ഏതൊരു കാര്യത്തിലും പരിധി വിടുന്നതിനെ അധികരിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങൾ ഉപയോഗിച്ച് പോരുന്ന മനോഹരമായൊരു വാക്കാണ് “ഗുലുവ്വ്/غلو . സയ്യിദുനാ അലി (ക.വ.) യോടുള്ള അമിതമായ സ്നേഹവും മറ്റു ഖലീഫമാരോടുള്ള അകാരണമായ വെറുപ്പ് മൂലം, ഇമാം അലിക്ക് ദൈവികത വരെ കൽപ്പിച്ച് നൽകിയ “ഗുലാത്തു ശീഅ:”യെ കാഫിറാണെന്ന് വരെ അഹ്ലുസുന്നഃ വിധിയെഴുതിയിട്ടുണ്ട്.
പറഞ്ഞു വരുന്നത്, കേരളീയ സുന്നീ ഇസ്ലാം പടുത്തുയർത്തപ്പെട്ടത് നിശബ്ദമായ, ബഹള കോലാഹങ്ങളില്ലാതെ, പ്രകടന പരതകളില്ലാതെ തഖ്‌വയിലധിഷ്ഠിതമായ സുന്ദരമായ അടിത്തറയുടെ മേലെയാണ്. ഇവിടുത്തെ ഇസ്ലാമിനും അഹ്ലുസുന്നഃക്കും ഒരു നിശ്ചിത “ഖിബ്‌ലയുണ്ട്”. ഇതിനു വിപരീതമായി സമീപകാലത്ത് മുളച്ചു പൊന്തിയ ചില വ്യക്തികളാൽ നടത്തപ്പെടുന്ന “വെർച്ചൽ പ്ലാറ്റഫോമിലെ” ഇസ്ലാം ചുരുങ്ങിയ കാലത്തിനുള്ളിൽ ഇനി എന്തൊക്കെ പരിക്കുകളാണ് വരുത്തി വെക്കാൻ പോവുന്നതെന്ന് കണ്ടറിയുക തന്നെ വേണം. ആണിനേയും പെണ്ണിനേയും ശർഇന് വിപരീതമായി ഒരുമിച്ച് കൂട്ടുന്ന ഈ പാമര കൂട്ടത്തിന്റെ ചെയ്തികൾക്കെതിരെ ശക്തമായി വിരൽ ചൂണ്ടേണ്ടവർ, ക്രൗഡ് പുള്ളേഴ്സ് ആയ നമ്മുടെ ഉലമാ നേതൃത്വം തന്നെയാണ്. ഇൻ ഷാ അല്ലാഹ്, അവരിൽ തന്നെയാണ് പ്രതീക്ഷ.
ഇത്തരം സ്പോൺസേഡ് ആത്മീയ “ആൾക്കൂട്ടങ്ങൾക്ക്” പിന്തുണ നൽകുന്ന തലമുതിർന്ന, ഇരുത്തം വന്ന ചിലരൊയൊക്കെ കണ്ടപ്പോൾ സങ്കടമല്ല , ഭയമാണ് തോന്നിയത്. നാളെയുടെ കേരളീയ പാരമ്പര്യ ഇസ്ലാം ഇവരുടെ കൈകളിലല്ലേ എത്തേണ്ടത് എന്ന ഭയം.
ഇതിനെതിരെ ഞാൻ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഒരു പക്ഷെ നാളെ പ്രതികരിക്കാൻ വയ്യാത്ത വിധം വായ മൂടി കെട്ടപ്പെടേക്കാം. ഒരു പക്ഷെ ഇത്തരം അനാചാര അറിവില്ലായ്മയുടെ മൂർത്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ, ഈ ഭൂമിയിൽ ഒറ്റപ്പെട്ടേക്കാം. പക്ഷെ, ഹഖ് ഹഖാണ്. ഓരോന്നിനും അതിന്റേതായ രീതിശാസ്ത്രമുണ്ട്. അതാണ് നമ്മുടെ ഉസൂൽ. അത് ലംഘിച്ചവരൊക്ക പുറത്ത് തന്നെയാണ്.
ഇതിനെതിരെ പ്രകരിച്ചതിനെ ഒരു പക്ഷെ അസൂയയും കുശുമ്പും ഈഗോയുമായി ചിത്രീകരിക്കാനാവും ആദ്യ ശ്രമമുണ്ടാവുക. അങ്ങനെ കരുതി ഇത്തരം കേട്ടുകേൾവിയില്ലാത്ത ഇസ്ലാമിനെതിരെ ഇമാം അബൂ ഹനീഫയും ഇമാം അശ്അരിയും ഇമാം മാതുരീദിയും ഇമാം ഗസ്സാലിയും ഇമാം സുയൂഥിയും ഇമാം ഇബ്നു ഹജറും ഇമാം റബ്ബാനിയും ശാഹ് വലിയുല്ലാഹിയും (ഇമാം ) അഅലാ ഹസ്രത്തും ഏറ്റവുമൊടുവിൽ ശൈഖുനാ അല്ലാമാ ശംസുൽ ഉലമയും പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ എവിടെ എത്തുമായിരുന്നു നമ്മുടെ ഇസ്ലാം. ഇവരൊക്കെ വിമർശനങ്ങൾ ഭയന്ന് അലസതയുടെ പുതപ്പിനിടയിൽ അഭയം തേടിയിരുന്നുവെങ്കിൽ ഏതെങ്കിലും ഒരു പാഗൻ മതത്തിലേക്ക് ചുരുക്കപ്പെട്ട ഒരു ഇസ്ലാമായിരിക്കും നമ്മൾ സ്വീകരിക്കേണ്ടി വരിക.
ഓർക്കുക, ഇത് കേരള ഇസ്ലാമാണ് . ഇതിലും വലിയ വാദങ്ങളുള്ള, ദീനീ ഉലൂമിന്റെ പ്രാഥമിക ബാല പാഠങ്ങൾ പോലുമറിയാത്ത, ജനക്കൂട്ടത്തെയും കെട്ട് കാഴ്ചകളെയും എഴുന്നളിച്ചവരെ മഖ്ദൂമുമാരും മമ്പുറത്തെ സയ്യിദ് ഫദ്ലും ഇരുത്തേണ്ടിടത്ത് ഇരുത്തിയിട്ടുണ്ട്. സമസ്തയിലാണ് പ്രതീക്ഷ, ഇത്തരക്കാർക്കെതിരെ കേരള ഇസ്ലാമിന്റെ തറവാടായ സമസ്ത ഉലമാക്കൾ തന്നെ പ്രതികരിക്കുമെന്ന് പ്രത്യാശിക്കുന്നു.
*സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി*
കോഴിക്കോട് വലിയ ഖാളി
Leave A Comment