ഹജ്ജ് വിശ്വാസിയില്‍ സൃഷ്ടിക്കുന്ന മാനസിക മാറ്റങ്ങള്‍
ഓരോ വര്‍ഷവും ലോകത്താകമാനമുള്ള കോടിക്കണക്കിന് മുസ്‍ലിംകളാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി മക്കയിലെത്തുന്നത്. ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണെങ്കിലും ഹജ്ജ് ചിലപ്പോഴൊക്കെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മതവുമായി ബന്ധപ്പെട്ടുണ്ടാവുന്ന സംഘര്‍ഷങ്ങള്‍ വ്യാപകമായ ഇക്കാലത്ത് പ്രത്യേകിച്ചും. ജൂലൈ ഏഴിന് ലണ്ടന്‍ പബ്ലിക് ട്രാന്‍സ്‍പോട്ട് സിസ്റ്റത്തിന് ബോംബു വെച്ച ഏഴുപേരും 9/11 ആക്രമണത്തിന് ഉത്തരവാദിയായവരില്‍ പലരും ഹജ്ജ് നിര്‍വഹിച്ചവരായിരുന്നു. ഹജ്ജ് അവരുടെ മതാന്ധതക്ക് ആക്കം കൂട്ടിയിട്ടുണ്ടാവില്ലേ? വിവിധ രാജ്യക്കാരായ ഇരുപത് കോടിയിലധികം വരുന്ന ആബാലവൃദ്ധം മുസ്‍ലിംകള്‍ വര്‍ഷാവര്‍ഷം ഒത്തുചേരുന്ന കഅ്ബാ പരിസരം മതതീവ്രവാദത്തിന്റെ വലിയൊരു ഊട്ടുപുരയാവാന്‍ സാധ്യതയില്ലേ?
ഹജ്ജ് ഹുജ്ജാജില്‍ ഉണര്‍ത്തുന്ന യഥാര്‍ത്ഥ വികാരം എന്തായിരിക്കും?
ഹാര്‍വാഡ് യൂനിവേഴ്‍സിറ്റിയിലെ ഗവേഷകരായ ക്വാജ, ക്രിമര്‍ എന്നിവരും കെയ്സ് വെസ്റ്റേണ്‍ റിസര്‍വ് യൂനിവേഴ്‍സിറ്റിയിലെ ക്ലിഞ്ചിങ് സ്മിത്തും ഇതു കണ്ടെത്താന്‍ തീരുമാനിച്ചു. 2006 ജനുവരിയില്‍ ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ പാക്കിസ്ഥാനി ഹാജിമാരെയാണ് അവര്‍ പഠന വിധേയമാക്കിയത്. ഹജ്ജിന് അനുമതി ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ അവസരം ലഭിച്ചവരും ലഭിക്കാത്തവരും തമ്മിലുള്ള താര്യതമ്യം നിരീക്ഷിച്ചായിരുന്നു പഠനം.
നിസ്‍കാരം, നോമ്പ് തുടങ്ങിയ ഇസ്‍ലാമിക അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള താല്‍പര്യം, മുസ്‍ലിം ലോകത്തോടുള്ള ഇടപെടല്‍ എന്നിവയോടൊപ്പം മുസ്‍ലിംകള്‍ക്കും അമുസ്‍ലിംകള്‍ക്കുമിടയില്‍ സമാധാനവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനുള്ള താല്‍പര്യവും ഹജ്ജ് കാരണമായി വര്‍ധിക്കുന്നുവെന്നായിരുന്നു പഠന ഫലം. സ്ത്രീകള്‍ക്കെതിരെയുള്ള മുന്‍വിധിയില്‍ ചെറുതല്ലാത്ത മാറ്റവും പല ഹാജിമാരിലും പ്രകടമായി.
അല്‍പം വിസ്തരിച്ചു തന്നെ പറയാം.
നീരീക്ഷണത്തിന് ഉപയോഗിച്ച ചില കണക്കുകളും വിവരങ്ങളും തന്നെയാവാം ആദ്യം. ഹജ്ജിനായുള്ള അസാമാന്യ ജനപ്രവാഹം മൂലം പാക്കിസ്ഥാനടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ക്ക് നിശ്ചിത എണ്ണം ഹജ്ജ് വിസ മാത്രമേ സഊദി അനുവദിക്കുന്നുള്ളൂ. പാക്കിസ്ഥാന് അനുവദിക്കപ്പെട്ടിട്ടുള്ള വിസയില്‍ 90,000 ഗവണ്‍മെന്റ് ക്വോട്ടയിലും 60,000 സ്വകാര കമ്പനികള്‍ക്കുമാണ്. ബാഹ്യ ഇടപെടലുകളില്ലാത്ത ഭാഗ്യ പരീക്ഷണമായാണ് ഗവണ്‍മെന്റ് ക്വാട്ടയിലേക്കുള്ള തെരഞ്ഞെടുപ്പ് ഗവേഷകര്‍ക്ക് അനുഭവപ്പെട്ടത്. ഗവേഷണത്തിനായി പഠന വിധേയമാക്കിയത് ഈ ഭാഗ്യ പരീക്ഷണത്തിന് മുതിര്‍ന്നവരെ ആയിരുന്നു. ഹജ്ജ് ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹം ഓരോ അപേക്ഷകനുമുണ്ടായിരുന്നുവെന്ന് വ്യക്തം. എന്നാല്‍ പലരുടെയും ആഗ്രഹം പൂവണിയാതെ പോയി.
ഗവണ്‍മെന്റ് ക്വാട്ടയില്‍ ഹജ്ജിനപേക്ഷിച്ചവരെ കണ്ടെത്തിയാല്‍ ഹജ്ജ് ചെയ്തവരും ചെയ്യാനുള്ള അത്യാഗ്രഹത്തോടെ കാത്തിരിക്കുന്നവരും തമ്മിലുള്ള താരതമ്യം എളുപ്പമാകുമായിരുന്നു. ഒടുവില്‍ 1605 ആളുകളോട് അഭിമുഖം നടത്തിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. മത ജ്ഞാനം, മതബോധം തുടങ്ങി ബിസിനസും ജോലിയും വരെ നീളുന്ന വലിയൊരു ചോദ്യവലി ഓരോരുത്തര്‍ക്കും നേരിടാനുണ്ടായിരുന്നു. വിസ്‍മയകരമായിരുന്നു ഗവേഷണ ഫലം. ഹജ്ജിനെ വേണ്ട വിധം മനസ്സിലാക്കാത്തവര്‍ക്കുള്ള ചുട്ട മറുപടിയുമായിരുന്നു അത്.
അന്യ നാട്ടുകാരോടും വംശീയ വിഭാഗങ്ങളോടും വിഭാഗങ്ങളോടും ഇതര മതസ്ഥരോടും തികഞ്ഞ സൌഹ്യദമാണ് ഹാജിമാര്‍ കാണിച്ചത്. പൊതുവെ സമാധാന കാംക്ഷികളായിരുന്നു എല്ലാവരും. ഇതര രാജ്യങ്ങളെ കുറിച്ച് ഹജ്ജിന് മുമ്പുണ്ടായിരുന്നതിനേക്കള്‍ 33% മികച്ച അഭിപ്രായമാണ് അവര്‍ക്കുണ്ടായിരുന്നത്. ഇന്ത്യയുമായി സൌഹൃദത്തിലാവന്നതില്‍ കൂടുതല്‍ താല്‍പര്യമായിരുന്നു എല്ലാവര്‍ക്കും. നേരത്തേതിനേക്കാള്‍ 22% ആളുകള്‍ വിവിധ മതാനുയായികള്‍ തുല്യരാണെന്ന അഭിപ്രായക്കാരായി. അമുസ്‍ലിംകള്‍ക്ക് പങ്കെടുക്കാന്‍ പോലും അനുമതിയില്ലാത്ത ചടങ്ങാണ് ഹജ്ജെന്നിരിക്കെ വളരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ഈ അഭിപ്രായം. മുസ്‍ലിം ലോകം എന്നതിനപ്പുറം സര്‍വ ലോകത്തോടും സഹിഷ്‍ണുതയോടെ വര്‍ത്തിക്കണമെന്ന ഹാജിയുടെ വിശാല താല്‍പര്യത്തെയായിരിക്കാം ഇത് കാണിക്കുന്നത്.
- വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം, പാശ്ചാത്യ ലോകത്തെ കുറിച്ചുള്ള ഇവരുടെ വിരുദ്ധ കാഴ്ചപ്പാടിനോ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തണമെന്ന തീവ്രമായ ആഗ്രഹത്തിനോ ഹജ്ജ് മുഖേന വളര്‍ച്ച ഉണ്ടായിട്ടില്ല എന്നുള്ളതാണ്. ഹജ്ജ് പാശ്ചാത്യ വിരുദ്ധതക്കും രാഷ്ട്രീയ തീവ്രതക്കും കാരണമാവുന്നു എന്ന അഭിപ്രായത്തിന് കടകവിരുദ്ധമാണിത്.
- വളരെ സുപ്രധാനമായ മറ്റൊന്ന്, മിക്ക ഹാജിമാരും ചെറിയ നിലക്കെങ്കിലും സ്ത്രീകളുടെ ആകെ നിലവാരം പുരഷന്റേതിന് തുല്യമാണെന്ന് വിശ്വസിക്കുന്നു. സ്ത്രീത്വത്തിന് മേല്‍ പുരുഷന് ആധിപത്യമുണ്ടെന്നും ഭര്‍ത്താവിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സ്ത്രീക്ക് അവകാശമില്ലെന്നുമുള്ള ആഗോള ഇസ്‍ലാമിക കാ്ചപ്പാടിന് സഹായകരമായ ഒന്നും ഹജ്ജിലില്ല.
- ഇനി ബിന്‍ ലാദിനെ കുറിച്ചുള്ള പ്രതികരണം നോക്കാം. ബിന്‍ലാദിന്റെ രീതികള്‍ ശരിയായിരുന്നില്ലെന്ന് പ്രതികരിച്ചവരുടെ ശതമാനം പതിനാറില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കി ഉയര്‍ത്താന്‍ ഹജ്ജിന് കഴിഞ്ഞു. ഉസാമയുടെ ലക്ഷ്യം തെറ്റായിരുന്നുവെന്ന് പറഞ്ഞത് താരതമ്യേനെ കുറഞ്ഞ ശതമാനം (13.1) ഹാജിമാര്‍ മാത്രമായിരുന്നുവെങ്കിലും ഇതേ രീതിയില്‍ പ്രതികരിച്ച ഹജ്ജ് ചെയ്യാത്തവരുടെ എണ്ണത്തിന്റെ (6.8) ഇരട്ടിയോളം വരുമത്.
- പ്രാദേശികമായ ഇസ്‍ലാമിക സ്വഭാവത്തേക്കാള്‍ ഇസ്‍ലാമിന്റെ സാര്‍വത്രിക സ്വഭാവത്തെ പുണരാനാണ് ഹാജിമാര്‍ താല്പര്യം കാണിക്കുന്നതെന്നും സംഘം കണ്ടെത്തി. താനൊരു മതബോധമുള്ള മുസ്‍ലിമാണെന്ന് പറയാനുള്ള താല്‍പര്യം സാധാരണക്കാരെക്കാള്‍ പതിമൂന്ന് ശതമാനം അധികമായിരുന്നു ഹാജിമാര്‍ക്കിടയില്‍. റമദാനിലെ നിര്‍ബന്ധ വ്രതത്തിനപ്പുറം സുന്നത്ത് നോമ്പെടുക്കാന്‍ സാധാരണ മുസ്‍ലിമിന്റെ ഇരട്ടി ആവേശമാണ് ഹാജിമാര്‍ കാണിച്ചത്.
ഹജ്ജിന്റെ സ്വാധീന ഫലത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത് എന്നോര്‍ക്കുക. കാഴ്ചപ്പാടുകളിലെ തെറ്റോ ശരിയോ ഇവിടെ വിഷയീഭവിക്കുന്നില്ല. പാക്കിസ്ഥാനെ കുറിച്ചോ ഇസ്‍ലാമനെ കുറിച്ചോ തീര്‍പ്പ് കല്‍പിക്കാനും ഇത് ഉപകാരപ്പെടില്ല. പാക്കിസ്ഥാനിലെ മുസ്‍ലിംകളെ പോസീറ്റീവായിട്ടാണ് പ്രധാനമായും ഹജ്ജ് സ്വാധീനിച്ചിരിക്കുന്നത് എന്നു മാത്രമേ ഗവേഷണത്തില്‍ നിന്ന് വ്യക്തമാവൂ.
എന്താണ് നമുക്കീ പഠനത്തില്‍ നിന്ന് ലഭിക്കുന്ന പാഠം?
ദൃഢമായ മതവിശ്വാസം സ്വാഭാവികമായി തീവ്രവാദമോ അക്രമണോത്സുകതയോ ആയി പരിണമിക്കില്ലെന്നതാണ് പ്രധാന പാഠം. ഹജ്ജ് മുഖേന പാക്കസ്ഥാനി ഹാജിമാര്‍ ഒരേ സമയം അടിയുറച്ച മതവിശ്വാസികളും സഹിഷ്‍ണുതയും സമാധാന കാംക്ഷയും വര്‍ധിച്ചവരുമായി മാറുന്നു. മുസ്‍ലിംകള്‍ക്കിടയില്‍ ഐക്യവും സമാധാനവും ഉദ്ഘോഷിക്കുന്ന ഹജ്ജ് അമുസ്‍ലിമിനോട് സാഹോദര്യത്തോടെ പെരുമാറാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നു. ലിംഗ സമത്വത്തെ കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടിന് പുതിയ രൂപ ഭാവം നല്‍കുന്നു.
പലരും ആശങ്കയോടെ ഹജ്ജിനെ കാണുമ്പോള്‍ ആ ആശങ്കകളത്രയും അസ്ഥാനത്താണെന്നാണ് ഈ പഠനം തെളിയിക്കുന്നത്. സമാധമാണത്രെ ഹജ്ജ് വിളംബരം ചെയ്യുന്നത്. ഇസ്‍ലാമിന്റെ പ്രാദേശിക വകഭേദങ്ങളെ കഴിവതും ഇല്ലായ്മ ചെയ്യുകയും അതു വഴി വംശീയ ചേരിതിരിവുകളെ തേച്ചുമായ്ച്ചു കളയുകയും ചെയ്യുന്നു ഹജ്ജ്.
അതോടൊപ്പം സ്ത്രീയെ സംബന്ധിച്ചുള്ള ചില പ്രാദേശിക കാഴ്ചപ്പാടുകളെ കുറിച്ച് പുനരാലോചിക്കാനും ഇസ്‍ലാമിന്റെ വിധിവിലക്കുകള്‍ക്കകത്ത് നിന്ന് കൊണ്ടു തന്നെ അവള്‍ക്ക് കുറച്ചു കൂടി മാന്യമായ സ്ഥാനം നല്‍കാനും ഹജജ് പ്രേരിപ്പിക്കുന്നുണ്ട്. എന്നാലത് സമ്പൂര്‍ണ സ്വാതന്ത്ര്യ വാദമോ ഫെമിനിസമോ ആയി അധഃപതിക്കുന്നില്ല താനും.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മുസ്‍ലിംകളെ കണ്ടുമുട്ടാനും അടുത്തറിയാനുമുള്ള അവസരം ഹാജിയുടെ അനുഭവ ജ്ഞാനത്തെ വിശാലമാക്കും. ചെറു സംഘങ്ങളായി സഞ്ചരിക്കുന്നതിനിടക്ക് അന്യ രാജ്യക്കാരായ മുസ്‍ലിം സഹോദരങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്നേഹസമൃണമായ പെരുമാറ്റം ഹാജി അനുഭവിച്ചറിയുന്നു. കാലങ്ങളായി വെച്ചുപുലര്‍ത്തുന്ന പല ധാരണകളെയും ഇത് മാറ്റിമറിച്ചേക്കാം.
പാക്കിസ്ഥാനില്‍ മാത്രം കേന്ദ്രീകരിച്ചാണ് പഠനം നടന്നതെങ്കിലും ആത്യന്തികമായി, ഇസ്‍ലാമിക യാഥാസ്ഥിതികത്ത്വത്തെയും തീവ്രവാദത്തെയും കുറിച്ച് നിലനില്‍ക്കുന്ന ഉത്കണ്ഠകളെ സംബന്ധിച്ചും ഗവേഷണ ഫലം വെളിച്ചം വീശുന്നുണ്ട്.
മറ്റു മതങ്ങളെ അപേക്ഷിച്ച് ഇസ്‍ലാം അക്രമണോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നെണ്ടെന്നാണ് അമേരിക്കയിലെ 45% ആളുകളും വിശ്വസിക്കുന്നത് എന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ഹജ്ജ് കര്‍മത്തിലൂടെ പ്രതിനിധീകരിക്കപ്പെടുന്ന ആഗോള ഇസ്‍ലാം നേര്‍വിപരീത ഫലമാണ് ഹാജിമാരില്‍ ഉളവാക്കുന്നതെന്നാണ് ഈ പഠനം തെളിയിക്കുന്നത്.
-എറോള്‍ എയ്ബോക്ക് (www.huffingtonpost.com)
വിവ: സുഹൈല്‍ വിളയില്‍
Leave A Comment