നഹ്ജുൽ ബുർദ : പ്രവാചകാനുരാഗത്തിന്റെ അനശ്വര കാവ്യം
പ്രവാചകാനുരാഗത്തിന്റെ അനിർവചനീയമായ സൗന്ദര്യത്തെ അനാവരണം ചെയ്യുന്ന നിരവധി കവിതാശകലങ്ങൾ ഇസ്ലാമിക ലോകത്ത് പ്രവാചകരുടെ കാലം മുതൽ പിറവി കൊണ്ടിട്ടുണ്ട്. കഅബു ബ്നു സുഹൈർ (റ)യുടെ ബാനത്ത് സുആദ മുതൽ ഇമാം ബൂസ്വീരി (റ) യുടെ ഖസ്വീദത്തുൽ ബുർദ എന്ന പേരിലറിയപ്പെടുന്ന അൽകവാകിബുദ്ദുരിയ്യ അടക്കം ധാരാളം പ്രവാചക പ്രകീർത്തന കാവ്യങ്ങൾ ആണ് പ്രവാചക പ്രേമം പ്രമേയമായി പിറവികൊണ്ടത്.
ഇമാം ബുസ്വീരിയുടെ ബുർദയുടെ വിവർത്തനങ്ങളും വ്യാഖ്യാനങ്ങളുമായി അതിന്റെ രൂപത്തിൽ തന്നെ നിരവധി പ്രവാചക സ്തുതി കീർത്തനങ്ങൾ വെളിച്ചം കണ്ടിട്ടുണ്ട്. അറുപതോളം ശറഹുകളുള്ള ബുർദയുടെ രീതിയിൽ അമ്പതോളം സമാന്തര ബുർദകളും രചിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് അമീറുശ്ശുഅറാ എന്ന അപരനാമത്തിൽ അറിയപ്പെട്ട ആധുനിക ഈജിപ്ഷ്യൻ കവി അഹ്മദ് ശൗഖിയുടെ നഹ്ജുൽബുർദ.
1868ൽ മിസ്റിലെ കൈറോയിൽ ജനിച്ച അഹ്മദ് ശൗഖി 1896 ൽ തന്റെ അവസാന ഹജ്ജ് യാത്രയുടെ ഓർമക്കായി മിസ്വ്ർ സുൽത്താൻ അബ്ബാസ് രണ്ടാമന് സമർപ്പിച്ചതാണീ പ്രേമ കാവ്യം. അദ്ധ്യാത്മികതയിൽ തെളിയുന്ന സ്നേഹ പ്രകടനത്തിന്റെ വശ്യമായ ശൈലികളിലൊന്നാണ് 190 ലധികം വരികൾ ഉൾക്കൊള്ളുന്ന നഹ്ജുൽ ബുർദ. ഇമാം ബൂസ്വീരിയുടെ ഖസ്വീദത്തുൽ ബുർദയുടെ അതേ വൃത്തത്തിലും പ്രാസത്തിലും താളത്തിലും ഈണത്തിലും രചിക്കപ്പെട്ട നഹ്ജുൽ ബുർദ പ്രഥമദൃഷ്ട്യാ ഖസ്വീദതുൽബുർദ ആണെന്ന് തന്നെ തോന്നിപ്പോകും. ഖസ്വീദത്തുൽ ബുർദയുടെ അവസാനം പോലെ തന്നെ മീം കൊണ്ട് എല്ലാ വരികളും അവസാനിപ്പിക്കുന്ന അഹ്മദ് ശൗഖി ബുർദയിലെ ബാൻ, അലം, ഖാഅ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചാണ് നഹ് ജുൽബുർദ ആരംഭിക്കുന്നത്.
പൗരാണിക കാലത്തെ അറബി കവികളുടെ സ്ഥിരം പല്ലവിയായ പ്രാണപ്രേയസിയെ അഭിസംബോധന ചെയ്ത് തുടങ്ങുന്ന രീതിയിൽ ആരംഭിക്കുന്ന കാവ്യം ബാൻ മരത്തിനും അലം കുന്നിനും ഇടയിൽ നിൽക്കുന്ന ഭംഗിയുള്ള മാൻപേടയെ തന്റെ പ്രേയസിയായി സങ്കൽപിച്ചുകൊണ്ട് സ്നേഹത്തിന് അനിർവചനീയമായ സൗകുമാര്യത നൽകുകയാണ് കവി.
ഭംഗിയുള്ള കാടും വശ്യതയാർന്ന പ്രകൃതിയും തിങ്ങി നിറഞ്ഞ മലകളും കാണാതെ മാൻ പേടയുടെ സൗന്ദര്യം മാത്രം കാണുന്ന കവി ലോകത്ത് മറ്റെല്ലാത്തിനെക്കാളും ഏറ്റവും ഭംഗിയുള്ളതായി തന്റെ പ്രേയസിയെ മാനിനോട് ഉപമിക്കുകയാണ്. ആദ്യ ഇരുപത്തിയഞ്ചോളം വരികൾ പ്രണയവും വിരഹവേദനയും സ്ത്രീകളിലെ പൊതുവേയുള്ള നാണവും പുരുഷന്മാരോടുള്ള പെരുമാറ്റങ്ങളും വിവരിക്കുമ്പോൾ ശേഷം മറ്റു ബുർദകളിലെ പോലെ തന്നെ ആദ്യ വരികൾ സ്നേഹത്തിന്റെ പ്രതിബിംബമാക്കി പ്രവാചകാനുരാഗത്തിന്റെ അന്തരാളത്തിലേക്ക് മൊഞ്ചുള്ള വരികളിലൂടെ ഊളിയിടുകയാണ് കവി.
ശക്തമായ ഘടനയും സമ്പുഷ്ടമായ ആശയവും ഉൾക്കൊള്ളുന്ന ഈ വരികളിലൂടെ ബൂസ്വീരിയുടെ ബുർദ പോലെ തന്നെ പ്രവാചക പ്രകീർത്തനത്തിന് പുറമേ ആത്മോപദേശവും പ്രേമത്തെ ആക്ഷേപിക്കുന്നവർക്ക് ചുട്ട മറുപടിയും നൽകുന്നുണ്ട് കവികളുടെ കുലപതിയായ അഹ്മദ് ശൗഖി. സാഹിത്യത്തിലും ഘടനയിലും മുന്നിട്ടുനിൽക്കുന്ന ഈ വരികൾ സൃഷ്ടികളിൽ ഉത്കൃഷ്ടനും പരിപൂർണനുമായി പ്രവാചകരെ അനാവരണം ചെയ്യുമ്പോഴും ഇമാം ബൂസ്വീരിയിലെ സമാനതകളില്ലാത്ത വർണനകളും വിശേഷണങ്ങളും അനുകരിക്കുന്നില്ല.
പ്രവാചകരുടെ മുഅ്ജിസത്തും മിഅ്റാജ് യാത്രയും ഖുർആന്റെ വശ്യതയുമെല്ലാം പ്രതിപാദിക്കുന്ന ഈ ഖണ്ഡകാവ്യത്തിൽ ഖസ്വീദത്തുൽ ബുർദക്ക് എതിരായല്ല ബൂസ്വീരിയുടെ ബുർദയിൽ നിന്ന് ബറകത് എടുക്കാൻ വേണ്ടിയാണ് താൻ ഈ നഹ്ജുൽ ബുർദ രചിക്കുന്നതെന്ന് സൂചിപ്പിക്കുന്ന കവി ഖസ്വീദതുൽ ബുർദയിലെന്ന പോലെ നബി (സ്വ) യോട് ഷഫാഅത്തിന് കേഴുന്നെങ്കിലും സ്വശരീരം എന്നതിലുപരി മുഴുവൻ മുസ്ലിംകളെയും പ്രതിനിധാനം ചെയ്താണ് ശൗഖി തന്റെ ഖസ്വീദ അവസാനിപ്പിക്കുന്നത്.
 
 


 
             
            
                     
            
                     
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment