ഭാര്യാ-ഭര്‍തൃ കടമകളും ബാധ്യതകളും
ദര്‍ശനവും സ്പര്‍ശനവും നിഷിദ്ധമായ സ്ത്രീ-പുരുഷന്മാര്‍, വിവാഹമെന്ന പവിത്രമായ കരാറിലേര്‍പ്പെടുന്നതിലൂടെ വിശുദ്ധി നിറഞ്ഞ കുടുംബ ജീവിതത്തിന് ശിലയിടുകയാണ്. അതോടെ അവര്‍ ഇണയും തുണയുമായി. പരസ്പരപൂരകങ്ങളായ ഇണകള്‍ക്കിടയിലുള്ള കടപ്പാടുകളെക്കുറിച്ച് ബോധവാന്മാരാവല്‍ അനിവാര്യമാണ്. കൂടുക, ഒരുമിക്കുക എന്നൊക്കെയാണ് നികാഹ് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം. അറിയപ്പെട്ട പദങ്ങള്‍മുഖേന നടത്തുന്നതും ലൈംഗിക ബന്ധം അനുവദനീയമാക്കുന്നതുമായ ഇടപാടിനാണ് ഇസ്‌ലാമിക ദൃഷ്ടിയില്‍ നികാഹ് എന്നു പറയുന്നത്. വധുവിന്റെ മഹ്ര്‍, അവള്‍ തന്റെ ശരീരം ഭര്‍ത്താവിന് കീഴ്‌പെടുത്തിക്കൊടുക്കുന്ന ഘട്ടത്തിലെ വസ്ത്രം, ആ ദിവസത്തിലെ ചെലവ് എന്നിവ കൊടുക്കാന്‍ കഴിവുള്ളവനും ലൈംഗിക ബന്ധത്തിനു താല്‍പര്യമുള്ളവനുമെങ്കില്‍ വിവാഹം കഴിക്കല്‍ സുന്നത്താണ് (തുഹ്ഫ: 7/183). സന്താന പരമ്പര നിലനിര്‍ത്തുക, ജീവിത ശുദ്ധിയുണ്ടാക്കുക എന്നിവക്ക് വിവാഹം ആവശ്യമാണെന്നതാണ് അത് സുന്നത്താവാനുള്ള കാരണം. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍  മതത്തിന്റെ പകുതി അവന്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ള പകുതിയില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ (ഹാകിം). മതനിയമങ്ങളെ പകുതി ഭാഗം അനുസരിച്ചു ജീവിക്കാന്‍ വിവാഹം നിമിത്തമാകുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഭാര്യയും ഭര്‍ത്താവും പരസ്പരമുള്ള ബാധ്യതകള്‍ നാലെണ്ണമുണ്ടെന്നു കര്‍മശാസ്ത്ര പണ്ഡിതര്‍ രേഖപ്പെടുത്തുന്നുണ്ട്. ഭാര്യയുടെ ബാധ്യതകള്‍ ഒന്ന്: ഭര്‍ത്താവിനെ വഴിപ്പെടുക. ഇസ്‌ലാം അനുവദിച്ച കാര്യത്തില്‍ ഭാര്യ തന്റെ ഇണയെ അനുസരിക്കണം. ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യതകളുടെ ഗൗരവം ഹദീസുകളില്‍നിന്നും ശരിക്കും വ്യക്തമാണ്. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്‍പ്പിക്കുകയാണെങ്കില്‍ ഭര്‍ത്താവിന് സുജൂദ് ചെയ്യണമെന്ന് ഭാര്യയോട് കല്‍പിക്കുമായിരുന്നു (അബൂ ദാവൂദ്). ആഇശ (റ) പറയുന്നു: ഞാന്‍ നബി തങ്ങളോടു ചോദിച്ചു: സ്ത്രീക്ക് ഏറ്റവും ബാധ്യത മനുഷ്യരില്‍ ആരോടാണ്? പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോട്. ഞാന്‍ ചോദിച്ചു: പുരുഷന് ആരോടാണ്? പ്രവാചകന്‍ പറഞ്ഞു: ഉമ്മയോട് (ഹാകിം). രണ്ട്: ഭര്‍ത്താവിനോട് നല്ല നിലയില്‍ വര്‍ത്തിക്കുക. ഭര്‍ത്താവിനു കീഴില്‍ അനുസരണപൂര്‍വ്വം ഗൃഹ ഭരണം നടത്തി അദ്ദേഹത്തിന്റെ പൊരുത്തം സമ്പാദിക്കാന്‍ ഭാര്യക്കു സാധിക്കണം. പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയിലും ജീവിച്ചുകൊണ്ടിരിക്കെ അവള്‍ മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് (തുര്‍മുദി). മൂന്ന്: ശാരീരിക ബന്ധത്തിന് അനുവദിക്കുക. അകാരണമായി ഇതിനു വഴങ്ങാതിരിക്കുന്നത് കുറ്റമാണ്. സ്വന്തം ഇണയുമായി ശാരീരിക ബന്ധത്തില്‍  ഏര്‍പ്പെടുന്നതില്‍ സ്വദഖയുടെ പുണ്യമുണ്ടെന്നു നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ചില സ്വഹാബികള്‍ ചോദിച്ചു: കാമശമനാര്‍ത്ഥം ഒരാള്‍ ചെയ്യുന്ന പ്രവൃത്തിക്കു പ്രതിഫലമോ? പ്രവാചകന്‍ തിരിച്ചു ചോദിച്ചു: കാമശമനാര്‍ത്ഥം ഒരാള്‍ അനുവദനീയമല്ലാത്ത സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍  അത് കുറ്റകരമാകില്ലേ? (മുസ്‌ലിം). നിഷിദ്ധമായ രീതിയില്‍ ഒരു കാര്യം ചെയ്യുമ്പോല്‍ കുറ്റമുണ്ടെങ്കില്‍ അനുവദനീയമായ രീതിയില്‍ അത് ചെയ്യുമ്പോള്‍ പ്രതിഫലമുണ്ടാകുമെന്നാണ് പ്രവാചകന്‍ ഇവിടെ പഠിപ്പിക്കുന്നത്. നാല്: ഉത്തരവാദിത്വ പൂര്‍ണമായ ഗൃഹ ഭരണം. പ്രവാചകന്‍ പറഞ്ഞു: സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധികാരിയാണ്. ഭരണത്തെക്കുറിച്ച് അവള്‍ ചോദ്യം ചെയ്യപ്പെടും (ബുഖാരി). പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിനോടുള്ള തഖ്‌വ കരസ്ഥമാക്കിയതിനു ശേഷം താഴെ പറയുന്ന സല്‍ഗുണങ്ങളുള്ള സ്വാലിഹത്തായ ഭാര്യയെക്കാള്‍ ഉത്തമമായ മറ്റൊന്നും ഒരു സത്യവിശ്വാസി സമ്പാദിച്ചിട്ടില്ല. കല്‍പിച്ചാല്‍ അനുസരിക്കും, നോക്കിയാല്‍ സന്തോഷിപ്പിക്കും, അവളോടവന്‍ വല്ലതും സത്യം ചെയ്തു പറഞ്ഞാല്‍ പൂര്‍ണമായും നടപ്പാക്കും, ഭര്‍ത്താവിന്റെ അഭാവത്തില്‍ സമ്പത്തിലും സ്വ ശരീരത്തിലും അവള്‍ ഭര്‍ത്താവിനോടു ഗുണകാംക്ഷയുള്ളവളായിരിക്കും എന്നവയാണ് ഈ വിശേഷണങ്ങള്‍ (ഇബ്‌നു മാജ). പ്രവാചകന്‍ പറഞ്ഞു: ഒരു സ്ത്രീ അഞ്ചു വഖ്ത് നിസ്‌കരിക്കുകയും റമദാന്‍ മാസം നോമ്പനുഷ്ഠിക്കുകയും തന്റെ സ്വകാര്യസ്ഥാനത്തെ സൂക്ഷിക്കുകയും ഭര്‍ത്താവിനു വഴിപ്പെടുകയും ചെയ്താല്‍ സ്വര്‍ഗത്തില്‍ ഏതു കവാടത്തിലൂടെയാണോ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നത് അതിലൂടെ പ്രവേശിക്കുക എന്ന് അവളോടു പറയപ്പെടും (ഥബ്‌റാനി).ഭര്‍ത്താവിന്റെ ബാധ്യതകള്‍ ഒന്ന്: ഭാര്യയോട് നല്ല നിലയില്‍ വര്‍ത്തിക്കുക. സന്തോഷകരമായ ദാമ്പത്യജീവിതത്തിനു ഇതു അത്യാവശ്യമാണ്. അല്ലാഹു പറയുന്നു: ഭാര്യമാരോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക. കുടുംബ നാഥന്‍ എന്ന പദവി പുരുഷനു മാത്രമുള്ളതാണ്. ദീര്‍ഘ ദൃഷ്ടി, ക്ഷമ തുടങ്ങിയ പല കാര്യങ്ങളിലും സ്ത്രീ പുരുഷന്റെ പിന്നിലാണ്. അതുകൊണ്ടുതന്നെ, അവളുടെ സ്വഭാവത്തില്‍ വക്രത കാണും. അതു പെട്ടന്നു മാറ്റിയെടുക്കാന്‍ കഴിയില്ല. ഭാര്യയോടു തോന്നുന്ന വെറുപ്പ് അവഗണിച്ചു ജീവിക്കാന്‍ ശ്രമിക്കണം. പ്രവാചകന്‍ പറഞ്ഞു: ഒരു സത്യവിശ്വാസി (ഭര്‍ത്താവ്) സത്യവിശ്വാസിനി (ഭാര്യ) യോട് ദേഷ്യപ്പെടരുത്. അവളില്‍നിന്നു ഒരു സ്വഭാവം അവന്‍ വെറുത്താല്‍ മറ്റൊരു സ്വഭാവം അവന്‍ ഇഷ്ടപ്പെടും (മുസ്‌ലിം). ഇഷ്ടപ്പെടാത്ത സ്വഭാവം ഭാര്യയില്‍ കാണപ്പെടുമ്പോഴേക്കു ദേഷ്യപ്പെട്ടു എടുത്തുചാടരുതെന്നും ഇഷ്ടപ്പെടുന്ന മറ്റു സ്വഭാവങ്ങള്‍ അവളില്‍ ഉണ്ടെന്നു ഓര്‍ക്കണമെന്നുമാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. രണ്ട്: മഹ്ര്‍ നല്‍കല്‍. മഹ്ര്‍ സ്ത്രീയുടെ അവകാശമാണ്. ഇതു ലഭിച്ചില്ലെങ്കില്‍ ശാരീരിക ബന്ധത്തിന് വഴങ്ങല്‍ നിര്‍ബന്ധമില്ല. മഹ്ര്‍ ഒഴിവാക്കിക്കൊടുക്കാനുള്ള അവകാശവു ഭാര്യക്കുണ്ട്; പ്രായപൂര്‍ത്തിയും കാര്യബോധവും ഉണ്ടെങ്കില്‍. മൂന്ന്: ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്തുക. ഒരു ഭാര്യയുടെ അടുത്തു കഴിച്ചുകൂട്ടുന്ന അത്രയും സമയം മറ്റേ ഭാര്യയുടെ അടുത്തും കഴിച്ചുകൂട്ടണം. ഇതു ഭര്‍ത്താവിനു നിര്‍ബന്ധമാണ്. അടിസ്ഥാന സമയത്ത് താമസിക്കുന്നതേ ഇവിടെ പരിഗണിക്കൂ. ഒരാളുടെ ജോലി പകലിലാണെങ്കില്‍ അയാളുടെ അടിസ്ഥാന സമയം രാത്രിയാണ്. അഥവാ, അവന്‍ പകലില്‍ താമസിക്കുന്ന കാര്യത്തില്‍ തുല്യമാക്കല്‍ നിര്‍ബന്ധമില്ല. നീതി പുലര്‍ത്താന്‍ കഴിയാത്തവന്‍ ഒരു ഭാര്യയെക്കൊണ്ട് മതിയാക്കുകയാണ് വേണ്ടത്. നാല്: ഭാര്യക്കു ചെലവിനു കൊടുക്കല്‍. ദരിദ്രന്‍, ഭാര്യ താമസിക്കുന്ന നാട്ടിലെ മികച്ച ഭക്ഷ്യധാന്യത്തില്‍ നിന്നു ഒരു മുദ്ദ് (800 മി.ലിറ്റര്‍) പ്രതിദിനം നല്‍കല്‍ നിര്‍ബന്ധമാണ്. ധനികന്‍ രണ്ടു മുദ്ദും ഇടത്തരക്കാരന്‍ ഒന്നര മുദ്ദുമാണ് നല്‍കല്‍ നിര്‍ബന്ധമാവുക. ഓരോ ദിവസവും പ്രഭാതത്തോടുകൂടി മാത്രമേ ചെലവ് നിര്‍ബന്ധമാവുകയുള്ളൂ. അതുതന്നെ, അവള്‍ തന്റെ അടുത്തുള്ളവളായിരിക്കെ പതിവനുസരിച്ച് ഭര്‍ത്താവിനോടൊപ്പം ഉള്ളത് ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മാത്രം. അങ്ങനെ ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന പക്ഷം  മുദ്ദ് നിര്‍ബന്ധമില്ല. ഭക്ഷ്യ ധാന്യത്തോടൊപ്പം സാധാരണ നിലയിലുള്ള കൂട്ടാനും പതിവനുസരിച്ച് മാംസവും അനിവാര്യമാണ്. ആറാറു മാസം കൂടുമ്പോള്‍ പുതിയ വസ്ത്രവും നിര്‍ബന്ധമാകും. ഭക്ഷണം പാകം ചെയ്യാനുള്ള ഉപകരണങ്ങളും ശുചീകരണ സാമഗ്രികളും ഭവനവും ഭാര്യക്കു നല്‍കല്‍ നിര്‍ബന്ധമാണ് (ഫതഹുല്‍ മുഈന്‍).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter