ഗസ്സാലി നിരീക്ഷിക്കുന്ന ഇസ്‌ലാമിക കുടുംബം

കുടുംബം, കുടുംബ ജീവിതം, വിവാഹം, ഭാര്യഭര്‍തൃ ബന്ധം, ഭാര്യയുടെയും ഭര്‍ത്താവിന്റെയും കടമകള്‍ തുടങ്ങിയവ ഗസ്സാലിയുടെ രചനകളില്‍ വ്യാപകമായി കാണാം. ഇഹ്‌യയിലെ കിതാബു നികാഹ് ഇത്തരം വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നു. പ്രമാണങ്ങള്‍ പറയുന്നതോടൊപ്പം ഓരോന്നിനു പിന്നിലെയും യുക്തിയും രഹസ്യങ്ങളും നിരത്തിക്കൊണ്ടാണ് ഗസ്സാലി ഇതില്‍ കാര്യങ്ങള്‍ വിവരിക്കുന്നത്.

മനുഷ്യ ജീവിതത്തിലെ ഒരു ചര്യ എന്നതിലപ്പുറം ഒരു social institution എന്ന നിലക്കാണ് പലപ്പോഴും ഗസ്സാലി കുടുംബത്തെ കാണുന്നത്. അതുകൊണ്ടുതന്നെ, സുസ്ഥിരമായ സമൂഹ നിലനില്‍പിന് കോട്ടം തട്ടാതിരിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം ഇടക്കിടെ ഉണര്‍ത്തുന്നതായി കാണാം. വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ വിവിരിക്കുന്നിടത്തും അതിന്റെ സാമൂഹിക-മന:ശാസ്ത്ര വശങ്ങളും അദ്ദേഹം എടുത്തുദ്ധരിക്കുകയുണ്ടായി.

1. ജൈവ പരമ്പര നിലനിര്‍ത്തുക.
2. പൈശാചിക ദുര്‍മോഹങ്ങളില്‍നിന്നും മോചനം നേടുക.
3. ശരീരത്തിന് ഉന്മേശവും മനസ്സിന് ഉണര്‍വും കൈവരുക.
4. ഗൃഹജോലികളില്‍നിന്നും ഹൃദയത്തിന് വിടുതി നല്‍കുക തുടങ്ങിയവയാണ് വിവാഹത്തിന്റെ ഉപകാരങ്ങളായി അദ്ദേഹം എണ്ണിപ്പറയുന്നത്. ഇതില്‍ പല കാരണങ്ങളും ഭര്‍ത്താവിന്റെയും ഭാര്യയുടെയും മനസ്സിനെ ശരിക്കും വായിക്കുകയാണ്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്‌നേഹ ബന്ധത്തെക്കുറിച്ച് പറയുന്നിടത്തും socio-psychology യുടെ തലത്തില്‍നിന്നുകൊണ്ടാണ് ഗസ്സാലി സംസാരിക്കുന്നത് എന്നു കാണാം.

ഇന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്താന നിയന്ത്രണം, കുടുംബാസൂത്രണം (Birth controle and Family planning) പോലെയുള്ള വിഷയങ്ങളിലും മനോഹരമായി ഇടപെട്ടു കൈകാര്യം ചെയ്യുന്നുണ്ട് ഗസ്സാലി. ഗര്‍ഭനിരോധന രീതികളില്‍ (contraceptive mthods) പ്രാഥമികമായി പരിഗണിക്കപ്പെടുന്ന അസ്‌ലിനെക്കുറിച്ച് അദ്ദേഹം വിശദമായി ചര്‍ച്ച ചെയ്യുന്നത് കാണാം. പലരും പറയുന്ന പോലെ അത് അബോര്‍ഷനോ കൊലയോ അല്ലെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.

അസ്‌ലിനെ അഞ്ചു ഭാഗങ്ങളായി തിരിച്ച ശേഷം അതില്‍ രണ്ടെണ്ണം അനുവദനീയമാണെന്ന് അദ്ദേഹം പറയുന്നു. അതില്‍ ഒന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട ശക്തമായൊരു അഭിപ്രായമാണ്. ഈ ഗര്‍ഭനിരോധ രീതി സ്ത്രീയുടെ സൗന്ദര്യം നിലനിര്‍ത്തുകയും ആരോഗ്യം കാക്കുകയും ചെയ്യുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ‘കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കല്‍ ഏറെ പ്രയാസമുള്ള കാര്യമാണ്. അത് പലപ്പോഴും സ്ത്രീകളുടെ ജീവന്‍വരെ അപകടത്തിലാക്കും. ഗര്‍ഭധാരണ അവളുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും ബാധിക്കും. അതുകൊണ്ട് അസ്ല്‍ ഗര്‍ഭനിരോധന രീതി നിരന്തര പ്രസവത്തില്‍നിന്നും അവളരെ സംരക്ഷിക്കുകയും ആരോഗ്യം പോകാതെ സൂക്ഷിക്കുകയും ചെയ്യും.’ ഗസ്സാലി തുടര്‍ന്ന് പറയുന്നു: ‘ധാരാളം കുട്ടികളുണ്ടാവുകയെന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അപ്പോള്‍, സമ്പാദിക്കാനായി കൂടുതല്‍ അധ്വാനിക്കേണ്ടി വരും. ആവശ്യത്തിനുള്ള വരുമാനം ലഭിക്കാതെ വന്നാല്‍ പല തെറ്റായ വഴികളും ആശ്രയിക്കേണ്ടി വരും.’ അതിനാല്‍ അനുവദനീയ വഴിയില്‍ ഗര്‍ഭ നിരോധന രീതി ആശ്രയിക്കല്‍ സ്ത്രീക്കും പുരുഷനും ഉചിതമാണെന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

തീര്‍ത്തും ആധുനികമായ കണ്ണോടെ കുടുംബത്തെയും സ്ത്രീയെയും കാണുന്ന ഗസ്സാലിയെയാണ് ഇവിടെ നാം കാണുന്നത്. ഇസ്‌ലാം എന്നും കാലികവും ആധുനികവുമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ഇത്തരം വീക്ഷണങ്ങളിലൂടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter