ഔപചാരികതയുടെ അഭാവം നമ്മുടെ വൈജ്ഞാനിക വിനിമയത്തെ ബാധിച്ച വിധം - അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി (2)
(ഉസ്താദ് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി ഇസ്‍ലാം ഓണ്‍ വെബിനു നല്കിയ അഭിമുഖത്തിന്‍റെ തുടര്‍ ഭാഗം)
പതിറ്റാണ്ടുകളായി വിദ്യാഭ്യാസ രംഗങ്ങളില്‍ ഇടപെടുകയും വിദേശ ബന്ധങ്ങളും യാത്രകളും അനുഭവിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ പ്രായോഗിക രംഗത്ത് കേരളത്തിലെയും കേരളത്തിനു പുറത്തെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ എങ്ങനെ താരതമ്യം ചെയ്യുന്നു?
വലിയ ഇടപെടലുകളോ വിപുലമായ ബന്ധങ്ങളോ അവകാശപ്പെടുന്നില്ല. എളിയ അന്വേഷണ പഠനങ്ങളില്‍ നിന്ന് എനിക്ക് ബോധ്യമായത് അല്‍ അസ്ഹര്‍, കെയ്റോ തുടങ്ങിയ ഈജിപ്ഷ്യന്‍ യൂനിവേഴ്സിറ്റികളാണ് താരതമ്യേന ഉള്‍ക്കനമുള്ള പാഠ്യ പദ്ധതി സ്വീകരിച്ചിരിക്കുന്നതെന്നാണ്.കേരളത്തില്‍ നിലവില്‍ എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിന് പുറത്തെ വിശിഷ്യാ ഈജിപ്ത്, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലേതിന് സമാനമായി വൈജ്ഞാനികോല്പാദനം ഇവിടെ നടക്കുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ അഭിപ്രായത്തെ താങ്കള്‍ എങ്ങനെ സമീപിക്കുന്നു?
വിദേശ യൂനിവേഴ്സിറ്റികളിലെന്നല്ല മുസ്‍ലിം ലോകത്ത് തന്നെയും വലിയ തോതിലുള്ള വിദ്യയുടെ ഉത്പാദനം നടക്കുന്നുവെന്ന അഭിപ്രായത്തോട് പൂര്‍ണ്ണ യോജിപ്പില്ല. അഥവാ നിലവിലുള്ളതിനെ പൂര്‍ണ്ണമായും നിഷേധിക്കലോ നിസ്സാരവല്ക്കരിക്കലോ അല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പക്ഷെ, മഹാ മനീഷികളായ നമ്മുടെ ഇമാമുമാര്‍ പോയ കാലങ്ങളില്‍ വൈജ്ഞാനിക രംഗങ്ങളില്‍ സമര്‍പ്പിച്ച സംഭാവനകളുമായി താരതമ്യം ചെയ്താല്‍ സമകാലിക മുസ്‍ലിം ലോകത്ത് ഒന്നും നടക്കുന്നില്ലെന്ന സംശയമുയരുന്നു. കാലഘട്ടത്തിന്റെ ആവശ്യകതക്കനുസരിച്ച് ഗൌരവ തരമായി നടക്കേണ്ട ഒരു പ്രക്രിയയാണ് വിദ്യോല്പാദനം. ഇസ്‍ലാം വിശ്വാസിയുടെ മുഴുവന്‍ ജീവിത മണ്ഡലങ്ങളുമായും ഇഴകി ചേര്‍ന്ന് നില്ക്കുന്ന ഒരു പ്രത്യയ ശാസ്ത്രമാണ്. വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന പുതു നൂറ്റാണ്ടിലെ മുസ്‍ലിമിന്റെ ജീവിത നിബദ്ധമായ പ്രശ്നങ്ങളില്‍ ഇസ്‍ലാമിന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ച് സമുദായം ഗൊരവതരമായി അന്വേഷിക്കുകയോ മുഖവിലക്കെടുക്കുകയോ ചെയ്യുന്നില്ലെന്നാണ് അനുഭവങ്ങള്‍ പറയുന്നത്. ചിന്താപരമായ വികാസത്തിന്റെയും ഗവേഷണപരതയുടെയും ആവശ്യകത നിരാകരിക്കപ്പെടുന്ന തലത്തിലേക്കാണ് സാഹചര്യങ്ങള്‍ എത്തിനില്ക്കുന്നത്. വ്യവഹാരങ്ങളിലും ആചാരക്രമങ്ങളിലും മറ്റും ശാരീരിക-സാമൂഹ്യ-സാമ്പത്തിക ലാഭ നഷ്ടങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്ര ഗൌരവത്തില്‍ തദ് വിഷയങ്ങളിലെ ഇസ്‍ലാമിക ദര്‍ശനത്തെ ക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ കുറഞ്ഞു വരികയാണ്.
ഇസ്‍ലാമിക ലോകത്തെ പ്രമുഖ യൂനിവേഴ്സിറ്റികള്‍ക്കു കീഴില്‍ നടത്തപ്പെടുന്ന ഗവേഷണ പഠനങ്ങള്‍ പോലും സര്‍ട്ടിഫിക്കറ്റ് ലഭ്യത ഉറപ്പു വരുത്താനുള്ള ഉപരിപ്ലവമായ ചില പഠനങ്ങള്‍ എന്നതിനപ്പുറം ഗവേഷണ വിധേയമാക്കിയ വിഷയത്തെക്കുറിച്ചുള്ള ആഴമേറിയ വിശകലനങ്ങള്‍ക്ക് മുതിരുന്നില്ലെന്ന് ലഭ്യമായ അത്തരം ഗവേഷണ പ്രബന്ധങ്ങള്‍ കണ്ണോടിക്കുമ്പോള്‍ ബോധ്യമാകും. ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്രത്തിനറെയും ജീവിത ദര്‍ശനങ്ങളുടെയും സൊന്ദര്യവും കാലിക പ്രസക്തിയും പ്രായോഗികതയും പൊതു സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാനും പൊതു സമ്മതി നേടിയെടുക്കാനുമുള്ള വൈജ്ഞാനിക നവോത്ഥാന യത്നങ്ങള്‍ ദുര്‍ലഭമായിരിക്കുന്നു.
അറിവിന്റെ ആശ്ചര്യജന്യമായ ഉല്പാദനം നടന്ന മുന്‍കാല ഇമാമുമാരുടെ രചനാ വൈഭവങ്ങളാണ് ഇന്നും നമ്മുടെ ഗ്രന്ഥപ്പുരകളെ പ്രൌഢമാക്കുന്നത്. ഇബ്നു ഹജര്‍ അല്‍ ഹൈതമി (റ) ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ഓരോ രചനയും അതി ബൃഹത്തായ ഗവേഷണങ്ങളുടെയും പരസ്പര പൂരകങ്ങളായ വിഞ്ജാന ശാഖകളുടെയും സാകല്യമായിരുന്നു.
ഇസ്‍ലാമിക വിഷയങ്ങളില്‍ ആധുനിക കാല ഘട്ടത്തില്‍ നടക്കുന്ന ഗൌരവതരമായ ഗവേഷണ പഠനങ്ങളുടെ ഉല്പന്നങ്ങള്‍ ധാരാളം ലഭ്യമാണ്. ഖത്തറിലെ പ്രമുഖ പണ്ഡിതനായ അലി ഖുറദാഗിയുടെ ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്ര സംബന്ധിയായ പന്ത്രണ്ട് വാള്യങ്ങളുള്ള രചന എടുത്തുപറയാവുന്ന ഒരു സൃഷ്ടിയാണ്. ഇത്തരത്തിലുള്ള ഒരു ഉല്പാദനക്ഷമതയുടെ ദൌര്‍ലഭ്യം കേരളീയ വിദ്യാഭ്യാസ രംഗം അനുഭവിക്കുന്നില്ലേ?
ഗൌരവതരമായ വിമര്‍ശന പഠനത്തിന് വിധേയമാകേണ്ട ഒരു വസ്തുതയാണിത്. വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവങ്ങള്‍ക്ക് വിളനിലമാകാവുന്ന എല്ലാ അനുകൂല സാഹചര്യങ്ങളും കേരളത്തില്‍ ലഭ്യമാണ്. കാലങ്ങളായി നാം തുടര്‍ന്നു പോരുന്ന പാഠ്യ രീതി ഉള്ളടക്കത്താല്‍ സമ്പന്നമാണെങ്കിലും ഔപചാരികതയും സാര്‍വ്വാംഗീകൃതമായ കൃത്യതയുടെ വ്യവസ്ഥിതികളും ആ പാഠ്യ രീതികളില്‍ നിന്ന് നിരുത്തരവാദപരമായി അന്യം നിര്‍ത്തപ്പെടുകയായിരുന്നു. വിദേശത്ത് ജോലിയില്‍ ചേരാന്‍ ഇന്റര്‍വ്യുവിന് വിധേയനായപ്പോള്‍ ഉണ്ടായ അനുഭവം ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്നു. ഉയര്‍ന്ന തൊഴില്‍ ലബ്ദി എന്ന തൊഴിലന്വേഷകന്റെ സ്വാഭവിക മോഹത്തിന്റെ അരുക് പറ്റി അന്ന് കൈവശമുണ്ടായിരുന്ന സര്ട്ടിഫിക്കറ്റ് പി.ജി ആണെന്നു തന്നെ ഇന്റര്‍വ്യു ബോര്‍ഡിനു മുമ്പില്‍ അവകാശപ്പെട്ടു. പക്ഷെ പി.ജി യ്ക്കു മുമ്പ് പിന്നിട്ട (പിന്നിടേണ്ട) ഡിഗ്രി, സെക്കന്ററി, പ്രിപറേറ്ററി ഘട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളോ മാര്‍ക്ക് ലിസ്റ്റുകളോ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നത് നാം പുലര്‍ത്തിയ മനപ്പൂര്‍വമായ ഒരു അനാസ്ഥയുടെ പരിണിത ഫലമായിരുന്നില്ലേ. ഇവിടെ നിലനിന്നു പോന്ന, മുന്‍കാല മഹത്തുക്കളുടെ സൃഷ്ടിയായ പാഠ്യ പദ്ധതിയില്‍ നേരത്തെ പറഞ്ഞ വിവിധ ഘട്ടങ്ങളുടെ നാമകരണം നടന്നിട്ടില്ലെങ്കിലും അവയുടെ കൃത്യമായ ക്രോഡീകരണം ലഭ്യമാണ്. അവ വായിച്ചെടുക്കാനും കാലോചിതമായി നടപ്പാക്കാനുമുള്ള താല്പര്യമോ ആര്‍ജ്ജവമോ നാം കാണിച്ചില്ലെന്നതാണ് സത്യം. അല്‍ ഹംദു ലില്ലാഹ്- ഇപ്പോള്‍ ആ അവസ്ഥയില്‍ നിന്ന് നമ്മുടെ വിദ്യാഭ്യാസ മേഖല ഏറെ പുരോഗതി നേടിയിട്ടുണ്ട്. ഇനിയും നമുക്ക് ഒരുപാട് ദൂരം പിന്നിടാനുമുണ്ട്. നിലവിലുള്ള വ്യത്യസ്ത പാഠ്യ പദ്ധതികളില്‍ പ്രിലിമിനറി ഘട്ടം മുതല്‍ പി. ജി വരെ വ്യവസ്ഥാപിതമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനപ്പുറം എം. ഫിലും, പി.എച്.ഡിയുമടക്കം നമ്മുടെ സംവിധാനത്തിനകത്ത് നിന്നു തന്നെ കൃത്യമായ മാനദണ്ഡങ്ങളോടെ നല്കുന്ന നിലയിലേക്ക് ഇനിയും ഉയരണമെന്ന ചിന്തയും പ്രവര്‍ത്തനവുമാണ് ഞങ്ങള്‍ പുലര്‍ത്തുന്നത്. വാഫി സംവിധാനത്തിനു കീഴില്‍ വിദേശ യൂനിവേഴ്സിറ്റികളുടെ അംഗീകാരമുള്ള എംഫില്‍ വരെ നല്കാനുള്ള സാധ്യതകള്‍ക്ക് സമീപ ഭാവിയില്‍ തന്നെ സാഫല്യമാവും - ഇന്‍ശാ അല്ലാഹ്. എത്തിപ്പിടിക്കാന്‍ ആവുന്നതെല്ലാം ആര്‍ജ്ജിക്കണമെന്നുള്ള യാഥാര്‍ത്ഥ്യ ബോധത്തോടെ ധീരമായ സമീപനങ്ങള്‍ ഇനിയും ഈ രംഗത്ത് ആവശ്യമാണ്.
കാലങ്ങളായി നമ്മള്‍ വെച്ചു പുലര്‍ത്തുന്ന സമീപനം ഒരു തരം അപകര്‍ഷതാ ബോധത്തിന്‍റെ ഉപോല്പന്നമാണെന്നതാണ് സത്യം. നാം ഏറ്റുപിടിക്കുന്ന വിദ്യാഭ്യാസ രീതികള്‍ ആഗോളാടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെടുന്നതിനാവശ്യമായ ഭേദഗതികളും പൊളിച്ചെഴുത്തുകളും നടത്തിയേ തീരൂ. വിദ്യാഭ്യാസ രംഗത്ത് ഉപയോഗിക്കപ്പെടുന്ന സംജ്ഞകളും മാനദണ്ഡങ്ങളും സര്‍ക്കാറിന്റെ സ്വന്തം കുത്തകയാണെന്ന ധാരണ മാറ്റി ലോക തലത്തില്‍ വിശ്വാസ്യതയും നിലവാരവുമുള്ള സ്വകാര്യ ഏജന്‍സികളെ ഉള്‍ക്കൊള്ളുകയും അവയുടെ മാതൃകകള്‍ സ്വീകരിക്കുകയും ചെയ്യണം. മുസ്‍ലിം ലോകത്തിന്റെ അംഗീകാരം നേടിയെടുത്ത ധാരാളം ഇസ്‍ലാമിക് യൂനിവേഴ്സിറ്റികള്‍ വിജയകരമായി ലോകത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ഗവേഷണങ്ങളും ആഴമേറിയ പഠനങ്ങളും കേരളത്തില്‍ നടക്കുന്നുണ്ടെങ്കിലും നേതരത്തെ സൂചിപ്പിച്ച മാനദണ്ഡങ്ങളുടെയും ചട്ടക്കൂടുകളുടെയും അഭാവമാണ് അവ ലോക തലത്തില്‍ ശ്രദ്ധേയമാകാതെ പോകുന്നതിന്റെ പ്രധാന കാരണം. സ്വകാര്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ വ്യാപ്തവും സ്വതന്ത്രവുമായ മേഖലകളിലേക്കുള്ള വാതായനങ്ങളാണ് നമ്മുടെ മുമ്പില്‍ തുറക്കപ്പെടുന്നത്.
ഗവേഷണങ്ങളുടെ വലിയ വാതിലുകള്‍ തുറക്കപ്പെടുന്നതിലൂടെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ പിറവിയെടുത്ത, ആഗോള പണ്ഡിത ലോകം ഇന്നും ആദരിക്കുന്ന “ഫത്ഹുല്‍ മുഈന്‍” പോലുള്ള കൃതികളുടെ തുടര്‍ച്ച നമുക്ക് പ്രതീക്ഷിക്കാവുന്നതല്ലേ?
തീര്‍ച്ചയായും അങ്ങനെ പ്രതീക്ഷിക്കാം. ഫത്ഹുല്‍ മുഈന്‍ ശാഫിഈ ഫിഖ്ഹില്‍ അംഗീകരിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ ശ്രേണിയില്‍ ഉന്നത സ്ഥാനം നേടിയെടുത്ത ഒരു ഗ്രന്ഥമാണ്. സമകാലിക കേരളീയ സാഹചര്യത്തില്‍ ഫത്ഹുല്‍ മുഈനിനോളം ഗഹനവും ബൃഹത്തുമായ ഒരു ഗ്രന്ഥം രചിക്കപ്പെടുകയെന്നതിലുപരി പ്രസക്തമായ മറ്റൊരു തലത്തിലേക്ക് സൈനുദ്ദീന്‍ മഖ്ദൂം (റ) രചന നമ്മുടെ ചിന്തയെ കൊണ്ടു പോകുന്നു. ഇബ്നു ഹജര്‍ അല്‍ ഹൈതമി (റ) യുടെ ശിഷ്യനായ സൈനുദ്ദീന്‍ മഖ്ദൂം, ഗുരുവര്യരുടെ നിലപാടുകള്‍ക്കൊപ്പം അദ്ദേഹം ജീവിച്ച കാലത്തിന്റെയും ദേശത്തിന്റെയും സവിശേഷതകള്‍ക്കനുസൃതമായി രൂപപ്പെടുത്തിയെടുത്ത സമീപനങ്ങളും നിലപാടുകളും ഈ ഗ്രന്ഥത്തില്‍ കാണാവുന്നതാണ്. ആ സമീപനങ്ങളുടെ തുടര്‍ച്ചയാണ് ഇനിയും നാം മുന്നോട്ടു കൊണ്ടു പോകേണ്ടത്. കാലാനുസൃതവും പ്രാദേശികവുമായ സ്വാധീനങ്ങളുടെ ഫലമായി രൂപപ്പെടുന്ന മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മുസ്‍ലിം ജീവിത സാഹചര്യങ്ങള്‍ക്ക് തദനുസൃതമായ വ്യാഖ്യാനങ്ങള്‍ കര്‍മ്മ ശാസ്ത്ര രംഗത്ത് രൂപപ്പെടുത്തി സമൂഹത്തിന് സമര്‍പ്പിക്കേണ്ടത് അതതു കാലങ്ങളില്‍ ജീവിക്കുന്ന പണ്ഡിതരുടെ ധര്‍മ്മമാണ്.
ഇന്ന് യൂറോപ്പിലടക്കം ലോക തലത്തില്‍ ഏറ്റവും പുതിയതായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു മേഖലയാണ് ഫിഖ്ഹുല്‍ അഖല്ലിയാത്ത്(ന്യൂനപക്ഷങ്ങളുടെ കര്‍മ്മ ശാസ്ത്രം). സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങളില്‍ ഇസ്‍ലാമിക ജീവിത മൂല്യങ്ങള്‍ക്ക് ക്ഷതമേല്ക്കാതെ പരമാവധി സംരക്ഷിക്കപ്പെടാനുള്ള താല്പര്യത്തില്‍ നിന്നാണ് ഇത്തരമൊരു ചിന്ത ഉടലെടുക്കുന്നത്. നമ്മള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാണ്. പരിമിതികളും പ്രതിസന്ധികളും അനുഭവിക്കുന്ന നമ്മുടെ സാഹചര്യങ്ങളിലും ഇതേ മാതൃകയില്‍ അനുവര്‍ത്തിക്കാവുന്ന ഒരു ഫിഖ്ഹീ ധാര നാം വികസിപ്പിച്ചെടുക്കണം. ജീവിത സാഹചര്യങ്ങളെ സങ്കുചിതമാക്കിത്തീര്‍ക്കുകയല്ല ഫിഖ്ഹിന്റെ താല്പര്യം. വിശ്വാസികളുടെ വിശ്വാസവും അനുഷ്ടാനങ്ങളും അനുവദനീയമായ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സാധാരണക്കാര്‍ക്ക് പരമാവധി ലഘുവാക്കി ക്കൊടുക്കുകയെന്നതാണ് പണ്ഡിത ധര്‍മ്മം. മാറിയ സാഹചര്യത്തിനനുസരിച്ച് സമൂഹത്തിന് മാര്‍ഗ ദര്‍ശനം നല്കി ജനങ്ങളുടെ ജീവിതത്തിലെ ഇസ്‍ലാമിക മുഖത്തിന്റെ തെളിമ കാത്തു സൂക്ഷിക്കുകയാണ് സൈനുദ്ദീന്‍ മഖ്ദൂം ഫത്ഹുല്‍ മുഈനിലൂടെയും അദ്ദേഹത്തിന്റെ സമീപനങ്ങളിലൂടെയും ചെയ്തത്. അതിന്റെ ചുവട് പിടിച്ച് പണ്ഡിതോചിതമായി ഇടപെടാനുള്ള വൈജ്ഞാനിക ശാക്തീകരണമാണ് നാം നടത്തേണ്ടത്.
വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കമായിരുന്നല്ലോ നമ്മുടെ സ്ത്രീ പക്ഷം. ഈ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു നിമിത്തമായ വഫിയ്യ കോഴ്സ് ആരംഭിക്കാനുണ്ടായ ചിന്തയും സാഹചര്യവുമെന്തായിരുന്നു?
മാനുഷ്യകമെന്ന വാഹനത്തിന്റെ ഇരു ചക്രങ്ങളാണല്ലോ സ്ത്രീയും പുരുഷനും. എല്ലാ അര്‍ത്ഥത്തിലുള്ള അവകാശങ്ങളും ഇസ്‍ലാമിന്റെ നിഷ്കര്‍ഷതയിലധിഷ്ഠിതമായ സ്വാതന്ത്ര്യവും സ്ത്രീ സമൂഹവും അര്‍ഹിക്കുന്നുണ്ട്. അറിവ് നേടാനുള്ള സ്ത്രീയുടെ താല്പര്യങ്ങള്‍ക്ക് ഇസ്‍ലാം ഒരിക്കലും വിലങ്ങ് വെച്ചിട്ടില്ല. ഹദീസ് വായനയ്ക്കിടയില്‍ അബൂഹുറൈറയെപ്പോലെ ആവര്‍ത്തിക്കപ്പെടുന്ന നാമമാണല്ലോ ആയിഷ ബീവി(റ)യുടേതും. നബി(സ)യില്‍ നിന്ന് ഹദീസുകള്‍ പഠിക്കുകയും അവ മുസ്‍ലിം ഉമ്മത്തിന് കൈമാറ്റം ചെയ്യുകയും ചെയ്ത മഹത്തുക്കളിലെ മുന്‍ നിരയിലാണല്ലോ അവരുടെ സ്ഥാനം. ഫെമിനിസ്റ്റുകള്‍ താല്പര്യപ്പെടുന്നതല്ല യഥാര്‍ത്ഥത്തില്‍ സ്ത്രീ സ്വാതന്ത്ര്യം. പ്രവാചകാധ്യാപനങ്ങള്‍ പഠിക്കുന്നതിലൂടെ സ്ത്രീകളില്‍ സത്വബോധവും അവകാശ ബോധവും വികസിക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ ഇന്ന് ഞങ്ങള്‍ക്ക് ദൃശ്യമാണ്. വിശുദ്ധ ഖുര്‍ആനും, ബുഖാരി, മുസ്‍ലിം, മിശ്ക്കാത്ത് തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളും അനുബന്ധ ജ്ഞാനീയങ്ങളും പഠിച്ച വിദ്യാര്‍ത്ഥിനികള്‍ ചിന്തകളിലും പ്രയോഗങ്ങളിലും പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തിയ നിര്‍വൃതി അവരുടെ പ്രകടനങ്ങളില്‍ കാണാന്‍ കഴിയുന്നത് വലിയ സന്തോഷം പകരുന്ന കാഴ്ചയാണ്. ഏറെക്കാലം അവ നിഷേധിക്കപ്പെട്ടവരായി കഴിഞ്ഞു കൂടേണ്ടി വന്നവരാണ് അവര്‍. വിദ്യാഭ്യാസത്തോട് പെണ്‍കുട്ടികള്‍ അനല്പമായ പ്രതിപത്തിയും കാര്‍ക്കശ്യവും വെച്ചു പുലര്‍ത്തുവെന്നതാണ് അനുഭവം ഞങ്ങള്‍ക്ക് നല്കുന്ന പാഠം.
വഫിയ്യ കോഴ്സിന്റെ ഭാഗമായി 192 മണിക്കൂര്‍ സാമൂഹ്യ സേവനവും കോഴ്സില്‍ ഉള്‍പ്പെടുത്തിയുട്ടുണ്ട്. ഇസ്‍ലാമികാചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ട് തന്നെ സേവന നിര്‍വ്വഹണത്തില്‍ വളരെ ക്രിയാത്മകമായ സമീപനമാണ് പെണ്‍കുട്ടികള്‍ സ്വീകരിച്ചു പോരുന്നതും പ്രവൃത്തി പഥത്തില്‍ പ്രകടിപ്പിക്കുന്നതും. സ്ത്രീ സമൂഹത്തിന്റെ സാമൂഹ്യ മേഖലകളില്‍ പണ്ഡിതോചിതമായി ഇടപെടാനും പോംവഴി നിര്‍ദ്ദേശിക്കാനുമുള്ള പ്രാപ്തി ആര്‍ജ്ജിച്ചെടുക്കുകയും അവരുടെ സര്‍ഗാവിഷ്ക്കാരങ്ങള്‍ക്ക് നവോന്മേഷം പകരുന്ന സര്‍ഗാത്മക കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്കാനുമള്ള ആര്‍ജ്ജവം നേടിയെടുക്കുകയും ചെയ്തിരിക്കുന്നു അവര്‍. സമൂഹത്തിന്റെ അന്തര്‍ധാരയില്‍ വലിയ മാറ്റത്തിന് നിമിത്തമാകുന്ന സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് മുസ്‍ലിം സമൂഹം കൂടുതല്‍ ജാഗ്രതയും താല്പര്യവും കാണിക്കേണ്ടതിന്റെ ആവശ്യകത കൂടി ഇവിടെ പ്രസക്തമാണ്. ആണ്‍കുട്ടികള്‍ക്ക് ലഭ്യമാകുന്ന പോലെ പെണ്‍കുട്ടികള്‍ക്കും അവരുടെ സത്വസംരക്ഷണം ഉറപ്പ് വരുത്തി മത-ഭൌതിക സമന്വിത വിദ്യാഭ്യാസം നേടാനുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണം.
ഒരു തലമുറയുടെ സമുദ്ധാരണം സാധ്യമാക്കുന്ന മഹത്തായ ഒരു പാഠശാലയുടെ നിര്‍മ്മിതിയാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ പുലരുന്നത്. ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു പ്രശ്നമാണ് കേരളത്തിലെ പ്രാഥമിക മത പഠന രംഗത്തിന്റെ നിലവാര ത്തകര്‍ച്ച. കേരളത്തിലെ പ്രാഥമിക ഇസ്‍ലാമിക പാഠശാലയായ മദ്റസകളില്‍ അദ്യാപനത്തിന് യോഗ്യരായ സ്ത്രീകളെ നിയമിക്കുന്നത് ഫലപ്രദമാവുകയില്ലേ?
വലിയ ഗുണ ഫലം പ്രതീക്ഷിക്കാവുന്ന ഒരു പരീക്ഷണമാവുമെന്നാണ് എന്റെ പ്രതീക്ഷ. പ്രാഥമിക ഘട്ടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മത ബോധവും ഭക്തിയുമുള്ള അദ്യാപികമാരുടെ സാന്നിധ്യം അനുകൂല ഫലം ചെയ്യും. മദ്റസാ മാനേജ്മെന്റ്-രക്ഷാ കര്‍തൃ-അദ്യാപക ത്രയങ്ങളുടെ പാരസ്പര്യമാണ് മദ്റസകളുടെ വിജയത്തിന്റെയും കാര്യക്ഷമതയുടെയും അടിത്തറ.പ്രതിബദ്ധതയുടെ വൈരള്യമാണ് ഈ രംഗത്ത് ഇന്ന് നാം അനുഭവിക്കുന്ന വലിയ പ്രതിസന്ധി. പ്രതിബദ്ധതയുടെ വിസ്മയകരമായ മാതൃകകളാണ് പുരുഷ സമൂഹത്തേക്കാള്‍ സ്ത്രീകള്‍ പ്രകടിപ്പിക്കുന്നതെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. നന്മയുടേതായാലും തിന്മയുടേതായാലും അവര്‍ ഇടപഴകുന്ന സാഹചര്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയെന്നത് സ്ത്രീകളുടെ സഹജ സ്വഭാവമായി കാണുന്നു. ആ സമര്‍പ്പണ മനോഭാവം നന്മയുടെ വഴിയെ തിരിച്ചുവെക്കുന്നത് വലിയ ഗുണം ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രയോഗ രംഗത്ത് ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ഇത്തരമൊരു പരീക്ഷണത്തിനു സമൂഹം തയ്യാറാവുകയാണെങ്കില്‍ വലിയ ഗുണഫലങ്ങള്‍ പ്രകടമാവുക തന്നെ ചെയ്യും.
വഫിയ്യമാരുടെ പഠന പൂര്‍ത്തീകരണത്തിന് ശേഷമുള്ള പ്രകടനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
വളരെ വലിയ ആശ്വാസവും നിര്‍വൃതിയും നല്കുന്നു. പക്ഷെ, സുരക്ഷിതമായ ഒരു കുടക്കീഴില്‍ ആത്മികവും ഭൌതികവുമായ വിജ്ഞാനീയങ്ങള്‍ നേടി പുറത്തിറങ്ങിയ വഫിയ്യമാരുടെ രക്ഷിതാക്കളും ജീവിത പങ്കാളികളും ഒരല്പം സാമുഹ്യ പ്രതിബദ്ധത കൂടി കാണിക്കണമെന്നത് സാന്ദര്‍ഭികമായി പറയേണ്ടി വരുന്നു. സാമൂഹ്യോത്ഥാന സംരംഭങ്ങളില്‍ നേതൃപരമായി ഇടപെടാനുള്ള പ്രാപ്തി നേടിയ പെണ്‍കുട്ടികള്‍ പിന്നെയും അടുക്കള ഭരണത്തില്‍ മാത്രം ഒതുക്കപ്പെടുന്നത് ആത്മഹത്യാ പരമാണ്. ദീനി മൂല്യങ്ങള്‍ കൈവിടാതെ സാമൂഹ്യ സമുദ്ധാരണ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് സൃഷ്ടിച്ചു കൊടുക്കാന്‍ ഭര്‍ത്താക്കന്മാരും അവരുടെ വീട്ടുകാരും സന്നദ്ധരായാലേ ഈ വൈജ്ഞാനിക വിപ്ലവത്തിന്റെ ഗുണ ഫലം സമൂഹത്തിന് അനുഭവിക്കാന്‍ സാധ്യമാവുകയുള്ളൂ.
മഹല്ല് സംവിധാനവും ഖാസിമാരുടെ സാന്നിധ്യവും കേരളത്തിലെ ഇസ്‍ലാമിക ചൈതന്യത്തിനു ലഭിച്ച ഒരു സുകൃതമാണ്. സംഘടനകളുടെ ബാഹുല്യവും ഇടപെടലുകളും മഹല്ല് സംവിധാനത്തിന്റെ കാര്യക്ഷമതയെയും സ്വീകാര്യതയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടോ?
ഇസ്‍ലാമിക സാമൂഹ്യ വ്യവസ്ഥിതില്‍ ഗണനീയമായ പദവി അലങ്കരിക്കുന്ന ഖാസി പഥത്തിന്റെയും മഹല്ല് സംവിധാനത്തിന്റെയും സാമൂഹ്യ സ്വീകാര്യതയ്ക്ക് സംഘടനകളുടെ ആധിക്യം പ്രതികൂല ഫലം ചെയ്യും. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ബാഹുല്യം ചില നന്മകളുടെ കാരണങ്ങള്‍ വെച്ച് സാധൂകരിക്കപ്പെടാമെങ്കിലും സമൂഹത്തിന്റെ ശൈഥില്യത്തിന് അത് ആക്കം കൂട്ടുമെന്നത് അനിഷേധ്യമാണ്. ഇസ്‍ലാമിക സാമൂഹ്യ ദര്‍ശനത്തില്‍, ഒരു പ്രദേശത്തെ മുസ്‍ലിം സമുദായത്തിന്റെ ഒരുമയുടെ നേതൃ ശബ്ദമായി ഉയരേണ്ടതും അംഗീകരിക്കപ്പെടേണ്ടതും മഹല്ലിന്റെ ശബ്ദവും ഖാസിയുടെ വാക്കുകളുമാണ്. സംഘടനാ താല്പര്യങ്ങള്‍ക്കധീതമായ കൂട്ടായ്മയാണ് അതിന്റെ മൂല ശക്തി.
നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയില്‍ വലിയൊരു ദുരന്തമായി നിലനില്ക്കുന്ന ആചാരമാണല്ലോ സ്ത്രീധന സമ്പ്രദായം. ഈ ആചാരത്തിനെതിരെ കാമ്പസുകളില്‍ നിന്ന് തന്നെ സാധ്യമായ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കി മാതൃക കാണിക്കുന്ന താങ്കള്‍ ഇതിന്‍റെ നിര്‍മാജ്ജന സാധ്യതകളെ എങ്ങനെ വീക്ഷിക്കുന്നു?മസ്ജിദ്, ഖബറിസ്ഥാന്‍ തുടങ്ങിയ ആസ്ഥാനങ്ങളുടെ അധികാരമുള്ള നമ്മുടെ മഹല്ല് വളരെ ഭദ്രമായ ഒരു സംവിധാനമാണ്. അഭിപ്രായാന്തരങ്ങള്‍ക്കിടയിലും സമൂഹത്തിലെ വ്യക്തികളുടെ ഏകതയെ സാധ്യമാക്കുന്നത് ഈ അധികാരത്തിന്റെ ബലമാണ്. അച്ചടക്കത്തിന്റെ ധാര്‍മ്മികമായ അതിരുകള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ വിവാഹ മുഹൂര്‍ത്തങ്ങളുടെ വീഡിയോ ചിത്രീകരണങ്ങളും ഗാന സദസ്സുകളും നിരോധിക്കാന്‍ പല മഹല്ലുകളും ആര്‍ജ്ജവം കാണിക്കാറുണ്ട്. എന്നാല്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ കണ്ണീര്‍ കുടിപ്പിക്കുന്ന സ്ത്രീധന സംവിധാനത്തിനെതിരെ ഈ മഹല്ലുകള്‍ നിസ്സംഗമായ മൌനം പുലര്‍ത്തുന്നു. നമ്മുടെ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ട ഈ ആചാരം ഒരു സാമൂഹ്യ ദുരന്തമാണ്. ഫിഖ്ഹീ അപഗ്രഥനത്തിന്റ മുടിനാരിഴ കീറി ന്യായീകരണത്തിന്റെ സാധ്യതകളന്വേഷിച്ചു പോകുന്നതിനു പകരം സാമൂഹ്യ നന്മയ്ക്കു വേണ്ടി, തീര്‍ത്താല്‍ തീരാത്ത കടബാധ്യതയിലേക്കും മാനസിക സംഘര്‍ഷങ്ങളിലേക്കും കുടുംബ നാഥന്മാരെ കൊണ്ടെത്തിക്കുന്ന ഈ ആചാരത്തിനെതിരെ പ്രതിരോധം തീര്‍ക്കുകയല്ലേ ഭൂഷണം. അന്തസ്സും ആഭിജാത്യവും ഉയര്‍ത്തിപ്പിടിക്കുന്ന യുവതലമുറ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ പൌരുഷം കാണിക്കണം. ജീവിത സഖിയായി വരുന്നവളുടെ പിതാവിന്‍റെ കണ്ണീര്‍ വീണ സമ്പാദ്യത്തിന്റെ ചിലവില്‍ ജീവിതത്തിലെ ഏറ്റവും സന്തോഷദായകമായ വിവാഹമുഹൂര്‍ത്തങ്ങളെയും അനുബന്ധമായ ആര്‍ഭാടങ്ങളെയും ആഘോഷിക്കുന്നതിനെ നാം എന്ത് പേരിട്ടു വിളിക്കും. സ്ത്രീകളെ ആദരിക്കാന്‍ ഇസ്‍ലാം നിഷ്ക്കര്‍ഷിച്ച മഹ്റിനെ പരിഹാസ്യമാക്കുന്നതാണ് സത്യത്തില്‍ സ്ത്രീധന രീതി.
അടുത്ത ഭാവിയില്‍ ഈ രംഗത്ത് ശുഭകരമായ ഒരു മാറ്റത്തിന്റെ സാധ്യത കാണുന്നുണ്ടോ?
ഇസ്‍ലാമികമായി ചിന്തിക്കുന്ന യുവതലമുറ ഇതിനെതിരില്‍ ശക്തമായ പ്രതിരോധത്തിന്റെ പ്രതിജ്ഞയെടുക്കുന്ന ശുഭകരമായ വിശേഷങ്ങള്‍ പ്രതീക്ഷാ ദായകമാണ്. വാഫി സംവിധാനത്തിനു കീഴില്‍ ഇതിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവല്ക്കരണം നല്കുന്നതടക്കം അതി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനുവര്‍ത്തിച്ചു വരുന്നുണ്ട്. സ്വപ്ന തുല്യമായ സാമ്പത്തികാഭിവൃദ്ധിയും ധര്‍മ്മ ബോധത്തിന്റെ തകര്‍ച്ചയുമാണ് ഇത്തരം ദുരാചാരങ്ങള്‍ വളരാനുള്ള സാഹചര്യമൊരുക്കുന്നത്.
Leave A Comment