നവൈതു 06- നോമ്പ് തുറ, സമത്വം കൂടിയാണ് സാധ്യമാവുന്നത്
ഇഫ്താര്‍ സംഗമങ്ങളാണ് റമദാന്റെ മറ്റൊരു സവിശേഷത. ആതിഥ്യമര്യാദക്ക് പേര് കേട്ട അറബ് നാടുകളില്‍ ഇതിനായി പ്രത്യേക ടെന്റുകള്‍ തന്നെ_ _പലയിടത്തും കാണാം. റമദാന്‍ തുടക്കം കുറിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇവയുടെ പണി നടക്കുന്നതും ആ ആതിഥ്യമര്യാദയുടെ മകുടോദാഹരണമാണ്.
ഇത്തരം സമൂഹ ഇഫ്താര്‍ സംഗമങ്ങളില്‍ ആര്‍ക്കും കടന്നുചെല്ലാമെന്നതാണ് അതിലേറെ കൌതുകകരം. ദേശ-ഭാഷകളുടെ വ്യത്യാസമില്ലാതെ, വര്‍ണ്ണ-വര്‍ഗ്ഗ വിവേചനമില്ലാതെ, തൊഴിലാളി-മുതലാളി ഭേദങ്ങളൊന്നുമില്ലാതെ, എല്ലാവരും അവിടെ ഒരു പോലെ സ്വീകരിക്കപ്പെടുന്നു. ആ വാതില്‍ കടക്കുന്നതോടെ എല്ലാവരും അവിടെ അതിഥികളാണ്.
ഓരോരുത്തരെയും ഏറെ ആദരവോടെ, നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തുന്നു.
വിവിധ ദേശക്കാരും ഭാഷക്കാരുമായ അവരെല്ലാം ഒരേ മനസ്സോടെ, ഒരു സുപ്രക്ക് ചുറ്റുമിരിക്കുന്നത് വല്ലാത്തൊരു കാഴ്ചയാണ്. ഇഫ്താറിനാവശ്യമായതെല്ലാം അവരുടെ മുന്നിലെത്തിക്കുന്നു.
എവിടെയും വ്യത്യാസങ്ങളൊന്നും തന്നെ കാണാനാവില്ല. എല്ലാവര്‍ക്കും ഒരേ സ്വീകരണം... ഒരേ ഇരിപ്പിടം.. ഒരേ ഭക്ഷണം... കാരണം, അവരെല്ലാം അവസാനമായി ഒരേ സമയത്ത് ഭക്ഷണം കഴിച്ചവരാണ്.. കഴിഞ്ഞ മണിക്കൂറുകളില്‍ തുല്യസമയം  വിശന്നിരുന്നവരാണ്... ഇപ്പോഴിതാ, എന്തെങ്കിലും കഴിക്കാനായി, ജഗന്നിയന്താവിന്റെ അനുവാദത്തിനായി കാത്തിരിക്കുന്നവരാണ്.
ബാങ്ക് വിളിയുടെ ആദ്യവീചികള്‍ ഉയരുന്നതോടെ, അവരെല്ലാം ഒരേ സമയം നോമ്പ് തുറക്കുന്നു.
അതും ഒരേ കാരക്കയും വെള്ളവും കൊണ്ട്. ആ സമയത്ത്അ വരുടെയെല്ലാം അധരങ്ങള്‍ ഉരുവിടുന്നതും ഒരേ മന്ത്രങ്ങളാണ്, ബിസ്മില്ലാഹി റഹ്മാനി റഹീം.. അല്ലാഹുമ്മ ലക സുംതു....
മാനവസമത്വത്തിന്റെ, വലിയ ഉദാഹരണമല്ലേ നമുക്കിവിടെ കാണാനാവുന്നത്. ഇത്തരം സമത്വഭാവന ജീവിതത്തില്‍ ഒരിക്കലെങ്കിലും ആസ്വദിക്കാന്‍ അവസരം ലഭിച്ചാല്‍, പിന്നീട് അവര്‍ക്കെങ്ങനെ സമസൃഷ്ടികളെ വ്യത്യസ്തരായി കാണാനാവും.
ഇതിലൂടെ, റമദാന്‍ സമത്വത്തിന്റെ പ്രതിജ്ഞ കൂടി നമ്മെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്. അഥവാ, മറ്റൊരു നവൈതു... എല്ലാവരെയും ഒരു പോലെ കാണുമെന്ന് ഞാനിതാ കരുതി ഉറപ്പിക്കുന്നു എന്ന്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter