മഹല്ലുകള്‍ ഉമ്മത്തിന്റെ നവോത്ഥാന തുരുത്തുകള്‍

കേരളത്തിലെ ഇസ്ലാമിക നവോത്ഥാനങ്ങള്‍ക്ക് സഹായകമായ ഏകീകൃത മഹല്ല് സംവിധാനത്തിന്റെ ഗുണഫലം ഇതര സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഗതിവേഗം കൈവരിച്ചിട്ടില്ല. ഇന്ത്യയിലാകമാനം മുസ്ലിം പൊതുബോധവും മുഖ്യധാരയില്‍ മാന്യമായ ഇടവും മുസ്ലിംകള്‍ക്ക് കാലം ആവശ്യപ്പെടുന്നു.

മഹല്ല്, മഹല്ലത്ത് (താവളം) മുസ്ലിംകള്‍ ഇറങ്ങിവരുന്ന, സംഗമിക്കുന്ന സംഘടിതരൂപത്തിന്റെ ആധികാരിക രൂപമാണ് മഹല്ലുകള്‍. വിശുദ്ധ ഇസ്ലാം ലോകത്ത് വികസിതമാവാനും മുസ്ലിംകള്‍ക്ക് നിയോഗമേല്‍ക്കാന്‍ കരുത്തും കാവലുമാകാനും ഇടയായത് മഹല്ല് സംവിധാനം കാരണമാണ്.

ആവിര്‍ഭാവം

നബി (സ) വിശുദ്ധ മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ പ്രാഥമികമായി സ്ഥാപിച്ചത് ഖുബാഇലെ പള്ളിയായിരുന്നു. ഈ പള്ളി ഇപ്പോഴും വലിയ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിധം ഇടതടവില്ലാതെ സഞ്ചാരികളാല്‍ നിബിഢമാണ്. പിന്നീട് നബി (സ) യസ് രിബ് എന്നറിയപ്പെട്ട നഗരിയില്‍ വന്നു. അവിടെ ഒരു പള്ളി നിര്‍മിച്ചു. ഈ നഗരി മദീനത്തുന്നബി എന്ന പേരില്‍ പ്രസിദ്ധമായി. ഇവിടെയാണ് ഇസ്ലാമിക സമൂഹത്തിന്റെ ആധികാരിക കേന്ദ്രമായി പരിവര്‍ത്തിപ്പിച്ചത്. അക്കാരണത്താല്‍ പ്രഥമ മഹല്ല് എന്നോ, ഡയറക്ടറേറ്റ് എന്നോ വിളിക്കാവുന്ന കേന്ദ്രമായി മദീന അറിയപ്പെട്ടു. സംഘടനാ രീതികളില്‍ മഹല്ല് സംവിധാനം വെല്ലാന്‍ പ്രാപ്തിയുള്ള മറ്റൊരു രീതി അറിയപ്പെട്ടിട്ടില്ല. അത്രമേല്‍ സമഗ്രവും സമ്പൂര്‍ണവും പ്രാതിനിധ്യ സ്വഭാവമുള്ളതുമാണ് മഹല്ല് സംവിധാനം. അതോടൊപ്പം എല്ലാ വെല്ലുവിളികളും നേരിടാന്‍ കരുത്തുപകര്‍ന്നതുമാണ് മഹല്ലുകളിലെ ജനകീയ സംഘബോധം.

നവോത്ഥാനം

മുസ്ലിംകള്‍ക്ക് സവിശേഷമായ ചില ശീലങ്ങളും രീതികളുമ ുണ്ട്. ലോകത്ത് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മൂന്ന് ഘടകങ്ങള്‍ നിലനില്‍ക്കുന്നു. 1- നാഗരിക മാറ്റങ്ങള്‍. 2- സാമൂഹിക മാറ്റങ്ങള്‍. 3- സാംസ്‌കാരിക മാറ്റങ്ങള്‍. ഈ യാഥാര്‍ഥ്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് തന്നെ വിശുദ്ധ ഇസ്ലാമിന്റെ ചട്ടക്കൂട്ടില്‍ ഒരു ജനപഥത്തെ ഉറപ്പിച്ചുനിര്‍ത്തി വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന നവോത്ഥാനം സാധ്യമാക്കാന്‍ മഹല്ലുകള്‍ ഇടമൊരുക്കുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്കകം അന്തര്‍ദേശീയ രംഗത്ത് ഇസ്ലാമിന്റെ കുതിപ്പും സ്വീകാര്യതയും സ്വാധീനവും നിര്‍മിക്കാന്‍ മഹല്ലുകള്‍ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. അതോടൊപ്പം സ്വന്തം കാലില്‍ നിന്ന് പ്രബലപ്പെടാനും മഹല്ലുകള്‍ പ്രാപ്തമാക്കുന്നു. 
ചില മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും, ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ലോകത്തിലെ മഹാഭൂരിപക്ഷം മുസ്ലിംകള്‍ നിലനിന്നതും വളര്‍ന്നതും സ്വാശ്രയരംഗത്ത് മികവാര്‍ന്ന ഇടം കണ്ടെത്തിയതു കൊണ്ടാണ്. മത-ഭൗതിക വളര്‍ച്ചക്കാക്കം കൂട്ടുന്ന സംഘബോധവും സാമ്പത്തികവും സ്വാശ്രയരംഗത്ത് സമാഹരിച്ചാണ് മുസ്ലിം നവോത്ഥാനം സാധിച്ചെടുത്തത്.

മഹല്ലുകള്‍ കേരളത്തില്‍

ആറായിരത്തിലധികം മഹല്ലു ജമാഅത്തുകളും അഞ്ഞൂറോളം അനാഥാലയങ്ങളും, അത്രതന്നെ അറബിക് കോളജുകളും പതിനായിരത്തിലധികം പ്രാഥമിക മദ്റസകളും നിരവധി ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ഇതിനകം കേരള മുസ്ലിംകള്‍ക്ക് നേടാനായത് മഹല്ല് സംവിധാനത്തിന്റെ ഉള്‍ക്കരുത്തുപയോഗപ്പെടുത്തിയാണ്. ഇങ്ങനയേ മുസ്ലിംകള്‍ക്ക് അവരുടെ നിയോഗങ്ങള്‍ ഏല്‍ക്കാനുള്ള ചുമലുറപ്പ് നേടാനാവൂ എന്ന മദീനയുടെ പാഠമാണവര്‍ പകര്‍ത്തിയത്. 
ഇസ്ലാമിന്റെ ആവിര്‍ഭാവഘട്ടത്തില്‍ തന്നെ തികച്ചും അന്യമായ ഒരു പ്രദേശത്ത് അന്യമായ ഒരു ജനതയില്‍ ഇസ്ലാമിനെ അടുത്തറിയാനും, ഉപയോഗപ്പെടുത്തി ഗുണഫലങ്ങള്‍ അനുഭവിക്കാനും ഇടയായത് മഹല്ലുകള്‍ എന്ന ആധികാരിക വേദികള്‍ മുഖേനയാണ്. നമ്മുടെ വികസന ഗ്രാഫിന്റെ സുപ്രധാന വികസനത്തിന് സഹായകമായതും മഹല്ലുകള്‍ തന്നെ. ഉമ്മത്തിന്റെ കരുത്താണ് വാസ്തവത്തില്‍ ഓരോ മഹല്ലുകളും. ആറായിരത്തിലധികം മുസ്ലിം വീടുകളുള്ള വലിയ മഹല്ലുകളും അറുപതില്‍ താഴെയുള്ള ചെറിയ മഹല്ലുകളും കേരളത്തിലുണ്ട്.

മഹല്ലുകളുടെ കൂട്ടായ്മ

1926 ല്‍ രൂപം കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ചു പ്രവര്‍ത്തനമണ്ഡലങ്ങള്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ നിലവില്‍ വന്നു. 1976 ല്‍ തിരൂര്‍ താലൂക്കിലും 1977 ല്‍ മലപ്പുറം ജില്ലയിലും ഈ ഘടകം നിലവില്‍ വന്നിരുന്നു. കാലം ഉയര്‍ത്തുന്ന ചില സവിശേഷ വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുള്ള കരുത്തായിരുന്നു സംഘടനാ രൂപീകരണ പശ്ചാത്തലം. 

മഹല്ലുകള്‍ ഐക്യത്തിന്റെ പ്രതീകമായിരുന്നു. നമ്മുടെ പള്ളികള്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം തന്നെ ഏകത്വമാണ്. വിശ്വാസ-കര്‍മ-സംഘടനാരീതികളൊക്കെ ഒരുപോലെയാവുക. ഈ മഹത്തായ സൗന്ദര്യബോധം കാത്തുസൂക്ഷിച്ച ആധികാരിക സ്ഥാപനങ്ങളാണ് പള്ളികളും മഹല്ലുകളും. മുസ്ലിം ഉമ്മത്തിന്റെ കരുത്തിന്റെ കേന്ദ്രങ്ങള്‍ ദുര്‍ബലപ്പെടുന്ന സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ സാത്വികപണ്ഡിതരും സാദാത്തുക്കളും കൂടിയാലോചിച്ച് മതപരമായ ധര്‍മനിര്‍വഹണം എന്ന നിലക്ക് കൂടിയാണ് സംഘടന രൂപീകരിച്ചത്. 

ഭരണഘടന പത്ത് ഉദ്ദേശ്യലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യുന്നത്. അത് നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. 

ഒന്ന്: ആശയപ്രചാരണവും ആദര്‍ശവ്യതിയാന പ്രതിരോധവും. മഹല്ലുകള്‍ അടിസ്ഥാനപരമായി നിര്‍വഹിക്കേണ്ട ധര്‍മം ദഅ്വത്താണ്. ഒരു ജുമുഅത്ത് പള്ളിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മുസ്ലിംകളില്‍ യഥാര്‍ഥ തൗഹീദ് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. അതോടൊപ്പം വിശുദ്ധ ഇസ്ലാമിന് അന്യമായ വ്യാജവിശ്വാസങ്ങളും വിശ്വാസവൈകല്യങ്ങളും വരാതെ കാത്തുസൂക്ഷിക്കേണ്ടതും ഉണ്ട്. സമുദായത്തിന്റെ ഐക്യവും ആത്മീയാരോഗ്യവും പരമപ്രധാനമാണ്. ഈ സുപ്രധാന ചുമതലകള്‍ മഹല്ല് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ നിര്‍വഹിക്കപ്പെടണം. 

രണ്ട്: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക മദ്റസകള്‍ സ്ഥാപിച്ചും പള്ളിദര്‍സുകള്‍, അറബിക് കോളജുകളിലേക്ക് പഠിതാക്കളെ ശേഖരിച്ചും മതവിജ്ഞാന ശേഷി നിലനിര്‍ത്തിവരുന്നത് മഹല്ലുകളിലൂടെയാണ്. വിജ്ഞാനീയത്തിന്റെ ആദ്യാക്ഷരം അഭ്യസിക്കുന്ന മദ്റസകള്‍ സ്ഥാപിച്ച് കേരള മുസ്ലിംകള്‍ വിശുദ്ധ ഇസ്ലാമിന്റെ ജൈവസാന്നിധ്യം പുഷ്പിക്കാന്‍ ഇടം കണ്ടെത്തിയത് മഹല്ല് സംവിധാനം വഴിയാണ്. ഭൗതിക വിദ്യാഭ്യാസത്തിന് പരിഗണനയും പ്രാധാന്യവം കല്‍പ്പിക്കാനും മഹല്ലുകള്‍ക്ക് പ്രചോദനം നല്‍കാന്‍ വിശ്വാസികളെ പ്രാപ്തമാക്കാനും മഹല്ല് സംവിധാനം ഉപയോഗപ്പെടുത്താന്‍ ഭരണഘടന നിര്‍ദേശിക്കുന്നു.

ധാര്‍മികതകള്‍

എത്ര അടക്കാന്‍ ശ്രമിച്ചാലും കടന്നുവരുന്ന സദാചാരലംഘനങ്ങള്‍, ധൂര്‍ത്ത്, ആര്‍ഭാടം, വ്യാജ വിശ്വാസങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ഛിദ്രതകള്‍, കുടുംബലഹളകള്‍, മദ്യാസക്തി തുടങ്ങി സമൂഹത്തിന്റെ ആത്മീയ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന തിന്മകള്‍ കടന്നുവരാതിരിക്കാന്‍ ശക്തിയായ പ്രീമാരിറ്റിക് കോഴ്സുകള്‍, വയോജന പഠനക്ലാസുകള്‍, കുടുംബ സംഗമങ്ങള്‍ തുടങ്ങിയവയിലൂടെ മഹല്ലുകളെ സംസ്‌കരിച്ചെടുക്കുന്നു. നവതലമുറയില്‍ പ്രകടമായി കാണുന്ന അച്ചടക്കലംഘനങ്ങള്‍, അനിയന്ത്രിതാവസ്ഥകള്‍, മരവിപ്പ്, മുരടിപ്പ്, സമൂഹവുമായി രാജിയാവുന്ന നിഷ്‌ക്രിയത്വം, വിശ്വാസം വിപണനവസ്തുവാക്കുന്ന സ്ഥിതിവിശേഷം തുടങ്ങിയ സമുദായത്തിന്റെ പ്രബലത നശിപ്പിക്കുന്ന തിന്മകള്‍ക്കെതിരില്‍ മതിയായ കവചമൊരുക്കുന്നത് മഹല്ലുകളാണ്. 

നാല്: സാമൂഹിക കടമകള്‍: പാരമ്പര്യത്തിന്റെ ഉദാത്ത ദര്‍ശനങ്ങള്‍ വിളംബരപ്പെടുത്തിയ വിശുദ്ധ ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങള്‍ പ്രവൃത്തിപഥത്തിലൂടെ സക്രിയമാക്കുന്നു. രോഗിസന്ദര്‍ശനം, മയ്യിത്ത് സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിരവധി സേവനങ്ങള്‍ ഇതൊക്കെ മഹല്ലിന്റെ കര്‍മപദ്ധതിയില്‍ ഇടം പിടിക്കുന്നു. ധാരാളം മഹല്ലുകളില്‍ പലിശരഹിത ബാങ്കിങ് (സമാന്തരം) പ്രവര്‍ത്തിക്കുന്നു. നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യമൊരുക്കുന്നു. ഭവനനിര്‍മാണം നടക്കുന്നു. സേവനങ്ങളുടെ പറുദീസയായി മഹല്ലുകള്‍ വളരുകയാണ്.

നാഷനല്‍ കോണ്‍ഫറന്‍സ്

കേരളത്തിലെ ഇസ്ലാമിക നവോത്ഥാനങ്ങള്‍ക്ക് സഹായകമായ ഏകീകൃത മഹല്ല് സംവിധാനത്തിന്റെ ഗുണഫലം ഇതര സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഗതിവേഗം കൈവരിച്ചിട്ടില്ല. ഇന്ത്യയിലാകമാനം മുസ്ലിം പൊതുബോധവും മുഖ്യധാരയില്‍ മാന്യമായ ഇടവും മുസ്ലിംകള്‍ക്ക് കാലം ആവശ്യപ്പെടുന്നു. 
അധമാവസ്ഥയില്‍ നിന്ന് ഉടമാവസ്ഥയിലേക്കും, നിരുത്തരവാദിത്വത്തില്‍ നിന്ന് ഉത്തരവാദിത്വത്തിലേക്കും നിഷ്‌ക്രിയത്വത്തില്‍ നിന്ന് സക്രിയത്വത്തിലേക്കും അവരെയും കൂടി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഈ ഭാരിച്ച വെല്ലുവിളി അഭിമുഖീകരിക്കാനുള്ള ചരിത്രപരമായ നിയോഗം സംസ്ഥാന സുന്നി മഹല്ല് ഫെഡറേഷന്‍ ഏറ്റെടുക്കുകയാണ്. 26,27 തിയതികളില്‍ തൃശൂര്‍ ദേശമംഗലം വാദീഖുബയില്‍ ആ സ്വപ്നം ഇന്‍ശാ അല്ലാഹ് പൂവണിയും.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter