ഇസ്‍ലാമാണ് ഏറ്റവും നല്ല മതം, പക്ഷെ, ഞങ്ങളെ നോക്കണ്ട..
സാമൂഹ്യമാധ്യമങ്ങളിലൂടെ പരന്ന് നടക്കുന്ന, ചിലരുടെ പ്രതികരണങ്ങളുടെ രീതിയും ശൈലിയുമാണ് ഈ കുറിപ്പിന് പ്രേരകമായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, യുക്തിവാദികളുമായി നടന്ന സംവാദശേഷം വന്ന പ്രതികരണ ശൈലി വരെ ഒരു വിശ്വാസിക്ക് ഉചിതമായതാണോ എന്ന് തോന്നിപ്പോവുന്നവയായിരുന്നു.
പരിഹാസങ്ങളിലൂടെയും കേട്ടാലറക്കുന്ന പദപ്രയോഗങ്ങളിലൂടെയും നാം എന്ത് നേടാനാണാവോ ലക്ഷ്യമിടുന്നത്. എത്ര വലിയ എതിരാളിയോടും മാന്യമായി പെരുമാറണമെന്ന് പ്രസംഗിക്കാനും അതിന്റെ മകുടോദാഹരണങ്ങള്‍ പ്രവാചകജീവിതത്തില്‍ നിന്ന് എടുത്തുദ്ധരിക്കാനും നമുക്ക് എന്തൊരു ഉല്‍സാഹമാണ്. മക്കാവിജയ വേളയില്‍, ഇക്കാലമത്രയും തന്നോട് യുദ്ധം ചെയ്തവരോട് പ്രവാചകര്‍ പ്രതികരിച്ചതെല്ലാം എത്ര രോമാഞ്ചത്തോടെയാണ് നാം പറയാറും കേള്‍ക്കാറുമുള്ളത്. എന്നാല്‍ അവയെല്ലാം പറയാനും പ്രസംഗിക്കാനും മാത്രമാണെന്നാണ് നമ്മുടെ പല ഇടപെടലുകളും പ്രതികരണരീതികളും കണ്ടാല്‍ തോന്നുക.
സാമൂഹ്യമാധ്യമങ്ങളാണ് ഇന്ന് അധികപേരും അധിക വിവരങ്ങള്‍ക്കും ആശ്രയിക്കുന്നത്. എല്ലാം ആദ്യമെത്തുന്നത് അവിടെയാണ്. അതിലുപരി, ആര്‍ക്കും അവയോട് എങ്ങനെയും ഞൊടിയിടയില്‍ പ്രതികരിക്കാമെന്നത് ഈ മാധ്യമങ്ങളെ, വായനക്കാര്‍ കേവലം പ്രേക്ഷകരായി മാറുന്ന പരമ്പരാഗത വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് ഏറെ ആകര്‍ഷകമാക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ, ഇന്ന് എല്ലാവരും ശ്രദ്ധിക്കുന്നത് ഈ മാധ്യമങ്ങളെയാണ്.
വിവിധ സംഘടനാപ്രവര്‍ത്തകരും പ്രസ്ഥാനക്കാരുമെല്ലാം ഈ മാധ്യമങ്ങളെ പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് ക്രിയാത്മകവും സഭ്യവുമായ രീതിയിലല്ല എന്ന് പറയാതെ വയ്യ. സംഘടനകള്‍ക്കകത്തെ അഭിപ്രായാന്തരങ്ങളും ഈഗോ ക്ലാഷുകളും വരെ, നേരെ വന്നുകയറുന്നത് സാമൂഹ്യമാധ്യമങ്ങളിലാണ്. അതോടെ, അത് ആര്‍ക്കും കാണാവുന്ന വിധം പരസ്യമായിത്തീരുന്നു. പോസ്റ്റ് ചെയ്യുന്നവന്‍ അത് നീക്കം ചെയ്താല്‍ പോലും, സ്ക്രീന്‍ഷോട്ടുകളായും ഇമേജുകളായും അത് കാലാകാലം ബാക്കിയാവുകയും കറങ്ങി നടക്കുകയും ചെയ്യുന്നു.
പറഞ്ഞുവരുന്നത്, ഈ മാധ്യമങ്ങളിലൂടെയുള്ള നമ്മുടെ പ്രതികരണങ്ങളില്‍ നാം ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് എന്ന് തന്നെയാണ്. ഞങ്ങളുടെ ഇസ്‍ലാം വളരെ വിശുദ്ധവും മാനവികവുമാണെന്നെല്ലാം നാം എത്ര തന്നെ വിളിച്ചുപറഞ്ഞിട്ടോ പോസ്റ്റുകളിട്ടിട്ടോ യാതൊരു പ്രയോജനവുമില്ല, ആ പറയുന്നതിലും മറ്റുള്ളവയോട് നാം നടത്തുന്ന പ്രതികരണങ്ങളിലും ആ മൂല്യങ്ങള്‍ കാണാനാവുന്നില്ലെങ്കില്‍. അല്ലാത്തിടത്തോളം, നാം നമ്മുടെ ഇസ്‍ലാമിനെ യഥാര്‍ത്ഥത്തില്‍ വാക്കുകളിലൂടെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ, പ്രവര്‍ത്തനത്തിലൂടെ കൊല്ലുകയാണ് ചെയ്യുന്നത്.
 
 


 
             
            
                     
            
                     
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment