ആര്‍ത്തവ രക്തം
ഒമ്പത് വയസ്സ് തികയാന്‍ പതിനഞ്ച് ദിവസമുള്ളപ്പോള്‍ ഒരു സ്ത്രീക്ക് രക്തം കണ്ടാല്‍ അത് ഹൈള്(ആര്‍ത്തവ) രക്തമായി ഗണിക്കാവുന്നതാണ്. ഇതിന്നു മുമ്പ് രക്തം ആര്‍ത്തവമാകുന്നതല്ല. ആര്‍ത്തവം ഇത്ര വയസ്സ് വരെ മാത്രമേ ഉണ്ടാകൂ എന്ന് പരിധിയില്ല. ഒരു പക്ഷെ അത് മരിക്കുന്നത് വരെ നീണ്ടുനിന്നെന്നു വരാം. ആര്‍ത്തവസമയത്തില്‍ കുറഞ്ഞത് ഒരു രാവും പകലുമാണ്. മിക്കവാറും ആറോ ഏഴോ ദിവസമാണ് ഉണ്ടാകുക. ഏറ്റവും കൂടിയത് പതിനഞ്ച് ദിവസമാകുന്നു. പതിനഞ്ചില്‍ കൂടുതല്‍ ദിവസം രക്തം കണ്ടാല്‍ അത് ഹൈളല്ല. ഇസ്തിഹാളത്ത്  (രോഗസംബന്ധമായ രക്ത സ്രാവം) എന്നാണ് അതിന്നു പറയുക. രണ്ട് ആര്‍ത്തവത്തിന്നിടയില്‍ ഉണ്ടാവേണ്ട ഏറ്റവും കുറഞ്ഞ ശുദ്ധി പതിനഞ്ച് ദിവസമാകുന്നു. അധികമായതിന്ന് അതിര്‍ത്തിയില്ല. ചിലപ്പോള്‍ അത് കുറേകാലം നീണ്ടു നിന്നെന്നുവരാം. പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ കാണുന്ന രക്തം ഇസ്തിഹാളത്തായതുപോലെത്തെന്നെ ഒട്ടാകെ പുറപ്പെട്ട രക്തത്തിന്റെ സമയം 24 മണിക്കൂറില്‍ കുറഞ്ഞാല്‍ അതും ഇസ്തിഹാളത്തായി കണക്കാക്കപ്പെടും. ഗര്‍ഭമുള്ള സ്ത്രീകള്‍ക്കും ഹൈളുണ്ടാകാം. അങ്ങനെ ഉണ്ടാകുന്ന പക്ഷം അവള്‍ ഹൈളുകാരി വര്‍ജ്ജിക്കേണ്ടതെല്ലാം വര്‍ജ്ജക്കേണ്ടതാണ്. മഞ്ഞ വര്‍ണ്ണത്തിലും കാണുന്ന രക്തമെല്ലാം ഹൈള് തന്നെയാണ്. യോനിയില്‍ പഞ്ഞിയോ തുണിക്കഷ്ണമോ വെച്ചാല്‍ നിറവ്യത്യാസം ദൃശ്യമാകുന്നില്ലെങ്കില്‍ ഹൈള് മുറിഞ്ഞു എന്ന് മനസ്സിലാക്കാം. പതിനഞ്ച് ദിവസത്തിനിടയില്‍ അപ്പപ്പോഴായി രക്തം പുറപ്പെട്ട സമയം ആകെ 24 മണിക്കൂറുണ്ടെങ്കില്‍ ആ പതിനഞ്ചു ദിവസവും ആര്‍ത്തവഘട്ടമായി പരിഗണിക്കും. പ്രസവ രക്തമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ സമയം ഒരു സെക്കന്റാണ്. സാധാരണ നാല്‍പത് ദിവസവും കവിഞ്ഞാല്‍ 60 ദിവസവുമുണ്ടാകും. പിന്നെയും രക്തം കണ്ടാല്‍ അത് ഇസ്തിഹാളത്തായി കണക്കാക്കേണ്ടതാണ്. ആര്‍ത്തവ- പ്രസവ രക്തത്തിന്റെ വിധികള്‍ ഒന്നും ഇസ്തിഹാളത്തിന്ന് ബാധകമല്ല. അതുണ്ടാവുമ്പോള്‍ നമസ്‌കാരം മുതലായവ നിര്‍ബന്ധമാണ്. ആര്‍ത്തവ-പ്രസവ രക്തസ്രാവമുള്ളവര്‍ക്ക് വലിയ അശുദ്ധി കൊണ്ട് ഹറാമാകുന്നതെല്ലാം നിഷിദ്ധമാണ്. കൂടാതെ നോമ്പ് പിടിക്കലും ഹറാമാണ്. പക്ഷെ, ആ നോമ്പ് പിന്നീട് ഖളാഅ് വീട്ടണം; നമസ്‌കാരം ഖളാഅ് വീട്ടാന്‍ പാടില്ല. സംയോഗവും മുട്ട് പൊക്കിളിന്റെ ഇടയിലുള്ള മറ്റ് സുഖഭോഗവും പ്രസ്തുതഘട്ടങ്ങളില്‍ നിഷിദ്ധമാണ്. വിവാഹമോചനം നടത്തുന്നതും അശുദ്ധിയെ ഉര്‍ത്തുന്നു എന്ന നിയ്യത്തോടുകൂടി കുളിക്കുന്നതും നിഷിദ്ധം തന്നെ. രക്തം നിലച്ചാല്‍ കുളിക്കുന്നതിന്നു മുമ്പ് നോമ്പ് നോല്‍ക്കുന്നതിന്നുംവിവാഹമോചനം നടത്തുന്നതിന്നും മുന്‍പറഞ്ഞ നിയ്യത്തോടെ കുളിക്കുന്നതിന്നും പള്ളിയില്‍കൂടി കടന്നു പോകുന്നതിന്നും വിരോധമില്ല. മറ്റുകാര്യങ്ങളെല്ലാം കുളിച്ചതിന്നുശേഷമേ അനുവദനീയമാവുകുള്ളു.    രക്തസ്രാവം രക്തസ്രാവമുള്ള സ്ത്രീ എല്ലാ നമസ്‌കാരങ്ങള്‍ക്കും സമയമായതിന്നു ശേഷം ഗുഹ്യസ്ഥാനം കഴുകി പഞ്ഞിയോ മറ്റോവെച്ചു നല്ലവണ്ണം അടച്ചതിന്നുശേഷം ശീല കൊണ്ട് കെട്ടി ഭദ്രമാക്കണം. ശേഷം വേഗം വുളുഎടുത്തു നമസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രവേശിക്കേണ്ടതാണ്. നമസ്‌കാരവുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ പ്രവേശിച്ചു സമയം വൈകിപ്പോയാല്‍ മുമ്പ് പ്രവര്‍ത്തിച്ചതെല്ലാം വീണ്ടും ആവര്‍ത്തിച്ചു വുളു മടക്കേണ്ടതായി വരും. ഇപ്രകാരം കഴുകലും ശീല മുതലായവ വെച്ചു കെട്ടലും വുളു എടുക്കലും എല്ലാ ഫര്‍ള് നമസ്‌കാരത്തിന്നും നിര്‍ബന്ധമാണ്. മൂത്രവാര്‍ച്ചക്കാരും ഇപ്രകാരമെല്ലാം ചെയ്യണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter