ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-37 വാസ്തു വിദ്യയുടെ അമരക്കാരനെ തേടി സുലൈമാനിയ്യ പള്ളിയില്‍
ഞാനിപ്പോൾ സഞ്ചരിക്കുന്നത് ഉസ്മാൻ ഗാസിയുടെയും ഊർ ഖാന്റെയും മുഹമദ് ഫാത്തിഹിന്റെയും സുല്‍താന്‍ സുലൈമാന്റെയും ജന്മ സ്ഥലമായ അനോട്ടോളിയൻ നാടുകളിലൂടെയാണ്. ചെറിയ രീതിയിലുള്ള തണുപ്പുണ്ട്. രാത്രികാലങ്ങങ്ങളിൽ മഞ്ഞും ശക്തമാണ്. പകൽ മുഴുവൻ സഞ്ചരിച്ച് രാത്രികാലങ്ങളിൽ സൂഫി മടകളില്‍ കഴിച്ച് കൂട്ടുകയാണ് പതിവ്. അവിടങ്ങളിലെ ശൈഖുമാര്‍ക്കെല്ലാം ഇപ്പോഴും പറയാനുള്ലത്, യൂനുസ് എമ്ര, എർതുഗ്രുൽ ഗാസി, ശൈഖ് എദബാലി തുടങ്ങിയവരെ കുറിച്ചുള്ള ആത്മീയമാനങ്ങൾ നിറഞ്ഞ കഥകളാണ്. എനിക്കാണെങ്കില്‍ എത്ര കേട്ടാലും മതിവരാത്തവയാണ് ആ താളുകള്‍.
ഇവിടത്തെ പള്ളികളുടെ താഴികക്കുടങ്ങളും മിനാരങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അറബ് നാടുകളിലെ പള്ളികളെ പോലും വെല്ലുന്ന രൂപത്തിലുള്ളവയായിരുന്നു അവ. അതിന്റെ പിന്നിലുള്ള ബുദ്ധിയും കരങ്ങളും തേടി നടന്ന ഞാന്‍ അവസാനം എത്തിപ്പെട്ടത്, ക്രിസ്ത്യൻ വാസ്തുവിദ്യയുടെ അതുല്യമാതൃകയായ ഹാഗിയ സോഫിയ പള്ളിയെപ്പോലും വെല്ലുവിളിക്കാൻ പാകത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന, നീലയും വെള്ളയും കലർന്ന സുലൈമാനിയ്യ പള്ളിയിലാണ്. അവിടെയാണ് മിഅ്മാർ സിനാൻ അന്ത്യവിശ്രമം കൊള്ളുന്നത്. അനോട്ടോളിയൻ നഗരങ്ങളെ ലോക വാസ്തുവിദ്യകളുടെ നെറുകയിലെത്തിച്ച ആ കരങ്ങളെ കുറിച്ച് കൂടുതലറിയാനായി പിന്നീടെന്റെ ശ്രമങ്ങള്‍. അതിനായി, അദ്ദേഹത്തിന്റെ പാദസ്പര്‍ശനമേറ്റ ആ മണ്ണിലൂടെ ഞാന്‍ പതുക്കെ നടന്നു.
1490 ൽ കൈസരിയിലെ അർനാസ് എന്ന ഗ്രാമത്തിലാണ് സിനാന്‍ ജനിക്കുന്നത്. സുൽതാൻ യാവുസ് സലീം മക്കയും മദീനയും കീഴടക്കുമ്പോള്‍, അദ്ദേഹം സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഇക്കാലത്ത് തന്നെയാണ് അബ്ബാസികളിൽ നിന്ന് സുൽത്താൻ സലീമിന് "ഇസ്ലാമിക ഖലീഫ" എന്ന സ്ഥാനം ലഭിച്ചതും. പ്രതാപ പൂര്‍ണ്ണവും അഭിമാനജനകവുമായ ഈ കഥകള്‍ ഉപ്പയില്‍ കേട്ടാണ് കുഞ്ഞു സിനാൻ വളര്‍ന്നത്. അതോടെ, ലോകത്ത് നീതിയും ന്യായവും നടപ്പിലാക്കുന്ന ഈ ഖലീഫമാര്‍ക്ക് സാധ്യമായ പിന്തുണ നല്കി അവരുടെ കൂടെ ജീവിതം കഴിക്കണമെന്ന്, അക്കാലത്തെ തുര്‍കിയിലെ ഏതൊരു കുട്ടിയെയും പോലെ സിനാനും മനസ്സാ ആഗ്രഹിച്ചു.
പഠനശേഷം ഒട്ടോമൻ സൈനിക വിഭാഗമായ ജാനിസാറായി സൈന്യത്തിൽചേർന്നെങ്കിലും ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് അദ്ദേഹം വൈകാതെ തിരിച്ചറിയുകയും പതിമൂന്ന് ദിവസത്തിന്നുള്ളിൽ തന്നെ അതിൽ നിന്ന് വിരമിക്കുകയും ചെയ്തു. അദ്ദേഹം ജാനിസാറായി പ്രവർത്തിച്ചിരുന്നെങ്കിൽ സിനാന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ലോകം കീഴടക്കിയ അലക്സാണ്ടറുടെ അയൽനാടായ മൊൾഡോവയിലെ ചെറിയൊരു പാലത്തിന്റെ രൂപകൽപ്പന ചെയ്യാന്‍ ലഭിച്ച അവസരം തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി സിനാന്‍ ഉപയോഗപ്പെടുത്തിയതോടെയാണ്, ആ ചെറുപ്പക്കാരനിലെ നിര്‍മ്മാണചാതുരി രാജ്യം ശ്രദ്ധിച്ചത്. ആ പാലം ഉദ്ഘാടത്തിന്റെ ദിവസങ്ങളിൽ തന്നെ സുൽത്താന്റെ കൊട്ടാരത്തിലേക്ക് സിനാനെ വിളിപ്പിക്കുകയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. അതോടെ, തുര്‍കി വാസ്തുവിദ്യയുടെ പുതിയൊരു ചരിത്രം തുടങ്ങുകയായിരുന്നു, മിഅ്മാര്‍ സിനാന്‍ എന്ന പ്രതിഭയുടെ ജനനം കൂടിയായിരുന്നു അവിടെ.
Read More: ദർവീശിന്റെ ഡയറി - 36 സുല്‍താന്‍ സുലൈമാന്റെ മാഗ്നിഫിഷ്യന്‍ കാലത്തിലൂടെ..
ടർക്കിഷിൽ കൊട്ടാരത്തിന് "സറായാ" എന്നാണെന്ന് ദര്‍വീഷ് തന്നെയാണ് എനിക്ക് പറഞ്ഞുതന്നത്. ഒരിക്കൽ, മറ്റു മുസ്‍ലിം നാടുകളിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി സിനാന്‍ സിറിയയിലെ അലപ്പോയിലെത്തി. അന്നത്തെ അലപ്പോ അമീര്‍ സിനാനോട് ഹസ്രേവയ പള്ളി നിർമ്മാണത്തിന് നേതൃത്വം നല്കാന്‍ ആവശ്യപ്പെടുകയും അദ്ദേഹം ഭംഗിയായി അത് പൂര്‍ത്തിയാക്കുകയും ചെയ്തു. സിറയയിലെ മനോഹര പള്ളികളിലൊന്നാണ് ഇന്നും അത്.
തുർക്കികാരുടെ ഭാഷയിൽ ലോകത്തിന്റെ തലസ്ഥാനമാണ് ഇസ്താംബൂൾ. ഒരർത്ഥത്തിൽ എനിക്കും അങ്ങനെ തോന്നാതിരുന്നിട്ടില്ല. "പായിതഹ്ത്ത്" എന്നാണ് ടർക്കിഷിൽ തലസ്ഥാനത്തിന് പറയുക. ഓട്ടോമൻ പ്രദേശങ്ങളിൽ ഇസ്താംബൂൾ നഗരത്തെ "ഇസ്താംബൂൾ" എന്ന് പറയാതെ പായിതഹ്ത് എന്നാണ് പെതുവെ ഉപയോഗിക്കാറ്. പായിതഹ്തിൽ മാത്രം മുന്നൂത്തി അറുപ്പത്തഞ്ചോളം വസ്തുശിൽപങ്ങള്‍ നടത്തിയിട്ടുണ്ട് സിനാൻ. അതായത് ഇസ്താംബൂളിനെ ലോക തലസ്ഥാനമാക്കുന്നതിൽ സിനാനും വലിയ പങ്കുണ്ട് എന്നര്‍ത്ഥം. അവയില്‍ 58 എണ്ണം ഇന്നും കേടുപാടുകളില്ലാതെ നില കൊള്ളുന്നുണ്ട്. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് യൂറോപ്യർക്കെതിരെ പോരാടിയ മുസ്‍ലിം നാവികൻ ഖൈറുദ്ദീൻ ബർബറോസ പാഷയുടെ ഖബ്റ്, ഉസ്കുദാറിലെ അതികാ വാലിദാ സുൽത്താൻ കോംപ്ലക്സ്, സുൽത്താൻ മെഹ്മദ് സ്ക്വയറിലെ ഇബ്രാഹീം പാഷ പാലസ് (ടർക്കിഷ് ഇസ്‍ലാമിക് ആർട് മ്യൂസിയം) എന്നിവയൊക്കെയാണ്. ഹാഗിയ സോഫിയ എന്ന് കേള്‍ക്കുമ്പോഴേക്ക് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന, തലയുയര്‍ത്തി നില്‍ക്കുന്ന ആ നാല് മിനാരങ്ങളും സിനാന്റെ കരവിരുതില്‍ അലങ്കരിക്കപ്പെട്ടവയാണ്. ഇഴുപ്പിലെ സാൽ മഹ്മൂദ് പാഷ കോംപ്ലക്സിലെ കമാനം കാണുക തന്നെ വേണം.
സിനാന്റെ വാസ്തുവിദ്യയിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ഞാന്‍ ആദ്യമെത്തിയ സുലൈമാനിയ്യ പള്ളി തന്നെയാണ്. അദ്ദേഹം പണികഴിപ്പിച്ച സുലൈമാനിയ്യ പള്ളി അടക്കമുള്ള പല പള്ളികളുടെയും താഴികക്കുടങ്ങളുടെ സൗന്ദര്യം വർണ്ണനകള്‍ക്കതീതമാണ്. സിനാൻ പണിക്കഴിപ്പിച്ച ഷഹ്സാദെ പള്ളി ഇന്നും എന്റെ മനസ്സിലെ മായാത്ത ചിത്രമാണ്. സുൽത്താൻ സുലൈമാന്റെ മകനായ മെഹ്മദിന്റെ സ്മരണക്ക് വേണ്ടി സ്ഥാപിച്ച പള്ളിയാണ് അത്. സിനാൻ ആദ്യമായി പണിതത് ഈ പള്ളിയുടെ താഴികക്കുടമാണ്. ടർക്കിഷിൽ "ഷഹ്സാദെ" എന്നതിന്റെ അർത്ഥം രാജകുമാരൻ എന്നാണ്. ഇതിൽ സിനാന്റെ മറ്റെല്ലാ സൃഷ്ടികളെയും പോലെ തന്നെ ലാളിത്യവും ആകർഷകമായ സൗന്ദര്യവും ഉൾക്കൊണ്ടിരുന്നു. ഷഹ്സാദെ പള്ളിയുടെ വലിയ പുറം മുറ്റം ആറു വാതിലുകളാൽ നിർമിച്ചതും അതിന്റെ ഘടന വളരെ ശ്രദ്ധേയവുമാണ്. ഈ പള്ളി ഒരു സമുച്ചയമായിട്ടാണ് നിർമിച്ചിരിക്കുന്നത്, പള്ളിയുടെ അകത്തളം വിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന വിധത്തിലുള്ള മദ്രസ, അതിഥികൾക്ക് ഇരിക്കാനുള്ള ഗസ്റ്റ് ഹൗസ്, സ്മാരക സൗധങ്ങൾ എന്നിവ കൊണ്ട് അലങ്കരിക്കപ്പെട്ടതാണ്.
മുമ്പ് പറഞ്ഞ സുലൈമാനിയ്യ പള്ളിയാണ് എന്റെ ഹൃദയം തൊട്ട എഡ്രിയാനയിലെ മുസ്‍ലിം പള്ളി. അവിടെന്ന് പരിചയപ്പെട്ട ദർവീശ് എന്നോട് പറഞ്ഞതനുസരിച്ച്, നൂറിലധികം ഭൂകമ്പങ്ങൾ നേരിട്ടിട്ടും ഒരു കേടുപാടു പോലും സംഭവിക്കാതെയാണ് ആ പള്ളി ഇന്നും നിലകൊള്ളുന്നത്. 1551-1557 കാലഘട്ടത്തിൽ, സുൽത്താൻ സുലൈമാൻ ഉത്തരവിട്ടത് പ്രകാരം, 53 മീറ്റർ ഉയരവും 27.5 മീറ്റർ വ്യാസവുമുള്ള പള്ളിയുടെ താഴികക്കുടത്തിൽ ചില ക്രമീകരണങ്ങള്‍ കൂടുതലായി നടത്തിയിട്ടുണ്ട് എന്ന് മാത്രം. അവിടത്തെ ബാൽക്കണിയുടെയും ജനലിന്റെയും അളവുകളും പ്രത്യേക രീതിയിലാണ് സിനാന്‍ ചെയ്തിരിക്കുന്നത്. വിവിധ അളവിലുള്ള മിനാരങ്ങൾ, പള്ളിയുടെ മുറ്റത്തിന്റെ വിവിധ കാഴ്ച്ചക്കാരെ സ്വാധീനിക്കുന്ന വിധം ബൽക്കണികളുടെ നിർമാണം സന്ദർശകരെ കൂടുതൽ ആകർഷിക്കുന്ന ഒന്നാണ്. പള്ളിയുടെ പ്രധാന പ്രവേശന കവാടത്തിലടക്കം 32 ജാലകങ്ങളിലായി വിളക്കുമാടങ്ങൾ ഘടിപ്പിക്കുകയും പള്ളിയുടെ ഉള്‍ഭാഗം അലങ്കരിക്കാനായി, ഇസ്‍ലാമിക് കാലിഗ്രഫി ഉപയോഗപ്പെടുത്തിയതുമെല്ലാം ഏറെ അഭിമാനത്തോടെ ദര്‍വീശ് വിശദീകരിക്കുന്നത് കേട്ട് എനിക്ക് രോമാഞ്ചം അനുഭവപ്പെട്ടു.
2,475 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുമുള്ള സുലൈമാനിയ്യ പള്ളിയിൽ ദർവീശിനോടൊപ്പം ഞാൻ നടന്നു. 31.30 മീറ്റർ വ്യാസമുള്ള താഴികക്കുടം നിലത്തുനിന്ന് 43.28 മീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത്. ഹാഗിയ സോഫിയയുടെ താഴികക്കുടത്തേക്കാൾ വലിപ്പം തോന്നിപ്പിക്കുന്ന അത്, എട്ട് വലിയ തൂണുകളിലായി 6 മീറ്റർ വീതിയുള്ള കമാനങ്ങളാൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. വാസ്തുവിദ്യാ സവിശേഷതകളുടെ അപ്രാപ്യതയ്ക് പുറമെ, കല്ല്, മാർബിൾ, ടൈൽ, മരം തുടങ്ങിയവയുടെ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി, വളരെ ഭംഗിയായി പണിതിരിക്കുന്ന മിമ്പറും ഏറെ കൗതുകകരമാണ്. പള്ളിയിലേക്ക് പ്രകൃതിയെക്കൂടി ചേർത്തുവെച്ചിരിക്കുകയാണ് സിനാന്‍ ഇവിടെ. ഓട്ടോമൻ, ലോക കലകളില്‍ ഏറെ പ്രധാന്യമുള്ള "സർ ആൾട്ട്" രീതി ഉപയോഗിച്ച് ഇസ്നിക്കിൽ നിർമിച്ച ടൈൽ അലങ്കാരങ്ങൾ, പതിനാറാം നൂറ്റാണ്ടിലെ കളിമണ്ണ് ഉപയോഗത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരങ്ങളായാണ് ഗണിക്കപ്പെടുന്നത്. പള്ളിയുടെ എണ്ണ വിളക്കുകളെല്ലാം കത്തുന്നുണ്ടെങ്കിലും അവയില്‍നിന്ന് പുക വരുന്നില്ലെന്നത് എന്നെ അല്‍ഭുതപ്പെടുത്തി. അതേ സംബന്ധിച്ച് ചേദിച്ചപ്പോൾ അദ്ദേഹവും ആ അല്‍ഭുതം പങ്ക് വെക്കുകയും ശാസ്ത്രീയമായ എന്തോ അതിലുണ്ടെന്ന ഉത്തരത്തില്‍ ഒതുക്കുകയും ചെയ്തു.
അനോട്ടോളിയൻ നഗരങ്ങളായ ഇസ്താംബൂൾ, എഡ്രിയാന, അങ്കാറ, കൈസരി, എർസുറും, മനീസ, ബൊലു, കൊറും, കതഹ്യ എന്നിവടങ്ങളിൽ ജലപാതകൾ, ജലധാരകൾ, പള്ളികൾ, കൊട്ടാരങ്ങൾ, മദ്രസകൾ എന്നിവ നിർമിച്ച സിനാൻ, തന്റെ ജീവിതത്തിലുടനീളം ഒട്ടോമൻ പ്രദേശങ്ങളായ അലപ്പോ, ഡമസ്കസ്, ബുദാ എന്നിവിടങ്ങളിലും തന്റെ തച്ചുശാസ്ത്രമുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. തന്റെ മാസ്റ്റർപീസായ സൂലൈമാനിയ്യ പള്ളി പണികഴിപ്പിച്ചത് 85-ാം വയസ്സിലായിരുന്നുവത്രെ. തന്റെ അവസാന പ്രവർത്തനങ്ങളിലൊന്നായ കസിപ്പാസയിലെ പിയാലെ പാഷ പള്ളി (1573) നിർമിച്ചത് തന്റെ ജീവിതത്തിലുടനീളമുള്ള വസ്തുവിദ്യാ അനുഭവങ്ങളിലൂടെ നേടിയ അറിവുകളെ ഏകീകരിച്ചു കൊണ്ടായിരുന്നു.
Read More: ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-35 ശൈഖ് ഹംദുല്ലഹ്: ഓട്ടോമൻ കാലിഗ്രഫിയുടെ ശൈഖ്
92 വലിയ പള്ളികൾ, പ്രാദേശികമായി നിർമിച്ച 52 ചെറിയ പള്ളികൾ, 55 വിദ്യാലയങ്ങള്‍, ഖുർആൻ പാരായണം ചെയ്യുന്നവർക്കുള്ള ഏഴു പ്രത്യേക മദ്റസകള്‍, 20 മഖ്ബറകൾ, 17 ഇമറേറ്റുകൾ (പൊതു സൂപ്പ് അടുക്കള), മൂന്ന് ചികത്സാലയങ്ങൾ, ആറ് ജലപാതകൾ, പത്ത് പാലങ്ങൾ, 20 കാർവാനറികൾ (സത്രങ്ങൾ), 36 കൊട്ടാരങ്ങൾ, എട്ട് നിലവറകൾ, 48 പൊതു കുളിപ്പുരകൾ, ഇങ്ങനെ നീണ്ടുപോവുന്നു മിഅ്മാര്‍ സിനാന്റെ വാസ്തുശില്‍പങ്ങള്‍. ഒട്ടോമൻ നഗരങ്ങളെ പൈതൃക സമ്പന്നമാക്കാന്‍ ഇതേക്കാള്‍ കൂടുതല്‍ മറ്റെന്ത് വേണം. 1588 ഏപ്രിൽ 9ന് തൊണ്ണൂറ്റി എട്ടാമത്തെ വയസ്സിൽ ഇസ്താംബുളിൽ, ആ മഹദ് ജീവിതത്തിന് തിരശ്ശീല വീണു.
ബോസ്പറസിലെ ഇളം കാറ്റേറ്റ്, ഡയറിയിൽ ഈ വരികള്‍ ഞാൻ കുത്തിക്കുറിക്കുമ്പോൾ, ഇനി മുസ്‍ലിം ലോകത്ത് ഇത്തരം ഒരു വ്യക്തിത്വം ജനിക്കുമോ എന്ന സംശയമായിരുന്നു എന്റെ ഉള്ളില്‍. ഇനിയും അനേകം മിഅ്മാറുമാര്‍ ഉണ്ടാവട്ടെ എന്നും ഇസ്‍ലാമിക പൈതൃകം കൂടുതല്‍ സമ്പന്നമാകട്ടെ എന്നുമുള്ള പ്രാര്‍ത്ഥനയോടെ ഞാന്‍ എണീറ്റ് നടന്നു, അടുത്ത ലക്ഷ്യത്തിലേക്ക്. അസ്സലാമു അലൈകും യാ മിഅ്മാര്‍, ജസാകുമുല്ലാഹു ഖൈറാ...
Leave A Comment