ത്വലാഖ് ഓര്‍ഡിനന്‍സ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മുത്വലാഖ് വീണ്ടും മാധ്യമങ്ങളുടെ സജീവ ശ്രദ്ധ നേടുകയാണ്. മാസങ്ങൾക്ക് മുമ്പ് സുപ്രിം കോടതി ഇറക്കിയ ഓർഡറിന്റെ ചുവടുപിടിച്ചു കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം ധൃതി പിടിച്ചു ഇത് സംബന്ധിച്ച പുതിയ ഓർഡിനൻസ് പാസാക്കിയിരിക്കയാണ്.

കോടതി വിധിയുടെ ചൂടാറും മുമ്പേ പുതിയ ബിൽ തട്ടിക്കൂട്ടി പാർലമെൻറിൽ അവതരിപ്പിച്ചെങ്കിലും ലോക് സഭയിൽ മാത്രമേ പാസാക്കിയെടുക്കാൻ കഴിഞ്ഞുള്ളൂ. അത് തന്നെ പ്രതിപക്ഷ അംഗങ്ങളുടെ ന്യായമായ ഭേദഗതികൾ പോലും പരിഗണിക്കാതെ, ഭുരിപക്ഷത്തിന്റെ ഹുങ്കിൽ ബിൽ ചുട്ടെടുക്കുകയായിരുന്നു. ബിൽ വിശദമായ ചർച്ചക്ക് വേണ്ടി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം പോലും ചെവികൊണ്ടില്ല. ഒടുവിൽ രാജ്യസഭയിൽ പ്രതിപക്ഷം ശക്തമായതിനാൽ വിചാരിച്ച പോലെ ബിൽ പാസാക്കിയെടുക്കാനാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഓർഡിനൻസായി ഇറക്കാനുളള നീക്കങ്ങൾ നടന്നത്.

ഇവിടെ എന്താണ് ഈ വിഷയത്തിന് ഇത്രയേറെ പ്രധാന്യവും ഗൗരവവും കൈവരാൻ കാരണം? ഇതിലും വലിയ, പൊതു സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന, അല്ലെങ്കിൽ വലിയൊരു വിഭാഗവുമായി നേരിൽ ബന്ധപ്പെട്ട ഗുരുതരമായ പല പ്രശനങ്ങളും വേണ്ട ശ്രദ്ധയോ പരിഗണനയോ ലഭിക്കാതെ, ഉത്തരവാദപ്പെട്ടവരുടെ അക്ഷന്തവ്യമായ മൗനവും നിഷ്ക്രിയത്വവും മാത്രം കണ്ടു പരിചയമുള്ളവർ മുത്തലാഖിന്റെ പേരിലുള്ള ഈ അമിതാവേശം കാണുമ്പോൾ അന്തം വിട്ടു മൂക്കത്ത് വിരൽ വയ്ക്കുക സ്വാഭാവികമാണല്ലോ.

യഥാർത്ഥത്തിൽ ഭരണകൂടവും ദേശീയ മുഖ്യധാരയിലുള്ളതായി കരുതപ്പെടുന്ന ചില മാധ്യമങ്ങളും ചില രാഷ്ട്രീയ കക്ഷികളും മുത്വലാഖ് പോലുള്ള വിഷയങ്ങളിൽ പ്രകടിപ്പിക്കാറുള്ള അമിതാവേശവും അതിഭാവുകത്വവും കണ്ടാൽ ഇതിന്റെ പിന്നിൽ എന്തോ കനം തൂങ്ങി നിൽക്കുന്നുണ്ടെന്ന് ന്യായമായും ഉറപ്പിക്കാം. വിഷയത്തിന്റെ മെരിറ്റിനേക്കാൾ മറ്റു ചില താൽപ്പര്യങ്ങളാണവരെ നയിക്കുന്നതെന്ന് മനസിലാക്കാൻ അതിബുദ്ധിയൊന്നും ആവശ്യമില്ല.

ഇനി നോക്കാം, എന്താണീ മുത്തലാഖ് ? അത് നിർത്തലാക്കാൻ തട്ടിക്കൂട്ടി ഇങ്ങനെയൊരു ഓർഡിനൻസ് ഇറക്കിയതിന്റെ പ്രയോജനം സമൂഹത്തിൽ എത്ര ശതമാനം ആളുകൾക്കാണ് ലഭിക്കാൻ പോകുന്നത്? ഇത് ഇന്ത്യൻ സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു പ്രശ്നമാണോ? അല്ലെങ്കിൽ മുസ് ലിം സമുദായത്തെ പൊതുവായി ബാധിക്കുന്ന വിഷയമാണോ? അല്ലെങ്കിൽ മുസലിം സ്ത്രീ സമൂഹത്തെ ആകെ ബാധിക്കുന്ന ഒരു കാര്യമെങ്കിലും ആണോ?

അത് പോലെ ഈ മുത്വലാഖിനോടുള്ള എതിർപ്പ് മുത്വലാഖ് എന്ന പ്രത്യേക രീതിയോടുള്ള എതിർപ്പാണോ അതോ ത്വലാഖ് അഥവാ വിവാഹമോചനം എന്ന വ്യവസ്ഥക്കെതിരിലുള്ള നിലപാടിന്റെ ഭാഗമാണോ?മുത്തലാഖാണ് മുസ്ലിം സ്ത്രീകളുടെ മുന്നിലെ പ്രധാന വെല്ലുവിളിയെന്നാണോ ഇവർ ധരിച്ചു വച്ചിരിക്കുന്നത്?

യഥാർത്ഥത്തിൽ പ്രശ്നം എന്താണെന്ന് ശാന്തമായി ആലോചിക്കാനും സത്യസന്ധമായി വിലയിരുത്താനും നിക്ഷ്പക്ഷമതികൾക്ക് കഴിയേണ്ടതാണ്. ഇത്ര സെൻസിറ്റീവായ വിഷയത്തെ അന്ധമായും മുൻധാരണയോടെയും സമീപിക്കുന്നത് വിവേകശാലികൾക്ക് ചേർന്നതല്ലല്ലോ.

ഒരു മതമെന്ന നിലയിൽ ഇസ് ലാം സമഗ്രമായ വിധി വിലക്കുകൾ അതിന്റെ അനുയായികൾക്കായി സമർപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ സർവ തലസ്പർശിയാണാ നിയമങ്ങൾ. സ്വാഭാവികമായും കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും അതിന് കൃത്യമായ നിലപാടുകളുണ്ട്. അടിസ്ഥാനപരമായി ഇസ്ലാം വിവാഹ ജീവിതം പ്രോൽസാഹിപ്പിക്കുകയും ബ്രഹ്ചര്യ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. വിവാഹ ജീവിതം നയിക്കാൻ മതിയായ ശാരീരിക / സാമ്പത്തിക സൗകര്യമുള്ളവരാണ് അങ്ങനെ ചെയ്യേണ്ടത്. വിവാഹം പവിത്രമായ ഒരു കരാറാണ്. ജീവിതാവസാനം വരെ ഒന്നിച്ചു പോകാനുള്ളതാണീ കരാർ. എന്നാൽ വിവാഹത്തെ ഒരു 'ഡെഡ് ലോക്കാ'യി ഇസ്ലാം കാണുന്നില്ല. ഒരിക്കൽ പെട്ട് പോയാൽ ഒരിക്കലും വേർപ്പെടുത്താനാവാത്ത ഒരേർപ്പാടായി വിവാഹത്തെ കാണാൻ യുക്തിയിലും പ്രായോഗികതയിലും ഊന്നിയുള്ള ഒരു മതത്തിന് സാധ്യമല്ല.

അതേ സമയം ത്വലാഖ് (വിവാഹമോചനം) ആർക്കും എപ്പോഴും കൊട്ടാവുന്ന ചെണ്ടയായി ഇസ്ലാം വച്ചു നീട്ടിയിട്ടില്ല. വിവാഹ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ പ്രയോഗിക്കാനുള്ള അവസാനത്തെ ഉപായമാണത്.ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദമ്പതിമാർ സ്വന്തം നിലക്ക് സ്വീകരിക്കാവുന്ന ചില നടപടികളുണ്ട്. അത് വിജയിയ്ക്കാതെ വന്നാൽ ഇരു കുടുംബങ്ങളിലേയും വിവേകശാലികളും ഗുണകാംക്ഷികളുമായ പ്രതിനിധികൾ ഒന്നിച്ചിരുന്ന് പരിഹാരം കാണണം. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു കൂട്ടു ജീവിതം തുടർന്നു പോകുന്നതിനെയാണ് ഖുർആൻ പ്രോൽസാഹിപ്പിക്കുന്നത്.

അങ്ങനെ അതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ സിംഗിൾ ത്വലാഖ് ചൊല്ലി ഒഴിവാക്കാം. ഈ ത്വലാഖിന് ശേഷം നിശ്ചിത സമയം വരെ അവൾ നിലവിലുള്ള ഭർത്താവിന്റെ സംരക്ഷണത്തിലും സൗകര്യങ്ങളിലും തന്നെയാണ് കഴിഞ്ഞുകൂടുക. താമസവും ഭക്ഷണവും വസ്ത്രവുമെല്ലാം ആ സമയത്തും അവൻ ഏർപ്പാട് ചെയ്തു നൽകണം. നിശ്ചിത സമയം കഴിയുന്നതിനിടയിൽ ഇരു കൂട്ടർക്കും മാനസാന്തരം ഉണ്ടായാൽ അവർക്ക് വിവാഹ ജീവിതത്തിലേക്ക് തിരിച്ചു വരാം. ശേഷം വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്താൽ ഒരുവട്ടം കൂടി ഇങ്ങനെ ചെയ്യാം. എന്നാൽ മൂന്ന് വട്ടം ഇങ്ങനെ ചെയ്യുന്നതോടെ അത് അന്തിമ വേർപ്പാടായി മാറുന്നു. പിന്നീട് അവർക്ക് ഒന്നാകാനുളള വഴി ഏറെ ദുഷ്കരമാണ്. എന്നാലും അസാധ്യമല്ല.

എന്നാൽ ഈ വിവാഹമോചനത്തിന് മാറ്റൊരു രീതിയുണ്ട്. നേരത്തേ സൂചിപ്പിച്ച മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലുക. ഈ രീതിയാണ് വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഹേതുവായത്. ഈ രീതി സമുന്നതരായ പണ്ഡിത പ്രമുഖർ പലരും സാധുവായി അംഗീകരിച്ചതാണെങ്കിലും വിവരവും ബോധവുമുള്ളവർ സാഹചര്യവും സന്ദർഭവും നോക്കി മാത്രമേ ഈ രീതി സ്വീകരിക്കാറുള്ളൂ.

ശ്രദ്ധേയമായ കാര്യം, പലപ്പോഴും സ്ത്രീയുടെ കുടുംബക്കാരാണ് ഈ രീതിക്ക് വേണ്ടി വാദിക്കാറുള്ളതെന്നാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകർ വ്യക്തമാക്കുന്നത്. പ്രശ്നങ്ങൾ തീർത്തു മുന്നോട്ടു പോകാനും
ഒന്നിച്ചു പോകാനുമുളള ശ്രമം വിഫലമായാൽ പിന്നെ എത്രയും വേഗം ബന്ധം ശാശ്വതമായി വേർപ്പെടുത്തി നിശ്ചിത ഇടവേളക്ക് ശേഷം മാന്യമായ മറ്റൊരു ബന്ധത്തിന് വേണ്ട ഏർപ്പാടുകൾ ചെയ്യാൻ വഴിയൊരുങ്ങുന്നത് മുത്തലാഖിലൂടെയാണ്. ഇല്ലെങ്കിൽ ഭർത്താവ് ഒരു വട്ടം മൊഴിചൊല്ലി പിന്നെ തിരിച്ചെടുത്തു വീണ്ടും മൊഴിചൊല്ലി പെണ്ണിനെ മന:പൂർവം ദ്രോഹിക്കുന്ന സാഹചര്യമുണ്ടാകാം. അതിന് മറുമരുന്നായി ഫലപ്രദമായ വഴിയാണ് മുത്തലാഖിലൂടെ തെളിയുന്നത്. അത് കൊണ്ട് തന്നെ മുത്തലാഖ് വ്യവസ്ഥാപിതമായ രീതിയിൽ നിലനിർത്തി അതിനെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങൾ കൊണ്ടോ വേണമെങ്കിൽ ആവശ്യമായ നിയമം നിർമിച്ചോ തടയുകയാണ് പ്രായോഗിക ബുദ്ധി.

ഇവിടെ സാധാരണ വിവാഹമോചനം നേടിയ നിരവധി കേസുകൾ വർഷങ്ങളോളം കെട്ടിക്കിടന്നു ഇരു കക്ഷികളും കോടതി വരാന്തകൾ കയറിയിറങ്ങി കുഴങ്ങുന്നതും വക്കീലൻമാർക്ക് ഫീസ് നൽകി പാപ്പരാകുന്നതും സാധാരണ സംഭവമാണ്. വിവാഹ മോചനക്കേസ് നീണ്ടുപോയി ഒടുവിൽ ആ ബന്ധത്തിൽ ജനിച്ച കുട്ടിയുടെ വിവാഹം വരെ തീർപ്പാകാതെ കിടന്ന അനുഭവം വരെ ചിലർ തമാശയായി പറയാറുണ്ട്.

ഇവിടെ മുത്വലാഖിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നവർ മനസിലാക്കേണ്ട ചില വസ്തുതകളുണ്ട്. ഇന്ത്യയിലെ 125 കോടിയിലധികം വരുന്ന ജനസംഖ്യയിൽ 136 മില്യൻ മാത്രമാണ് വിവാഹമോചിതർ. അഥവാ മൊത്തം വിവാഹിതരുടെ O. 24 ശതമാനം. അല്ലെങ്കിൽ ആകെ ജനസംഖ്യയുടെ 0.11 ശതമാനം. ഇതിൽ ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന മുസ്ലിംകൾക്കിടയിൽ വിവാഹമോചിതരുടെ അനുപാതം 0.56 % ആണെങ്കിൽ ഹിന്ദുക്കൾക്കിടയിൽ 0.76 % ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ ദാമ്പത്യ ജീവിതം വഴിമുട്ടി മോചനം നേടാതെ വേറിട്ടു താമസിക്കന്നവരുടെ എണ്ണം വിവാഹമോചിതരേക്കാൾ മൂന്നിരട്ടി കൂടുതലാണ്. അഥവാ വിവാഹിതരുടെ 0.61 ശതമാനവും മൊത്തം ജനസംഖ്യയുടെ 0.29 ശതമാനവും. ഇങ്ങനെ വേറിട്ടു താമസിക്കേണ്ടി വരുന്നത് ന്യായമായ വിവാഹമോചനം പോലും നിയമ സങ്കീർണതകളിൽ കുടുങ്ങി ദു:സാധ്യമാകുമ്പോഴാണെന്ന യാഥാർത്ഥ്യം ത്വലാഖ് നിയമത്തിനെതിരെ വാളോങ്ങുന്നവർ കണ്ണതുറന്നു കാണണം.

'മുസ്ലിം മഹിളാ റിസർച്ച് കേന്ദ്ര ' എന്ന സന്നദ്ധ സംഘടന ശരീഅ കമ്മിറ്റി ഫോർ വുമൻ മായി സഹകരിച്ച് ഏതാനും ജില്ലകളിൽ നടത്തിയ ഒരു സർവേ പ്രകാരം മുസ്ലിംകൾക്കിടയിലെ വിവാഹമോചന കേസുകൾ 1307 ഉം ഹിന്ദുക്കൾക്കിടയിൽ 16505 ഉം ആണ് . ക്രിസ്ത്യാനികൾ
ക്കിടയിൽ ഇത് 4827 ആണ്. സിഖുകാർക്കിടയിൽ എട്ടും. ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്നത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണെങ്കിൽ അവയിൽ മിസോറാം ആണ് 4.08 ശതമാനത്തോടെ ഏറ്റവും മുന്നിൽ. എന്നാൽ വലിയ സംസ്ഥാനങ്ങളിൽ വിവാഹ മോചനം ഏറ്റവും കൂടുതൽ നടക്കുന്നത് മോദിയുടെ ഗുജറാത്തിലാണെന്ന് കൂടി നാം അറിയണം.

ഹൈദരാബാദിലെ 'നൽ സർ യൂനിവേഴ്സിറ്റി ഓഫ് ലോ' യുടെ വൈസ് ചാൻസലർ ഫൗസാൻ മുസ്ഥഫ The Wire.in ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് പ്രകാരം ഇന്ത്യയിൽ 1.2 കോടി കുട്ടികൾ 10 വയസിന് മുമ്പ് വിവാഹിതരാകുന്നുണ്ട്. ഇതിൽ 84% ഹിന്ദു വിഭാഗത്തിൽ പെട്ടവരാണ്.

ഇതൊക്കെയായിട്ടും ഇന്ത്യയുടെ വർത്തമാനകാലത്തെ ഏറ്റവും നീറുന്ന പ്രശ്നമെന്ന നിലയിൽ സ്പെഷ്യൽ ഓർഡിനൻസിലൂടെ മുത്തലാഖ് നിരോധിക്കാൻ തത്രപ്പെടുന്നവർ ഇന്ത്യൻ സഹോദരിമാരെ അലട്ടുന്ന ഇതിലും ഗുരുതരമായ സമസ്യകൾക്ക് നേരെ കണ്ണടക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ആണ്. ഗാർഹിക പീഢനങ്ങൾ തുടർക്കഥയായി മാറിയ നാട്ടിൽ, സ്ത്രീധനവും സ്ത്രീ ഭ്രൂണഹത്യയും ശൈശവ വിവാഹവും അപകട മണി മുഴക്കുന്ന രാജ്യത്ത് ഇതെല്ലാം എല്ലാ വിഭാഗം സ്ത്രീകളെയും ബാധിക്കുന്ന വിഷയങ്ങളായിട്ടു കൂടി അവയ്ക്കൊന്നുമില്ലാത്ത ഗൗരവും പ്രാധാന്യവും മുത്വലാഖിന് കൈവന്ന തെങ്ങനെയെന്നാലോചിച്ചാൽ അതിനു പിന്നിലെ ദുരുദ്ദേശ്യവും കുരുട്ടു ബുദ്ധിയും ആർക്കും കണ്ടെത്താവുന്നതേയുള്ളൂ .

ഏതായാലും തൊട്ടൽ പൊള്ളുന്ന തരത്തിൽ എണ്ണ വില തിളച്ചുമറിയുകയാണ്. ഇന്ത്യൻ കറൻസി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിനൊന്നും പരിഹാരം കാണാൻ മന്ത്രിസഭയ്ക്ക് തിടുക്കമില്ല. ആൾകൂട്ട കൊലപാതകങ്ങളുടെ പേരിൽ പിതാക്കളും ഭർത്താക്കൻമാരും നഷ്ടപ്പെട്ടു കഷ്ടപ്പെടുന്ന സ്ത്രീകളും സഹാനുഭൂതി അർഹിക്കുന്നില്ല. ഭാരതീയ മുസ് ലിം മഹിളാ ആന്തോളൻ (BMMA) 2014ൽ സ്വീകരിച്ച 219 കേസുകളിൽ 22 കേസുകൾ മാത്രം മുത്വലാഖിന്റെ പേരിലാണെന്ന് തെളിഞ്ഞതാണ്. ഇത്തരമൊരു വിഷയമാണ് നമ്മുടെ സർക്കാറിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നത്.അതാണ് ബില്ലിലൂടെയും ഓർഡിനൻസിലൂടെയും അവർ തിടുക്കപ്പെട്ടു തീർക്കാൻ ശ്രമിക്കുന്നത്.

ചുരുങ്ങിയത് ഒരു മുത്വലാഖിനേയും പഴിചാരാനാവാതെ കുറേ യശോദാ ബെൻമാർ അർഹമായ സംരക്ഷണം പോലും ലഭിക്കാതെ ജീവിതത്തിന്റെ പുറമ്പോക്കിൽ ഗതിമുട്ടി നിൽക്കുന്നുണ്ടെന്ന കാര്യമെങ്കിലും ഇവരെ തട്ടിയുണർത്തണമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter