള്ള 3 ക്യാമ്പുകള്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാരുടെ ആക്രമത്തിനിരയായിരുന്നു. പ്രതിഷേധ പ്രകടനത്തെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മോര്‍ക്കലടക്കം നിശിതമായി അപലപിച്ചിരുന്നു. വംശീയത, തീവ്രദേശീയത, മതവിദ്വേഷം തുടങ്ങിയവക്ക് ജര്‍മന്‍ മണ്ണില്‍ സ്ഥാനമില്ലെന്നായിരുന്നു അവരുടെ പ്രഖ്യാപനം. അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത കുടിയേറ്റത്തിനും രാജ്യത്ത് ഇസ്‍ലാമിക തീവ്രവാദം ശക്തിപ്പെടുന്നതിനുമെതിരെയുമാണ് തങ്ങളുടെ പ്രതിഷേധമെന്നാണ് PEGIDA അനുകൂലികള്‍ പറയുന്നത്. രാജ്യത്ത് സലഫീ റാഡിക്കലിസം ശക്തിപ്പെടുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്, ഞങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിനോ കുടിയേറ്റക്കാര്‍ക്കോ എതിരല്ലെന്നുമാണ് ഇവരുടെ നേതാവ് റാലിയെ അഭിസംബോധനം ചെയ്ത് പറഞ്ഞത്. ലോകമാധ്യമങ്ങള്‍ വളരെ പ്രധാന്യത്തോടെയായിരുന്നു സംഭവം ചര്‍ച്ച ചെയ്തത്. ജര്‍മനിയുടെ ആഭ്യന്തര പ്രശ്നമെന്നതിലുപരി ഇതൊരു ആഗോള പ്രതിസന്ധിയായാണ് നിരീക്ഷകര്‍ കണ്ടത്. ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജൂതന്മാര്‍ക്കെതിരെ നാസികള്‍ പടപ്പുറപ്പാട് നടത്തിയ പോലെ മുസ്‍ലിംകള്‍ക്കെതിരെയും അവരുടെ പിന്മുറക്കാര്‍ വംശീയ യുദ്ധത്തിന് കോപ്പുക്കൂട്ടിത്തുടങ്ങിയോ എന്ന സംശയമാണ് പലര്‍ക്കുമുള്ളത്. ഒന്നേ കാല്‍ ലക്ഷത്തോളം വരുന്ന സിറയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ ലോകരാഷ്ട്രങ്ങളോട് യു.എന്‍ ആഭ്യര്‍ഥിച്ച പശ്ചാത്തലത്തില്‍ ഇത്തരം തീവ്രദേശീയ നിലപാടുകളും ആന്റി-സെമിറ്റിക് പ്രതിഷേധങ്ങളും ലോകസമാധാനത്തിന് തന്നെ ഭീഷണിയാണ്.    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter