സുദർശൻ ടിവിയുടെ മുസ്‌ലിം വിദ്വേഷ പരിപാടി നിരോധനവും മതേതര ഇന്ത്യയുടെ പ്രതീക്ഷയും
എതിർപ്പുകൾ
ബുന്ദോസ് ബോൽ യുപിഎസ് സി ജിഹാദ് എന്ന പേരിലുള്ള ഈ പരിപാടിക്കെതിരെ തുടക്കം മുതൽ ശക്തമായ എതിർപ്പായിരുന്നു ഉയർന്നിരുന്നത്. എക്സ്പോസ് ഓണ്‍ദി ഇന്‍ഫില്‍റ്ററേഷന്‍ ഓഫ് മുസ്‌ലിംസ് ഇന്‍ ദി സിവില്‍ സര്‍വ്വീസ് എന്ന പേരിലാണ് പരിപാടി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചത്. യുപിഎസ്.സി ജിഹാദ് എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളിൽ പരിപാടിയുടെ പ്രോമോ പുറത്തുവന്നു. ഡൽഹി ജാമിയ മില്ലിയ്യ സർവകലാശാലയിൽനിന്ന് 30 പേർക്ക് സിവിൽ സർവീസ് ലഭിച്ചതിൽ അരിശം പൂണ്ടാണ് ചാനൽ പ്രകോപനവുമായി രംഗത്തെത്തിയത്.സമൂഹമാധ്യമങ്ങളിലെ പരിപാടിയുടെ പ്രോമോക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. സുദർശൻ ടിവിക്കെതിരെ വിമർശനവുമായി ജാമിഅ വിസി നജ്മ അക്തര്‍ ശക്തമായ ഭാഷയിൽ രംഗത്തെത്തി. "ഇത്തരം പരാമര്‍ശങ്ങളെ പരിഗണിക്കുന്നില്ല. അനാവശ്യ പ്രാധാന്യം സംഭവത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. യുപിഎസ്.സി റാങ്ക് പട്ടികയില്‍ ഇടം നേടിയ ഇവിടെ നിന്നുള്ള 30 പേരില്‍ 16 മുസ്‌ലിം, 14 ഹിന്ദു വിദ്യാര്‍ഥികളാണുള്ളത്. ഇവരെയെല്ലാവരേയുമാണ് പരിപാടിയില്‍ ജിഹാദി എന്ന് വിളിച്ചത്. അതിനര്‍ത്ഥം 16 മുസ്‌ലിം ജിഹാദിയും 14 ഹിന്ദു ജിഹാദിയുമാണ് എന്നല്ലേ. ജിഹാദി എന്നതിന് മതേതര സ്വഭാവമുള്ള വ്യാഖ്യാനം നല്‍കിയെന്നാണ് കരുതുന്നത് ". നജ്മ അക്തർ പ്രതികരിച്ചു
നിയമത്തിന്റെ വഴി തേടി വിദ്യാർത്ഥികൾ
വിമർശനങ്ങള തെല്ലും പരിഗണിക്കാതെ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സുദര്‍ശന്‍ ചാനലിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ്ഹാങ്കേ രംഗത്തുവന്നതോടെ നിയമത്തിന്റെ വഴി സ്വീകരിക്കാൻ ജാമിഅ വിദ്യാർഥികൾ തീരുമാനിച്ചുഇതേതുടർന്ന്, സര്‍വ്വകലാശാലയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന സുദര്‍ശന്‍ ന്യൂസ് ചാനലിനും അതിന്‍റെ എഡിറ്റര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ജാമിഅയിലെ വിദ്യാര്‍ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് എഴുതുകയും ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു . വിദ്യാർത്ഥികളുടെ ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി പരിപാടി നിർത്തി വെക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ പരിപാടിയിൽ പ്രകോപനപരമായ ഒന്നും ഇല്ലെന്ന് എന്ന് പറഞ്ഞ് പരിപാടി സംപ്രേഷണം ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്.
സുപ്രീം കോടതി ഇടപെടൽ
മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതിനാൽ 'ബിന്ദാസ് ബോല്‍' എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് വിഷയത്തിലെ അവസാനവാക്കായി മാറി. മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണ് പരിപാടിയെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരോധനം ഏർപ്പെടുത്തിയത്."ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്‍റെയും സല്‍പ്പേര് കളങ്കപ്പെടും. വസ്തുതകളുെട പിന്‍ബലമില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വഴി യു.പി.എസ്.സിയെക്കൂടിയാണ് അപമാനിക്കുന്നത് " സുപ്രീം കോടതി പറഞ്ഞു. സര്‍ക്കാര്‍ സര്‍വ്വീസുകളിൽ മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ കൂടുതലായി എത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചാനൽ ആരോപണം ഉയർത്തുന്നത് ആശങ്കജനകമാണെന്ന് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്രയും കെ.എം ജോസഫും ഉള്‍പ്പെട്ട ബെഞ്ച് പ്രസ്താവിച്ചു. 'ഈ പരിപാടിയിലേക്ക് നോക്കൂ, എത്ര ക്രൂരമാണ്. ഒരു സമുദായം സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നതിനെ ഇത്തരത്തിലാണോ ചിത്രീകരിക്കുന്നത്' ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു. കേസ് പരിഗണിക്കവേ മാധ്യമങ്ങളോട് ഒരു സമൂഹത്തെ ഉന്നംവെക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടതും കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ച വലിയൊരു ആശ്വാസം തന്നെയാണ്.
'പത്രപ്രവര്‍ത്തനത്തിന്റെ വഴിയില്‍ ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അടിയന്തരാവസ്ഥയില്‍ എന്താണ് സംഭവിച്ചതെന്ന് ഒരു കോടതി എന്ന നിലയില്‍ നമുക്കറിയാം. അതിനാല്‍ അഭിപ്രായ സ്വാതന്ത്ര്യവും ആശയങ്ങളും ഞങ്ങള്‍ ഉറപ്പാക്കും. സെന്‍സര്‍ഷിപ്പ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് അല്ല, മാധ്യമ സ്വാതന്ത്ര്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, ഒരു സമൂഹത്തെ ഉന്നംവെക്കാന്‍ പാടില്ലെന്ന സന്ദേശം മാധ്യമങ്ങളിലേക്ക് എത്തിക്കണം. ആത്യന്തികമായി, നാമെല്ലാവരും ഒരൊറ്റ ജനത എന്ന നിലയിലാണ് കഴിയുന്നത്. അത് ഒരു സമൂഹത്തിനും എതിരായിരിക്കരുത്' ഇതോടെ സുപ്രീംകോടതിയെ അഭിനന്ദിച്ചുകൊണ്ട് കപിൽ സിബൽ അടക്കമുള്ള രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ പ്രമുഖർ രംഗത്തെത്തി.
പരിപാടി നിർത്തിവെക്കണമെന്ന് ഉത്തരവിട്ടതിനൊപ്പം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതോടെ വിഷയത്തിൽ നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്ന് സർക്കാർ കരണം മറിഞ്ഞു. പരിപാടിയിൽ പ്രഥമദൃഷ്ട്യാ അപര വിശ്വാസത്തോട് വിദേശം പ്രചരിപ്പിക്കുന്നതിന് സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച തോടെ സുദർശൻ ടിവി എന്ന വർഗീയ കാർഡ് തൽക്കാലം സ്റ്റുഡിയോകളിൽ ഒതുങ്ങി. മോദിയുടെ പുതിയ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ എന്തും ചെയ്യാമെന്ന സംഘ് മനോഭാവ സ്ഥാപനങ്ങൾക്ക് ലഭിച്ച ഓർക്കാപ്പുറത്തെ പ്രഹരമാണ് സുദർശൻ ടിവി സംഭവം നമ്മെ ഓർമപ്പെടുത്തുന്നത്. ബാബരി വിധിയിൽ അടക്കം നിരന്തരമായി ന്യൂനപക്ഷ അവകാശങ്ങൾക്ക് തിരിച്ചടി നേരിട്ട പുതിയ കാലത്ത് സുദർശൻ ടിവിയുടെ പരിപാടിക്ക് വിലക്കേർപ്പെടുത്തിയത് എന്തുകൊണ്ടും പ്രതീക്ഷ നൽകുന്നതാണ്.
Leave A Comment