ഐ.എസ്: തീവ്ര സലഫിസത്തിനും സയണിസ്റ്റ് ഭീകരതക്കുമിടയില്‍
flagനിലപാടുകളിലെ ദുരൂഹതയും പ്രവര്‍ത്തനങ്ങളിലെ ഭീകരതയും കൊണ്ട് വര്‍ത്തമാന ലോകത്തിന്റെ ഒരു മഹാ സമസ്യയായി മാറിയ പ്രതിഭാസമാണ് ഐ.എസ് അഥവാ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത്. മതത്തിന്റെ പുകമറക്കുള്ളില്‍ വെറുപ്പിന്റെ രാഷ്ട്രീയം പയറ്റുന്ന അഭിനവ തര്‍ത്താരികളോ ഖവാരിജുകളോ ആയാണ് ചരിത്രത്തില്‍ ഈ രക്തേല്‍സുക യുദ്ധപ്രേമികളുടെ രംഗപ്രവേശം. ഇസ്‌ലാമിന്റെ മാനവിക സിദ്ധാന്തങ്ങളുമായോ കാരുണ്യത്തിന്റെ അവതാരമായി കടന്നുവന്ന പ്രവാചകരുടെ ജീവിത പാഠങ്ങളുമായോ പുലബന്ധം പോലും സൂക്ഷിക്കാതെ തുല്യതയില്ലാത്ത അക്രമപ്രവര്‍ത്തനങ്ങളിലൂടെയും നിരപരാധികളുടെ ചുടുചോരയൊഴുക്കി അതില്‍ ഉല്ലസിച്ചും ഭീകരതയുടെ പുതിയ അദ്ധ്യായം തീര്‍ത്തിരിക്കുന്നു മുസ്‌ലിം സമൂഹത്തിനു ശാപമായി മാറിയ ഈ സംഘന ഇന്ന്. ഇസ്‌ലാമിക ചിഹ്നങ്ങളും സ്രോതസ്സുകളും ഉയര്‍ത്തിക്കാട്ടി പൂര്‍ണമായും മനുഷ്യത്വത്തിനു വിരുദ്ധമായി അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന പേക്കൂത്തുകള്‍ അന്തര്‍ദേശീയ തലത്തില്‍ ഇസ്‌ലാം കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടാനാണ് കാരണമാകുന്നത്. 'സ്വര്‍ഗ'വും 'രക്തസാക്ഷിത്വ'വും കൊതിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും ചാരസംഘടനകളുടെ കളിപ്പാവകളായോ അവര്‍ അവതരിപ്പിക്കുന്ന കാടന്‍ വൈകൃതങ്ങള്‍ തീര്‍ത്തും അനിസ്‌ലാമികമാണെന്നും അത് മുസ്‌ലിം ലോകത്തെത്തന്നെ തകര്‍ക്കുമെന്നും ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭീകരവാദവും തീവ്രവാദവും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന ലോക പരിസരത്തില്‍ ഇസ്‌ലാമിന്റെ യുദ്ധ സങ്കല്‍പങ്ങളും നീതിസാരവും ബഹുസ്വര വീക്ഷണവുമെല്ലാം കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ് മതത്തിന്റെ പേരിലുള്ള ഇത്തരം ഭീകര സംഘടനകളുടെ കടന്നുവരവിലൂടെ സംഭവിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ ഐ.എസ് മുസ്‌ലിം ലോകത്തിനു വരുത്തിവെച്ച അപമാനവും നഷ്ടങ്ങളും വിവരണങ്ങള്‍ക്കപ്പുറത്താണ്. ഒരു പരിചയപ്പെടുത്തലിനു ആവശ്യമില്ലാത്ത വിധം ഭീകരതയുടെ പര്യായമായി മാറിയിട്ടുണ്ട് ഇന്ന് അന്തര്‍ദേശീയ തലം മുതല്‍ ലോക്കല്‍ തലം വരെ ഈ ഐ.എസ് പ്രതിഭാസം. ലോകത്ത് ഇസ്‌ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരിക എന്ന 'സുമോഹന' മോട്ടോയുമായി സിറിയ, ഇറാഖ് ഉള്‍പ്പെടുന്ന പശ്ചിമേഷ്യ കേന്ദ്രീകരിച്ചുകൊണ്ട് ചില സ്വയംപ്രഖ്യാപിത അഭിനവ ഖലീഫമാര്‍ മെനഞ്ഞെടുത്ത ഒരു ഭീകര കൂട്ടായ്മ എന്നാണ് ഔദ്യോഗികമായി ഇതിനെ പരിചയപ്പെടുത്തുന്നത്. ലക്ഷ്യത്തിന്റെ പരിപാവനത്വത്തിനപ്പുറം അത് സാക്ഷാല്‍കരിക്കാന്‍ അവര്‍ പിന്തുടരുന്ന രീതി മൃഗീയവും കാടത്തപൂര്‍ണവുമായതിനാലാണ് ഇത് മഹാ ഭീഷണിയായി തിരിച്ചറിയപ്പെടുന്നത്. വഹാബി ചിന്താധാര പിന്തുടരുന്ന തീവ്ര സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പാണ് അടിസ്ഥാനപരമായും ഇതിന്റെ നേതൃത്വത്തില്‍ കണ്ടുവരുന്നത് എന്നതിനാല്‍ സംഘടനയുടെ വിഷനും മിഷനും എന്തായിരിക്കുമെന്ന് ഗ്രഹിച്ചെടുക്കാന്‍ കൂടുതല്‍ എളുപ്പമാകുന്നു. രാഷ്ട്രീയപരമായും മതപരമായും ധാരാളം സാധ്യതകളിലേക്ക് വേരുകള്‍ താഴുന്നുണ്ടെങ്കിലും ഐ.എസ് ഉദയംകൊണ്ട സൈദ്ധാന്തിക പരിസരം ഏറെ സങ്കീര്‍ണവും അതിലേറെ സൂക്ഷ്മതയോടെ പഠിക്കപ്പെടേണ്ടതുമാണ്. ചാവേറിലൂടെയും ബോംബിംഗിലൂടെയും നിരപരാധികളെ കൊന്നൊടുക്കുന്ന ഒരു തീവ്ര വിഭാഗത്തിന്റെ സൃഷ്ടി എന്നതിലപ്പുറം തെറ്റിദ്ധാരണയിലൂടെയോ അല്‍പജ്ഞാനത്തിലൂടെയോ അതുമല്ലെങ്കില്‍ മറ്റാരുടെയുമെങ്കിലും പ്രീണനങ്ങളിലൂടെയോ രൂപംകൊണ്ട മനുഷ്യത്വരഹിതമായ ചില നിലപാടുകള്‍ സ്വീകരിച്ച ഒരു തീവ്ര കൂട്ടായ്മയായി ഇതിനെ മനസ്സിലാക്കാം. വഴിയും രീതിയും കാടത്തപരമാണെങ്കിലും ലക്ഷ്യം അന്വര്‍ത്ഥമാക്കുംവിധമായിരിക്കണം ഈ തീവ്രകൂട്ടായ്മക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് (അദ്ദൗലത്തുല്‍ ഇസ്‌ലാമിയ്യ) എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ചുരുക്ക രൂപമാണ് ഐ.എസ് എന്നത്. രാഷ്ട്രീയ ഇസ്‌ലാം വിഭാവനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന ധാരയിലേക്ക് ഇത് സൂചന തരുന്നു. പ്രവര്‍ത്തന മേഖലയുടെ വ്യാപനത്തെ സൂചിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ISIS) എന്നും ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലാവെന്റ് (ISIL) എന്നും ഇത് വിളിക്കപ്പെടുന്നു. അറബിയില്‍ അദ്ദൗലത്തുല്‍ ഇസ്‌ലാമിയ്യ ഫില്‍ ഇറാഖി വശ്ശാം എന്നതിന്റെ ചുരുക്കമായി ദാഇശ് എന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിലപാടിലും പദ്ധതികളിലും അല്‍ ഖാഇദയെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഈ ഭീകര കൂട്ടായ്മ പലതിലും അവരുമായി വിയോജിക്കുന്നുണ്ടെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളിലും കാടത്തപരമായ മൃഗീയ ചെയ്തികളിലും അതിന്റെ ഒരു അടുത്ത ഘട്ടമായിത്തന്നെവേണം ഇതിനെ മനസ്സിലാക്കാന്‍. കുരിശ് യോദ്ധാക്കളെയും സാമ്രാജ്യത്വ ഭീകര ശക്തികളെയും അല്‍ ഖാഇദ മുഖ്യ ശത്രുക്കളായി കാണുമ്പോള്‍ തങ്ങളെ അംഗീകരിക്കാത്തവരെയെല്ലാം ശത്രുക്കളായി കാണുന്ന നിലപാടാണ് ഐ.എസിന്റേത്. അതില്‍ ക്രിസ്ത്യാനികളും ജൂതന്മാരും മുസ്‌ലിംകളും എല്ലാം തുല്യരാണ്. മുസ്‌ലിംകളില്‍തന്നെ സുന്നികളും ശിയകളും പെടും. അത്രമാത്രം രൂക്ഷതയും തീവ്രതയുമാണ് ഐ.എസിനെ പൈശാചികവും മനുഷ്യത്വവിരുദ്ധവുമാക്കുന്നത്. രക്തരൂക്ഷിത വിപ്ലവമാണ് ഐ.എസ് സാമൂഹിക മാറ്റത്തിന് അടിസ്ഥാനപരമായി കാണുന്ന ഏക മാര്‍ഗം. ഇസ്‌ലാമിക സാമൂഹിക നിര്‍മിതിയെയും വ്യക്തിത്വ രൂപീകരണത്തെയും പ്രതിനിധീകരിക്കുന്ന ജിഹാദ് എന്ന വിശുദ്ധ സങ്കല്‍പത്തെയാണ് അവര്‍ ഇതിനു തെറ്റായി ഉപയോഗപ്പെടുത്തുന്നത്. സ്വശരീരത്തിന്റെ സംസ്‌കരണത്തിനും സമൂഹത്തിലെ ധാര്‍മിക സംസ്ഥാപനത്തിനും കഠിനാധ്വാനം ചെയ്യുകയെന്ന അതി മഹത്തരമായ ഒരാശയത്തെ മറച്ചുവെച്ചുകൊണ്ട് 'അതിജയിക്കുക'യും 'കൊന്നൊടുക്കുക'യും ചെയ്യുകയെന്ന പുതിയൊരു സയണിസ്റ്റ് നിര്‍വചനമാണ് അവര്‍ ജിഹാദിന് കല്‍പിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളെപോലും കവച്ചുവെക്കുന്നതാണിത്. അതുകൊണ്ടുതന്നെ, സ്വയം രൂപീകരിച്ച 'ഇസ്‌ലാമിക രാജ്യ'ത്തിനും സ്വയം പ്രഖ്യാപിത 'അമീറുല്‍ മുഅ്മിനീ'നും മുമ്പില്‍ അറവുശാലയായി മാറുന്നു മുസ്‌ലിം ലോകം. മതത്തിന്റെ അപ്പോസ്തലന്മാരായി ചമയുന്നത്തിനാല്‍ മറ്റാരുടെ തിരുത്തുകളും ഉള്‍കൊള്ളാനോ അംഗീകരിക്കാനോ അവര്‍ ഉണരുന്നുമില്ല. ചോദ്യം ചെയ്യപ്പെടാത്ത വൃത്തങ്ങള്‍ രൂപീകരിക്കുകയും അതില്‍ ഇസ്‌ലാമിക ചിഹ്നങ്ങളും ഉദ്ധരണികളും അസ്ഥാനത്തായി ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ കെണിയിലകപ്പെടുന്നത് മുറിവൈദ്യന്മാരായ യുവാക്കളാണ്. ചോരത്തിളപ്പിന്റെ മൂര്‍ദ്ധന്യതയില്‍ വിരാജിക്കുമ്പോള്‍ വിദേശ യാത്രകളില്‍നിന്നോ ഇന്റര്‍നെറ്റ് ലിങ്കുകളില്‍നിന്നോ ഇഞ്ചക്ട് ചെയ്യപ്പെടുന്ന വഴിവിട്ട മത തീവ്രാവേശം അവരെ പിന്നീട് കൊണ്ടെത്തിക്കുന്നത് ഇതുപോലെയുള്ള തീവ്ര കൂട്ടായ്മകളിലേക്കാണ്. ഇത് മുസ്‌ലിംകളെ മാത്രമല്ല, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയുമെല്ലാം ആവേശിക്കുന്നു. സിറിയയും ഇറാഖുമാണ് പ്രധാന സിരാകേന്ദ്രങ്ങളെങ്കിലും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുപോലും ചെറുപ്പക്കാര്‍ ഇതിലേക്ക് ആകര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് പഠനം. എന്നിട്ടാണോ അറബ്-ഏഷ്യന്‍ രാജ്യങ്ങളിലെ യുവാക്കളുടെയും യുവതികളുടെയും കാര്യം! കാടത്തത്തിന്റെയും മൃഗീയതയുടെയും അപ്പോസ്തലന്മാരായി പരക്കെ അറിയപ്പെട്ടിട്ടും മതം മാറി അന്യമസ്ഥരും സ്വയം മറന്ന് വിവിധ രാജ്യങ്ങളിലെ മുസ്‌ലിം ചെറുപ്പക്കാരും ഇതിലേക്ക് കൂട്ടത്തോടെ കടന്നുചെല്ലുന്നതിനു പിന്നിലെ രഹസ്യമാണ് ഇപ്പോഴും ആര്‍ക്കും പിടികിട്ടാത്തത്. ഐ.എസിനു പിന്നിലെ നിഘൂഢത ഇവിടെനിന്നും ആരംഭിക്കുന്നു. ശരിയായ മതനേതൃത്വത്തില്‍നിന്നും ഋജുവായ ഇസ്‌ലാമിക പാഠങ്ങള്‍ സ്വീകരിക്കുന്നതിനു പകരം എളുപ്പവഴിയില്‍ 'സ്വര്‍ഗ പ്രാപ്തി' നേടാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും വീഡിയോകളിലൂടെയും പലരും ഭീകരതയുടെ വഴിയില്‍ ശമനം തേടുന്നത് ഏറെ ദൗര്‍ഭാഗ്യകരം തന്നെ. ഐ.എസ് കൂടുതല്‍ ചര്‍ച്ചയര്‍ഹിക്കുന്നത് ഇവിടെയാണ്. സാമൂഹിക നീതിയിലും സമാധാന സങ്കല്‍പത്തിലും മറ്റേതു പ്രത്യയശാസ്ത്രങ്ങളെയും കവച്ചുവെക്കുന്ന സമീപന രീതി പൊതുസമൂഹത്തെ അഭിമുഖീകരിക്കുന്നതില്‍ ഇസ്‌ലാം അതിമനോഹരമായി അവതരിപ്പിച്ചിരിക്കെത്തന്നെയാണ് മറ്റു മതസ്ഥര്‍ക്കു മുമ്പില്‍ സംശയം ജനിപ്പിക്കുംവിധം ഇതിനെ കാറ്റില്‍ പറത്തുന്ന ചോരക്കളികള്‍ ഇത്തരം തീവ്രവാദി ഗ്രൂപ്പുകളില്‍നിന്നും ഉണ്ടാകുന്നത്. ഇസ്‌ലാമിന്റെ ആദ്യകാലത്തെ പുനരവതരിപ്പിക്കുകയെന്ന ധാരണയില്‍ ജാഹിലിയ്യത്തിനെയും പ്രാകൃത അറബ് ഗോത്ര ശീലങ്ങളെയുമാണ് ഐ.ഐസ് പോലെയുള്ള തീവ്ര ഗ്രൂപ്പുകള്‍ ഇതിലൂടെ പുറത്ത് കൊണ്ടുവരുന്നത്. വിശുദ്ധ ഖുര്‍ആന്റെ മൗലിക പാഠങ്ങള്‍ക്കുപോലും ഇത് എതിരാണെന്ന കാര്യം അവര്‍ തിരിച്ചറിയാതെ പോകുന്നു. ഉത്തര മധ്യ ഇറാഖിലും വടക്കന്‍ സിറിയയിലും ആധിപത്യമുറപ്പിച്ച ഐ.എസ് അവിടങ്ങളിലെ തങ്ങളുടെ അരുംകൊല രീതിശാസ്ത്രത്തിലൂടെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുകയല്ല, ഐ.എസിനെ രണോത്സുകതയുടെ പുതിയൊരു മതമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയെല്ലാം പറയുമ്പോഴും, സത്യത്തില്‍ ആരാണ് അല്‍ ഖാഇദ, ഐ.എസ് പോലെയുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ക്കു പിന്നിലെന്ന ചോദ്യം ന്യായമായും ഉയരുന്നു. പല സംഭവങ്ങളുടെയും വെളിച്ചത്തില്‍ പല സാധ്യതകളും അതിനുള്ള ന്യായങ്ങളും നിരത്തപ്പെടുന്നുണ്ടെങ്കിലും ഇതിനു കൃത്യമായൊരു മറുപടി ഇതുവരെ രൂപപ്പെട്ടുവന്നിട്ടില്ലായെന്നതുതന്നെയാണ് സത്യം. എന്നാല്‍, മുസ്‌ലിം ലോകത്തെ, വിശിഷ്യാ അറബ് മുസ്‌ലിംകളെ ഇന്നത്തെ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിട്ടതില്‍ ആശയപരവും രാഷ്ട്രീയപരവുമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെന്നത് ഏറെ സുവിദിതമായ കാര്യമാണ്. ഇതെല്ലാം അമേരിക്കയുടെയും സയണിസത്തിന്റെയും സൃഷ്ട്ിയാണെന്ന് ഉത്തരം ചുരുക്കിപ്പറയുന്നത് ചരിത്രത്തിന്റെ വെളിച്ചത്തില്‍ ഒരളവോളം സത്യമാണെങ്കിലും അതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഐ.എസ് പോലെയുള്ള ഭീകര സംഘടനകളുടെ സൈദ്ധാന്തിക പ്രത്യയശാസ്ത്ര പരിസരം. രാഷ്ട്രീയ ഇസ്‌ലാമും അബ്ദുല്‍ വഹാബിലൂടെ പതിനെട്ടാം നൂറ്റാണ്ടില്‍ സമാരംഭം കുറിച്ച തീവ്ര സലഫിസവും അവയുടെയെല്ലാം പില്‍ക്കാല അതി തീവ്ര പരിണതികളും ഇത്തരം തീവ്ര കൂട്ടായ്മകള്‍ക്ക് സൈദ്ധാതിക പരിസരം ഒരുക്കിയിരുന്നുവെന്നതിനു ചരിത്രം തെളിവാണ്. മൊസാദും സി.ഐ.എയുമെല്ലാം അന്വേഷണ വിധേയമാക്കപ്പെടുമ്പോള്‍തന്നെ ഐ.എസിന്റെ വേരുകള്‍ ആഴ്ന്നുപോയ വഴികളെല്ലാം പിന്തുടര്‍ന്ന് പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഐ.എസിന്റെ പിറവിക്ക് സൈദ്ധാന്തിക അടിത്തറ പാകിയ ലോകങ്ങളിലേക്കു വെളിച്ചം നല്‍കുന്ന സമഗ്രമായൊരു അന്വേഷണം ഇനിയും നടന്നിട്ടില്ലെന്നതാണ് വസ്തുത. അക്കാദമിക ലോകത്ത് ഇന്നിത് ചൂടേറിയ ചര്‍ച്ചയാണ്. ഇംഗ്ലീഷ് ഭാഷയില്‍ മാത്രം മുപ്പതോളം പുസ്തകങ്ങളും നൂറിലേറെ ഗവേഷണ പഠനങ്ങളും ഇവ്വിഷയകമായി പുറത്തുവന്നുകഴിഞ്ഞു. പക്ഷെ, ഇതില്‍ അധികവും അറബ് മുസ്‌ലിം ലോകത്തെ പ്രതിവല്‍കരിക്കുന്നതും യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ടിനെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതുമാണ്. ചില പ്രത്യേക അജണ്ടകളുടെ വെളിച്ചത്തേില്‍ പുറത്തുവന്നതായിരിക്കണം ഇത്തരം പഠനങ്ങള്‍ എന്നുവേണം മനസ്സിലാക്കാന്‍. പൊളിറ്റിക്കല്‍ ഇസ്‌ലാമിസത്തിന്റെയും തീവ്ര സലഫിസത്തിന്റെയും കൈ കഴുകിയും ചെറിയ നിലക്കാണെങ്കിലും അന്വേഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ ഭാഗം പവിത്രമാക്കി ഐ.എസിനെ അന്യമാക്കി അവതരിപ്പിച്ചാണ് ഇത്തരം അന്വേഷണങ്ങളിലെ വിലയിരുത്തലുകള്‍ പോകുന്നത്. എന്നാല്‍, ഈ ധാരകള്‍ക്കെല്ലാം അപ്പുറത്തോ അല്ലെങ്കില്‍ ഇവയെല്ലാറ്റിന്റെയും ഇടയില്‍നിന്നോ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ഐ.എസിന്റെ പിറവി സംഭവിച്ചിരുന്നത്. ഈ സമ്മിശ്ര പരിസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ ചരിത്രം പൂര്‍ണമാകുന്നതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter