സൂഫിയായ ഭർത്താവിനു ഒരു സൂഫിയ്യതായ ഭാര്യ
(സൂഫീ കഥ – 46)
ബലഖിലെ അമീറിന്‍റ മകളായിരുന്നു ഫാഥിമ. അവർ ഭൌതിക ഭ്രമങ്ങളിൽ നിന്ന് പശ്ചാതപിച്ച് അല്ലാഹുവിലേക്കുള്ള വഴിയിൽ പ്രവേശിച്ചു. അന്നാട്ടിലെ പ്രസിദ്ധനായ ഒരു സൂഫിയായിരുന്നു അബൂ ഹാമിദ് അഹ്മദ് ബ്ൻ ഖദ്റവൈഹി (റ). ഫാഥിമ അഹ്‍മദിന്‍റെയടുത്തേക്ക് ആളെയയച്ചു. തന്‍റെ പിതാവിനോട് തന്നെ വിവാഹം ചെയ്തു തരാനാവശ്യപ്പെടാനായിരുന്നു അത്. പക്ഷേ, അഹ‍്മദ് അനുകൂലമായി പ്രതികരിച്ചില്ല. ഫാഥിമ വീണ്ടും ആളെയയച്ചു. "അഹ്‍മദേ, അല്ലാഹുവിലേക്കുള്ള വഴിയിൽ തടസ്സം നിൽകുന്ന ഒരു മനുഷ്യനായിട്ടല്ല താങ്കളെ ഞാൻ മനസ്സിലാക്കിയത്. അതു കൊണ്ട് താങ്കൾ സന്മാർഗം കാണിച്ചു കൊടുക്കുന്ന ഒരു വഴികാട്ടിയാകണം. അതിനു തടസ്സം നിൽക്കരുത്. " ഇതു കേട്ട അഹ്‍മദ് ഫാഥിമയുടെ പിതാവിന്‍റെയടുത്തേക്ക് വിവാഹാഭ്യാർത്ഥനയുമായി ആളെയയച്ചു. പിതാവ് സമ്മതിച്ചു. അവർ വിവാഹിതരായി.
ഫാഥിമ ഭൌതിക താൽപര്യങ്ങളെ അപ്പാടെ അവഗണിച്ചിരുന്നു. തന്നെപ്പോലെ സുഹ്ദിന്‍റെ വഴി സ്വീകരിച്ച അഹ്‍മദിന്‍റെ കൂടെ ജീവിത പങ്കാളിയായി ജീവിക്കുന്നതിൽ അവർ ഏറെ സന്തുഷ്ടയായിരുന്നു. ആയിടക്കാണ് അഹ്‍മദ് ബായാസീദെന്ന മഹാനായ സ്വൂഫിയെ ചെന്നു കാണണമെന്നു ആഗ്രഹിച്ചത്. തന്‍റെ ഭാര്യക്കും അതിനോടു യോചിപ്പായിരുന്നു.
രണ്ടുപേരും ബായസീദിന്‍റെ സന്നിധിയിലെത്തി. ശൈഖിന്‍റെ മുമ്പിൽ ഫാഥിമ തന്‍റെ മുഖം മൂടി ഉയർത്തി. ഒരു കൂസലുമില്ലാതെ സംസാരിച്ചു. ഇതു അഹ്‍മദിനു പിടിച്ചില്ല. അദ്ദേഹം ചോദിച്ചു: "അല്ലെയോ ഫാഥിമാ, എന്താണിത്?, ഒരു കൂസലുമില്ലാതെ ഇത്ര ധൈര്യത്തോടെ ബായസീദുമായി നീ എന്തായിങ്ങനെ പെരുമാറുന്നത്?"
ഫാഥിമ പ്രതിവചിച്ചു: "നിങ്ങളെന്‍റെ തബീഅതിന്‍റെ (പ്രകൃത്യായുള്ള) മഹ്‍റം (കാണൽ അനുവദനീയൻ) ആണെങ്കിൽ അദ്ദേഹമെന്‍റെ ഥരീഖത്തിലെ മഹ്‍റമാണ്. കാരണം, അദ്ദേഹമെന്‍റെ സഹവാസം ആവശ്യമുള്ളവനല്ല. നിങ്ങൾക്കാണെങ്കിലോ അതാവശ്യമാണു താനും."
ഫാഥിമ സാധാരണയായി ബായസീദിന്‍റെ മുന്നിൽ ബുർഖ ധരിക്കാതെ തന്നെയാണ് വന്നിരുന്നത്. പക്ഷേ, ഒരു ദിവസം ബായസീദിന്‍റെ ദൃഷ്ടി അവരുടെ കൈയിൽ പതിഞ്ഞു. ബായസീദ് ചോദിച്ചു: "അതല്ല, ഇതെന്താ കൈയിൽ മൈലാഞ്ചിയൊക്കെ?"
ഫാഥിമ: "ഇത്രയും കാലം ഞാൻ നിങ്ങളുടെ മുമ്പിൽ അൽപം സ്വാതന്ത്ര്യത്തോടെ തന്നെ പെരുമാറിയിരുന്നു. ഇപ്പോൾ നിങ്ങളെന്‍റെ കൈയും മൈലാഞ്ചിയും കണ്ട സ്ഥിതിക്ക് ഇനി നമ്മൾ തമ്മിലുള്ള സഹവാസം നിഷിദ്ധമാണ്."
ആ ദമ്പതികൾ ബായസീദിന്‍റെ സന്നിധിയിൽ നിന്ന് മടങ്ങി. നൈസാബൂരിലെത്തി. അവിടെയുള്ള മശാഇഖുമാരുമായി നല്ല ബന്ധങ്ങൾ പുലർത്തി.
കശ്ഫ് – 333
Leave A Comment