എന്‍‌.ആര്‍.‌സിക്കെതിരെ പ്രമേയം പാസാക്കി ഝാര്‍ഖണ്ഡ്​ നിയമസഭ
ഭുവനേശ്വര്‍: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍‌.ആര്‍.‌സി) നടപ്പാക്കരുതെന്നാവശ്യപ്പെട്ട്​ ഝാര്‍ഖണ്ഡ്​ നിയമസഭ പ്രമേയം പാസാക്കി. ദേശീയ ജനസംഖ്യ രജിസ്റ്ററി(എന്‍.‌പി.‌ആര്‍)നുള്ള സര്‍വേ 2010ലേതുപോലെ നടത്തണമെന്നും പ്രമേയം കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. പ്രതിപക്ഷമായ ബി.ജെ.പി അംഗങ്ങളുടെ എതിര്‍പ്പിനിടയിലാണ്​ ഹേമന്ത്​ സോറന്‍ സര്‍ക്കാര്‍ മൂന്ന് വരി പ്രമേയം പാസാക്കിയത്​.

എന്‍‌.ആര്‍.‌സിയും എന്‍‌.പി.‌ആറും നടപ്പാക്കരുതെന്ന് എം‌.എല്‍.‌എമാരും രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരും ആവശ്യപ്പെട്ടിരുന്നു. അതാണ്​ ഈ പ്രമേയം പാസാക്കാന്‍​ പ്രേരിപ്പിച്ചതെന്ന്​ ഝാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രിയും പാര്‍ലമെന്‍ററികാര്യ മന്ത്രിയുമായ അലംഗിര്‍ ആലം 'ദി ഹിന്ദു'വിനോട് പറഞ്ഞു.

'സ്വന്തം ജനനത്തീയതി പോലും അറിയാത്ത ആളുകളാണ്​ മിക്കവരും. അവരോടാണ്​ മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും സംബന്ധിച്ച്‌ ചോദിക്കുന്നത്​. ഭൂരിഭാഗം പേര്‍ക്കും ഇതിനൊന്നും ഉത്തരം നല്‍കാന്‍ കഴിയില്ല -മന്ത്രി പറഞ്ഞു. ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കിയപ്പോള്‍ മൗനം പാലിച്ച ബി.ജെ.പി, ഝാര്‍ഖണ്ഡില്‍ ആക്രോശിക്കുകയാണെന്നും ആലം കുറ്റപ്പെടുത്തി.

സിഎഎ, എൻ.ആർ.സി എന്നീ വിവേചന നിയമങ്ങൾക്കെതിരെ ആദ്യമായി പ്രമേയം പാസാക്കിയത് കേരളമായിരുന്നു. തുടർന്ന് പ്രതിപക്ഷ ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter