വൈജ്ഞാനിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുസ്‌ലിം ചരിത്രവനിതകള്‍
സ്ത്രീ എന്നും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. യുഗന്തരങ്ങളില്‍ സമൂഹം പലപ്പോഴും അവള്‍ക്കെതിരെ മുഖം തിരിച്ചിട്ടുമുണ്ട്. സ്ത്രീയെപ്പോലെ അവഗണിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത മറ്റൊരു വര്‍ഗം ചരിത്രത്തില്‍ ദൃശ്യമല്ല. സ്ത്രീക്ക് ആത്മാവുണ്ടോ? അവള്‍ മനുഷ്യ വര്‍ഗത്തില്‍ പെട്ടതാണോ? എന്നൊക്കെ പോലും അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും ഫ്രാന്‍സില്‍ ചര്‍ച്ച നടന്നതായി ഡോ. മുസ്ഥഫസ്സബാഈ തന്റെ അല്‍ മര്‍അത്തു ബൈനല്‍  ഫിഖ്ഹി വല്‍ ഖാനൂന്‍ എന്ന ഗ്രന്ഥത്തില്‍ വിശദീകരിച്ചുകാണുന്നു. കുടുംബ ജീവിതവും സമ്പത്തിന്റെ ഉടമാവകാശവും സ്ത്രീയുടെ അധികാര പരിധിയും വ്യവസ്ഥാപിതമായി നിലനില്‍ക്കാതിരുന്ന കാലമാണ് ആറാം നൂറ്റാണ്ട്. അനന്തരാവകാശം അന്ന് സ്ത്രീകള്‍ക്ക് വിലക്കപ്പെട്ട കനിയായിരുന്നു. പെണ്ണായി പിറന്നാല്‍ ജീവിക്കാന്‍ അര്‍ഹത അംഗീകരിച്ചുകൊടുക്കാത്ത ഗോത്രങ്ങള്‍പോലും അന്നുണ്ടായിരുന്നു. ജാഹിലിയ്യത്തിന്റെ സന്തതിയായ ഖൈസ് ബിന്‍ ആസിം നബിയോട് പറഞ്ഞ സംഭവം ഇമാം അസ്ഖലാനിയുടെ 'ഇസാബ'യില്‍ ഇങ്ങനെ കാണാം: 'പ്രവാചക പ്രഭോ! എട്ടു പെണ്‍മക്കളെ കൊച്ചു പ്രായത്തില്‍ കൊന്ന പിതവാണ് ഞാന്‍.' ഇതു കേട്ടപ്പോള്‍ കാരുണ്യത്തിന്റെ കടലായ പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ലൈംഗിക അഴിഞ്ഞാട്ടവും സദാചാര രാഹിത്യവും സ്ത്രീത്വത്തിന്റെ മഹിമക്ക് മങ്ങലേല്‍പ്പിച്ചു. കേവലം മദ്യഷോപ്പിലെ നര്‍ത്തകിമാരും യുദ്ധഭൂമിയിലെ ഗായികമാരുമായി മാത്രം അവര്‍ പരിഗണിക്കപ്പെട്ടു. പിന്നെ, അടുക്കളയിലെ മേലാളുകളായി കാണാനേ കഴിഞ്ഞിരുന്നുള്ളൂ. പരിഷ്‌കൃത സമൂഹമെന്ന് നാമിപ്പോള്‍ കരുതുന്ന യൂറോപ്യരോ പുരാതന സമൂഹമായ ഭാരതീയരോ തത്ത്വചിന്തകരായ ഗ്രീക്കുകാരോ സ്ത്രീ വിമോചനത്തിന്റെ പാതയില്‍ അറച്ചുനില്‍ക്കുന്ന കാലമായിരുന്നു ആ നൂറ്റാണ്ട്. സമൂഹത്തിനു മുമ്പില്‍ ജീര്‍ണതയുടെ മാറാല പിടിച്ച് അസ്തിത്വം നഷ്ടപ്പെടുകയായിരുന്നു പെണ്ണിന്. ഏഴാം നൂറ്റാണ്ടിലാണ് ഇസ്‌ലാമിന്റെ വരവ്. വിശ്വവിമോചകന്റെ സന്ദേശമാണ് ലോകത്തിന് ആശ്വാസമായത്. ലോകം കേട്ട അനശ്വര സുന്ദര സന്ദേശത്തിന്റെ മാധുര്യം നിറഞ്ഞ ശബ്ദം. അന്നു മുതല്‍ സ്ത്രീ വിമോചനത്തിന്റെ ഈ പ്രഭ സാമൂഹ്യ മാറ്റത്തിനു ആരംഭം കുറിച്ചു. നബി (സ്വ) പറഞ്ഞു: 'സല്‍വൃത്തയായ വനിതയത്രെ ലോകോത്തര വിഭവം'. 'സ്ത്രീയുടെ വിഹാര വേദി ഭര്‍തൃഗൃഹമാണ്' എന്നു പഠിപ്പിച്ചിരുന്ന പ്രവാചകന്‍ ബീച്ചിലും ക്ലബ്ബിലും മേളകളിലും ചുറ്റിത്തിരിഞ്ഞു താരുണ്യം തകര്‍ക്കപ്പെടാത്ത ആരോഗ്യമുള്ള ഒരു മഹിളാസമൂഹത്തെ വിഭാവനം ചെയ്യുകയായിരുന്നു. സ്ത്രീക്ക് പുരുഷനെപ്പോലെ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. സ്വത്ത് സമ്പാദിക്കാനും കച്ചവടം നടത്താനും അനുമതി നല്‍കി. പിതാവിന്റെയും ഭര്‍ത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും സ്വത്തിന് സ്ത്രീകള്‍ക്കും അനന്തരാവകാശം നിര്‍ണയിച്ചുകൊടുത്തു. വിവാഹ കര്‍മത്തില്‍ സ്ത്രീക്ക് മഹര്‍ എന്ന പാരിതോഷികം നിര്‍ബന്ധമാക്കി. അത് സ്ത്രീയുടെ അവകാശമായി പ്രഖ്യാപിച്ചു. കുടുംബ ജീവിതത്തിലെ പ്രധാന ഘടകമായ പെണ്ണിന്റെ എല്ലാ സംരക്ഷണച്ചുമതലയും ഭര്‍ത്താവില്‍ നിക്ഷിപ്തമാക്കി. സ്വര്‍ണം അണിയാനും പട്ടുവസ്ത്രം ധരിക്കാനും പെണ്ണിന് സ്വാതന്ത്ര്യം നല്‍കി. കോടതിയില്‍ വ്യവഹാരം നടത്താനും ഗവണ്‍മെന്റ് നടപടിയെ ചോദ്യം ചെയ്യാനുമുള്ള പൗരാവകാശം സ്ത്രീക്കും വകവെച്ചുകൊടുത്തു. ഖുര്‍ആന്‍ പറയുന്നു: 'പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷാധികാരികളാകുന്നു. അതില്‍ ചിലരെ മറ്റു ചിലരേക്കാള്‍ അല്ലാഹു കഴിവുള്ളവരാക്കിയതിനാലും പുരുഷന്മാര്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്'. പുരുഷന്റെ ധനമാണവളുടെ സംരക്ഷണത്തിനും ആവശ്യത്തിനും വിനിയോഗിക്കേണ്ടതെന്ന ഖുര്‍ആനിക ദര്‍ശനം ഇന്നത്തെ സ്ത്രീ ധന സമ്പ്രദായത്തെ ഒരിക്കലും അംഗീകരിക്കുന്നില്ലെനനു മനസ്സിലാക്കാം. ഇന്ന് ചിലര്‍ക്ക് സ്ത്രീധനം വാങ്ങിവേണം കല്യാണ സദ്യക്കും മഹ്‌റിനും സ്ത്രീക്കു വസ്ത്രം വാങ്ങാനും വിനിയോഗിക്കാന്‍! വിവാഹമോചനത്തിന് പെണ്ണിന് അവകാശം നല്‍കിയ മതമാണ് ഇസ്‌ലാം. 'ഭാര്യയോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍' എന്നു പഠിപ്പിച്ച പ്രവാചകന്‍ സ്ത്രീ പീഢനമില്ലാത്ത കുടുംബാന്തരീക്ഷം വിഭാവന ചെയ്തു. ഭര്‍തൃഗൃഹത്തിലെ റാണിയാണ് സ്ത്രീ എന്ന പ്രവാചകന്റെ പ്രസ്താവന കുടുംബ ജീവിതത്തില്‍ സ്ത്രീയുടെ ഉത്തരവാദിത്വം ഓര്‍മപ്പെടുത്തുകയായിരുന്നു. 'മാതാവിന് കാലിനടിയിലാണ് സ്വര്‍ഗമുള്ളത്' എന്നു പ്രസ്താവിച്ച പ്രവാചകന്‍ മാലോകര്‍ക്ക് മാതൃത്വത്തിന്റെ മഹിമ മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു. ഈ മഹിതമായ പദവിയുടെ ഔപചാരികത മനസ്സിലാക്കിക്കൊടുക്കാന്‍ ഈ പ്രവാചക സൂക്തത്തേക്കാള്‍ ആശയം നിറഞ്ഞൊരു പ്രോക്തം വേറെ ലഭിച്ചെന്നുവരില്ല. പ്രഥമ കലാലയം മാതാവു തന്നെയാണെന്നു ശൗഖിയുടെ കവിതകളില്‍ കാണാം. ഹസ്‌റത്ത് അസ്മാ ബീവിയും ഹസ്‌റത്ത് ഖന്‍സാഉം (റ) മക്കളെ ആദര്‍ശധീരരും മാതൃകായോഗ്യരുമാക്കി വളര്‍ത്തി. ഹസ്‌റത്ത് മുഹ് യിദ്ദീന്‍ ശൈഖ് (റ) വിന്റെ മാതാവ് ഫാഥിമയും മൗലാനാ മുഹമ്മദലിയുടെ മാതാവ് ബിയ്യുമ്മയും മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. ഇമാം ശാഫിഈ (റ), ഇമാം നവവി (റ), ഇമാം ബുഖാരി (റ) തുടങ്ങിയ ലോകോത്തര പണ്ഡിതന്മാരുടെ വൈജ്ഞാനിക വളര്‍ച്ചയുടെ ഓരോ നിമിഷത്തിലും അവരുടെ മാതാക്കള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. ഈ ഉന്നതിയിലെത്തിയവരുടെ വിദ്യാഭ്യാസത്തിന്റെ അടിവേരുകള്‍ തേടിയാല്‍ അവരുടെ മാതാക്കളുടെ ശിക്ഷണവും, മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അവര്‍ക്കുണ്ടായിരുന്ന ശ്രദ്ധയും വ്യക്തമായി കാണാം.

മാതാക്കള്‍ വിജ്ഞാനമുള്ളവര്‍ വിജ്ഞാനം സ്ത്രീക്കും പുരുഷനും നിര്‍ബന്ധമാണെന്ന് ഏഴാം നൂറ്റാണ്ടില്‍ പ്രഖ്യാപിച്ചത് മുഹമ്മദ് നബിയായിരുന്നു. യാതൊരു മതില്‍ക്കെട്ടുമില്ലാതെ അറിവിനെ സാര്‍വത്രികമാക്കി പരിഗണിച്ചതാണ് ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകത. വായിക്കുക എന്ന മുഖവുരയോടെ അവതരിച്ച ഖുര്‍ആന്‍ വായനാ ശീലമുള്ള സ്ത്രീ പുരുഷന്മാരെ ലോകത്തിനു സമര്‍പ്പിച്ചു. ലോകമാകെ അറിവിന്റെ തിരിനാളമില്ലാതെ ഇരുട്ടുമൂടിയ കാലത്താണ് ഈ സൂക്തത്തിന്റെ അവതരണം. 'നാഥാ, നീ എനിക്കു വിജ്ഞാനം വര്‍ദ്ധിപ്പിക്കേണമേ' എന്ന ഖുര്‍ആന്‍ പഠിപ്പിച്ച പ്രാര്‍ത്ഥന പുരുഷനു മാത്രമുള്ളതായിരുന്നില്ല. വിശ്വാസത്തിന്റെ കരുത്തും സ്ത്രീത്വത്തിന്റെ മഹത്വവും ഉള്‍കൊണ്ട് ദീനീചൈതന്യത്തിന്റെ തുടിക്കുന്ന പ്രതീകങ്ങളായിത്തീര്‍ന്ന മഹിളാരത്‌നങ്ങളെയാണ് പിന്നീട് ലോകം കണ്ടത്. അവര്‍ അന്ധകാരം മുറ്റിയ നൂറ്റാണ്ടില്‍ പ്രകാശഗോപുരങ്ങളായി തീര്‍ന്നു. അവരുടെ ജീവിത ലാവണ്യം അനുഭവിച്ചവരും അനുഗമിച്ചവരും മൂന്നു നൂറ്റാണ്ടിനെ ദീപ്തമാക്കി. സന്മാര്‍ഗത്തിന്റെ ദിശാനിര്‍ണയത്തിന് അവരുടെ കാലടിപ്പാതയുടെ തിളക്കം മാത്രമാണ് ഇന്നുള്ളത്. സ്ത്രീക്ക് അസ്തിത്വവും ഔന്നത്യ ബോധവും നല്‍കിയത് ഇസ്‌ലാമായിരുന്നു. വിജ്ഞാനത്തിന്റെ മഹിമ മനസ്സിലാക്കിയതോടെ പണ്ഡിതരും പ്രതിഭാശാലികളും അവരിലുണ്ടായി. സമുന്നത സംസ്‌കാരത്തിന്റെ കേന്ദ്രമായിത്തീര്‍ന്നു. പ്രവാചക സവിധത്തിലെ സാന്നിധ്യം അവരെ അറിവിന്റെ പ്രകാശ ഗോപുരങ്ങളാക്കിത്തീര്‍ത്തു.  പുരുഷന്മാരെപ്പോലെ അറിവിന്റെ ലോകം പടുത്തുയര്‍ത്താന്‍ അവിടുത്തെ സവിധം ഞങ്ങള്‍ക്കും അനുവദിക്കേണമെന്നു മദീനയിലെ അന്‍സാരി വനിതകള്‍ നബിയോട് ആവശ്യപ്പെട്ടത് ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 'ഒരാളുടെ അധീനതയിലുള്ള അടിമസ്ത്രീക്ക് വിദ്യയും സര്‍വസ്വഭാവവും പഠിപ്പിച്ച് അവളെ സ്വതന്ത്രമാക്കുകയും പിന്നെ വിവാഹം കഴിക്കുകയും ചെയ്താല്‍ രണ്ട് പ്രതിഫലമുണ്ട്' എന്ന് പ്രവാചകന്‍ പ്രസ്താവിച്ചു. വിജ്ഞാനം സ്ത്രീ പുരുഷന്മാര്‍ക്ക് നിര്‍ബന്ധമാകുന്നു എന്ന പ്രവാചക സൂക്തം കലാവിജ്ഞാനീയങ്ങളില്‍ നിലനിന്നിരുന്ന കടുത്ത വിവേചനം അവസാനിപ്പിച്ചു. പുരുഷന്മാര്‍ പഠിക്കാനും സ്ത്രീ അടുക്കളപ്പണിക്കും മാത്രമാണെന്ന ധാരണ തിരുത്തിയത് ഇസ്‌ലാമാണ്. അറിവിനെ സാര്‍വത്രികമായി പരിഗണിച്ച ദര്‍ശനങ്ങള്‍ക്കു മാത്രമേ ഗൃഹാന്തരീക്ഷം വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രഭവ കേന്ദ്രമാക്കി മാറ്റാന്‍ കഴിയുകയുള്ളൂ. സംസ്‌കൃതിയുള്ള തലമുറകള്‍ ഇവിടെയാണ് ജനിക്കുക. സ്ത്രീകള്‍ക്ക് അറിവ് നല്‍കുക സ്ത്രീകള്‍ക്ക് അറിവ് നല്‍കാന്‍ പ്രവാചകന്‍ ഭര്‍ത്താക്കന്മാരെ പ്രേരിപ്പിച്ചു. അവിടുത്തെ സഹധര്‍മിണിമാര്‍ സാക്ഷരരായിരുന്നു. ഖുര്‍ആന്‍, ഹദീസ്, ചരിത്രം, കവിത തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വ്യുല്‍പത്തി നേടി. ഹ. ആയിശ (റ) കാവ്യകലയിലും വൈദ്യ ശാസ്ത്രത്തിലും നൈപുണ്യം നേടിയിരുന്നു. ഗണിതശാസ്ത്രം അറിയാവുന്നതുകൊണ്ട് അനന്തരാവകാശ നിയമപ്രകാരമുള്ള കണക്കുകള്‍ മര്‍ത്ഥമായി അവര്‍ കൈകാര്യം ചെയ്തു. റുഫൈദ എന്ന ഗ്രാമീണ വനിതയാണ് അവര്‍ക്ക് വൈദ്യം പഠിപ്പിച്ചത്. പ്രവാചകന്‍ പ്രത്യേകം താല്‍പര്യമെടുത്തതുകൊണ്ടാണ് അവര്‍ പഠിക്കാന്‍ തയ്യാറായത്. 2210 ഹദീസുകള്‍ ആയിശ (റ) യില്‍നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 197 ഹദീസുകള്‍ സ്വഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്‌ലാമിലെ നിയമ പണ്ഡിതന്മാരുടെ അവലംബമാിയിരുന്നു ഈ ഹദീസുകള്‍. കര്‍മശാസ്ത്രപരമായി ആയിശ (റ)യുടെ ഫത് വകള്‍ ശ്രദ്ധേയമാണ്. പ്രവാചക സഹധര്‍മിണിമാരിലൂടെയാണ് കുടുംബ ജീവിതത്തിന്റെ നാനാവശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രത്യേകിച്ചും ആര്‍ത്തവം, പ്രസവരക്തം, കുളിയുടെ മുറ തുടങ്ങിയവയുടെ വിശദ വിവരങ്ങള്‍ ആയിശ (റ)യില്‍നിന്നാണ് അധികവും ശേഖരിക്കപ്പെട്ടത്. ഇത്തരം കാര്യങ്ങള്‍ അറിയാന്‍ വരുന്ന സ്ത്രീകള്‍ക്ക് മറുപടി നല്‍കിയിരുന്നത് ആയിശ (റ) യായിരുന്നു. ലജ്ജകൊണ്ട് പ്രവാചകന്‍ മറുപടി പൂര്‍ണമാവാതെ വരുമ്പോള്‍ അവരാണത് വിശദീകരിക്കാറുണ്ടായിരുന്നത്. ഒട്ടേറെ വനിതകളും പുരുഷന്മാരും അവരില്‍നിന്നും ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. സ്വഹാബിയായ അബൂ മൂസല്‍ അശ്അരി (റ) പറയുന്നു: ഞങ്ങള്‍ക്ക് വല്ല സംശയവും നേരിട്ടാല്‍ ആയിശ (റ)യോട് ചോദിക്കും. അതിനു നബിചര്യയില്‍നിന്നു ശരിയായ മറുപടിയാണ് ലഭിക്കുക. മസ്‌റൂഖ് (റ) പറയുന്നു: പ്രായം ചെന്ന സ്വഹാബികള്‍ ദായക നിയമത്തെ സംബന്ധിച്ച് ആയിശ ബീവിയോട് സംശയ നിവാരണം നടത്താറുണ്ടായിരുന്നു. ഉമര്‍ (റ) പറഞ്ഞു: നിങ്ങള്‍ക്ക് ദായക നിയമത്തില്‍ സംശയമുണ്ടായാല്‍ ആയിശ (റ)യെ സമീപ്പിച്ച് നിജസ്ഥിതി മനസ്സിലാക്കേണ്ടതാണ്. ഉര്‍വത് ബിന്‍ സുബൈര്‍ (റ) പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്: വൈദ്യ ശാസ്ത്രം, കര്‍മശാസ്ത്രം, കവിത തുടങ്ങിയ വിശയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ ഒരു വനിതയെ ആയിശ (റ)യെപ്പോലെ ഞാന്‍ കണ്ടിട്ടില്ല. എഴുത്തും വായനയും നന്നായി എഴുതാനും വായിക്കാനും അറിയുന്ന മറ്റൊരു പ്രവാചക പത്‌നിയാണ് ഹഫ്‌സ (റ). ഹസ്‌റത്ത് ശിഫായെയാണ് അവര്‍ക്ക് എഴുത്ത് പഠിപ്പിക്കാന്‍ ഏല്‍പിച്ചത്. പ്രവാചകന്‍ പ്രത്യേകം താല്‍പര്യം എടുത്തുകൊണ്ടാണ് ശിഫയെ നിയോഗിച്ചത്. ഉസ്മാന്‍ (റ)വിന്റെ നേതൃത്വത്തില്‍ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്തു പ്രതി തയ്യാറാക്കുമ്പോള്‍ ഹഫ്‌സയുടെ പക്കലുണ്ടായിരുന്ന മുസ്ഹഫാണ് ഖലീഫ പരിഗണിച്ചത്. അബൂബക്കര്‍ (റ) ക്രോഡീകരിച്ചതാണ് ആ പ്രതി. അദ്ദേഹത്തിന്റെ വിയോഗാനന്തരം ഉമര്‍ (റ) വിന്റെ പക്കലായിരുന്നു. ഉമര്‍ (റ) വിന്റെ വിയോഗത്തെ തുടര്‍ന്ന് ഹഫ്‌സയാണ് അത് സൂക്ഷിച്ചിരുന്നത്. ജ്ഞാന സാഗരത്തില്‍ ഊളിയിട്ടിറങ്ങാനും അറിവിന്റെ വെട്ടം ലോകത്ത് പരത്താനും അത്ത്യൂല്‍സാഹം കാട്ടിയവരായിരുന്നു ഉത്തമ നൂറ്റാണ്ടിലെ വനിതകള്‍. പര്‍ദ്ദക്കു പിന്നിലിരുന്ന് ഹദീസ് നിവേദനം ചെയ്ത ഒട്ടേറെ വനിതാ മുഹദ്ദിസുകള്‍ ഇറാഖ്, സിറിയ, ഈജിപ്ത്, യമന്‍, ബാഗ്ദാദ്, സ്‌പെയിന്‍ എന്നിവിടങ്ങളിലുണ്ടായിരുന്നു. ഹദീസ് പണ്ഡിതനും ചരിത്രകാരനുമായ ഇബ്‌നു അസാക്കിറിന്റെ ഗുരുനാഥന്മാരുടെ കൂട്ടത്തില്‍ എണ്‍പതിലധികം സ്ത്രീകളുണ്ടായിരുന്നുവെന്ന് അദ്ദേഹം താരീഖ് ഇബ്‌നു അസാഖിറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ്മദ് മര്‍വസിയുടെ പുത്രി കരീമ ബാഗ്ദാദിന്റെ വൈജ്ഞാനിക സുവര്‍ണ കാലത്തെ അത്യുജ്ജ്വല പ്രതിഭയായിരുന്നു. ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ അപാര പാണ്ഡിത്യമുണ്ടായിരുന്നു കരീമക്ക്. പ്രശസ്ത ചരിത്രകാരന്‍ ഖഥീബുല്‍ ബഗ്ദാദി കരീമയുടെ ശിഷ്യന്മാരില്‍ ഒരാളാണ്. ലോക പ്രശസ്തനായ ഇമാം ബുഖാരിയുടെ നിവേദന പരമ്പരയില്‍ തന്റെ ഗുരുവാണ് ഹദീസ് പണ്ഡിതയായ കരീമ. നഫീസത്തുല്‍ മിസ്‌രി സൂഫീ മണ്ഡലത്തില്‍ ആത്മ പ്രഭ വിതറിയ നഫീസത്തുല്‍ മസ് രിയ്യ അക്കാലത്തെ മികവുറ്റ പണ്ഡിതയായിരുന്നു. ഇമാം ശാഫിഈ (റ) ഈജിപ്തില്‍ വരുമ്പോഴെല്ലാം നഫീസ ബീവിയുടെ ക്ലാസില്‍ പങ്കെടുക്കുക പതിവാണ്. തന്റെ ഗുരുനാഥന്മാരില്‍ ഒരു വനിതയുള്ളത് നഫീസത്തുല്‍ മിസ് രിയ്യയാണ്. ശിഷ്യന്‍ അന്തരിച്ച വാര്‍ത്ത കേട്ട് നഫീസ (റ) വനിതകള്‍ക്ക് ഇമാം ശാഫിഈയുടെ ജനാസ നമസ്‌കാരത്തിനു നേതൃത്വം നല്‍കി. കര്‍മശാസ്ത്രത്തിലും ഇസ്‌ലാമിക കലകളിലും അനന്യപ്രതിഭയാണ് ഹസ്‌റത്ത് ഫാത്വിമ. സോവിയറ്റ് റഷ്യയിലെ സമര്‍ഖന്തിലാണ് അവര്‍ ജനിച്ചത്. ഹനഫി കര്‍മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ ഫിഖ്ഹിന്റെ രചയിതാവായ ഇമാം അലാഉദ്ദീന്‍ കഹ്‌സാനിയാണ് പിതാവ്. മതവിധികള്‍ക്ക് ഹദീസിന്റെ പിന്‍ബലം നല്‍കുന്നതില്‍ ഫാത്വിമ (റ) സമര്‍ത്ഥയായിരുന്നു. സോവിയറ്റ് നാടുകളില്‍നിന്ന് വിവിധ വിഷയങ്ങളില്‍ വിധി തേടിക്കൊണ്ട് പണ്ഡിതന്മാര്‍ അവരെ സമീപ്പിക്കാറുണ്ടായിരുന്നു. പിതാവിന്റെയും ഭര്‍ത്താവിന്റെയും ഫത് വകള്‍ തയ്യാറാക്കിയിരുന്നത് ഫാത്വിമയായിരുന്നു. അവര്‍ ഹമ്പലി മദ്ഹബ് കാരിയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടത് ശരിയല്ല. മതവിധികള്‍ക്കെല്ലാം അവര്‍ ഹദീസ് പ്രമാണമാക്കിയതാണ് ഈ ധാരണക്ക് കാരണം. വീട്ടില്‍വെച്ച് ഫാത്വിമ നടത്താറുള്ള  ഹദീസ് ക്ലാസുകള്‍ ബുദ്ധി ജീവികള്‍ക്ക് ഒരു വിജ്ഞാനവിരുന്നായിരുന്നു. സംശയം തീര്‍ക്കാനും ആശയങ്ങള്‍ ചര്‍്ച്ച ചെയ്യാനും അക്കാലത്ത് പണ്ഡിതന്മാര്‍ ഫാത്വിമയുടെ വിജ്ഞാന സദസ്സ് ുപയോഗപ്പെടുത്താറുണ്ടായിരുന്നുവെന്നതാണ് സത്യം. അവരുടെ ഫത് വകളും ക്ലാസിലെ പ്രമേയങ്ങളും ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉന്നത പണ്ഡിതകള്‍ ഇമാം മുഹമ്മദിന്റെ മകള്‍ ആയിശ (റ), ശൈഖ് കമാലുദ്ദീന്റെ പുത്രി സൈനബ (റ), തുടങ്ങിയ വനിതകള്‍ മൊറോക്കോയിലെ ഉന്നത പണ്ഡിതകളായിട്ടാണ് ചരിത്രം പരിചയപ്പെടുത്തുന്നത്. പ്രശസ്ത ലോകസഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ ഗുരുനാഥകളാണ് ഈ രണ്ടു വനിതകള്‍. ഇവര്‍ക്ക് മൊറോക്കോയിലും രിബാഥിലും നിരവധി ശിഷ്യഗണങ്ങള്‍ ഉണ്ട്. നൂറുക്കണക്കിന് ശിഷ്യസമ്പത്തുള്ള ഉബൈദയും മൊറോക്കോ കാരിയാണ്. കര്‍മശാസ്ത്രത്തിലും സാഹിത്യത്തിലും ഉന്നത വിതാനത്തില്‍ പ്രശോഭിച്ച ഈ വനിത കൊട്ടാര പണ്ഡിതന്മാരുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരുന്നു. മൊറോക്കോയിലെ വനിതകള്‍ ഉബൈദയെ ജീവനു തുല്യം സ്‌നേഹിച്ചു. അവര്‍ വനിതകള്‍ക്ക് നല്‍കിയ കര്‍മശാസ്ത്ര ക്ലാസുകള്‍ക്ക് ദീനിന്റെ ചൈതന്യം വനിതാലോകത്ത് നിലനിര്‍ത്താന്‍ സാധിച്ചു. മികച്ച പ്രഭാഷക ബഗ്ദാദില്‍ ഒരു കാലഘട്ടത്തിന്റെ പണ്ഡിത താരമായിരുന്നു ഫാത്വിമ (റ). ഇമാം അഖ്‌റഇന്റെ പുത്രിയായ ഈ ജ്ഞാനവതി മികച്ച ഒരു പ്രഭാഷകകൂടിയായിരുന്നു. അവരുടെ പ്രഭാഷണം കേള്‍ക്കാന്‍ പണ്ഡിതന്മാര്‍ തടിച്ചുകൂടുമായിരുന്നു. ഇസ്‌ലാമിക ചൈതന്യത്തിന്റെ ഉദാത്ത മാതൃകയായി ജീവിച്ച ഫാത്വിമ (റ) ബഗ്ദാദില്‍ പണ്ധിതന്മാരുടെ ജ്ഞാന നിര്‍ത്ധരിയായി ഒഴുകി. പ്രഭാഷണം, ഗ്രന്ഥരചന, അധ്യാപനം, സാഹിത്യം, കവിത തുടങ്ങിയ വിഷയങ്ങളില്‍ അനുപമമായ വ്യക്തിത്വം പുലര്‍ത്തിയ ഒട്ടേറെ പണ്ഡിതകള്‍ മുസ്‌ലിംവനിതാലോകത്ത് ശോഭിച്ചിട്ടുണ്ട്. വിജ്ഞാനം പുരുഷന്റെ കുത്തകയായി കുരുതിയ കാലത്താണിത്. സ്ത്രീകള്‍ക്കിടയില്‍ അവര്‍ ദീനീ പ്രബോധനവുമായി കഴിഞ്ഞുകൂടി. അവരുടെ പ്രഭാഷണങ്ങളും ക്ലാസുകളും കുടുംബ ജീവിതത്തില്‍ ്അനല്‍പമായ സംസ്‌കൃതി സൃഷ്ടിച്ചു. സ്ത്രീ നന്നാവുന്നതോടെ ഒരു കുടുംബത്തിനാണ് ഇതിന്റെ ഫലം ലഭിക്കുന്നത്.പ്രസിദ്ധ സൂഫിവര്യനായ ബിശ്‌റുല്‍ ഹാഫിയുടെ മൂന്നു സഹോദരിമാരും കീര്‍ത്തിപെറ്റ പണ്ഡിതകളായിരുന്നു. ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ ഇവരെ സദാ പ്രശംസിക്കുന്നത് അവരെ അല്‍ഭുതപ്പെടുത്തി. പണ്ഡിതനായ ഹമ്പലിന്റെ പണ്ഡിതയായ പുത്രി ഈ സഹോദരിമാരുമായി ഇടപെട്ടപ്പോഴാണ് അവരുടെ അറിവിന്റെ അഗാധത വ്യക്തമായത്. പ്രശസ്ത സൂഫിവര്യനായ ശൈഖ്  രിഫാഈയുടെ പുത്രി സൈനബ ഖുര്‍ആന്‍ ഹാഫിളയും കര്‍മശാസ്ത്ര പണ്ഡിതയുമായിരുന്നു. ക്ലാസെടുക്കാന്‍ പ്രഗല്‍ഭര്‍ ഇമാം ഹസന്‍ ബസരിയുടെ മാതാവ് പ്രവാചക പത്‌നിമാരില്‍പെട്ട ഉമ്മു സല്‍മയുടെ വീട്ടില്‍ വളര്‍ന്ന വനിതയാണ്. അവര്‍ സ്ത്രീകള്‍ക്ക് ക്ലാസെടുക്കാറുണ്ടായിരുന്നു. പ്രഭാഷണം കേട്ട വനിതകള്‍ കരയുകയും പശ്ചാതാപത്തോടെ ജീവിത വിശുദ്ധിയിലേക്ക് മടങ്ങുകയും ചെയ്ത അനുഭവങ്ങള്‍ സ്വഹാബിയായ ഉസാമ (റ) വിവരിച്ചത് ഥബഖാതുബ്‌നു സഅദില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വാഇള (പ്രാസംഗിക) എന്ന പേരില്‍ അറിയപ്പെട്ട പണ്ഡിതയായിരുന്നു ഉമ്മുല്‍ ഹഖം ആയിശ (റ). ഇവരെ സംബന്ധിച്ച് പ്രസംസിച്ചെഴുതിയ പണ്ഡിതന്മാരില്‍ ഒരാളാണ് ഇമാം ദഹബി. ഇമാം റാസിയുടെ  പുത്രി ഫാഥിമയുടെ പര്‍ണശാലയില്‍ പഠനത്തിനു  വേണ്ടി വളരെയധികം സ്ത്രീകള്‍ എത്താറുണ്ടായിരുന്നുവെന്ന് ഇമാം ജൗസി പ്രസ്താവിക്കുന്നു. എട്ടാം നൂറ്റാണ്ടില്‍ സ്‌പെയ്‌നില്‍ ജീവിച്ച സാറ മികച്ച ഹദീസ് പണ്ഡിതയും കവയത്രിയുമായിരുന്നു. പിതാവ് ശൈഖ് അഹ്മദ് അല്‍ബിയയാണ് പ്രധാന ഉസ്താദ്. ഇസ്‌ലാമിക സങ്കല്‍പത്തിലെ മാതൃകാവനിതകള്‍ വിജ്ഞാനവും വിവേകവുമുള്ളവരാണ്. വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും ഉജ്ജ്വല പ്രതീകങ്ങളായി പ്രശോഭിച്ച പണ്ഡിതകളും സാഹിത്യകാരികളും ഉത്തമ നൂറ്റാണ്ടായ മൂന്നു നൂറ്റാണ്ടിന്റെ ഉല്‍പന്നങ്ങളായിരുന്നു. മനുഷ്യ ചരിത്രത്തിലെ വര്‍ണോജ്വലമായ അധ്യായങ്ങളാണിത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter