അബൂ ഹുറൈറ (റ) -2
abu hurairaവിജ്ഞാന സമ്പാദനത്തില്‍ വ്യാപൃതനായ  അബൂ ഹുറൈറ (റ)യുടെ ജീവിതം വിശപ്പിന്റെയും വിഷമത്തിന്റെയും മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടതായിരുന്നു. അദ്ദേഹം തന്നെ പറയുന്നു: വിശപ്പിന്റെ കാഠിന്യം കൊണ്ട് ഞാന്‍ ചില സ്വഹാബാക്കളോട് ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ത്ഥം ചോദിക്കുമായിരുന്നു. എനിക്ക് അറിയുന്നത് തന്നെയാണ് അവരോട് ചോദിച്ചിരുന്നതെങ്കിലും അവരുടെ കൂടെ സഹവസിച്ചാല്‍ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കി സഹായിക്കുമായിരുന്നു അവര്‍. ഒരു ദിവസം വിശപ്പ് കഠിനമായപ്പോള്‍ വയറിന്മേല്‍ കല്ല്‌വെച്ചുകെട്ടി സ്വഹാബാക്കള്‍ സഞ്ചരിച്ചിരുന്ന വഴിയില്‍ പോയി ഇരുന്നു. ആ വഴിയിലൂടെ അബൂബക്ര്‍ (റ) കടന്നുവന്നു. ഖുര്‍ആനിലെ ഒരു സൂക്തത്തെ സംബന്ധിച്ച് ഞാന്‍ അവരോട് സംശയം ചോദിച്ചു. എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ച് സത്കരിക്കുമെന്നാണ് ഞാന്‍ നിനച്ചത്. പക്ഷെ അദ്ദേഹം എന്നെ വിളിക്കാതെ കടന്നുപോയി. പിന്നീട് ഉമര്‍ (റ) കടന്നുപോയപ്പോഴും ഞാന്‍ അങ്ങനെ ചോദിച്ചു. അദ്ദേഹവും എന്നെ ക്ഷണിച്ചില്ല. അവസാനം പ്രവാചകന്‍ (സ) അതിലൂടെ കടന്നുപോയി. എനിക്ക് വിശപ്പ് അനുഭവപ്പടുന്നുണ്ടന്ന് പ്രവാചക(സ)ന് മനസ്സിലായി. 'അബൂ ഹുറൈറാ', എന്ന് വിളിച്ചു. ഞാന്‍ പ്രവാചക(സ) രോടൊപ്പം അവരുടെ വീട്ടിലേക്ക് നടന്നു. വീട്ടില്‍ ഒരു പാത്രത്തില്‍ പാല്‍ കണ്ടപ്പോള്‍ ഭാര്യയോട് ചോദിച്ചു: ''ഇത് എവിടെ നിന്ന് ലഭിച്ചതാണ്.'' ഒരാള്‍ അങ്ങേക്ക് ദാനമായി തന്നതാണെന്ന് ഭാര്യ മറുപടി പറഞ്ഞു. റസൂല്‍ (സ്വ) പറഞ്ഞു: ''അബൂ ഹുറൈറാ, അഹ്‌ലുസ്സുഫ്ഫയിലെ സ്വഹാബാക്കളെയും ഇങ്ങോട്ട് വിളിക്കൂ.'' അല്‍പം പാല്‍ അഹ്‌ലുസ്സുഫ്ഫയിലെ മുഴുവന്‍ പേര്‍ക്കും എങ്ങനെ തികയാനാണ് എന്നോര്‍ത്തപ്പോള്‍ ഞാന്‍ വിഷമത്തിലായി. എനിക്ക് അല്‍പം കുടിക്കാന്‍ തന്ന് ഊര്‍ജം ലഭിച്ചതിന് ശേഷം അവരെ വിളിക്കാന്‍ പറയുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. ഞാന്‍ അവരെ വിളിച്ചുവരുത്തി. പ്രവാചകര്‍(സ)ക്ക് മുമ്പില്‍ ഇരുന്നപ്പോള്‍ അവര്‍ അവരോടായി പറഞ്ഞു: ''പാല്‍ എടുത്ത് അവര്‍ക്ക് നല്‍കൂ അബൂഹുറൈറാ.'' ഞാന്‍ ഓരോരുത്തര്‍ക്കായി പാല്‍ നല്‍കി. അവര്‍ വയറുനിറയുവോളം കുടിച്ചു. എല്ലാവരും കുടിച്ചതിന് ശേഷം പാത്രം പ്രവാചക(സ) ന് നല്‍കി. തങ്ങള്‍ തലയുയര്‍ത്തി എന്നെ നോക്കിക്കൊണ്ട് പറഞ്ഞു: '' ഇനി, ഞാനും നീയും മാത്രമാണ് കുടിക്കാന്‍ ബാക്കിയുള്ളത്.'' എന്നോട് കുടിക്കാന്‍ പറഞ്ഞു. വയര്‍ നിറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: '' പ്രവാചകരെ, ഇനി ഇറക്കാന്‍ കഴിയില്ല.'' പിന്നീട് ബാക്കിയുണ്ടായിരുന്ന പാല്‍ നബി(സ) കുടിച്ചു. **       **       ** അധിക കാലം കഴിയുന്നതിന് മുമ്പ് തന്നെ മുസ്‍ലിംകളുടെ സംഘശക്തി വര്‍ദ്ധിച്ചു. മുസ്‍ലിം നാടുകളില്‍ സാമ്പത്തിക ഭദ്രത കൈവന്നു. യുദ്ധമുതലുകള്‍ ലഭിച്ചതോടെ മുസ്‍ലിം ജീവിതം അഭിവൃദ്ധി കൈവരിച്ചു. അബൂ ഹുറൈറ (റ) വിവാഹിതനായി. സമ്പത്തും സന്താനങ്ങളും സ്ഥാനമാനങ്ങളും അബൂ ഹുറൈറ (റ)യെ തേടിയെത്തി. പക്ഷെ പക്വതയാര്‍ന്ന സമീപനങ്ങളാണ് ഓരോ നിമിഷങ്ങളിലും ഈ സ്വഹാബിവര്യന്‍ കൈകൊണ്ടത്. ഇവയൊന്നും തന്നെ ആ ജീവിതത്തില്‍ ചലനങ്ങളേ ഉണ്ടാക്കിയില്ല. പൂര്‍വ്വസ്ഥിതി മറന്നുകൊണ്ടൊരു ജീവിതം അദ്ദേഹത്തിന് ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അബൂ ഹുറൈറ (റ) പറയുന്നു: ''അനാഥനായിട്ടാണ് ഞാന്‍ വളര്‍ന്നത്. ദരിദ്രനായാണ് ഞാന്‍ പലായനം നടത്തിയത്. ' ബുസ്‌റത്ത് ബിന്‍ നസ്‌വാന്‍' എന്ന സ്ത്രീയുടെ കീഴില്‍ കൂലിവേലക്കാരനായി അവളുടെ അതിഥികളെ സല്‍ക്കരിച്ചും യാത്രാവേളയില്‍ ഒട്ടകങ്ങളെ തെളിച്ചും കഴിഞ്ഞുകൂടി. ഇങ്ങനെയൊക്കെ പണിയെടുത്താല്‍ വയറ് നിറയെ ഭക്ഷണമായിരുന്നു കൂലിയായി ലഭിച്ചിരുന്നത്. പിന്നീട് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാനും ബുസ്‌റയും തമ്മില്‍ വിവാഹിതരായി. ഞാന്‍ അവളെ എന്റെ പത്‌നിയായി സ്വീകരിച്ചു. മതാനുഷ്ടാനങ്ങള്‍ എന്റെ ജീവിതവ്യവസ്ഥിതിയും അബൂ ഹുറൈറ (റ)യെ ഒരു ഇമാമുമാക്കിയ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും.'' അബൂ ഹുറൈറ (റ) മുസ്‍ലിംകളുടെ ഇമാമും നേതാവുമായിട്ടുണ്ട്. മുആവിയ (റ) യുടെ ഭരണകാലത്ത് മദീനയിലെ ഗവര്‍ണറായിരുന്നു അബൂ ഹുറൈറ (റ). ഒന്നിലധികം പ്രാവശ്യം ഈ സ്ഥാനത്ത് അദ്ദേഹം അവരോധിക്കപ്പെടുകയുണ്ടായി. അവയൊന്നും തന്നെ അദ്ദേഹത്തിന്റെ സഹിഷ്ണുതാ മനോഭാവത്തേയൊ ആത്മീയ സംശുദ്ധതയേയൊ വികലമാക്കിയിരുന്നില്ല. ഗവര്‍ണ്ണറായിരിക്കെ കുടുംബത്തിനു വേണ്ട വിറകുകെട്ടുമായി മദീനയിലെ ഒരു ഇടവഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന അബൂ ഹുറൈറ (റ)യ്ക്ക നേരെ സഅ്ലബത്ത് ബിന്‍ മാലിക് (റ) കടന്നുവന്നു. അബൂ ഹുറൈറ (റ) പറഞ്ഞു: '' സഅ്‌ലബാ, മദീനയിലെ ഗവര്‍ണ്ണര്‍ക്ക് വഴിമാറിക്കൊടുക്കൂ.'' സഅ്‌ലബ (റ) പറഞ്ഞു: ''അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ, ഈ കാണുന്ന സ്ഥലം നിങ്ങള്‍ക്ക് മതിയാവില്ലേ?'' അബൂ ഹുറൈറ (റ) പറഞ്ഞു: ''അമീറിനും അമീറിന്റെ മുതുകില്‍ കിടയ്ക്കുന്ന വിറകുകെട്ടിനും നിങ്ങള്‍ വഴിമാറിനല്‍കുക.'' **       **       ** വിജ്ഞാനവും സഹിഷ്ണുതയും നിറഞ്ഞ ആ ജീവിതത്തില്‍ തഖ്‌വയും സൂക്ഷമതയും സുകൃത വ്യക്തിത്വത്തിന്റെ പൂരണം കണക്കെ നിറഞ്ഞു നിന്നു. പകലന്തിവരെ വ്രതമനുഷ്ടിച്ചും രാത്രിയുടെ മൂന്നിലൊരു ഭാഗം ഇബാദത്തിനായി ഉഴിഞ്ഞുവെച്ചും അദ്ദേഹം അല്ലാഹുവിന്റെ ഇഷ്ടദാസനായി മാറി. രാത്രിയുടെ മൂന്നില്‍ രണ്ടു ഭാഗമെത്തിയാല്‍ അബൂ ഹുറൈറ (റ) ഭാര്യയെ വിളിച്ചുണര്‍ത്തും. പിന്നീട് അവസാന ഭാഗമായാല്‍ ഭാര്യ മകളെ വിളിച്ചുണര്‍ത്തും.  അങ്ങനെ, രാത്രി സമയം മുഴുവനും ആ ഭവനം ഇലാഹി സ്മരണയില്‍ മുഴുകിക്കൊണ്ടിരുന്നു. **       **       ** നീഗ്രോയായ ഒരു അടിമസ്ത്രീ അബൂ ഹുറൈറ (റ)യുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. തന്റെ കുടുംബത്തെ വിഷമത്തിലാക്കിയ ചില മോശം സമീപനങ്ങള്‍ ഈ അടിമസ്ത്രീയില്‍ നിന്നുണ്ടായപ്പോള്‍ ചാട്ടവാറെടുത്ത് അവളെ ശിക്ഷിക്കാന്‍ അബൂ ഹുറൈറ (റ) തീരുമാനിച്ചു. അവളെ പ്രഹരിക്കാന്‍ തുനിഞ്ഞെങ്കിലും പക്ഷെ അദ്ദേഹം അത് ചെയ്തില്ല. അദ്ദേഹം പറഞ്ഞു: '' പരലോകത്ത് വെച്ച് പ്രതികാരം ചെയ്യപ്പെടുന്നത് ഇല്ലായിരുന്നുവെങ്കില്‍ നീ ഞങ്ങളെ ബുദ്ധിമുട്ടിച്ചതിന് ഞങ്ങള്‍ നിന്നെ വേദനിപ്പിക്കുക തന്നെ ചെയ്യുമായിരുന്നു. നിന്നെ കച്ചവടം നടത്തി പൂര്‍ണ്ണ വില ലഭിക്കുന്ന ഒരാള്‍ക്ക് ഞാന്‍ നിന്നെ വില്‍ക്കുകയാണ്. എന്റെ ഏറ്റവും വലിയ ആവിശ്യം അതാണ്. നീ പോവുക, ഇനി മുതല്‍ നീ അടിമപ്പെണ്ണില്ല. ഒരു സ്വതന്ത്ര സ്ത്രീയാണ്.'' അങ്ങനെ അടിമ വിമോചനത്തിന്റെ പുതിയ ചരിതം രചിക്കുകയായിരുന്നു അബൂ ഹുറൈറ (റ). **       **       ** തന്റെ മകളെ സ്വര്‍ണ്ണാഭരണം അണിയിക്കാന്‍ അബൂ ഹുറൈറ (റ) ഇഷ്ടപ്പെട്ടിരുന്നില്ല. ഈ വിഷയം പറഞ്ഞ് അവളുടെ കൂട്ടുകാരികളെല്ലാം അവളെ പരിഹസിക്കുക പതിവായിരുന്നു. തന്റെ വിഷമം അവള്‍ പിതാവിനോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: '' പ്രിയ മകളെ, എന്റെ പിതാവിന് ഞാന്‍ നരഗാഗ്നിയില്‍ കിടക്കുന്നത് ഭയമാണ് എന്ന് നീ അവരോട് പറയണം.'' തന്റെ മകളെ സ്വര്‍ണ്ണമണിയിക്കാത്തത് അദ്ദഹത്തിന്റെ ലുബ്ധതയോ സമ്പത്തിനോടുള്ള അത്യര്‍ത്തി മൂലമോ ആയിരുന്നില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൈയയച്ച് ധര്‍മ്മം ചെയ്തിരുന്ന സ്വഹാബി പ്രമുഖനായിരുന്ന അബൂ ഹുറൈറ (റ). ഒരിക്കല്‍ മര്‍വാന്‍ ബിന്‍ ഹകം(റ) നൂറ് ദീനാര്‍ സ്വര്‍ണ്ണം അബൂ ഹുറൈറ (റ)യ്ക്ക് ദാനമായി കൊടുത്തയച്ചു. പിറ്റെ ദിവസം തന്നെ മര്‍വാന്‍ ബിന്‍ ഹകം (റ) ഒരു കത്തുകൂടി അബൂ ഹുറൈറ (റ)യ്ക്ക് അയച്ചു: ' എന്റെ സേവകന്‍ അങ്ങേക്ക് അയച്ചത് ദീനാര്‍ ആണ്. അവന്റെയടുത്ത് അബദ്ധം സംഭവിച്ചിരിക്കുന്നു. അത് അങ്ങേക്ക് നല്‍കാതെ മറ്റൊരാള്‍ക്ക് നല്‍കാനാണ് ഞാന്‍ തീരുമാനിച്ചിരുന്നത്.' കത്ത് വായിച്ചതോടെ അബൂ ഹുറൈറ (റ) വിഷണ്ണനായി. അദ്ദേഹം മറുപടിക്കത്ത് അയച്ചു: ' നിങ്ങള്‍ എനിക്കയച്ചുതന്ന സമ്പത്ത് മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കപ്പെട്ടിരിക്കുന്നു. ഇനി ബൈത്തുല്‍ മാലില്‍ നിന്നും എനിക്ക് അവകാശപ്പെട്ട മുതലില്‍ നിന്ന് നിങ്ങള്‍ എടുത്തുകൊള്ളുക.' സത്യത്തില്‍ അബൂ ഹുറൈറ(റ)യെ പരീക്ഷിക്കുകയായിരുന്നു മര്‍വാനു ബ്‌നു ഹകം(റ). **       **       ** മാതാവ് ജീവിച്ചിരുന്ന കാലത്തോളം മഹതിയ്ക്ക് നന്മചെയ്തുകൊടുക്കുന്ന ഒരു മകനായി അബൂ ഹുറൈറ (റ) ജീവിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം മാതാവിന്റെ മുറിയുടെ വാതില്‍പടിയില്‍ ചെന്ന് സലാം ചൊല്ലിക്കൊണ്ട് അദ്ദേഹം പറയും: ''അങ്ങ് എന്നെ ബാല്യകാലത്ത് പരിപാലിച്ചതു പോലെ അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ.'' അപ്പോള്‍ മാതാവ് പറയും: '' വാര്‍ദ്ധക്യ കാലത്ത് നീ എനിക്ക് ഗുണം ചെയ്തത് പോലെ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.'' പിന്നീട് വീട്ടിലേക്ക് മടങ്ങിവന്നാലും ഇതു പോലെ തന്നെ അദ്ദേഹം പ്രവര്‍ത്തിക്കുമായിരുന്നു. ജനങ്ങളെ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നതിലേക്കും കുടുംബ ബന്ധം ചേര്‍ക്കുന്നതിലേക്കും ക്ഷണിക്കുവാന്‍ അതീവ താത്പര്യമായിരുന്നു അബൂ ഹുറൈറ (റ)യ്ക്ക്. ഒരു ദിവസം രണ്ടു പേര്‍ ഒന്നിച്ച് കൂടെ നടക്കുന്നത് കണ്ടു. അവരില്‍ ഒരാള്‍ പ്രായംകൂടിയായാളും മറ്റൊരാള്‍ ചെറുപ്രായക്കാരനുമാണ്. അവരില്‍ ചെറുപ്രായത്തിലുള്ളവനോട് അദ്ദേഹം ചോദിച്ചു: ''ഇത് നിങ്ങളുടെ ആരാണ്?'' അവന്‍ പറഞ്ഞു: '' പിതാവ്.'' അബൂ ഹുറൈറ (റ) പറഞ്ഞു: '' നീ അദ്ദേഹത്തിന്റെ പേര് വിളിച്ച് അഭിസംബോധനം ചെയ്യരുത്. അദ്ദേഹത്തിന്റെ മുന്‍പിലൂടെ നടക്കരുത്. അദ്ദേഹം ഇരിക്കുന്നതിന് മുന്‍പ് നീ ഒരിക്കലും ഒരു സദസ്സിലും ഇരിക്കരുത്.'' **       **       ** അബൂ ഹുറൈറ (റ) മരണാസന്ന രോഗത്തിന്റെ പിടിയിലമര്‍ന്നു. അദ്ദേഹം കരഞ്ഞുകൊണ്ടിരിക്കെ ഒരാള്‍ ചോദിച്ചു: '' നിങ്ങള്‍ എന്തിനാണ് കരയുന്നത്?'' അദ്ദേഹം പറഞ്ഞു: '' നിങ്ങള്‍ പെട്ടുപോയ ഈ ഇഹലോകത്തെ ഓര്‍ത്തുകൊണ്ടല്ല ഞാന്‍ കരയുന്നത്. മറിച്ച് എന്റെ യാത്ര വളരെ ദൈര്‍ഘ്യമേറിയതാണ്. അതിനുവേണ്ട പാഥേയം എന്റെ പക്ഷത്ത് വളരെ തുഛമാണ്. യാത്ര പിന്നിട്ട് ഇപ്പോള്‍ സ്വര്‍ഗത്തിലേക്കോ നരഗത്തിലേക്കോ എത്തുന്ന വഴിയുടെ അന്ത്യത്തിലെത്തിയിരിക്കുന്നു. ഏതിലാണ് ഞാന്‍ എന്ന് എനിക്കറിയില്ല.'' മര്‍വാന്‍ ബിന്‍ ഹകം(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു: ''അല്ലാഹുവേ ഞാന്‍ നിന്നെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നുണ്ട്. നീ എന്നെ കണ്ടുമുട്ടാന്‍ ഇഷ്ടപ്പെടണേ. അല്ലാഹുവേ, അതിനുള്ള സമയം നീ വേഗത്തിലാക്കണേ.'' മര്‍വാന്‍(റ) അവിടം വിടും മുമ്പായി തന്നെ അബൂ ഹുറൈറ (റ) ഈ ലോകത്തോട് വിടചൊല്ലി. മുസ്‍ലിം സമൂഹത്തിന് 1604-ല്‍ അധികം ഹദീസുകള്‍ സംരക്ഷിച്ച് മാലോകര്‍ക്ക് സംഭാവനചെയ്ത ആ സ്വഹാബി വര്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവരുടെ കൂടെ നമ്മെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.  അബൂ ഹുറൈറ (റ) ഒന്നാം ഭാഗം   വിവ: സ്വാദിഖ് വി.കെ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter