മഅ്റൂഫുൽ കർഖി(റ): സാമൂഹികസേവനത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം നേടിയ സ്വൂഫി
സാമൂഹിക സേവനം കൊണ്ട് ദൈവികസാമീപ്യം കൈവരിച്ച സ്വൂഫീവര്യനാണ് മഅ്റൂഫുൽ കർഖി(റ). അബൂ മഹ്ഫൂള് മഅ്റൂഫുബ്നു ഫൈറൂസ് അൽ കർഖി എന്നാണ് പൂർണ്ണനാമം. സൂക്ഷ്മതയുടെയും പരിത്യാഗത്തിന്റേയും ദൈവഭക്തിയുടെയും പേരിൽ പ്രസിദ്ധനായ മഹാനാണ് അദ്ദേഹം.
ക്രിസ്ത്യാനിയായ ഒരു പിതാവിന്റെ മകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് അദ്ദേഹത്തെ പഠിപ്പിക്കാൻ അയച്ചത് ക്രിസ്ത്യന്‍ അധ്യാപകന്റെ അടുത്തേക്കായിരുന്നു. "അല്ലാഹു മൂന്നുപേരിൽ ഒരാൾ ആകുന്നു" എന്ന അധ്യാപകന്റെ വാദം അദ്ദേഹത്തിന് ഒരിക്കലും അംഗീകരിക്കാനായില്ല. ഏകനായ അല്ലാഹുവിനെ മാത്രമേ ആ കുഞ്ഞുമനസ്സിന് ഉള്‍ക്കൊള്ളാനായുള്ളൂ. മനസ്സമാധാനം ലഭിക്കാതെ അവിടെനിന്ന് രക്ഷപ്പെട്ട അദ്ദേഹം നേരെപോയത് അക്കാലത്തെ പ്രമുഖ മുസ്‍ലിം പണ്ഡിതനായിരുന്ന ഇമാം അലിയ്യുബ്നു മൂസാ റളായുടെ അടുത്തേക്കായിരുന്നു. അവിടെ വെച്ച് ഇസ്‍ലാം സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായി ശിഷ്ടകാല വിദ്യാഭ്യാസം തുടര്‍ന്നു.
മഅ്റൂഫ് എന്ന മകന്‍ മാതാപിതാക്കളുടെ കണ്ണിലുണ്ണിയായിരുന്നു. അവന്റെ മതം ഏതായാലും അവന്‍ തങ്ങളുടെ മകനാണെന്നും അവന്‍ ഞങ്ങളുടെ കൂടെ തന്നെയുണ്ടാവണമെന്നും അവര്‍ ആഗ്രഹിച്ചു. അതോടെ, അധ്യാപകന്റെ അനുവാദത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് തന്നെ തിരിച്ചു പോയി മാതാപിതാക്കളോടൊപ്പം മുസ്‍ലിമായി തന്നെ ജീവിതം തുടര്‍ന്നു. അധികം വൈകാതെ ആ മാതാപിതാക്കള്‍ മകന്റെ പുതിയ ജീവിതത്തിൽ ആകൃഷ്ടരാവുകയും അവരും ഇസ്‍ലാം ആശ്ലേഷിക്കുകയും ചെയ്തു.
മഅ്റൂഫുൽ കർഖി(റ) പറയുന്നു: എന്നോട് ദാവൂദുത്വാഈയുടെ ചില ശിഷ്യന്മാര്‍ പറഞ്ഞു. കർമ്മമനുഷ്ഠിക്കുന്നത് ഒഴിവാക്കാതിരിക്കുക. കാരണം ഈ കർമ്മം മാത്രമേ നമ്മെ അല്ലാഹുവിന്റെ തൃപ്തിയിലേക്ക് അടുപ്പിക്കുകയുള്ളൂ. ഏതാണാ കർമ്മമെന്ന് ഞാൻ ചോദിച്ചു. എപ്പോഴും അല്ലാഹുവിനെ വഴിപ്പെട്ട് ജീവിക്കുകയും സത്യവിശ്വാസികൾക്ക് സേവനമനുഷ്ഠിക്കുകയും പ്രസ്തുത സേവനം നിസ്വാർത്ഥതയോടെ ആവുകയും ചെയ്യുക എന്നായിരുന്നു അവരുടെ മറുപടി.
ഒരു ദിവസം അദ്ദേഹം കൂഫയിലൂടെ നടക്കുകയായിരുന്നു. അന്നേരമാണ് ഇബ്നു സമ്മാക് (റ) ജനങ്ങളെ ഉപദേശിക്കുന്നത് അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടത്. ഉപദേശം ശ്രവിക്കാനായി അദ്ദേഹവും അടുത്തു ചെന്നു. "അല്ലാഹുവിൽ നിന്ന് പൂർണ്ണമായി പിന്തിരിഞ്ഞവരിൽനിന്ന് അല്ലാഹു അൽപം പിന്തിരിയുന്നു. മാനസികമായി പൂർണമായും അല്ലാഹുവിലേക്ക് അടുക്കുന്നവരിലേക്ക് തൻറെ കാരുണ്യത്തോടെയവൻ പൂർണ്ണമായും മുന്നിടുകയും മുഴു ലോകരെയും അവരിലേക്ക് മുന്നിടീക്കുകയും ചെയ്യുന്നു. ചിലപ്പോൾ അല്ലാഹുവിനും മറ്റു ചിലപ്പോൾ ഇഹലോകത്തിനും പ്രാമുഖ്യം നൽകുന്നവർക്ക് ഏതെങ്കിലും ചില സമയങ്ങളിൽ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചേക്കാം" എന്നും പറഞ്ഞ് ഇബ്നു സമ്മാക് (റ) ജനങ്ങളെ ഉപദേശിച്ചു കൊണ്ടിരുന്നു. ഈ ഒരു ഉപദേശത്തെക്കുറിച്ച് മഹാനായ അലിയ്യുബ്നു മൂസാ റളായോട് പറഞ്ഞപ്പോൾ "ഈ ഉപദേശമനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ താങ്കളുടെ വിജയത്തിന് അത് മതിയാകും" എന്നായിരുന്നു ഗുരുനാഥന്റെ മറുപടി.
ജലം വിതരണം ചെയ്യുന്ന ഒരാളുടെ അരികിലൂടെ അദ്ദേഹം ഒരിക്കൽ നടന്നു പോവുകയുണ്ടായി. "എൻറെ വെള്ളം കുടിക്കുന്നവർക്ക് അല്ലാഹുവിൻറെ കാരുണ്യം ലഭിക്കട്ടെ" എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ജലവിതരണം നടത്തിയിരുന്നത്. ഇത് കണ്ട മഅ്റൂഫ് (റ) നോമ്പുകാരനായിരുന്നെങ്കിലും ആ വെള്ളം വാങ്ങി കുടിച്ചു. താങ്കൾക്ക് നോമ്പ് ഉണ്ടായിരുന്നുവല്ലോ എന്ന് ചിലർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അതെ, നോമ്പുകാരനായിരുന്നു. പക്ഷേ, ഇയാളുടെ പ്രാർത്ഥന എനിക്ക് ലഭിച്ചേക്കുമല്ലോ എന്നോർത്താണ് ഞാൻ നോമ്പ് മുറിച്ച് ആ വെള്ളം വാങ്ങിക്കുടിച്ചത്.
മരണാസന്നനായപ്പോൾ വസ്വിയ്യത് ചെയ്യാൻ താല്പര്യപ്പെട്ടവരോട് അദ്ദേഹം പറഞ്ഞു. ഞാൻ മരിച്ചാൽ എന്റെ വസ്ത്രങ്ങൾ നിങ്ങൾ ദാനം ചെയ്യുക. ദുനിയാവിലേക്ക് ശൂന്യഹസ്തനായി വന്ന ഞാൻ ശൂന്യ ഹസ്തനായി തന്നെ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു.
അദ്ദേഹത്തിന്റെ ശിഷ്യനായ സിരിയുസ്സിഖ്ഥി(റ) മരണശേഷം അദ്ദേഹത്തെ സ്വപ്നത്തില്‍ കണ്ടുവത്രെ. അതേ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് "മഅ്റൂഫുൽ കർഖിയെ ഞാൻ സ്വപ്നത്തിൽ ദർശിച്ചു. അദ്ദേഹം അല്ലാഹുവിന്റെ അർശിനു താഴെ നിൽക്കുന്നതായാണ് ഞാന്‍ കണ്ടത്".
ഹിജ്റ 200 ലാണ് ആ സ്വൂഫീ വര്യന്‍ വഫാത്തായത് . അല്ലാഹു അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ കടത്തട്ടെ.
Leave A Comment