പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളോടെ മുത്തലാഖ് ബില്‍ പാസ്സാക്കി
പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് മുസ്്ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണ) ബില്‍ 2018 (മുത്തലാഖ് ബില്‍) കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വോട്ടിനിട്ടു പാസാക്കി. സെലക്ട് കമ്മിറ്റിക്കു വിടാതെ ഏകപക്ഷീയമായി ബില്‍ പാസാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും എ.ഐ.എ.ഡി. എം.കെയും ഉള്‍പ്പെടെയുള്ള കക്ഷികള്‍ സഭ ബഹിഷ്‌കരിച്ചതോടെയാണ് ശബ്ദ വോട്ടോടെ ബില്‍ പാസായത്. രൂക്ഷമായ എതിര്‍പ്പാണ് ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയത്.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ചരിത്ര നിമിഷമാണിതെന്നും ഖുര്‍ആനിലോ ശരീഅത്തിലോ പറയാത്തതാണ് മുത്തലാഖെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മുത്തലാഖിനെ ഒരുകക്ഷികളും അനുകൂലിക്കുന്നില്ല എന്നതില്‍ സന്തോഷമുണ്ട്. പാകിസ്താന്‍ ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ മുത്തലാഖ് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും ഇന്ത്യ കൂടി ആ പട്ടികയില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ മുസ്്ലിംകള്‍ക്കെതിരല്ലെന്നും സ്ത്രീ സുരക്ഷക്കു വേണ്ടിയാണെന്നും ബില്ലിനെ അനുകൂലിച്ച് സംസാരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആരോപിച്ചു. നിയമ നിര്‍മാണത്തെയല്ല കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും മറിച്ച് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകളെയാണെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു.
ഒരു സമുദായത്തോട് മാത്രം കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിനു വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചതോടെ തന്നെ, അത് സാധുവല്ലാതായെന്നും പിന്നെ എന്തിനാണ് മറ്റൊരു നിയമമെന്നും ഖാര്‍ഗെ ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ സ്ത്രീകള്‍ക്കു വേണ്ടി കണ്ണീരൊഴുക്കുന്ന ബി.ജെ.പി എന്തുകൊണ്ടാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കാത്തതെന്ന് ഖാര്‍ഗെ ചോദിച്ചു. ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്്ലിംലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീറും കുറ്റപ്പെടുത്തി. വിവാഹം, വിവാഹ മോചനം എന്നിവ വ്യക്തിനിയമങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. മുസ്്ലിം പുരുഷന്മാര്‍ മുസ്്ലിം സ്ത്രീകളെ നിരന്തരം അവഹേളിക്കുന്നവരാണെന്ന പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഭൂരിപക്ഷ അംഗങ്ങളും ചൂണ്ടിക്കാട്ടി. ഒരാള്‍ ഒരേസമയം എങ്ങനെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ജീവനാംശം നല്‍കുകയും ചെയ്യുമെന്ന സംശയം അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സിവില്‍ നിയമത്തെ ക്രിമിനല്‍ വല്‍ക്കരിക്കുന്നതിനെയും തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിലെ ദുരുദ്ദേശ്യത്തേയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ബി.ജെ.പി നിലപാടിലെ ഇരട്ടത്താപ്പും സഭയില്‍ സംസാരിച്ച സി.പി.എം, ആര്‍.ജെ.ഡി, എസ്.പി, എ.ഐ.എ.ഡി.എം.കെ, എന്‍.സി.പി അംഗങ്ങള്‍ തുറന്നു കാട്ടി. നിലവിലെ രീതിയില്‍ ബില്ലിനെ പിന്തുണക്കാനാകില്ലെന്ന നിലപാടാണ് ഭൂരിപക്ഷം കക്ഷികളും സഭയില്‍ സ്വീകരിച്ചത്. അസമില്‍നിന്നുള്ള ബി.ജെ.പി വനിതാ നേതാവും ബില്ലിനെ എതിര്‍ത്തു സംസാരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ നടുത്തളത്തിലറങ്ങിയും ബില്ലിനെതിരെ പ്രതിഷേധിച്ചു. ബില്‍ ജോയിന്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും ഇത് അവഗണിച്ച സ്പീക്കര്‍ വോട്ടിനിടുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഇതോടെ ഏകപക്ഷീയമായി ബില്‍ പാസാക്കുകയായിരുന്നു. 245 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 11 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്.
ബില്ലിന്മേല്‍ നടന്ന ചര്‍ച്ചക്കിടെ റഫാല്‍ ഇടപാട് ഉന്നയിച്ച് കോണ്‍ഗ്രസ് അംഗങ്ങളും കര്‍ണാകയുടെ മേക്കടത്ത് അണക്കെട്ട് നിര്‍മാണത്തിനെതിരെ എ.ഐ.എ. ഡി.എം.കെ അംഗങ്ങളും ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രണ്ടുതവണ തടസ്സപ്പെട്ട ശേഷം വീണ്ടും ചേര്‍ന്നാണ് ചര്‍ച്ചയും വോട്ടെടുപ്പും നടത്തിയത്. കാവേരി, റഫാല്‍ വിഷയങ്ങളില്‍ രാജ്യസഭ ഇന്നലെ നടപടികളിലേക്ക് കടക്കാനാവാതെ പിരിഞ്ഞിരുന്നു.
Leave A Comment