സ്ത്രീക്ക് പ്രതിഫലം വാരിക്കൂട്ടാന്‍ വിവിധ വഴികള്‍
നമസ്‌കാരം നോമ്പ് മുതലായവയില്‍ ശ്രദ്ധ, വീട്ടുകാര്യങ്ങളില്‍ നിഷ്‌കര്‍ഷ, ശരീരത്തെ പരിശുദ്ധമാക്കുന്ന ചിന്ത, ഭര്‍ത്താവ് നല്‍കിയതുകൊണ്ട് തൃപ്തിപ്പെടുക, സ്വന്തം ആവശ്യങ്ങളെക്കാള്‍ ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, എപ്പോഴും ശരീരത്തേയും വസ്ത്രത്തേയും ദുര്‍വാസനകളില്‍ നിന്നു വിമുക്താമാക്കുക, ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്ന് എപ്പോഴും തയ്യാറാവുക, മക്കളോട് കരുണകാണിക്കുക, അവരെ കുറ്റം പറയാതിരിക്കുക, ഭര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കുകയും എതിര്‍ വാക്ക് പറയാതിരിക്കുകയും ചെയ്യുക മുതലായ സ്വഭാവങ്ങളെല്ലാം സ്ത്രീകളിലുണ്ടായിരിക്കേണ്ടതാണെന്ന് മഹാനായ ഇമാം ഗസ്സാലി(റ) തന്റെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന സുപ്രസിദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് നല്‍കേണ്ട മഹ്ര്‍(വിവാഹ മൂല്യം) മനഃപൂര്‍വ്വം നല്‍കാതെ ഒരാള്‍ മരണപ്പെട്ടാല്‍ അന്ത്യനാളില്‍ അവനെ വ്യഭിചാരിയായി അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടും. വല്ലവരും ഭാര്യയുടെ സ്വഭാവദൂഷ്യത്തിന്റെ മേല്‍ ക്ഷമകാണിച്ചാല്‍ ഹ.അയ്യൂബ് നബി(അ) കഠിന രോഗഘട്ടത്തില്‍ അനുവര്‍ത്തിച്ച ക്ഷമയുടെ പ്രതിഫലം നല്‍കപ്പെടുന്നതാണ്. അതുപോലെ ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യത്തില്‍ ക്ഷമിച്ച സ്ത്രീകള്‍ക്ക് ആസിയ(റ) തന്റെ ഭര്‍ത്താവും ക്രൂരനുമായ ഫിര്‍ഔന്റെ മര്‍ദ്ദനങ്ങളുടെമേല്‍ ക്ഷമിച്ച പ്രതിഫലം നല്‍കപ്പെടും- ഇപ്രകാരമെല്ലാം ഹദീസില്‍ വന്നിട്ടുണ്ട്. സ്ത്രീയെ വിവാഹം കഴിച്ചുകൊടുക്കുമ്പോള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഉത്തരവാദപ്പെട്ടവര്‍ പലതും ശ്രദ്ധിക്കേണ്ടതാണ്. അവന്റെ സ്വഭാവശുദ്ധി, ഭംഗി, ദീന്‍കാര്യത്തിലുള്ള ശ്രദ്ധ, സ്ത്രീയെ സംരക്ഷിക്കുവാനുള്ള കഴിവ്, തറവാട്ടില്‍ അവളോടുള്ള യോജിപ്പ് എന്നിവ അവയില്‍ സുപ്രധാനമാണ്. ഭാര്യാഭര്‍ത്തൃ ബന്ധത്തിന്റെ നിലനില്‍പ്പിന്ന് മേല്‍പറഞ്ഞ കാര്യങ്ങള്‍ അനിവാര്യമാണല്ലോ. തഹ്ദീറുല്‍ അഖ്‌യാര്‍ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം അദ്ധ്യായത്തില്‍ മഹാനായ അസ്സയ്യിദ് ഫള്‌ലുബ്‌നു അലവിയ്യുബ്‌നു മുഹമ്മദ്(റ) മേല്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ അഞ്ചുനേരത്തെ നമസ്‌കാരം കൃത്യമായി നിര്‍വ്വഹിക്കുകയും നിര്‍ബന്ധമായ നോമ്പ് അനുഷ്ഠിക്കുകയും ഗുഹ്യസ്ഥാനത്തെ ഭര്‍ത്താവല്ലാത്ത അന്യപുരുഷന്മാരില്‍ നിന്ന് സൂക്ഷിക്കുകയും ഭര്‍ത്താവിന്ന് വഴിപ്പെട്ട് ജീവിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗകവാടങ്ങല്‍ അവള്‍ക്ക് തുറക്കപ്പെടുന്നതും അവള്‍ ഇഷ്ടപ്പെട്ട വാതിലില്‍കൂടി കടക്കാന്‍ അനുവാദം നല്‍കപ്പെടുന്നതുമാണെന്ന് ഹദീസില്‍ വന്നിരിക്കുന്നു. സവാജിര്‍ എന്ന പ്രസിദ്ധ ഗ്രന്ഥത്തിലും മറ്റും ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു- ഒരു സ്ത്രീ നബി യുടെ സന്നിധിയില്‍ വന്നു പറഞ്ഞു: നബിയേ, ഞാന്‍ കുറേ സ്ത്രീകളുടെ പ്രതിനിധിയായി വന്നിരിക്കുകയാണ്. ശത്രുക്കളുമായി പടപൊരുതല്‍ പുരുഷന്മാര്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. യുദ്ധത്തില്‍ അവര്‍ക്ക് സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെല്ലാം വമ്പിച്ച പ്രതിഫലം നല്‍കപ്പെടുന്നുമുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ടാല്‍ അല്ലാഹുവിന്റെ അടുത്ത് അവര്‍ ജീവിക്കുന്നവരും ഭക്ഷണം നല്‍കപ്പെടുന്നരുമാണ്. ഞങ്ങളാകട്ടെ സ്ത്രീകളാണ്; ഞങ്ങള്‍ക്ക് ഇത്തരം പ്രതിഫലങ്ങളൊന്നും ഇല്ലല്ലോ! ഇതിന്നുത്തരമായി നബി പറഞ്ഞു: നിങ്ങള്‍ ഭര്‍ത്താവിനോടുള്ള കടമകള്‍ നിര്‍വ്വഹിച്ചു അവനെ സംതൃപ്തനാക്കുന്ന വാക്കുകള്‍ സംസാരിക്കുന്നത് യുദ്ധം ചെയ്യുന്നതിനോട് തുല്യമാണ്. പക്ഷെ, അത്തരക്കാര്‍ നിങ്ങളില്‍ ചുരുക്കമായിരിക്കും. മഹാനായ സൈദുല്‍ അന്‍സാരിയുടെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി യുടെ സന്നിധിയില്‍ വന്നു പറഞ്ഞു: പ്രവാചകരേ, ഞാന്‍ കുറേ സ്ത്രീകള്‍ക്ക് പ്രതിനിധിയായി വന്നിരിക്കുകയാണ്. ഞാന്‍ ചോദിക്കുന്നകാര്യം അവര്‍ക്കെല്ലാം ചോദിക്കാനുള്ളതുമാണ്. നിങ്ങല്‍ പുരുഷന്മാര്‍ യുദ്ധത്തിന്നു പോകുന്നു. എല്ലാ കൊല്ലവും ഹജ്ജ് നിര്‍വ്വഹിക്കുന്നു, മയ്യിത്ത് സംസ്‌കരിക്കുകയും രോഗികളെ സന്ദര്‍ശിക്കുകയും മറ്റു പല പുണ്യങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്ത്രീകളായി ഞങ്ങള്‍ നിങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ളവരും ഗര്‍ഭ ഭാരം ചുമക്കുന്നവരും സന്താനങ്ങളെ പോറ്റുന്നവരും വീട് കാക്കുന്നവരും നിങ്ങളുടെ കാര്യങ്ങള്‍ വിശ്വസ്തമായി നിര്‍വ്വഹിക്കുന്നവരുമാണ്. നിങ്ങളുടെ പ്രതിഫലത്തില്‍ ഞങ്ങള്‍ പങ്കുകാരാകുമോ? ഇതുകേട്ടപ്പോള്‍ നബി  സദസ്സിലുണ്ടായിരുന്ന സ്വഹാബികളിലേക്ക് തിരിഞ്ഞുകൊണ്ട് ചോദിച്ചു: ഇത്രയും തന്റേടവും അറിവും ദീനീകാര്യത്തില്‍ താല്‍പര്യവുമുള്ള വല്ല സ്ത്രീകളേയും നിങ്ങള്‍ കണ്ടിട്ടുണ്ടോ? സ്വഹാബികള്‍ പറഞ്ഞു: നബിയേ, ഇത്രയും ബുദ്ധിയുള്ള ഒരു വനിത സ്ത്രീകളുടെ കൂട്ടത്തില്‍ വേറെയുണ്ട് എന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. ശേഷം നബി  അസ്മാഅ്(റ) നോട് പറഞ്ഞു: നീ പോയി കൂട്ടുകാരികളെ ഇപ്രകാരം അറിയിക്കുക: അല്ലാഹുവിനെ ഭയപ്പെട്ടും ഭര്‍ത്താവിന്ന് വഴിപ്പെട്ടും അവന്റെ സ്‌നേഹം സമ്പാദിച്ചും ജീവിക്കുന്ന സ്ത്രീക്ക് അവന്റെ സല്‍പ്രവൃത്തികളുടെ പ്തിഫലത്തില്‍ നിന്ന് വിഹിതം കിട്ടാതിരിക്കില്ല. ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് പകല്‍ നോമ്പനുഷ്ഠിക്കുന്നതിന്റേയും രാത്രിമുഴുവന്‍ നമസ്‌കരിക്കുന്നതിന്റേയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധത്തിന്നുവേണ്ടി കുതിരയെ കെട്ടി അതിര്‍ത്തി കാക്കുന്നവരുടേയും പ്രതിഫലമുണ്ട്. അവള്‍കുട്ടിക്ക് മുലകൊടുക്കുമ്പോള്‍ കുട്ടിയുടെ ഓരോ ഈമ്പലിന്നും ഓരോ അടിമയെ മോചിപ്പിച്ച പ്രതിഫലം ലഭിക്കും. നബി യുടെ ഈ മറുപടി കേട്ട് സന്തുഷ്ടയായ അസ്മാഅ്(റ) ചിരിച്ചുകൊണ്ട് തിരിച്ചുപോവുകയും കൂട്ടുകാരികളെ വിവിരമറിയിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് അന്നത്തേതിലും സന്തോഷകരമായ ഒരു ദിവസം വേറെ ഉണ്ടായിട്ടില്ല.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter