നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-04)
നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-04)
------------------------------------------------------------------
ബഹുമാനപ്പെട്ട സൂഫികൾ, ആരാധനകളുടെ ബാഹ്യപ്രകടനങ്ങൾക്കും അത്തരം വിധികളും രീതിശാസ്ത്രങ്ങൾക്കുമപ്പുറം അവ ആത്മീയ സംസ്കരണത്തിൽ വഹിക്കുന്ന പങ്കുകളേയും അവയിലെ ആത്മീയ പരിപ്രേക്ഷ്യങ്ങളെയും വിഷയമാക്കി രചനകൾ നടത്തിയിട്ടുണ്ട്. ആ രീതിയിൽ നോമ്പും ചില സൂഫി രചനകളിൽ ഇടം നേടിയിട്ടുണ്ട്. അവയിൽ ഏതാനും ചിലത് പരിചയപ്പെടുത്താനാഗ്രഹിക്കുന്നു. അവരതിനെ നോമ്പിന്‍റെ ഹഖീഖത് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
-=<(*****)>=-
ഇമാം അബൂ ഹാമിദ് അൽഗസാലി തങ്ങൾ ഇഹ്‍യാഉ ഉലൂമിദ്ദീനിൽ നോമ്പിനെ കുറിച്ച് മൂന്നു ഉപ അധ്യായങ്ങളിലായി പ്രതിപാദിച്ചിട്ടുണ്ട്. നോമ്പിന്‍റെ ശ്രേഷ്ഠതകളും അവ സംബന്ധമായ ഹദീസുകളും ആയതുകളും വിശദീകരിച്ചതിനു ശേഷം ഒന്നാം ഫസ്‍ലിൽ നോമ്പിന്‍റെ നിർബന്ധങ്ങൾ, സുന്നത്തുകൾ അത് നിഷ്ഫലമാകുന്ന വിധങ്ങൾ എന്നിവ വിശദീകരിക്കുന്നു. രണ്ടാം ഫസ്‍ലിലാണ് നോമ്പിന്‍റെ രഹസ്യങ്ങളും ആന്തരികമായ നിബന്ധനകളും വിവരിക്കുന്നത്. മൂന്നാമത്തേതിൽ സുന്നത്തു നോമ്പാണ് വിഷയം. ഇതിൽ രണ്ടാമത്തേതാണ് നമുക്ക് കൂടുതൽ വിഷയീഭവിക്കുന്നത്.
നോമ്പിനു മൂന്നു ദറജകളുണ്ട്. സാധാരണക്കാരന്‍റെ നോമ്പ്, പ്രത്യേകക്കാരുടെ നോമ്പ്, പ്രത്യേകക്കാരിൽ പ്രത്യേകക്കാരുടെ നോമ്പ് എന്നിങ്ങനെയാണവ. സാധാരണക്കാരന്‍റെ നോമ്പെന്നാൽ പകൽ സമയത്ത് ഭക്ഷണ-പാനീയ-ഭോഗങ്ങളിൽ നിന്ന്, നോമ്പെന്ന നിയ്യത്തോടെ വിട്ടു നിൽക്കുക.
പ്രത്യേകക്കാരുടേ നോമ്പിൽ നിഷിദ്ധമായ സകലതിൽ നിന്നും എല്ലാ അവയവങ്ങളെയും മാറ്റി നിർത്തുക. അത് സജ്ജനങ്ങളുടെ നോമ്പാണ്. പ്രത്യേകക്കാരിൽ പ്രത്യേകക്കാരുടെ നോമ്പാകുമ്പോൾ അല്ലാഹുവല്ലാത്ത എല്ലാ ചിന്തയിൽ നിന്നും ഹൃദയത്തെ മുക്തമാക്കലാണ്. ഭൌതികമായ ചിന്തകൾ വരുന്നത് തന്നെ ഈ നോമ്പിനെ നിഷ്ഫലമാക്കിക്കളയും. എത്രത്തോളമെന്നാൽ ഒരാൾ പകൽ സമയത്ത് നോമ്പു തുറക്കാനുള്ള ഭക്ഷണത്തെ കുറിച്ച് ആലോചിക്കുന്നത് തന്നെ തെറ്റാണ്. അത് അല്ലാഹുവിലുള്ള വിശ്വാസ കുറവു മൂലമുണ്ടായി തീരുന്നതാണ്. ഇത് പ്രവാചകന്മാരുടെയും സ്വിദ്ദീഖീങ്ങളുടെയും സ്ഥാനമാണ്.
പ്രത്യേകക്കാരുടെ നോമ്പിന്‍റെ പൂർത്തീകരണത്തിനു ആറു നിബന്ധനകൾ ആവശ്യമാണ്.
1) കണ്ണിനെ നിരോധിക്കപ്പെട്ട നോട്ടത്തിൽ നിന്ന് സൂക്ഷിക്കുക. നോട്ടം ഇബ്‍ലീസിന്‍റെ വിഷമൂട്ടിയ അമ്പാണ്. അതുപേക്ഷിക്കുന്നവന്‍റെ ഹൃദയത്തിൽ ഈമാനിന്‍റെ മാധുര്യമനുഭവപ്പെടും. നോമ്പു മുറിക്കുന്ന അഞ്ചു കാര്യങ്ങളിലൊന്നായി നബി(സ) എണ്ണിയത് വികാരത്തോടെയുള്ള നോട്ടമാണ്.
2) കളവ്, ഗീബത്, നമീമത് തുടങ്ങിയ നിഷിദ്ധമായ സംസാരങ്ങളിൽ നിന്നും അനാവശ്യമായ വർത്തമാനങ്ങളിൽ നിന്നും നാവിനെ കാക്കുക.
3) മേൽപറഞ്ഞ സംസാരങ്ങൾ കേൾക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുക
4) കൈ, കാൽ, വയർ തുടങ്ങിയ മറ്റു അവയവങ്ങളെയും തെറ്റുകളിൽ നിന്ന് അകറ്റി നിർത്തുക. ഔഷധം അധികമായാൽ അത് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ അത് കരുതലോടെ ഉപയോഗിക്കുന്നതോടൊപ്പം വിഷം കഴിക്കുന്നവനെ പോലെ മണ്ടത്തരമാണ് നോമ്പു നോറ്റ് ഹലാലായ ഭക്ഷണം ഒഴിവാക്കുകയും എന്നിട്ട് ഹറാമായ തെറ്റുകൾ ചെയ്യുകയും ചെയ്യുന്നത്.
5) നോമ്പു തുറന്നതിനു ശേഷം അമിത ഭോജനം ഒഴിവാക്കുക. നോമ്പു കൊണ്ടുദ്ദേശിക്കുന്നത് ഭക്ഷണ-പാനീയങ്ങളുപേക്ഷിച്ച് നഫ്സിനെ കീഴ്പ്പെടുത്തുകയും വികാരങ്ങളെ നിയന്ത്രണവിധേയമാക്കാൻ പരിശീലിക്കുകയുമാണ്. രാത്രി സമയത്തുള്ള അമിത ഭക്ഷണം മൂലം നോമ്പിന്‍റെ ഈ ആത്മാന് തന്നെയാണ് നഷ്ടപെടുന്നത്. അതിനാൽ നോമ്പിന്‍റെ ഉപകാരം ഇങ്ങനെയായാൽ ലഭിക്കുകയില്ല. പകൽ സമയത്ത് ധാരാളമായി ഉറങ്ങുന്നതും ഒഴിവാക്കണം. വിശപ്പും ദാഹവും ശരീരത്തിനു ശരിക്കും അനുഭവപ്പെടട്ടെ. അങ്ങനെ രാത്രി നേരങ്ങളിൽ തഹജ്ജുദിലായി കഴിയാൻ അവന്‍റെ ശരീരം പാകപ്പെടട്ടെ. വിശപ്പിലൂടെ പൈശാചിക സ്വാധീനം കുറക്കാനാകും. പൈശാചിക സ്വാധീനത്തിൽ നിന്ന് ഹൃദയവും ആന്തരാവയവങ്ങളും രക്ഷ നേടിയാൽ പിന്നെയവനു അല്ലാഹുവിന്‍റെ നിഗൂഢതകൾ ദൃശ്യമാകും. ലൈലതുൽ ഖദ്ർ അല്ലാഹുവിന്‍റെ നിഗൂഢതകൾ തന്‍റെ ഇഷ്ട ദാസന്മാർക്ക് തുറന്നു കൊടുക്കുന്ന രാത്രിയാണ്. ഹൃദയത്തിനു മീതെ തീറ്റ സഞ്ചി നിറഞ്ഞു നിൽക്കുന്നുവെങ്കിൽ ഈ ദൃശ്യം അവനു സാധ്യമല്ല.
6) നോമ്പ് പൂർത്തിയാക്കിയതിനു ശേഷം തന്‍റെ നോമ്പ് അല്ലാഹു സ്വീകരിച്ചിരിച്ചിട്ടുണ്ടോ അതോ തിരസ്കരിച്ചുവോ എന്ന പ്രതീക്ഷയും ഭയവുമുള്ള മിശ്ര വികാരത്തിലായിരിക്കണം മനസ്സ്.
ഒരാൾ പകൽ സമയത്ത് ഭക്ഷണ-പാനീയ-ഭോഗങ്ങളിൽ നിന്ന് വിട്ടു നിന്നാൽ തന്നെ അവന്‍റെ നോമ്പ് ശരിയാകുമെന്നാണല്ലോ ഫുഖഹാക്കൾ പറയുന്നത്. മുകളിൽ പറഞ്ഞ പശ്ചാത്തലത്തിൽ ഇതിന്‍റെ അർത്ഥമെന്താണെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. സത്യത്തിൽ ബാഹ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന പണ്ഡിതന്മാർ അശ്രദ്ധരായി നടക്കുന്ന സാധാരണക്കാർക്ക് സുഗമമാകുന്ന രീതിയിലാണ് കൽപനകൾ വിശദീകരിക്കുന്നത്. ഉഖ്റവിയായ പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം ഒരു ഇബാദത് സാധുവാകുകയെന്നാൽ അത് സീകരിക്കപ്പെടുകയെന്നും സ്വീകരിക്കപ്പെടുകയെന്നാൽ അതിന്‍റെ ലക്ഷ്യം കൈവരിക്കുകയെന്നുമാണ്. നോമ്പിലൂടെ അല്ലാഹുവിന്‍റെ ഒരു സ്വഭാവം അനുകരിക്കാൻ ശ്രമിക്കുകയെന്നത് ഒരു ലക്ഷ്യമാണ്, അഥവാ സ്വമദിയ്യത്ത് (നിരാശ്രയത്ത്വം) എന്ന വിശേഷണം. അതിനു പുറമേ, വികാരങ്ങൾക്ക് അടിമപ്പെടാത്ത മലക്കുകളെ അനുകരിക്കലും മറ്റൊരു ലക്ഷ്യമാണ്. വികാരങ്ങളെ അടക്കി നിർത്താനാവാത്ത മൃഗങ്ങളേക്കാൾ അവ നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന മനുഷ്യനാണ് സ്ഥാനം. എന്നാൽ വികാരങ്ങളേ ഇല്ലാത്ത മലക്കുകൾ അവർക്കും മുകളിലാണ്. ഈ വികാരങ്ങളെ കീഴ്പ്പെടുത്തി ഇല്ലായ്മ ചെയ്യുന്നതിലൂടെ മനുഷ്യൻ ഉയർന്നുയർന്ന് മലക്കുകളുടെ പദവിയിലെത്തുന്നു. അങ്ങനെ അല്ലാഹുവിന്‍റെ സമീപസ്ഥനാകുന്നു. ഇതാണ് നോമ്പിന്‍റെ രഹസ്യവും ആത്മാവുമെങ്കിൽ അതെങ്ങനെ രണ്ടു നേരത്തെ ഭക്ഷണം അൽപം പിന്തിപ്പിച്ചതു കൊണ്ടു മാത്രം ലഭ്യമാകും.
-=<(*****)>=-
നോമ്പിനെ സംബന്ധിച്ചുള്ള സൂഫീ വായനകളിൽ ഏതാനും ചിലതാണ് മുകളിൽ നൽകിയത്. ഇപ്രകാരം ഒട്ടനവധി സൂഫീ വിശദീകരണങ്ങളും സൂചനാ വ്യാഖ്യാനങ്ങളും കണ്ടെത്താനാവും. നോമ്പിന്‍റെ ആത്മീയ വശം പൂർണമായും ഉൾകൊണ്ട് അത് അനുഷ്ഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.
Leave A Comment