വളര്‍ച്ചാ നിരക്കില്‍ മുസ്ലിംകള്‍ ഏറെ പിന്നിലെന്ന് പഠന റിപ്പോര്‍ട്ട്
രാജ്യത്ത് അതിവസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചക്ക് രാജ്യ പുരോഗതിയില്‍ ചെറുതല്ലാത്ത പങ്കുണ്ട്. എന്നാല്‍, പുതിയ പഠനം പറയുന്നത് പ്രകാരം രാജ്യത്ത് വിദ്യാഭ്യാസത്തിന്റെയും വരുമാനത്തിന്റെയും വിഷയത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ്. ഇതില്‍, ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നത് രാജ്യത്തെ മുസ്ലിംകളാണ് എന്നാണ് പഠന റിപ്പോര്‍ട്ട്. അതെസമയം, പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ വളര്‍ച്ചാ നിരക്കില്‍ നേരിയ പുരോഗതി ഉണ്ടായപ്പോള്‍ ഉയര്‍ന്ന ജാതിക്കാരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു.
ലോകബാങ്ക് പ്രതിനിധി സാം ആഷര്‍, ഡാര്‍ട്‌മൌത്ത് കോളേജിലെ പോള്‍ നൊവോസാദ്, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ചാര്‍ളി റാഫ്കിന് എന്നിവര്‍ ചേര്‍ന്ന് 5,600 പ്രാദേശിക ഉപജില്ലകള്‍, 2,300 നഗരങ്ങളും പട്ടണങ്ങളും എന്നിവ ഉള്‍പ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിവിധ സാമുദായിക വിഭാഗങ്ങളുടെ ആഭ്യന്തര വളര്‍ച്ചയെ പരിശോധനാ വിധേയമാക്കിയ ഇവരുടെ പഠന റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക ഉദാരവത്കരണത്തിന് ശേഷം കാര്യമായ വളര്‍ച്ചയും പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ നേരിയ പുരോഗതി ഉണ്ടായപ്പോള്‍ മുസ്ലിംകള്‍ ഏറെ പിറകിലായിപ്പോയി എന്നും പഠനം വ്യക്തമാക്കുന്നു.
ഇന്ത്യന്‍ മുസ്ലിംകളുടെ വളര്‍ച്ച നിരക്ക് ആഫ്രിക്കന്‍ അമേരിക്കക്കാരുടേതിനേക്കാള്‍ വളരെ പിറകിലാണ്. എന്നാല്‍, രാജ്യത്തെ ദലിതുകളുടെയും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെയും പുരോഗതി ആഫ്രിക്കന്‍ അമേരിക്കക്കാരുടെതുമായി താരതമ്യം ചെയ്യാവുന്നതാണെന്നും പഠനം പറയുന്നു. തെക്കെ ഇന്ത്യയും രാജ്യത്തെ നഗരപ്രദേശങ്ങളും ആണ് വളര്‍ച്ചാ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നും പഠനം വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇവിടങ്ങളില്‍ പ്രകടമായ പുരോഗതി ഉണ്ട്.
വിവിധ വിഭാഗങ്ങള്‍ക്കിടയിലെ വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആളുകള്‍ക്ക് ലഭ്യമാകുന്ന അവസരങ്ങള്‍ വിലയിരുത്തുന്നതിന് സഹായകമാകും. പക്ഷെ, സാമുദായിക പുരോഗതി കേവലം സാമ്പത്തിക, വിദ്യാഭ്യാസ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നത് ശരിയായ രീതിയല്ല എന്നും പഠനം അംഗീകരിക്കുന്നുണ്ട്.
'സാമ്പത്തിക ഉദാരീകരണത്തിന് മുമ്പുള്ള കാലം മുതല്‍ ഇന്ന് വരെയുള്ള ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വലിയ മാറ്റമൊന്നുമില്ലാതെ ശരാശരിക്കൊപ്പം നില്‍ക്കുകയാണ്. എന്നാല്‍, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നേരിയ തോതിലുള്ള പുരോഗതി പ്രകടമായിട്ടുണ്ട്. നേരത്തെ നടന്നിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കിയത് പോലെതന്നെ പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ മുസ്ലിംകള്‍ വളരെയധികം പിന്നോക്കാവസ്ഥയിലാണ്,' പഠന റിപ്പോര്‍ട്ട് സംഗ്രഹിക്കുന്നു.
Leave A Comment