സര്‍വലോക മുതലാളിമാരെ സംഘടിക്കുവീന്‍. ഒരു ലോക മുതലാളിദിനം പ്രഖ്യാപിക്കുവീന്‍!
ഇന്ന് മെയ് ഒന്ന്. ലോകതൊഴിലാളി ദിനം. രാവിലെ എണീറ്റ് ചായകുടി കഴിഞ്ഞ് പഴയ ഒരു സുഹൃത്തിനെ വിളിച്ചതായിരുന്നു. സംസാരം പെട്ടെന്ന് ഇന്നത്തെ ദിനത്തിലുടക്കി. തൊഴിലാളി ദിനം ആഘോഷിക്കുന്നത് നിര്‍ത്തി ഇനി മുതലാളിമാര്‍ ഏതെങ്കിലും ദിനം പ്രഖ്യാപിക്കേണ്ട കാലമായിരിക്കുന്നുവെന്ന് അവന്‍. അപ്പറഞ്ഞത് എനിക്ക് മനസ്സിലായില്ല. അവന്‍ വിശദീകരിച്ചു തുടങ്ങി.
നോക്ക്. തൊഴിലാളികള്‍ക്ക് തങ്ങളുടെ അവകാശം ലഭിക്കുന്നില്ലെന്നും ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും പറഞ്ഞല്ലോ പണ്ട് ചിക്കാഗോയില്‍ ഈ സമരം നടന്നത്. അതിന്‍റെ ഓര്‍മക്കാണല്ലോ ലോകമൊട്ടുക്കും എല്ലാ വര്‍ഷവും മെയ് ഒന്നിന് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്.
ശരി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അന്ന് ശബ്ദിച്ചത് തെറ്റെന്നാണോ നീ പറയുന്നത്. അടുത്ത കാലത്ത് നടന്ന ഒക്കുപൈ വാള്‍സ്ട്രീറ്റ് വിപ്ലവത്തെ കുറിച്ചും നിനക്ക് ഇത് തന്നെയാണോ അഭിപ്രായം?
അല്ലടോ. സമരം നടത്തിക്കഴിഞ്ഞപ്പോള്‍ പിന്നെ ഒരു ദിവസത്തെ മൂന്നായി പകുത്തു പുതിയ ലോകക്രമം വന്നു. തൊഴിലിടങ്ങളെല്ലാം പുതിയ ടൈംടേബിളിലേക്ക് മാറുകയും ചെയ്തു. 8 മണിക്കൂര്‍ തൊഴിലെടുക്കാനും 8 മണിക്കൂര്‍ വിനോദത്തിനും ബാക്കിയുള്ളത് ഉറക്കത്തിനും വിശ്രമത്തിനും.
അതെ, ശരിയാണ്. ഇതൊന്നും വേണ്ടായിരുന്നാണോ നീ പറയുന്നത്. എടാ നമ്മളൊക്കെ തൊഴിലാളികള്‍ തന്നെയാണെന്ന ബോധം വേണം നിനക്ക്. ഇത് നമ്മള്‍ കൂടെ ആഘോഷിക്കേണ്ട ദിനമാണ്.
അതില്ലാഞ്ഞിട്ടല്ലടാ. പക്ഷെ ഇടയ്ക്ക് നമ്മളും മുതലളിമാരാകാറില്ലേ. ഒന്നോ രണ്ടോ പേരെ വല്ല ജോലിക്കും വീട്ടില്‍ കൂലിക്ക് വിളിക്കാറില്ലെ. വല്ല തോട്ടം കൊത്താനോ മരം വെട്ടാനോ പെയിന്‍റ് അടിക്കാനോ. അങ്ങനെ എന്തിനെങ്കിലും. അപ്പോഴാണ് തൊഴിലാളി ദിനത്തിന്‍റെ അസാംഗത്യം ശരിക്കും ബോധ്യപ്പെട്ടു തുടങ്ങുക. പറഞ്ഞ സമയം കൃത്യമായി പണിയെടുക്കുന്നില്ല പലരും. എപ്പോഴെങ്കിലും വരുന്നു. കുറച്ചെന്തെങ്കിലും പണിയെടുക്കുന്നു. കൂലി കൃത്യമായി വാങ്ങിച്ചു പോകുകയും ചെയ്യുന്നു. (ആ സമയത്ത് നമ്മുടെ ജോലിയിടങ്ങളില്‍ നാം സ്വയം കാണിക്കുന്ന മടിയെ കുറിച്ച് തത്കലാം മറക്കുന്നുവെന്നത് വേറെ കാര്യം)
ചെയ്യുന്ന ജോലി അന്യന് വേണ്ടിയായണെങ്കിലും അതില്‍ ആത്മാര്‍ഥത കാണിക്കാതെ അവനെ തൊഴിലാളിയെന്ന് വിളിക്കാന്‍ പറ്റുമോടോ. പണ്ട് തൊഴിലാളിയോടുള്ള ബന്ധത്തിന്‍റെ കാര്യത്തില്‍ മുതലാളി ആത്മാര്‍ഥ കാണിക്കില്ലെന്നും തൊഴിലാളിയെ ഒരു യന്ത്രം പോലെ കണക്കാക്കുന്നുവെന്നും പറഞ്ഞാണല്ലോ ഈ ദിനം ഉണ്ടാക്കിയതും ആഘോഷിച്ചു പോരുന്നതും. ഇന്നിപ്പോള് തങ്ങളുടെ തൊഴിലിന് അത്യാവശ്യമായി വേണ്ട ആത്മാര്‍ഥ കാണിക്കാത്തവരാണ് നമ്മളടക്കമുള്ള പല തൊഴിലാളികളും. അപ്പോ പിന്നെ ഇനി നടത്തേണ്ടത് തൊഴിലാളി ദിനമോ അതോ മുതലാളി ദിനമോ. നീ തന്നെ പറ.
സംഗതിയുടെ ഗുട്ടന്‍സ് അപ്പോഴാണ് ഓടിത്തുടങ്ങിയത്. അത് ശരിയാണെന്ന് സ്വന്തം അനുഭവത്തിലും തോന്നിയിട്ടുണ്ട്. വൈറ്റ്കോളര്‍ തൊഴിലാളികള്‍ മുതല്‍ സാധാ കൂലിപ്പണിക്കാരില്‍ വരെ ഈ ആത്മാര്‍ഥതയില്ലായ്മ കണ്ടു വരുന്നു. തന്‍റെ ശമ്പളത്തോട് പോലും അര്‍ഹിച്ച രീതിയില്‍ നീതി പുലര്‍ത്താത്തവരാണ് നമ്മിലെ പല തൊഴിലാളികളും. അല്ലേ?
*** *** ***
തൊഴിലിന് ഇസ്‌ലാം നല്‍കുന്ന പ്രധാന്യമുണ്ട്. തൊഴിലാളിക്കും. വിയര്‍പ്പു വറ്റുന്നതിന് മുമ്പ് അവന് കൂലി കുൊടുക്കണമെന്ന് മുതലാളിയോട് മതം നിര്‍ദേശിച്ചതിന്‍ പിന്നിലെ കാരണം ആ പവിത്രതയാണ്. തൊഴില്‍ ചെയ്ത് സമ്പാദിച്ച് ജീവിതം മുന്നോട്ട് നയിക്കാന് തന്നെയാണ് മതം ആവശ്യപ്പെടുന്നത്. തനിക്ക് ജീവിക്കാന്‍ വകുപ്പില്ലെന്ന് പറഞ്ഞ് ഒരാള്‍ പുണ്യനബിയുടെ സവിധത്തില്‍ വന്ന ചരിത്രമുണ്ട്. നബി ഒരു മഴു വാങ്ങിക്കൊടുത്ത് അതുപയോഗിച്ച് ജോലിയെടുത്ത് ജീവിച്ചോളാന്‍ അയാളോട് ആവശ്യപ്പെട്ടു.
സമ്പാദ്യമുണ്ടാക്കുക എന്നതല്ല തൊഴിലിന് ഇസ്‌ലാം അടിസ്ഥാന പരമായി കാണുന്ന ലക്ഷ്യം. അങ്ങനെയായിരുന്നുവെങ്കില്‍ പലിശയെ മതം നിരോധിക്കുമായിരുന്നില്ലല്ലോ. വെറുതെ കൂടിക്കൂടി വരുന്ന ഈ സമ്പാദന രീതിയെ മതം നിഷിദ്ധമാക്കി അവതരിപ്പിക്കുന്നു.
എന്നാല്‍ പുതിയ കാലത്ത് നമ്മുടെ ചിന്തയാകെ മാറിയിരിക്കുന്നു. എത്രയും പെട്ടെന്ന് കാശുണ്ടാക്കുന്ന മാര്‍ഗങ്ങളെ കുറിച്ച് മാത്രമാണ് നമ്മുടെ ആലോചന. മണിചെയിനുകളും മറ്റും നമ്മുടെ പരിസരത്താണല്ലോ ഇത്ര ശക്തിപ്പെട്ട് തഴച്ച് വളര്‍ന്നത്. തട്ടിപ്പുകളാണെന്ന് മാധ്യമങ്ങള് വിളിച്ചുപറഞ്ഞിട്ടും പുതിയ ഒന്ന് വരുമ്പോഴും അതില്‍ നമ്മള്‍ പെട്ടുപോകുന്നു. സാമ്പത്തികമായി ബന്ധപ്പെട്ട എത്രയെത്ര തട്ടിപ്പുകളാണ് ഈയടുത്ത് കാലത്ത് കേരളത്തില്‍ പുറത്തുവന്നത്. തൊഴിലിനോടുള്ള ശരാശരി മലയാളിയുടെ സമീപനം ഇതില് തന്നെ പ്രകടമാണ്.
ചില അധ്യാപകരുണ്ട്. അധ്യാപനം സൈഡും മെയിനായിട്ട് മറ്റെന്തിങ്കിലും പണിയും നോക്കുന്നവര്‍. അധ്യാപനത്തെ ഒരുദാഹരണമായി മാത്രം എണ്ണിയതാണ്. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. സ്വത്തുണ്ടാക്കുന്നതിന് അവനവന് തന്‍റെ ബുദ്ധി മാക്സിമം ഉപയോഗിക്കാം. അതിന് വിരോധമൊന്നുമില്ല. അത് പക്ഷെ മറ്റുള്ളവരുടെതായി നിറവേറ്റേണ്ട ബാധ്യതകളെ പുറം കാല് കൊണ്ട് തള്ളിമാറ്റിയാവരുതെന്ന് മാത്രമെ ഈ കുറിപ്പ് പറയുന്നുള്ളൂ. അല്ലെങ്കിലും എത്രയും സമ്പാദിക്കുന്നുവോ അത്രയും അത്യാവശ്യമാകുന്ന കാലമാണ് ഇനി നമുക്ക് മുന്നില്‍ വരാനുള്ളത്.
ജീവിതവും തൊഴിലുമെല്ലാം രണ്ടാക്കി മാറ്റിയത് വ്യാവസായിക വിപ്ലവവും അതെതുടര്‍ന്ന് വന്ന സമരങ്ങളും മറ്റുമെല്ലാം ചേര്‍ന്നാണ്. ജീവിതത്തെ തൊഴില്‍ എന്നും വിനോദമെന്നും രണ്ടായി തിരിച്ചുവെന്നതാണ് അത് നടത്തിയ ഏറ്റവും വലിയ അപരാധമെന്ന് തോന്നുന്നു. അതോടെ പിന്നെ തൊഴിലിനോടുള്ള മനുഷ്യന്‍റെ ആത്മാര്‍ഥക്ക് കോട്ടം തട്ടിത്തുടങ്ങി. തൊഴില്‍ പിന്നെ സ്വത്ത് സമ്പാദിക്കാനുള്ള ഒരു മാര്‍ഗം മാത്രമായി. അതുകഴിഞ്ഞുള്ള വിനോദത്തിന് വേണ്ടി മാത്രം തൊഴിലെടുക്കുക എന്ന ഒരു സ്വഭാവം മനുഷ്യനില്‍ വന്നുപെട്ടു. രാവിലെ മുതല്‍ വൈകീട്ട് വരെ തൊഴിലെടുക്കുകയും വൈകുന്നേരം അതപ്പടി കള്ളുഷാപ്പില് കൊടുക്കുകയും ചെയ്തിരുന്ന ഏര്‍പ്പാടില്ലേ. മേല്‍പറഞ്ഞ ആഗോള മനോഭാവത്തിന്റെ നമ്മുടെ പരിസരത്തു കണ്ടുവന്ന പ്രാദേശിക രൂപമെന്ന് അതെ കുറിച്ച് പറയാം.
നേരത്തെ പലകുടുംബങ്ങളിലും കുലത്തൊഴില്‍ സമ്പ്രദായമായിരുന്നു. അതൊരു തൊഴില് എന്നതിലുപരി അവരെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെയായിരുന്നു. വ്യാവസായിക വിപ്ലവത്തിന് ശേഷം കുലത്തൊഴില്‍ സമ്പ്രദായത്തിന് പോലം കോട്ടം തട്ടിയതിനെ ഈ ആത്മാര്‍ഥതക്കുറവിന്‍റെ ലെന്‍സിലൂടെ വായിച്ചെടുക്കാമെന്ന് തോന്നുന്നു.
എന്നാല്‍ തൊഴിലിടത്തെ ജീവിതത്തോടും ആരാധനയോടും ചേര്‍ത്ത് തന്നെയാണ് ഇസ്‌ലാം അവതരിപ്പിച്ചത്. കുടുംബത്തിനെ ഭക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ തൊഴിലെടുക്കുന്നത്ത അല്ലാഹുവിന്‍റെ മാര്‍ഗത്തില് യുദ്ധം ചെയ്യുന്നതിനോളം പുണ്യകരമാണെന്ന തരത്തില്‍ വരെ പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. അതായത് തൊഴിലിനെയും ജീവിതത്തെയും ആരാധനയെയുമെല്ലാം വെവ്വേറെ കാണുകയല്ല വേണ്ടത് എന്നര്‍ഥം. മുതലാളിക്ക് തൊഴിലാളിയില് നിന്ന് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഇഹയാഉലൂമിദ്ദീനില് ഗസാലി ഇമാം വിശദീകരിക്കുന്നുണ്ട്. ആത്മാര്‍ഥതയും സത്യസന്ധതയും പോലുള്ള ഗുണങ്ങളെ തന്നെയാണ് ഇഹയാ കാര്യമായി എടുത്തു പറയുന്നതും.
അല്ലെങ്കിലും ലോകത്ത് തൊഴിലിനെ കുറിച്ച് സമ്പൂര്‍ണമായ ഒരു തത്വം അവതരിപ്പിച്ചത് ഇസ്‌ലാം തന്നേയാണെന്ന് തോന്നുന്നു. തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ പോലും ഉപകരണങ്ങളെയും ആയുധങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് തൊഴിലിനെയും തൊഴിലാളിയെയും വിശദീകരിക്കുന്നത്. സാമ്പത്തിക നേട്ടം ഒരു വ്യക്തിക്ക് പരിമിതമാക്കണോ അത് പല വ്യക്തികള്‍ക്കുമായി പൊതുവാക്കണോ എന്നത് മാത്രമാണ് അടിസ്ഥാനപരമായി കാപിറ്റലിസവും കമ്മ്യൂണിസവും തമ്മിലുള്ള വ്യത്യാസം. എന്നാല്‍ അല്ലാഹുവിനെയും പരലോകത്തെയും മുന്‍നിര്‍ത്തിയാണ് മറ്റെല്ലാത്തിനെയുമെന്ന പോലെ തൊഴിലിടത്തെയും ഇസ്‌ലാം വീക്ഷിക്കുന്നത്. അത് കൊണ്ട് ചില നിയമങ്ങളുടെയും തൊഴിലാളി ദിനങ്ങളുടെയും രൂപീകരണം എന്നതിലുപരി അടിസ്ഥാനപരമായി മനുഷ്യത്വപരതയിലൂന്നിയാണ് മതം ഇത്തരം വിഷയങ്ങളെ ചര്‍ച്ചക്കെടുക്കുക.
ഭൂമിയിലെ മുഴുവന്‍ അസംസ്കൃത വസ്തുക്കളെയും പരമാവധി ചൂഷണം ചെയ്തു ഉപയോഗിക്കുന്ന കാപിറ്റലിസം അതിന് കീഴിലെ തൊഴിലാളികളെയും അതേ പടി ചൂഷണം ചെയ്യുമെന്നത് തീര്‍ച്ചയാണ്. അതിനെതിരെയുളള തൊഴിലാളിയുടെ പ്രതിഷേധം തൊഴിലിടത്തിലുള്ള തന്‍റെ ആത്മാര്‍ഥക്കുറവായിട്ടെങ്കിലും പുറത്തുവരുന്നതും സ്വാഭാവികം. അതു കൊണ്ട് അടിസ്ഥാന പരമായി വേണ്ടത് രേഖപ്പെടുത്തപ്പെട്ട കുറെ നിയമങ്ങളല്ല. മറിച്ച അതനുസരിച്ചുള്ള മനുഷ്യ മനസ്സിന്‍റെ വികാസമാണ്. അത് ഇസ്‌ലാം വേണ്ടുവോളം സാധ്യമാക്കുന്നുണ്ട്. അതുള്‍ക്കൊള്ളാന്‍ വിശ്വാസികളെങ്കിലും തയ്യാറാകണമെന്ന് മാത്രം.
‘നിങ്ങളുടെ കൃഷിയിടത്തിലെ ധാന്യം പക്ഷിപ്പറവകള്‍ കൊത്തിത്തിന്നുന്നതു വഴിയുള്ള നഷ്ടം നിങ്ങളെ വേദനിപ്പിക്കരുത്. കാരണം പരലോകത്തെ എക്കൌണ്ടിലേക്ക് അത് വലിയ ഒരു ലാഭമുതലായി മാറുമെന്നുമുള്ള’ മതാധ്യാപനത്തെ ഈയൊരു തരത്തിലാണ് നാം മനസ്സിലാക്കേണ്ടത്.
മന്‍ഹര്‍ യു.പി കിളിനക്കോട്
അഭിപ്രായങ്ങള്‍ ലേഖകന്‍റേത്. മെയില്‍ ഐഡി: manharup@gamil.com



Leave A Comment