നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-03)

നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-03)
------------------------------------------------------------------
ബഹുമാനപ്പെട്ട സൂഫികൾ, ആരാധനകളുടെ ബാഹ്യപ്രകടനങ്ങൾക്കും അത്തരം വിധികളും രീതിശാസ്ത്രങ്ങൾക്കുമപ്പുറം അവ ആത്മീയ സംസ്കരണത്തിൽ വഹിക്കുന്ന പങ്കുകളേയും അവയിലെ ആത്മീയ പരിപ്രേക്ഷ്യങ്ങളെയും വിഷയമാക്കി രചനകൾ നടത്തിയിട്ടുണ്ട്. ആ രീതിയിൽ നോമ്പും ചില സൂഫി രചനകളിൽ ഇടം നേടിയിട്ടുണ്ട്. അവയിൽ ഏതാനും ചിലത് പരിചയപ്പെടുത്താനാഗ്രഹിക്കുന്നു. അവരതിനെ നോമ്പിന്‍റെ ഹഖീഖത് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
-=<(*****)>=-
ഇമാം അബൂ ഹഫ്സ് ശിഹാബുദ്ദീൻ ഉമർ അസ്സുഹ്റവർദി (റ) തങ്ങളുടെ അവാരിഫുൽമആരിഫ് എന്ന ഗ്രന്ഥത്തിൽ നാൽപത്തിയൊന്നാം അധ്യാമായി നൽകിയിരിക്കുന്നത് നോമ്പിന്‍റെ മര്യാദകളെ കുറിച്ചാണ്. 
തെറ്റുകളിൽ നിന്ന് മാറി നിൽകലാണ് നോമ്പിന്‍റെ സത്തയെന്നു തന്നെയാണ് അദ്ദേഹം അടിയവരയിട്ട് പറഞ്ഞത്. നോമ്പില്ലാത്ത കാലത്ത് തിന്നുന്നതിലും കുറഞ്ഞ അളവേ നോമ്പു കാലത്ത് ഭക്ഷിക്കാവൂ. അത് നോമ്പിന്‍റെ മര്യാദയിൽ പെട്ടതാണ്. സാധാരണ വ്യത്യസ്ത സമയങ്ങളിലായി തിന്നിരുന്നത് നോമ്പിനു ഒറ്റ സമയത്ത് ഭക്ഷിച്ചാൽ പിന്നെ അതിൽ പ്രത്യേകിച്ചൊന്നുമില്ലല്ലോ.
നോമ്പു കൊണ്ട് നഫ്സിനെ കീഴ്പ്പെടുത്തലാണ് ഉദ്ദേശ്യം. അഥവാ ശരീരത്തിനു അത്യാവശ്യമായതിൽ എല്ലാം പരിമിതപ്പെടുത്തുക. അങ്ങനെ വരുമ്പോൾ സംസാരത്തിലും പ്രവൃത്തിയിലും ഉറക്കിലുമെല്ലാം അത്യാവശ്യത്തിൽ പരിമിതപ്പെടുത്തുന്ന പ്രക്രിയ തുടരണം. അങ്ങനെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കണം.
നോമ്പു സമയത്ത് ഭാര്യയുമായുള്ള തൊട്ടുരുമ്മലും കേളികളും ഉപേക്ഷിക്കുന്നതാണ് നോമ്പിന്‍റെ പരിശുദ്ധിയോടു കൂടുതൽ യോചിച്ചത്. നബി(സ)യുടെ സുന്നത്തെന്ന നിലക്ക് ബറകത് ലഭിക്കാനും നോമ്പെടുക്കാനുള്ള ആരോഗ്യത്തിനും വേണ്ടി അത്താഴം കഴിക്കണം. സൂര്യൻ അസ്തമിച്ചെന്നുറപ്പായാൽ പെട്ടെന്നു നോമ്പു തുറക്കലാണ് സുന്നത്ത്. ഇശാ-മഗ്‍രിബിനിടയിലുള്ള സമയം ആരാധനാ നിമഗ്നനായി കഴിയുകയാണ് വേണ്ടത്. അതിനു വിഘ്നം വരുന്ന നിലക്ക് നോമ്പു തുറക്കുമ്പോൾ അധികം ഭക്ഷണം കഴിക്കരുത്. ഭക്ഷണം അലസതക്ക് കാരണമാകുന്നുവെങ്കിൽ വെള്ളമോ കാരക്കയോ മാത്രം കഴിച്ചാൽ മതി. ഇനി ക്ഷീണം മൂലം ഇശാ-മഗ്‍രിബിനിടയിൽ ആരാധനകൾ നിർവ്വഹിക്കാൻ കഴിയാതെ വന്നാൽ ക്ഷീണം അകറ്റാവുന്നവ കഴിക്കണം. കാരണം ഇശാ-മഗ്‍രിബിനിടയിലെ സമയം വളരെ പ്രധാനപ്പെട്ടതാണ്. അത് വൃതാ പാഴാക്കാവതല്ല. മഗ്‍രിബ് നിസ്കാരത്തിനു മുമ്പ് തന്നെ നോമ്പു തുറക്കലാണ് സുന്നത്ത്.
നോമ്പു കാലത്ത് നാവിനെ സൂക്ഷിക്കണം. ഹറാം പറയലും കേൾക്കലും ഒരു തരം തീറ്റ തന്നെയാണ്. അതുകൊണ്ടാണല്ലോ ഖുർആനിൽ “സമ്മാഊന ലിൽകദിബ്” (കളവ് നന്നായി കേൾക്കുന്നവൻ) എന്നതിനൊടൊപ്പം തന്നെ “അക്കാലൂന ലിസ്സുഹ്ത്” (ഹറാം നന്നായി ഭക്ഷിക്കുന്നവർ) എന്ന് പറഞ്ഞത്. നോമ്പു നോറ്റ് അസാധാരണമായ ക്ഷീണം തോന്നി രണ്ടു സ്ത്രീകളോട് നബി(സ) ചർദ്ദിക്കാനാവശ്യപ്പെട്ടപ്പോൾ അവർ പരദൂഷണം പറഞ്ഞിരിക്കുന്നതിനാൽ കുറേ ഇറച്ചിയും ചോരയും ചർദ്ദിച്ചുവെന്ന് ഹദീസിൽ കാണാമല്ലോ.
സൂഫി ഒരിക്കലും തന്‍റെ ഭക്ഷണത്തിനായി കാത്തിരിക്കില്ല. തനിക്കേകിയ ഭക്ഷണം മുന്നിലെത്തിയാൽ അതിന്‍റെ അദബ് പാലിച്ച് ഭക്ഷണം കഴിക്കും. ദിവസാരംഭത്തിൽ ഭക്ഷണമൊന്നും ലഭിച്ചില്ലെങ്കിൽ നോമ്പുകാരനായി തുടങ്ങണം. പിന്നെയവൻ നോമ്പു പൂർത്തിയാക്കിയെങ്കിൽ അത് വളരെ ശ്രേഷ്ഠമായതാണ്. 
ശൈഖ് റുവൈം (റ) ഒരിക്കൽ നോമ്പു നോറ്റ് ഉച്ച സമയത്ത് ബഗ്ദാദിലൂടെ കുറച്ചു നടന്നു. അപ്പോളദ്ദേഹത്തിനു ദാഹം അനുഭവപെട്ടു. ഒരു വീട്ടിൽ ചെന്ന് വെള്ളം ആവശ്യപെട്ടു. ഒരു പെൺകുട്ടി കൂജയുമായി പുറത്തു വന്നു. അദ്ദേഹത്തെ കണ്ടപ്പോൾ സൂഫി പകലിൽ വെള്ളം കുടിക്കുകയോ എന്ന് പറഞ്ഞ് കൂജ നിലത്തെറിഞ്ഞു. അവൾ തിരിച്ചു പോയി. അതിനു ശേഷം അദ്ദേഹം നോമ്പ് മുറിക്കില്ലെന്നു വച്ചു.
ചിലർ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നത് കറാഹത്തായി കാണുന്നു. കാരണം അങ്ങനെയാകുമ്പോൾ ശരീരം അതുമായി താദാത്മ്യം പ്രാപിക്കും. പിന്നീടതിന് നോമ്പ് ഉപേക്ഷിക്കുക പ്രയാസമായി തീരും. എന്നാൽ തീരെ നോമ്പു നോൽക്കാതിരുന്നാൽ ശരീരത്തിനു നോമ്പും പ്രയാസമായി വരും. ശരീരത്തെ ഇങ്ങനെയുള്ള പതിവുകളിൽ നിന്ന് മാറ്റി നിർത്തുന്നതിനായി ഒന്നിടവിട്ട് നോമ്പു നോൽക്കലാണ് ഉത്തമമെന്ന് അവർ കാണുന്നു. 
കൂട്ടത്തിൽ നിൽക്കുമ്പോൾ കൂടെയുള്ളവരുടെ സമ്മതത്തോടെയായിരിക്കണം നോമ്പു നോൽക്കുന്നത്. എല്ലാവരുടെയും സമ്മതത്തോടെ നോമ്പു നോറ്റിട്ടുണ്ടെങ്കിൽ, അവർക്കെന്തെങ്കിലും ഭക്ഷണമായി ലഭിച്ചാൽ, അതിൽ നിന്ന് നോമ്പുള്ളയാൾക്കു വേണ്ടി അസ്തമയം വരെ സൂക്ഷിച്ചു വെക്കേണ്ടതില്ല. നോമ്പുകാരനു അല്ലാഹു കണക്കാക്കിയത് ആ സമയത്ത് അവനു ലഭിക്കുമെന്ന് ഉത്തമ ബോധ്യം വേണം. നോമ്പുകാരനും തനിക്കായി ഒന്നും പ്രത്യേകം കരുതിവെക്കേണ്ടതുമില്ല. വിശ്വാസ ബലഹീനതയോ മറ്റോ ഉണ്ടെങ്കിൽ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നതിൽ കുഴപ്പമൊന്നുമില്ല.
പരിചിതരായ ആളുകൾക്കിടയിലാണെങ്കിൽ പിന്നെ പ്രത്യേകം സമ്മതം വാങ്ങേണ്ടതില്ല. നോമ്പു നോറ്റ് മറ്റുള്ളവരെ സഹായിക്കലാണ്, അവരോട് യോചിക്കാനായി നോമ്പുപേക്ഷിക്കുന്നതിനേക്കാൽ നല്ലത്. 
പ്രത്യേകം ഓർക്കേണ്ടത്, തസ്വവ്വുഫിന്‍റെ ആളുകളുടെ അടിസ്ഥാനം തന്നെ സത്യമാണ്. സത്യസന്ധമായ നിയ്യത്തിലാണ് കാര്യമിരിക്കുന്നത്. നോമ്പു നോൽക്കുന്നതും ഉപേക്ഷിക്കുന്നതും കൂട്ടുകാരോട് യോചിക്കുന്നതും വിയോചിക്കുന്നതുമെല്ലാം നല്ല നിയ്യത്തോടെയാണെങ്കിൽ അവയെല്ലാം പുണ്യങ്ങളാണ്. 
കൂടെയുള്ളവർക്കനുകൂലമായി നോമ്പ് മുറിക്കുന്നതിനും അത് തുടരുന്നതിനും നബി ചര്യയിൽ വകുപ്പുകളുണ്ട്. അബൂ സഈദുൽ ഖുദ്‍രി(റ) ഒരുക്കിയ വിരുന്നിലേക്ക് റസൂൽ(സ) ഏതാനും സ്വഹാബത്തും വന്നപ്പോൾ കൂട്ടത്തിലൊരാൾ തനിക്ക് നോമ്പാണെന്നു പറഞ്ഞു. നബി(സ) പറഞ്ഞു: “നിങ്ങളുടെ സഹോദരൻ നിങ്ങളെ ക്ഷണിച്ചു. നിങ്ങൾക്ക് വേണ്ടി കഷ്ടപെട്ട് ഭക്ഷണമുണ്ടാക്കി. പിന്നെ വന്ന് എനിക്ക് നോമ്പാണെന്ന് പറയുകയോ? നോമ്പ് മുറിക്കുക. പകരം മറ്റൊരു ദിവസം നോൽക്കുക.” മറ്റൊരവസരത്തിൽ നബി(സ)യും കൂടെയുള്ള സ്വഹാബത്തും ഭക്ഷണം കഴിക്കുമ്പോൾ ബിലാൽ(റ)വിനു നോമ്പായിരുന്നു. അന്നേരം നബി(സ) പറഞ്ഞു: “നമുക്ക് നമ്മുടെ റിസ്ഖ് കഴിക്കാം. ബിലാലിന്‍റേത് സ്വർഗത്തിലാണ്.”
ചുരുക്കത്തിൽ നാം നോമ്പ് നോൽക്കുന്നത് കൊണ്ട് ആരുടെയെങ്കിലും മനസ്സിന് പ്രയാസമുണ്ടാകുന്നുവെങ്കിൽ നോമ്പ് ഉപേക്ഷിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ നോമ്പു തുടരുന്നതും. (മുറിക്കുന്നതും തുടരുന്നതുമായി നാം ഇവിടെ ചർച്ച ചെയ്യുന്നത് സുന്നത് നോമ്പുകളെ കുറിച്ചാണ്. ഫർളു നോമ്പ് ഇത്തരം കാരണങ്ങൾ കൊണ്ടൊന്നും മുറിക്കൽ അനുവദനീയമല്ല.)
മുതസ്വവ്വിഫായ ഒരു വ്യക്തിക്ക് നോമ്പു തുറന്ന് ഭക്ഷണം കഴിച്ചാൽ മാനസികാവസ്ഥയിൽ ചില മാറ്റങ്ങൾ കണ്ടെന്നു വരാം. ആരാധനകളോടും മറ്റും വൈമനസ്യവും അലസതയും അനുഭവപ്പെട്ടേക്കാം. ഇത്തരം സന്ദർഭങ്ങളിൽ അവ പെട്ടെന്നു തന്നെ ചികിത്സിച്ചു മാറ്റേണ്ടതാണ്. സുന്നത്ത് നിസ്കരിച്ച് അവ ദഹിപ്പിച്ചു കളയാം. ഖുആൻ പാരായണവും ഇസ്തിഗ്ഫാറും ഇതിനു പറ്റിയ നല്ല ഔഷധങ്ങളാണ്. റസൂൽ(സ) പറഞ്ഞിട്ടുണ്ടല്ലോ: “ദിക്ർ ചൊല്ലി നിങ്ങളുടെ ഭക്ഷണത്തെ നിങ്ങൾ ഉരുക്കിക്കളയുവീൻ”
നോമ്പിന്‍റെ പ്രധാനപെട്ട ഒരു മര്യാദയാണ് അതു പരമാവധി മറച്ചു വെക്കുകയെന്നത്. എന്നാൽ ഒരാൾ ഇഖ്‍ലാസിന്‍റെ പൂർണ്ണതയിലെത്തിയിട്ടുണ്ടെങ്കിൽ പിന്നെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആരെങ്കിലും അത് കാണുന്നതും കാണാതിരിക്കുന്നതും സമമായിരിക്കും.
-=<(*****)>=-
നോമ്പിനെ സംബന്ധിച്ചുള്ള സൂഫീ വായനകളിൽ ഏതാനും ചിലതാണ് മുകളിൽ നൽകിയത്. ഇപ്രകാരം ഒട്ടനവധി സൂഫീ വിശദീകരണങ്ങളും സൂചനാ വ്യാഖ്യാനങ്ങളും കണ്ടെത്താനാവും. നോമ്പിന്‍റെ ആത്മീയ വശം പൂർണമായും ഉൾകൊണ്ട് അത് അനുഷ്ഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter