പ്രവാസിയുടെ ഭാര്യ: ഒരു കൗണ്‍സിലിംഗ് റിപ്പോര്‍ട്ട്

PRAVASIഒരു ഗള്‍ഫുകാരന്റെ ഭാര്യയായിരുന്നു ഹസീന. പക്ഷേ, ഇപ്പോളവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്. ഒരു പിയര്‍ എജുക്കേറ്റര്‍ വഴിയാണ് കൗണ്‍സിലിംഗിനുവേണ്ടി അവള്‍ എന്റെ മുന്നിലെത്തിയത്. ഹസീന എനിക്കൊരത്ഭുതമായിരുന്നില്ല. കൗണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അനേകം ഹസീനമാരെ കാണുന്നു. ലൈംഗീക തൊഴിലാളി എന്ന പേരിലറിയപ്പെടാതയും ഈ തൊഴിലേര്‍പ്പെടുന്ന ധാരാളം പേരുണ്ട്. വ്യഭിചാരം പാപമാണെന്ന വിശ്വാസം മുമ്പ്. ഇപ്പോള്‍ ഇതാരും അറിയാതിരുന്നാല്‍ മതി എന്നാണ്. എന്തുകൊണ്ട് പ്രവാസികളുടെ ഭാര്യമാര്‍ പോലും ഈ തൊഴിലിലെത്തപ്പെടുന്നു? ഗള്‍ഫ് കേരളത്തിനു ഒരാശ്വാസമാണ്. പ്രത്യേകിച്ച് മലപ്പുറത്തിന്! മലപ്പുറം ജില്ലയിലെ ഏതാണെല്ലാ വീടുകളിലും ശരാശരി ഒരാളെങ്കിലും ഗള്‍ഫിലുണ്ടാവും. ലക്ഷക്കണക്കിനു മലയാളികളാണ് സൗദി അറേബ്യയിലും യു.എ.ഇയിലും ഒമാനിലും മറ്റുമായി ഉള്ളത്. മലപ്പുറം ജില്ലയുടെ പ്രധാന സ്രോതസ്സ് ഗള്‍ഫാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മണലാരണ്യത്തില്‍ യുവത്വം ഹോമിക്കുകയാണ് ഈ മലയാളികള്‍. സ്വന്തം വീട്ടില്‍ ഉമ്മയും ഉപ്പയും സഹോദരങ്ങളും കഷ്ടപ്പാടറിയാതിരിക്കാന്‍ പാടുപെടുകയാണ് ഇവര്‍. ജീവിതവും സ്വപ്നങ്ങളും ആ കൊടും ചൂടില്‍ ആവിയായി ഉയരുകയാണ്. നഷ്ടപ്പെടലിന്റെ വേര്‍പാടിന്റെ കഥയാണ് ഏറെ പേര്‍ക്കും പറയാനുള്ളത്.

നാട്ടില്‍ ഇവര്‍ക്ക് ഭാര്യമാരുണ്ട്. പതിനഞ്ചിന്റെയും മുപ്പത്തിയഞ്ചിന്റെയും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കും ഇവരില്‍ പലരും. ഇരുപത്-ഇരുപത്തിയഞ്ച് വയസ്സിനിടയിലായിരിക്കും പല യുവാക്കളും വിവാഹിതരാവുന്നത്. ഇവര്‍ക്ക് പതിനഞ്ചിനും ഇരുപതിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ഭാര്യമാരായി വേണം. വലിയ തുക സ്ത്രീധനം നല്‍കുകയും വേണം. വരന്റെ വീട്ടുകാര്‍ക്ക് വീട് നന്നാക്കാനും വരനൊരു ജോലിശരിയാക്കാനും ആര്‍ഭാടപൂര്‍വ്വം കല്യാണം നടത്താനുമൊക്കെ ഈ കാശായിരിക്കും ഉപയോഗിക്കുക. കല്യാണം കഴിഞ്ഞ് ഓന്നോ രണ്ടോ മാസങ്ങള്‍ക്കു ശേഷം ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലേക്കു പറക്കും. മധുവിധു തീര്‍ന്നിട്ടുണ്ടാവില്ല. അടങ്ങാത്ത മോഹവും അഭിനിവേശവും ബാക്കിയാക്കി നിര്‍ബന്ധമായ ഒരു വേര്‍പാട്. പിന്നീടുള്ള കാലം ഈ ഭാര്യയെന്ന പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടില്‍., സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ, താങ്ങാവാനൊരാളില്ലാതെ ബുദ്ധിമുട്ടുകയാണ്. അകലെ ഗള്‍ഫില്‍ ജോലിഭാരവും കടുത്ത ചൂടും, വീട്ടുകാരുടെയും ഭാര്യയുടെയും വ്യത്യസ്തമായ പരിഭവങ്ങളും ഒക്കെയാവുമ്പോള്‍ ഈ 'ഭര്‍ത്താവും' തീര്‍ത്തും ഉരുകിയൊലിക്കുകയായിരിക്കും. എല്ലാത്തിനുമിടയില്‍ സ്വരുകൂട്ടിവെക്കുന്ന കാശുചേര്‍ത്ത് അത്യാവശ്യം 'വലിയൊരു ടെറസ് വീട് തന്നെ ഇവര്‍ പണികഴിപ്പിച്ചിരിക്കും. എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കും. പിന്നെയൊരു വീടുമാറലാണ്. അതോടെ 'ഭാര്യ' രക്ഷപ്പെട്ടു. ഭര്‍ത്താവിന പകുതി പ്രശ്‌നങ്ങള്‍ കുറഞ്ഞു. ഇതിനിടയില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ രണ്ടുമാസത്തേക്ക് ഈ ഭര്‍ത്താവൊന്നു നാട്ടില്‍ വരും! എല്ലാ അര്‍ത്ഥത്തിലും അടിച്ചുപൊളിക്കും. ഇതിനിടയില്‍ 'കാലിടറിപ്പോ'കുന്ന ഒട്ടേറെ ഭാര്യമാരുണ്ട് മലപ്പുറത്ത്. ഇവരെ 'ഗള്‍ഫ് ഭാര്യമാര്‍' വിശേഷിപ്പിക്കും. ഇത് മലപ്പുറത്തിന്റെ മാത്രമോ 'ഗള്‍ഫ് ഭാര്യ'യുടെ മാത്രമോ പ്രശ്‌നമല്ല. ലൈംഗികചോദന ഇക്കൂട്ടര്‍ക്ക് മാത്രമല്ലല്ലോ.

ഹസീന അവരുടെ കഥ പറയുന്നു: ഞാന്‍ ഹസീന. 33 വയസുണ്ട്. 14-ാം വയസിലായിരുന്നു വിവാഹം. തരക്കേടില്ലാത്ത സമ്പത്തുള്ള വീട്ടിലെ ആംഗമായിരുന്നു ഞാന്‍. പത്തു  വയസു പ്രായമായ ഒരാണ്‍കുട്ടിയുണ്ട്. ഗള്‍ഫിലാണ് ഭര്‍ത്താവ്. എട്ടൊമ്പത് വര്‍ഷമായി ഒറ്റയ്‌ക്കൊരു വീട്ടിലാണ് താമസം, ഇപ്പോള്‍ അവിടെയല്ല സ്വന്തം വീട്ടിലാണ്. മൂന്നു വര്‍ഷത്തിലൊരിക്കലേ അദ്ദേഹത്തിനു നാട്ടില്‍ വരാന്‍ സാധിക്കാറുണ്ടായിരുന്നുള്ളൂ. അത്യാവശ്യം സാമ്പാദിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങള്‍ എല്ലാമുള്ള വീട്, ഉള്‍നാട്ടില്‍ മൂന്നേക്കര്‍ റബ്ബര്‍ തോട്ടം. ഒന്നും കുറവില്ല. എന്നാലും സന്തോഷവും സാമാധാനവുമുണ്ടായിരുന്നില്ല. എങ്ങനെ ഉണ്ടാവാനാണ്? അദ്ദേഹം അടുത്തില്ല.   ഒറ്റയ്ക്കു ജീവിച്ചു മടുത്തിരുന്നു. എത്രകാലമെന്നു വിചാരിച്ചാ ഒരാള്‍ക്കു വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നതും കെട്ടിപ്പൂട്ടിവെക്കുന്നതും!!?? ആകെ മടുത്തു. ഗള്‍ഫില്‍ ഭര്‍ത്താവിന്റെ അടുത്ത ഷോപ്പില്‍ ജോലി ചെയ്യുന്ന  നജീബ് ഒരിക്കല്‍ വീട്ടില്‍ വന്നു. കുറച്ചു കാശ് ഭര്‍ത്താവ് കൊടുത്തയച്ചിരുന്നു. അതു എന്നെ ഏല്‍പിക്കാന്‍ വന്നതാണ്. നജീബിനെ കണ്ടപാടെ എന്റെ ആരോ ആണെന്ന തോന്നല്‍! ഭര്‍ത്താവിന്റെ കൂട്ടുകാരന്‍, സഹൃദയന്‍, നല്ല ചിരി, വാ നിറയെ സംസാരം, പൗരുഷമുള്ള ചുറുചുറുക്കുള്ള മുഖവും ശരീരവും! കാപ്പികുടിച്ച് നജീബ് യാത്ര പറഞ്ഞു. എന്തുവന്നാലും വേണ്ടില്ല. എന്നുറപ്പിച്ച് നജീബിനെ ഫോണില്‍ വിളിച്ചു. 'കാര്യം' ഗ്രഹിച്ച നജീബ് പിറ്റേ ദിവസം തന്നെ തിരിച്ചു വീട്ടിലെത്തി. പിന്നെ സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. സ്വന്തം ഭര്‍ത്താവിനെ മതിമറന്നു. കുറെയേറെ തവണ അവന്‍ എന്റടുത്തു വന്നിട്ടുണ്ട്. എനിക്കവനെ പറഞ്ഞയക്കാന്‍ തോന്നാറില്ല. എങ്ങനെയോ ഇതൊക്കെ ഭര്‍ത്താവറിഞ്ഞു. കണ്ണും കാതുമുള്ള നാട്ടുകാരല്ലേ? അല്ലെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ ഈ നാട്ടുകാര്‍ക്കെന്തൊരു വേവലാതിയാണ്? അദ്ദേഹത്തിന്റെ മനസ്സുനൊന്തുള്ള ചോദ്യത്തിനു മുമ്പില്‍ എനിക്കൊന്നും നിഷേധിക്കാനായില്ല. പിന്നീടുണ്ടായ പൊട്ടിത്തെറിക്കും. വിപ്ലവത്തിനുമൊക്കെ പരിസമാപ്തിയായത് എന്റെ ത്വലാഖിലൂടെയായിരുന്നു. കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന എന്റെ രണ്ടനിയത്തിമാര്‍ക്ക് 'ഒരു മഗര്‍ഗതടസം കൂടി' സൃഷ്ടിച്ച് ഞാന്റെ വീട്ടിലെത്തി. എന്റെ 'കൈയ്യിലിരിപ്പ്' മോശമായതാണ് എല്ലാ. 'കൊള'മാക്കിയതെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ അധികകാലം അവിടെ തുടരാന്‍ കഴിയുമായിരുന്നില്ല. മകന്‍ അവന്റെ ഉപ്പയുടെ കൂടെയാണ്. അവനില്ലാത്ത വിഷമം ഒരു വശത്തും, വീട്ടില്‍ 'ഒറ്റപ്പെടല്‍' അനുഭവിക്കുന്നതിന്റെ വിഷമം മറുഭാഗത്തും. ആകെ തകര്‍ന്നുപോയി ഞാന്‍! അയല്‍ക്കാരുടെ കുത്തുവാക്കുകള്‍! നാട്ടിലെ ചെറുപ്പക്കാരുടെ കൂര്‍ത്ത നോട്ടങ്ങള്‍.. ഞാനാകെ ഉരുകിയൊലിക്കാന്‍ തുടങ്ങി. തെക്കെ വീട്ടിലെ ആഇശത്താത്തയുടെ(അവരെക്കുറിച്ച് ആര്‍ക്കുമില്ല നല്ല അഭിപ്രായം) സഹായത്തോടെ ദൂരെയൊരു വീട്ടില്‍ പ്രസവിച്ച പെണ്‍കുട്ടിയെ പരിചരിക്കുന്ന തൊഴില്‍ കിട്ടി. സ്വീകരിച്ചു. ഒരു തരം രക്ഷപ്പെടല്‍. ജോലി സുഖമാണ്. തരക്കേടില്ലാത്ത പ്രതിഫലവുമുണ്ട്. അവിടെയും എനിക്ക് ചില താളപ്പിഴകള്‍ വരികയായി. സൗകര്യങ്ങള്‍ ഓര്‍ത്ത് അതൊന്നും അത്ര വിഷയമാക്കിയില്ലെന്ന് മാത്രം. ഹസീന കഥ പറഞ്ഞുനിര്‍ത്തുമ്പോള്‍ ചിലരെങ്കിലും നെറ്റി ചുളിച്ചേക്കും. ഹസീനയെ പരിഹസിച്ചേക്കും. പക്ഷേ, ഹസീനയുടെ കഥയിലെ നജീബ് സമൂഹത്തിനുമുന്നില്‍ മാന്യനും അവള്‍ വേശ്യയുമായി എന്നോര്‍ക്കണം. സ്ത്രീ എന്തുകൊണ്ടിങ്ങനെയായി എന്നേ സമൂഹം വിചാരിക്കുന്നുള്ളൂ. നജീബ് എന്നയാള്‍ തിരശ്ശീലക്ക് പിറകിലാണ്. ഒരു സ്ത്രീ പിഴക്കണമെങ്കില്‍ പുരുഷനും പിഴക്കണം എന്നാരും ചിന്തിക്കുന്നില്ല. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ നാല് മാസത്തിലധികം പിരിഞ്ഞിരിക്കരുതെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. മെച്ചപ്പെട്ട ജീവിതസൗകര്യത്തിനുവേണ്ടി ഒരാള്‍ കടല്‍ കടക്കുമ്പോള്‍ മറ്റേയാള്‍ വേറൊരു വഴിയിലേക്കു തിരിയപ്പെടുന്നതിന്റെ രഹസ്യമെന്താണ്? വിവാഹത്തിലെ പ്രധാനമാനദണ്ഡം, പ്രായം, സൗന്ദര്യം, സ്ത്രീധനം എന്നിവയാണ്. വിദ്യാഭ്യാസം പ്രശ്‌നമേയല്ല. ഇവിടെ ആലോചിക്കേണ്ടത് ഈ പെണ്‍കുട്ടികളുടെ സാമൂഹികബോധമാണ്. സമൂഹത്തെ കുറിച്ച് ചില മിഥ്യാധാരണകള്‍ മാത്രമേ ഇവര്‍ക്കുള്ളൂ. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ, താങ്ങാനൊരാളില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍ ചെറുപ്രായത്തില്‍ തന്നെ. കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍ ഇവര്‍ക്കിടയില്‍ ഒതുങ്ങിപ്പോകുന്നു ഇവര്‍. ഒറ്റക്കു താമസിക്കാന്‍ തുടങ്ങുമ്പോള്‍ ഇവര്‍ ശരിക്കും ആഹ്ലാദത്തിന്റെ വഴികളാണ് തേടുന്നത്. ടിവിയും ഫോണുമൊക്കെയാണ് പിന്നീടവരുടെ കൂട്ടുകാര്‍. അവിടെയും അവര്‍ മനസിനെ സന്തോഷിപ്പിക്കുന്നതേ ആഗ്രഹിക്കുന്നുള്ളൂ. പുറം ലോകവുമായുള്ള ബന്ധങ്ങളും പരിമിതമാണ്. പരിമിതമായ ലോകമാണ് അവരെ അപക്വമായ കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്നത്. സ്ത്രീയും പുരുഷനുമടങ്ങുന്ന സമൂഹം ഒരുമിച്ച് മാറാന്‍ തയ്യാറായാലേ ഈ പ്രശ്‌നത്തിനൊരു പരിഹാരമാവൂ. അതുവരെ തുടരും. തുടര്‍ന്നു കൊണ്ടിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter