സുൽത്താൻ ഫാതിഹ്, കലയെയും വിജ്ഞാനത്തെയും പ്രണയിച്ച ഭരണാധികാരി

അയാസോഫിയ മസ്ജിദ് ഇന്ന് ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഓട്ടോമൻ (ഉസ്മാനിയ) സുൽത്താനായ മുഹമ്മദ് രണ്ടാമന്‍, കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന്റെ പ്രോജ്ജ്വല പ്രതീകമാണല്ലോ ആ നിര്‍മ്മിതി. ഇസ്‍ലാമിക ചരിത്രത്തിലെ അനുഗ്രഹീത സേനാനായകരില്‍ ഒരാളായ അദ്ദേഹത്തിന്റെ വൈജ്ഞാനിക-കലാ-സാംസ്കാരിക മേഖലകളിലെ അതീവ താല്‍പര്യവും പ്രത്യേകം പ്രസ്താവ്യമാണ്. 

സൈനിക,രാഷ്ട്രീയ മേഖലകളിലെ പ്രതിഭാപാടവം കൊണ്ട് ശ്രദ്ധേയനായ ഫാത്തിഹിന് മതം, രാഷ്ട്രീയം, കല സാഹിത്യം, തത്വചിന്ത, ജ്യാമിതി, നിയമം  തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രാവീണ്യമുണ്ടായിരുന്നു. സാമൂഹ്യശാസ്ത്രത്തിലുള്ള അഗാധ പരിജ്ഞാനം മുൻനിർത്തി രാഷ്ട്ര വിപുലീകരണത്തിന് നേതൃത്വം കൊടുക്കുമ്പോൾ തന്നെ ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തിയിരുന്നു എന്നത് അല്‍ഭുതകരമായി തോന്നും. മികച്ച വിദ്യാഭ്യാസവും പുസ്തകങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവുമായിരുന്നു ഇതന് പിന്നില്‍. ഇസ്തംബൂൾ കീഴടക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം വലിയൊരു ലൈബ്രറി സ്വപ്നം കണ്ടിരുന്നു. അദ്ദേഹത്തിന്റെ അത്തരം വൈജ്ഞാനിക സ്വപ്നങ്ങളെല്ലാം സാക്ഷാല്‍ക്കരിക്കാന്‍ കൂടിയായിരുന്നു ഇസ്താംബൂൾ കീഴടക്കാൻ ഫാത്തിഹ് ഒരുങ്ങിയത്.

ജ്ഞാനകുതുകിയായ സുൽത്താൻ

ആഴത്തിലുള്ള വായനക്കാരനായ സുൽത്താൻ വ്യാകരണത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. മാതൃഭാഷയായ തുർക്കിഷ് സാഹിത്യത്തിൽ വൈദഗ്ധ്യം നേടിയ അദ്ദേഹം 'അവ്നി' എന്ന തൂലികാനാമത്തിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. തുർക്കിഷ് ഭാഷകളായ ഉയ്ഘുർ, ചതഗായ് തുടങ്ങിയ വ്യത്യസ്ത ഭാഷകൾ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിരുന്നു. അറബിയിലും പേർഷ്യനിലും പ്രാവീണ്യം നേടിയ സുൽത്താന് ഗ്രീക്ക്, സെർബിയൻ ലാറ്റിൻ, ഇറ്റാലിയൻ, ഹീബ്രു തുടങ്ങിയ ഭാഷകളും വശമുണ്ടായിരുന്നു.

ഇസ്താംബുൾ കീഴടക്കിയതിനു ശേഷമുള്ള ആദ്യ നിർമാണങ്ങളിലൊന്ന് ബായസീദ് ഓൾഡ്പാലസിലെ ലൈബ്രറിയായിരുന്നു. ഇസ്താംബൂളിലെ ആദ്യ ലൈബ്രറി എന്നറിയപ്പെടുന്ന ഇത് പിന്നീട് പുതിയ കൊട്ടാരത്തിലേക്ക് മാറ്റുകയുണ്ടായി. ഇസ്‍ലാമിക ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങൾ കൊട്ടാരലൈബ്രറിയിൽ കൊണ്ടുവന്ന് സംരക്ഷിക്കാൻ അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തി.

സുൽത്താൻ മുഹമ്മദ് പണ്ഡിതനും കലാപ്രേമിയുമായിരുന്നതു കൊണ്ടുതന്നെ ശാസ്ത്രത്തിനും കലക്കും അദ്ദേഹം നൽകിയ പ്രാധാന്യം വളരെ വലുതാണ്. ഇസ്താംബൂളിനെ എല്ലാ അർത്ഥത്തിലും മനോഹരമാക്കാൻ അദ്ദേഹം ആഗ്രഹിക്കുകയും തന്റെ  കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങൾ ഏറ്റവും മനോഹരമായ ടൈലുകളാലും കൊത്തുപണികളാലും അലങ്കൃതമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

ടോപ്പ്കാപ്പി പാലസിൽ 'നെക്ക്ഷാനെ' എന്ന പേരിൽ ഒരു ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും അനറ്റോളിയയിലെയും എഡിർനിലെയും പ്രശസ്തരായ കരകൗശല തൊഴിലാളികളെ അവിടെ കൊണ്ടുവരികയും ചെയ്തിരുന്നു. വിദഗ്ധരായ കാലിഗ്രാഫറുകൾ,  ബുക്ക്ബൈൻഡർമാർ, മിനിയേച്ചറിസ്റ്റുകൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികള്‍ തുടങ്ങി സമൂഹത്തിലെ കലാ-വിജ്ഞാന കുതുകികളെല്ലാം അധികം വൈകാതെ തന്നെ 'നകഷാനെ' ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. പുതിയ കെട്ടിടങ്ങൾ, കൊട്ടാരങ്ങൾ, പള്ളികൾ എന്നിവ അലങ്കരിക്കുന്നതിന് ഈ സംഘം പ്രവർത്തിക്കുകയും സുൽത്താന്റെ സ്വകാര്യ ലൈബ്രറിയിലേക്ക് അപൂർവ്വമായ ഒട്ടനവധി കൈയെഴുത്തു പ്രതികളുടെ പകർപ്പുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. 

സുൽത്താൻ മുഹമ്മദിന്റെ  കാലത്ത് ഈ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്കുകൾ ലഭ്യമല്ലെങ്കിലും സുൽത്താൻ ബായെസീദ്  രണ്ടാമന്റെ കാലത്ത് (1502) തയ്യാറാക്കിയ കാറ്റലോഗിൽ 57,000 വാല്യങ്ങളിലായി 7200 കൃതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഈ കണക്കുകൾ മുൻനിർത്തി പരിശോധിക്കുമ്പോൾ കൊട്ടാരം ലൈബ്രറിയുടെ കാര്യത്തിൽ സുൽത്താൻ ഫാതിഹിന്റ അതീവതാല്‍പര്യമാണ് പ്രകടമാവുന്നത്.

വിജ്ഞാനചർച്ചകൾ, സംവാദങ്ങൾ

താൻ അഭിമുഖീകരിച്ച ശാസ്ത്രജ്ഞരോടും പണ്ഡിതരോടും എല്ലായിപ്പോഴും നല്ല ബന്ധം പുലർത്തിയിരുന്ന സുൽത്താൻ ഒരു വിദ്യാർത്ഥിയുടെ എളിമയോടെ അവരെ സമീപിക്കുകയും ചെയ്തിരുന്നു. അറിവ് സമ്പാദനത്തോടുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസയെ കുറിച്ചു എല്ലാ ചരിത്ര വിശദീകരണങ്ങളിലും നമുക്ക് കാണാവുന്നതാണ്. പണ്ഡിതന്മാരുമായുള്ള കൂടിയാലോചനകൾ ശേഷം ഫാത്തിഹ് മസ്ജിദിനു സമീപത്തായി ഉന്നത നിലവാരം പുലർത്തുന്ന 'സെമാനിയ്യെ' എന്ന ഓട്ടോമാൻ മദ്രസ സമുച്ചയത്തിന്റെ  രൂപീകരണത്തോടെയാണ് അദ്ദേഹം തന്റെ സാമ്രാജ്യത്തിന് അടിത്തറ പാകിയത്. 

കൊട്ടാരത്തിൽ അദ്ദേഹം ശാസ്ത്രജ്ഞരുടെ സംവാദങ്ങളും സംഭാഷണങ്ങളും താൽപര്യത്തോടെ സംഘടിപ്പിച്ചിരുന്നു. ഒരിക്കൽ ഹൊകസാദെ മുസ്‍ലിഹുദ്ദീനും അലാവുദീൻ അലി തൂസിയും  തമ്മിലുള്ള സംവാദം ഏഴ് ദിവസത്തോളം നീണ്ടു നിൽക്കുകണ്ടായത്രെ. മുസ്‍ലിം പണ്ഡിതനും ചിന്തകനുമായ അബൂഹാമിദിൽ ഗസാലിയുടെ 'തഹാഫുതുൽ ഫലാസിഫ' ആയിരുന്നു ചർച്ചാവിഷയം. മറ്റൊരു പ്രശസ്ത പണ്ഡിതനും ബുദ്ധിജീവിയുമായിരുന്ന ഇബ്നുറുശ്ദ് ഗസാലിയുടെ ചിന്തകൾക്കെതിരെ ഉയർത്തിയ പ്രതിവാദങ്ങളായിരുന്നു ചർച്ചക്ക് നിദാനമായത്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഈ രണ്ട് വാദമുഖങ്ങളെയും കുറിച്ച് ചർച്ച ചെയ്ത പണ്ഡിതന്മാർ അവരുടെ വിലയിരുത്തലുകൾ നടത്തുകയും സുൽത്താൻ ഫാത്തിഹ് രണ്ടുപേരോടും വിഷയാധിഷ്ഠിതമായി പുസ്തകങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുസ്‍ലിഹുദ്ദീന്‍ നാലുമാസത്തിനുള്ളിൽ തന്റെ കൃതി കൈമാറിയപ്പോൾ ആറു മാസം കൊണ്ടാണ് അലിതൂസി തന്റേത് കൈമാറിയത്. തല്ഫലമായി ഗസാലിയുടെ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെടുകയും സുൽത്താൻ ഇവർക്ക് പതിനായിരം നാണയങ്ങൾ പാരിതോഷികം  നൽകുകയും ചെയ്തുവത്രെ. 
ചരിത്ര വിഷയങ്ങളിൽ അതീവ തല്പരനായിരുന്ന സുൽത്താൻ, അലക്സാണ്ടർ ചക്രവർത്തിയുടെ ജീവിതത്തെ കുറിച്ച് വളരെ വിശദമായ പഠനം നടത്തിയതായി പറയപ്പെടുന്നു. അദ്ദേഹം അലക്സാണ്ടറെ  പോലെയാകാനാണ് ശ്രമിച്ചിരുന്നത് എന്ന് വരെ ഇക്കാരണത്താല്‍ പറയപ്പെട്ടിരുന്നു.

സംവാദങ്ങളുടെയും പുസ്തക ചർച്ചകളുടെയും ഫലമായി രൂപപ്പെട്ട ആശയങ്ങൾ പുസ്തകരൂപത്തിലാക്കാൻ സുൽത്താൻ എപ്പോഴും ഉത്തരവിട്ടിരുന്നു. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടാനും വൈജ്ഞാനിക വിപുലീകരണത്തിനും എന്നതിലേറെ, തനിക്ക് താല്പര്യമുള്ള മേഖലകളെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാനും വായിച്ചുകൊണ്ടേയിരിക്കാനും കൂടിയായിരുന്നു അദ്ദേഹത്തിന് ആ കൊട്ടാരം ലൈബ്രറി. ഇസ്‌ലാമികനിയമം,  ഹദീസ്, വിശ്വാസ ശാസ്ത്രം, തഫ്സീർ തുടങ്ങിയ എല്ലാ മത ശാസ്ത്രഗ്രന്ഥങ്ങളുടെയും വന്‍സമാഹാരം തന്നെ  അദ്ദേഹത്തിന്റെ ലൈബ്രറിയിൽ ഉണ്ടായിരുന്നു. ബൈസന്റൈൻ യുദ്ധത്തിനുശേഷം പ്രവിശാലമായ ഒരു ലൈബ്രറി അദ്ദേഹം ഏറ്റെടുത്തതായും പറയപ്പെടുന്നുണ്ട്.


Also Read:ഉസ്മാനി ഭരണകൂടം


ഗ്രീക്ക്, റോമൻ സാംസ്കാരിക പൈതൃകങ്ങളോടും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ ഭാഷകളിൽ എഴുതിയ ചില കൃതികൾ ലൈബ്രറിയിലേക്ക് കൊണ്ടുവരാനും വിവർത്തനം ചെയ്യാനും അദ്ദേഹം ശ്രമം നടത്തിയിട്ടുണ്ട്. ലാറ്റിൻ കൃതികളും അദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ടായിരുന്നു. കുട്ടിക്കാലം മതുലേ കൂടെയുള്ള പുസ്തകപ്രേമമാണ് അധികാരത്തിലെത്തിയപ്പോള്‍ വലിയവലിയ ഗ്രന്ഥപ്പുരകള്‍ തന്നെ തീര്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഗുരുസ്വാധീനങ്ങൾ

സുൽത്താൻ മുഹമ്മദ് പരിശീലനം നേടിയ ശാസ്ത്രജ്ഞരെയും സംഭാഷണത്തിലേർപ്പെട്ട പണ്ഡിതരെയും സൂക്ഷ്മമായി പരിശോധിക്കാതെ അദ്ദേഹത്തിന്റെ ബൌദ്ധികപ്രതിഭയെ മനസ്സിലാക്കാൻ കഴിയില്ല. സുൽത്താൻ മുഹമ്മദിന്റെ  കുട്ടിക്കാലത്തെ കുറിച്ചുള്ള കഥകളിൽ അദ്ദേഹം ശാഠ്യക്കാരനും തന്റെ അധ്യാപകരെ ശ്രദ്ധിക്കാത്ത ആളുമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ശേഷം അദ്ദേഹത്തെ പുസ്തകങ്ങളിലേക്കും വായനാലോകത്തേക്കും നയിച്ചത് ശംസുദ്ദീൻ അഹ്മദ് ബിൻ ഇസ്മായിൽ എന്ന മൊല്ല ഗുരാനിയാണെന്നാണ് പറയപ്പെടുന്നത്.

തന്റെ മകന് നല്ല വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന ആശങ്കയിലായിരുന്ന പിതാവ് സുൽത്താൻ മുറാദ് രണ്ടാമൻ ഒരു നല്ല അധ്യാപകന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഒരിക്കൽ അക്കാലത്തെ പ്രമുഖ ശാസ്ത്രജ്ഞനായ മുല്ല യെഗാൻ തീർത്ഥാടനത്തിൽ നിന്നും മടങ്ങിയെത്തി സുൽത്താന്റെ മുമ്പിൽ ഹാജരായി. നിങ്ങളുടെ സഞ്ചാര സ്ഥലങ്ങളിൽ നിന്ന് ഞങ്ങൾക്ക് എന്ത് സമ്മാനമാണ് കൊണ്ടുവന്നതെന്ന് സുൽത്താൻ ചോദിച്ചു. മൊല്ല യെഗാൻ മറുപടി പറഞ്ഞു: "ഞാൻ തഫ്സീറിലും ഹദീസിലും ഉന്നതനായ ഒരു പണ്ഡിതനെ കൊണ്ടുവന്നിട്ടുണ്ട്". ആ  സമ്മാനമായിരുന്നു മുല്ല ഗുരാനി.

അത്യധികം സന്തോഷവാനായ സുൽത്താൻ മുറാദ് മുല്ലാ ഗുരാനിയെ പ്രൊഫസറായി നിയമിച്ചു. അദ്ദേഹം മികച്ച അധ്യാപകനാണെന്ന് മനസ്സിലാക്കിയ സുൽത്താൻ തന്റെ മകൻ മുഹമദിനെ വളർത്താൻ ആവശ്യപ്പെടുകയും അതിനായി അദ്ദേഹത്തിന് പൂര്‍ണ്ണ അധികാരവും സ്വാതന്ത്ര്യവും നൽകുകയും ചെയ്തു. ഓട്ടോമാൻ പണ്ഡിതനും ഔദ്യോഗിക ചരിത്രകാരനുമായ ഹോക സാദേദീൻ എഫൻഡീയുടെ വിവരണമനുസരിച്ച് മുമ്പ് കാണാത്ത വിധത്തിലുള്ള വ്യത്യസ്തമായ അധ്യാപനരീതികളായിരുന്നു ഗുരാനി ഉപയോഗിച്ചിരുന്നത്. 

മുഹമ്മദ് പാഠങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ സുൽത്താൻ ആവശ്യമുള്ള സമയത്ത് മറ്റു കുട്ടികളെപ്പോലെ അധ്യാപകനെന്ന നിലയിൽ മുല്ലക്ക് അടിക്കാനുള്ള അധികാരവും നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഗൗനിക്കാതെ മുഹമ്മദ് അതേ മനോഭാവം തന്നെ വെച്ചുപുലർത്തുകയുയായിരുന്നു. തന്റെ മേലങ്കിയുടെ അകത്തു നിന്ന് ഒരു വടി എടുക്കുകയും 'ളറബ്ത്തുഹു  തഅദീബൻ' (ഞാൻ പരിശീലനാവശ്യാർത്ഥം അവനെ അടിച്ചു) എന്ന് പറഞ്ഞ് വ്യാകരണം പഠിപ്പിക്കാൻ ശ്രമിച്ചു. ഈ സംഭവത്തിന്ശേഷം  മുഹമ്മദ് അധ്യാപകരോടുള്ള അശ്രദ്ധ മനോഭാവത്തിൽ മാറ്റം വരുത്തുകയും ക്ലാസുകൾ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തുവത്രെ. 

മുല്ലാ ഗുരാനിയുടെ വ്യത്യസ്തവും അച്ചടക്കപൂർണ്ണമായ ഈ പരിശീലന രീതികളിലൂടെ മുഹമ്മദ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മികച്ച പുരോഗതി നേടുകയുണ്ടായി. ശാസ്ത്രീയമായും ആത്മീയമായും അദ്ദേഹം മുഹമ്മദിനെ നന്നായി പരിശീലിപ്പിച്ചു. 1446നും 1451 നും ഇടയിൽ ഇസ്താംബൂൾ പിടിച്ചടക്കിയതിനു ശേഷം മുല്ല ഗുരാനിയെ 'വസീർ' ആക്കാൻ സുൽത്താൻ ആഗ്രഹിച്ചുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. സിംഹാസനത്തിൽ എത്തിയശേഷം സുൽത്താനെ മുഹമ്മദ് എന്ന പേരിൽ സംബോധന ചെയ്ത ഏകവ്യക്തി ഗുരുവായ ഗുരാനി മാത്രമായിരുന്നെന്നും പറയപ്പെടുന്നുണ്ട്. 

ഗുരാനിക്ക് പുറമെ മുല്ലാ ഹുസ്റെവ്, മുല്ലാ സെയ്‌റെക്, മുല്ലാ ഇല്യാസ്, ഹോക യുസുഫ് സിനാൻ പാഷ, ഹോകസാദെ മുസ്‍ലിഹുദ്ദീൻ, അക്ഷംസദിൻ തുടങ്ങിയവരും സുൽത്താന്റെ ഗുരുക്കളായിരുന്നു. സിറിയാക്കോ അങ്കോണിറ്റാനോ, ചരിത്രകാരനായ ജിയോവനി മരിയ ആന്റിയല്ലോ തുടങ്ങിയ ഇറ്റാലിയൻ അധ്യാപകരും അദ്ദേഹത്തിനുണ്ടായിരുന്നു. 

സുൽത്താൻ മുഹമ്മദ് ഫാതിഹിന്റെ ജീവിതത്തെകുറിച്ച് നിരവധി പഠനങ്ങളും അന്വേഷണങ്ങളും ലഭ്യമാണെങ്കിലും അദ്ദേഹത്തെ സമഗ്രമായി അവതരിപ്പിക്കുന്ന രചനകളോ  പഠനങ്ങളോ ഇനിയും ഉണ്ടായിട്ടില്ലെന്നാണ് പണ്ഡിതാഭിപ്രായം.

വിവർത്തനം:മുജ്തബ മുഹമ്മദ്‌ 
ctmujthabamkd@gmail.com

കടപ്പാട്:http://sabahdai.ly/_a39

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter