പൊരുത്തമുള്ള കുടുംബജീവിതം
അന്യരും അസ്പര്‍ശ്യരുമായ സ്ത്രീ-പുരുഷന്മാര്‍ വിവാഹമെന്ന പരിപാവനമായ കരാറിലേര്‍പ്പെടുന്നതോടെ അവര്‍ ദമ്പതികളായി, ഇണകളായി, പരസ്പര പൂരകങ്ങളായി. മക്കളും മക്കളുടെ മക്കളുമായി അത് വളരുമ്പോള്‍ അതൊരു കുടുംബമായി.
സാധാരണ അന്യകുടുംബങ്ങള്‍ തമ്മിലാണ് വിവാഹം നടക്കുക. വിവാഹത്തോടെ ഈ കുടുംബങ്ങള്‍ ഒന്നായിച്ചേരുന്നു. പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പുതിയൊരു ബന്ധംകൂടി അതോടെ ഉല്‍ഭവിക്കുന്നു. ഈ ബന്ധങ്ങളെല്ലാം സുദൃഢവും സന്തോഷവുമായി മാറണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. അതിനാവശ്യമായ നിയമ നിര്‍ദ്ദേശങ്ങളും ഉല്‍ബോധനങ്ങളും ഇസ്‌ലാം നല്‍കുന്നു.
വിവാഹിതരാകാന്‍ പോകുന്ന ആണും പെണ്ണും തമ്മിലുള്ള യോജിപ്പ്, കുടുംബ പശ്ചാത്തലം, സംസ്‌കാരം, വ്യദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളൊക്കെ വ്യക്തമായി മനസ്സിലാക്കിയാവണം വിവാഹത്തിലേര്‍പ്പെടുന്നത്. മതകീയ ജീവിതത്തിനും സല്‍സ്വഭാവത്തിനും മുന്തിയ പരിഗണന നല്‍കണം. പ്രവാചകന്‍ പറയുന്നു: സൗന്ദര്യം, സമ്പത്ത്, സ്വഭാവം, മതം എന്നീ നാലു കാര്യങ്ങളില്‍ ഒന്നിനു വേണ്ടിയാണ് സ്ത്രീയെ വിവാഹം ചെയ്യാറ്. എന്നാല്‍, മതവും സല്‍സ്വഭാവവുമുള്ള സ്ത്രീയെ തന്നെ നിങ്ങള്‍ വിവാഹം ചെയ്യുക. നിങ്ങള്‍ വിജയശ്രീലാളിതരാകും (അഹ്മദ്-തര്‍ഗീബ്: 3:44).
പുരുഷന്റെയും സ്ത്രീയുടെയും ഉത്തരവാദിത്തങ്ങള്‍ ഇസ്‌ലാം നിര്‍ണയിക്കുന്നു. നേതൃപരമായ പങ്കാളിത്തം പുരുഷനാണ്. കുടുംബത്തിന്റെ സംരക്ഷണവും സാമ്പത്തിക ബാധ്യതയുമൊക്കെ അവന്റെ ഉത്തരവാദിത്തത്തിലാണ്. ബുദ്ധി, കായബലം തുടങ്ങിയ നേതൃപരമായ ഗുണങ്ങള്‍ സാധാരണഗതിയില്‍ പുരുഷനിലാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെയാണ് കുടുംബനാഥനായി അവന്‍ നിശ്ചയിക്കപ്പെടുന്നത്. ഖുര്‍ആന്‍ പറയുന്നു: പുരുഷന്മാര്‍ സ്ത്രീയുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ (പുരുഷന്മാരെ) ചിലരെ (സ്ത്രീ) ക്കാള്‍ ഉല്‍കൃഷ്ടരാക്കിയതുകൊണ്ടും തങ്ങളുടെ ധനത്തില്‍നിന്നു പുരുഷന്മാര്‍ ചെലവ് ചെയ്യുന്നതുകൊണ്ടുമാണത് (4:34).
കുടുംബനാഥനെന്ന നിലയില്‍ ഭാര്യയും മക്കളും അവനെ അനുസരിക്കണം. സോപാധിക അനുസരണം. സ്രഷ്ടാവിനു വിരുദ്ധമായ കാര്യങ്ങള്‍ അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരല്ല. കുടുംബത്തിന്റെ അഹോവൃത്തിക്കായി വീടിനു വെളിയില്‍ അധിക നേരം ചെലവഴിക്കേണ്ടിവരുന്ന പുരുഷന് വീട്ടിനുള്ളിലെ കാര്യങ്ങള്‍ നോക്കിനടത്തുക പലപ്പോഴും പ്രയാസമാകും. അവന്റെ ശരീര പ്രകൃതിയും അതിനോടു വേണ്ടത്ര അനുകൂലമായെന്നു വരില്ല. കുട്ടികളെ ശുശ്രൂഷിക്കുക, പരിപാലിച്ചു വളര്‍ത്തുക, അവരുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ സദാ ശ്രദ്ധിക്കുക തുടങ്ങിയ ഗൃഹാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം അതുകൊണ്ടുതന്നെ ഗൃഹനായികക്കായിരിക്കും. 'സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധികാരിയാണ്' (ബുഖാരി). ഭാര്യയുടെ ഭക്ഷണം, വസ്ത്രം തുടങ്ങിയ ഭൗതിക സൗകര്യങ്ങളൊരുക്കിക്കൊടുക്കേണ്ടത് ഭര്‍ത്താവാണ്. അവന് കുടുംബ നേതൃത്വത്തിനുള്ള അര്‍ഹത നേടിക്കൊടുക്കുന്നകാരണങ്ങളിലൊന്നും അതുതന്നെയാണ് (4:34). 'നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക' എന്ന തിരുവചനവും ഇതിലേക്കു വിരല്‍ ചൂണ്ടുന്നു.
ഭര്‍ത്താവ് തന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണ് ഈ കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്. 'കഴിവുള്ളവന്‍ അവന്റെ കഴിവില്‍നിന്നും കഴിവില്ലാത്തവന്‍ അല്ലാഹു അവന് നല്‍കിയതെന്തോ അതില്‍നിന്നും ചെലവഴിക്കട്ടെ. അല്ലാഹു നല്‍കിയ കഴിവനുസരിച്ച് പ്രവര്‍ത്തിക്കാനല്ലാതെ ആരെയും അവന്‍ നിര്‍ബന്ധിക്കുന്നില്ല (65:7).
ഭാര്യക്കു ദിനംപ്രതി നല്‍കേണ്ട ഭക്ഷണം, വര്‍ഷത്തില്‍ നല്‍കേണ്ട വസ്ത്രം, താമസ സ്ഥലം തുടങ്ങിയവയൊക്കെ കൃത്യമായും വ്യക്തമായും ഇസ്‌ലാം നിര്‍ണയിച്ചു നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ പ്രശ്‌നമുണ്ടാവുമ്പോള്‍ തീര്‍പ്പാക്കുക പ്രസ്തുത നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍, പരസ്പരം പൊരുത്തപ്പെട്ടുള്ള ജീവിതത്തില്‍ നിയമത്തിന്റെ നൂലിഴകള്‍ ചികഞ്ഞുനോക്കേണ്ടതില്ല. ഭക്ഷണാദി കാര്യങ്ങള്‍ ഭാര്യക്കു അളന്നു മുറിച്ചു കൊടുക്കുന്നതിനു പകരം ആവശ്യത്തിനനുസരിച്ച് ഔദാര്യ സമീപനം സ്വീകരിക്കുക; ഭര്‍ത്താവിന്റെ പരിതസ്ഥിതികളെക്കുറിച്ച് തികഞ്ഞ ബോധം ഭാര്യക്കുമുണ്ടാവുകയും അവള്‍ വിട്ടുവീഴ്ചാ മനസ്ഥിതി കൈകൊള്ളുകയും ചെയ്യുക. ഇതൊക്കെയാണ് സന്തുഷ്ട കുടുംബ ജീവിതത്തിന് ഏറെ നല്ലത്.
ഇബ്‌നു മസ്ഊദ് (റ) വിന്റെ ഭാര്യ അതില്‍ കുടുംബിനികള്‍ക്കൊരു മാതൃകയാണ്. ധര്‍മം ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള പ്രവാചകന്റെ പ്രസംഗം അവര്‍ കേട്ടു. ധര്‍മം ചെയ്യാന്‍ അതിയായി ആഗ്രഹിച്ചു. എന്നാല്‍, അവരുടെ ഭര്‍ത്താവിന്റെയും കുട്ടിയുടെയും ദയനീയാവസ്ഥയെക്കുറിച്ചവര്‍ ഓര്‍ത്തു. എന്റെ ധര്‍മം അവര്‍ക്കു നല്‍കിയാല്‍ മതിയാകുമോ? അവര്‍ ചിന്തിച്ചു. പ്രവാചകരോട് വിവരം അന്വേഷിച്ചു. മതിയാകുമെന്ന് പ്രവാചകന്‍ പറഞ്ഞു. മഹതിക്കു സന്തോഷമായി.
ഇസ്‌ലാമിക കുടുംബ വ്യവസ്ഥിതിയില്‍ ബഹുഭാര്യത്വം അനുവദിക്കുന്നു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇസ്‌ലാമിനെ തരംതാഴ്ത്തിക്കാണിക്കാന്‍ എടുത്തുപയോഗിക്കുന്ന ഒരു ആയുധമാണിത്. ഭക്ഷണം, വസ്ത്രം, പാര്‍പിടം, സഹശയനം തുടങ്ങിയ മനുഷ്യസാധ്യമായ കാര്യങ്ങളില്‍ തുല്യ നീതിയോടെ വര്‍ത്തിക്കാന്‍ സാധിക്കുന്നവര്‍ക്കാണത് അനുവദിക്കുന്നത്. പക്ഷെ, ഈ കാര്യം വിമര്‍ശകര്‍ പാടെ വിസ്മരിക്കുന്നു. നിയമവിധേയമായ ഏക ഭാര്യയോടൊപ്പം നിയമവിധേയമല്ലാത്ത പരസ്ത്രീകളുമായി ഇഷ്ടാനുസരണം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പരിഷ്‌കൃതം! നിയമവിധേയമായ രൂപത്തില്‍ ഒന്നിലധികം ഭാര്യമാരുണ്ടാവല്‍ അപരിഷ്‌കൃതം! ഇതാണ് വിമര്‍ശകരുടെ നിലപാട്.
സ്ത്രീ ജനസംഖ്യ വര്‍ദ്ധിക്കുമ്പോഴും യുദ്ധവും മറ്റു അത്യാപത്തുകള്‍ കാരണം വിധവകള്‍ സംരക്ഷിക്കപ്പെടേണ്ടിവരുമ്പോഴും ബഹുഭാര്യത്വം അനുവദിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം പാശ്ചാത്യ ലോകം നന്നായി അനുഭവിച്ചതാണിത്.
ഭാര്യമാര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ ബഹുഭാര്യത്വമല്ല, ഒരു ഭാര്യയെ പാടുള്ളൂവെന്ന് ഖുര്‍ആന്‍ (4:3) പറയുന്നു.
ഭര്‍ത്താവ് സദാ ഗൗരവക്കാരനായി കുടുംബം നയിക്കുന്ന സ്വഭാവമല്ല പ്രവാചകന്‍ പഠിപ്പിച്ചത്. സന്തോഷം നിറഞ്ഞുനില്‍ക്കുന്ന, പരസ്പരം സ്‌നേഹാദരങ്ങള്‍ കൈമാറുന്ന കുടുംബാന്തരീക്ഷമാണ് പ്രവാചക ജീവിതത്തില്‍ നാം ദര്‍ശിക്കുന്നത്. ഭാര്യയുമായി മത്സരിച്ചോടുന്ന, നിസ്‌കാര വേളയില്‍ പോലും പേരക്കുട്ടിയെ തോളിലേറ്റുന്ന, ക്ഷേമാന്വേഷണത്തിനായി രാവേറെച്ചെന്നിട്ടും മകളുടെ വീട്ടിലേക്കു നടന്നുപോകുന്ന ഭര്‍ത്താവിനെയും പിതാവിനെയും പിതാമഹനെയുമൊക്കെയാണ് പ്രവാചകനില്‍നിന്നും നാം പഠിക്കുന്നത്. അതേ അവസരം ഗൗരവപൂര്‍വം സമീപിക്കേണ്ട പ്രശ്‌നങ്ങളില്‍ ഒട്ടും അയവില്ലാത്ത കര്‍ക്കശക്കാരനെയും ഭാര്യമാരെ വിവാഹമോചനം നടത്താന്‍ തയ്യാറാകുന്ന ഭര്‍ത്താവിനെയും പൊതു സ്വത്തില്‍ പെട്ട ഒരു കാരക്കയെടുത്ത് ചവച്ച കുട്ടിയെ പോലും ശാസിക്കുന്ന പിതാമഹനെയും ഗൃഹജോലിയില്‍ സഹായിക്കാന്‍ ഒരു അടിമയെ വെച്ചുതരാന്‍ പറയുന്ന മകളോട് അല്ലാഹുവിന് ദിക്‌റ് ചൊല്ലി പരലോക പുണ്യം വര്‍ദ്ധിപ്പിക്കാന്‍ ഉപദേശിക്കുന്ന പിതാവിനെയും പ്രവാചകനില്‍ നാം കാണുന്നത് അതുകൊണ്ടാണ്.
ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകളും സ്വരച്ചേര്‍ച്ചയില്ലായ്മയും തുടര്‍ന്ന് വിവാഹ മോചനങ്ങളും അധികരിച്ചുവരികയാണിന്ന്. കുടുംബ കോടതികളിലധികവും വരുന്നത് ഇത്തരം കേസുകളാണ്. വിവാഹ ജീവിതത്തില്‍ അസ്വസ്ഥതകളും അകല്‍ച്ചകളും ഉരുണ്ടുകൂടുന്നത് തൊട്ടുള്ള പ്രശ്‌നങ്ങളില്‍ ഇസ്‌ലാമില്‍ പ്രത്യേകം പ്രത്യേകം നിയമങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ട്. ഒരു മൂന്നാം കക്ഷി ഇടപെടാതെത്തന്നെ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തലാണ് ഒന്നാമത്തെ പടി. പിന്നെ, ബന്ധുക്കള്‍ ഇടപെട്ടു തീര്‍ക്കാന്‍ ശ്രമം (4:34, 35). എല്ലാം പരാചയപ്പെട്ടു ഗതി മുട്ടുമ്പോള്‍ മാത്രം ഥലാഖ് (2: 229). അതും പുനര്‍ബന്ധത്തിനുള്ള അവസരത്തോടെ (2:228). അതിനുള്ള പ്രോത്സാഹനങ്ങള്‍ (2:232), ദമ്പതികളുടെ മോചന ശേഷമുള്ള ജീവിതം, അവരുടെ സന്താനങ്ങളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലൊക്കെ പ്രായോഗികവും മാതൃകായോഗ്യവുമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഇസ്‌ലാം സമര്‍പ്പിച്ചിട്ടുണ്ട്.
കുടുംബത്തിലെ ഓരോ കണ്ണിയെയും സ്പര്‍ശിക്കുന്നതാണ് ഇസ്‌ലാമിലെ കുടുംബ നിയമം. പരസ്പരം സ്‌നേഹാദരങ്ങള്‍ വളര്‍ത്തുന്നതും സുദൃഢ ബന്ധമുണ്ടാക്കുന്നതും ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നതുമാണവ. പ്രായോഗിക തലത്തില്‍ ജീവനുള്ളവ.
മാതാപിതാക്കളുമായി മക്കളുടെ ബന്ധം വളരെ ഹൃദയ സ്പൃക്കായി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: അല്ലാഹുവിനല്ലാതെ ഇബാദത്ത് ചെയ്യരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്തുകൊടുക്കണമെന്നും നിന്റെ രക്ഷിതാവ് കല്‍പിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടുപേരുമോ നിന്റെ അടുത്തുവെച്ചു വാര്‍ധക്യം ബാധിച്ചാല്‍ ഛെ എന്നു പോലും നീ അവരോട് പറഞ്ഞുപോകരുത്. നീ അവരോട് കയര്‍ക്കുകയുമരുത്. അവരോട് ആദരപുരസ്സരം സംസാരിക്കുക. കനിവോടും കാരുണ്യത്തോടുംകൂടി വിനയത്തിന്റെ ചിറക് അവര്‍ക്ക് നീ താഴ്ത്തിക്കൊടുക്കുക. പ്രാര്‍ത്ഥിക്കുകയും ചെയ്യുക: എന്റെ രക്ഷിതാവേ, എന്റെ കുട്ടിക്കാലത്ത് മാതാപിതാക്കള്‍ എന്നെ പരിപാലിച്ചു വളര്‍ത്തിയതുപോലെ അവര്‍ക്കു നീ കരുണ ചെയ്യേണമേ (17: 23, 24).
മക്കളെ ധാര്‍മിക ബോധവും വിദ്യയും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരാക്കി വളര്‍ത്തിയെടുക്കുക, അവനു വിവാഹം ചെയ്തു കൊടുക്കുക തുടങ്ങിയ ബാധ്യതകള്‍ പിതാവ് നിര്‍വ്വഹിക്കണം. കുടുംബ സംവിധാനത്തില്‍ ഇസ്‌ലാമിന്റെ വീക്ഷണമാണത്. മക്കളോട് പിതാക്കള്‍ക്ക് കാര്യമായ ബാധ്യതയില്ലാത്ത, മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും വരുന്ന ചെലവുകള്‍ കണക്കെഴുതി സൂക്ഷിക്കുകയും മക്കള്‍ക്കു വരുമാനമുണ്ടാകുമ്പോള്‍ തിരിച്ചുപിടിക്കുകയും ചെയ്യുന്ന പാശ്ചാത്യ സംസ്‌കാരത്തിനു ഈ വീക്ഷണം ഒരു പക്ഷെ അന്യമായിരിക്കും. ഇത്രം മക്കള്‍ ഭാവിയില്‍ തങ്ങളിലേക്കു തന്നെ ചുരുങ്ങിയ, സ്വാര്‍ത്ഥ മോഹികളും സാമൂഹിക ദ്രോഹികളും മാതാപിതാക്കളെ നിഷ്‌കരുണം വൃദ്ധസദനങ്ങളിലേക്ക് അയക്കുന്നവരുമായാല്‍ മാതാപിതാക്കള്‍ സ്വന്തം കര്‍മഫലം അനുഭവിക്കുന്നു എന്നേ പറയാനൊക്കൂ.
സഹോദരീ-സഹോദരന്മാര്‍, മാതൃ-പിതൃ സഹോദരന്മാര്‍ തുടങ്ങിയ കുടുംബങ്ങളുമായി ഏറെ സ്‌നേഹത്തിലും സഹകരണത്തിലും വര്‍ത്തിക്കാനാണ് ഇസ്‌ലാമിന്റെ നിര്‍ദ്ദേശം. അണുകുടുംബ വീക്ഷണം ഇസ്‌ലാമിനു അന്യം. കുടുംബ ബന്ധം ചേര്‍ക്കല്‍ ഒരു പുണ്യകര്‍മമായാണ് കാണുന്നത്. ബന്ധവിച്ഛേദമാകട്ടെ മഹാപാതകവും അല്ലാഹുവുമായുള്ള അടുപ്പം നഷ്ടപ്പെടുത്തുന്നതും. മനുഷ്യോല്‍പത്തിയെയും വ്യാപനത്തെയും വിവരിച്ച ശേഷം അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കാന്‍ കല്‍പിക്കുന്ന ഖുര്‍ആന്‍ കുടുംബ ബന്ധം സൂക്ഷിക്കണമെന്നു സഗൗരവം പ്രത്യേകം ഉണര്‍ത്തുന്നു (4:1).
ഭാര്യാ-ഭര്‍തൃ ബന്ധുക്കളോട് സ്‌നേഹാദരങ്ങളോടെയാണ് വര്‍ത്തിക്കേണ്ടത്. വിവാഹം മൂലം വരുന്ന ഈ ബന്ധം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നായാണ് ഖുര്‍ആന്‍ കാണുന്നത്. വെള്ളത്തില്‍നിന്നു മനുഷ്യനെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണ്. അങ്ങനെ അവന്‍ മനുഷ്യനെ വംശബന്ധവും വൈവാഹിക ബന്ധവുമുള്ളവനാക്കി. താങ്കളുടെ രക്ഷിതാവ് സര്‍വ്വ ശക്തനാണ് (25:54).
ഇങ്ങനെ രക്തബന്ധം, വൈവാഹിക ബന്ധം, മുലകുടി ബന്ധം തുടങ്ങി കുടുംബ ജീവിതത്തിലെ സര്‍വ്വ കണ്ണികളെയും കൂട്ടിയിണക്കുന്ന, പരസ്പര സ്‌നേഹവും ആദരവുമുണ്ടാക്കുന്ന നിയമങ്ങളും നിര്‍ദ്ദേശോപദേശങ്ങളും ഉള്‍കൊണ്ടതാണ് ഇസ്‌ലാമിലെ കുടുംബ വ്യവസ്ഥിതി. സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളില്‍ സ്വസ്ഥതിയും സമാധാനവും സന്തോഷവും ഉണ്ടാക്കിത്തീര്‍ക്കാനും തദ്വാരാ സന്തുഷ്ടവും സമാധാനപരവുമായ ഒരു സാമൂഹിക ജീവിതം കെട്ടിപ്പടുക്കാനും ഈ വ്യവസ്ഥിതി ഉപകരിക്കുന്നു.
Leave A Comment