ബാബരി വിധിയിൽ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്
ലക്നൗ: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതിയുടെ വിധിയിൽ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് . വഖഫ്ബോര്‍ഡിലെ 8 അംഗങ്ങളില്‍ 6 പേര്‍ പുനപരിശോധന നീക്കത്തെ എതിര്‍ത്തു. പുനഃപരിശോധന ആവശ്യപ്പെട്ട അംഗം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പള്ളിക്കായി നിര്‍ദേശിച്ച ഭൂമി സ്വീകരിക്കുന്നതില്‍ തീരുമാനം പിന്നീടെടുക്കുമെന്നും ലക്നൗവിൽ ചേർന്ന യോഗത്തിൽ ബോർഡ് വ്യക്തമാക്കി.  പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സുഫര്‍ ഫറൂഖി നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. എന്നാല്‍ മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പുന:പരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതിനെ തുടർന്നാണ് സുന്നി വഖഫ് ബോര്‍ഡിനകത്തും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയർന്നത്. പള്ളി പണിയാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിലും മുസ്‍ലിം സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സുപ്രീം കോടതി മുസ്‌ലിം വിഭാഗത്തിന് നൽകാൻ ഉത്തരവിട്ട അ‍ഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ നിലപാട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter