ഏറെ വലുതാണ് യാത്ര തന്ന പാഠങ്ങള്‍

യുവജന യാത്ര അവസാനിക്കുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപാട് അനുഭവങ്ങളുണ്ട്. ഓർമകളുണ്ട്. അതിലുമപ്പുറം ജീവിതപാഠങ്ങളുണ്ട്. ആവേശവും ആഹ്ലാദവും മാത്രമല്ല, മനുഷ്യരെന്ന നിലയിൽ നമ്മെയെല്ലാം സ്വാധീനിക്കുന്ന ഒരുപാട് ഹൃദയവികാരങ്ങളുണ്ട്. മുപ്പത് ദിവസം കൊണ്ട് കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്ന് തെക്കേ അറ്റത്തേക്ക് നടന്ന് തീരുമ്പോൾ, വ്യത്യസ്ത ജീവിതാനുഭവങ്ങളുള്ള പതിനായിരക്കണക്കിന് മനുഷ്യരിലൂടെ  കടന്ന് പോകുമ്പോൾ, ഇനിയുമേറെ ചെയ്യേണ്ടതുണ്ടെന്ന ഉത്തരവാദിത്ത ബോധമാണ് നമ്മെ ജാഗരൂകരാക്കുന്നത്. 

യുവജന യാത്ര തുടങ്ങുമ്പോൾ ഇത്രദൂരം നടക്കാനാവുമോ എന്നതിലായിരുന്നു ആശങ്ക. നടത്തമില്ലാത്ത പുതിയ കാലത്ത് ഇങ്ങനെയൊരു യാത്ര പഴഞ്ചനല്ലേ എന്ന ചോദ്യവും കേട്ടിരുന്നു. എന്നാൽ അറുനൂറ് കിലോമീറ്ററോളം ദൂരം പിന്നിട്ട് യുവജനയാത്ര സമാപിക്കുമ്പോൾ എനിക്ക് ഉറപ്പിച്ച് പറയാനാവും; ജനങ്ങളിലേക്ക് ഇറങ്ങിനടക്കാൻ കഴിയുന്ന ഇതുപോലൊരു അനുഭവം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. 

മനുഷ്യനെ കാണാൻ ഏഥൻസിന്റെ തെരുവിലൂടെ പട്ടാപ്പകൽ റാന്തൽ വിളക്ക് തെളിയിച്ച് കടന്നുപോയ ഡയോജിനിസിന്റെ ഓർമകൾ എത്ര പ്രസക്തമാണ്. മനുഷ്യനെ കണ്ടെത്തുന്നതിനേക്കാളും പ്രധാനം മറ്റൊന്നുമില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ പ്രത്യേകിച്ചും  മനുഷ്യരാണ് നമ്മുടെ ശക്തി.

മലയാളിയെന്ന ഒറ്റച്ചരടിൽ കോർക്കുമ്പോഴും സാംസ്കാരികവും സാമൂഹ്യവുമായ വൈജാത്യങ്ങളുള്ള നമ്മുടെ നാടിന്റെ ഓരോ ഹൃദയത്തുടിപ്പും ഈ യാത്രയിലൂടെ അനുഭവിക്കാനായി. 

ഈ യാത്രയെ ഹൃദയം കൊണ്ട് സ്വീകരിച്ച ഓരോ മുസ്ലിം ലീഗ് പ്രവർത്തകനും എന്റെ ജീവിത കാലത്തിലത്രയും ഓർമയിലുണ്ടാവും. നേരിട്ടുകാണാത്ത എത്ര ആയിരങ്ങളാണ് അവരുടെ പ്രസ്ഥാനത്തോടുള്ള അതിരറ്റ സ്നേഹം കാരണം കഠിനധ്വാനം ചെയ്തത്. ഈ യാത്രയുടെ വഴിയൊരുക്കുന്നതിനിടയിൽ വീണുപോയ പ്രിയപ്പെട്ട സഹോദരൻ തലശ്ശേരി മണ്ധലം എം എസ് എഫ് പ്രസിഡന്റ് ആസിഫിന്റെ വിയോഗം വലിയ നൊമ്പരമായി ഹൃദയത്തിലുണ്ടിപ്പോഴും. എന്റെയും സഹപ്രവർത്തകരുടെയും ഈ യാത്ര സംഘടനക്ക് നൽകിയ ഊർജം ഞങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കുന്നു. 

അതോടൊപ്പം, എന്റെ പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഇപ്പോഴും ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ എത്ര വലിയ സ്നേഹസാന്നിധ്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഓരോ സ്വീകരണ കേന്ദ്രത്തിലും സ്നേഹവായ്പോടെയാണ് ജനം എന്നെ സ്വീകരിച്ചതെന്നും ഞാൻ അടുത്തറിയുന്നു. 

മുസ്ലിം ലീഗിന്റെ പ്രവർത്തകർക്കൊപ്പം കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെയും ഘടക കക്ഷികളുടെയും നേതാക്കളും പ്രവർത്തകരും നൽകിയ ഊഷ്മളമായ സ്വീകരണളും അനുമോദനങ്ങളും അത്രയേറെ അവിസ്മരണീയമാണ്. എല്ലാറ്റിലുമുപരി, മതഭേദമന്യേ പൊതുജനങ്ങളും മതമേലധ്യക്ഷന്മാരും ഈ ജാഥക്ക് നൽകിയ നിഷ്കളങ്കമായ വരവേൽപ്പുകൾ മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന ആത്മാർഥമായ മതേതര നിലപാടിനുള്ള സാക്ഷ്യപത്രമാണെന്ന സത്യവും ഞങ്ങളെ ആഹ്ലാദചിത്തരാക്കുന്നു. 

നന്ദി പറയാൻ ഒരുപാട് പേരുകളുണ്ട്. നന്ദിയെന്ന രണ്ടക്ഷരം കൊണ്ട് ആ കടങ്ങളൊന്നും എനിക്ക് വീട്ടാനാവില്ല. ആരോഗ്യകരമായ ഏറെ പ്രയാസങ്ങൾക്കിടയിലും മഞ്ചേശ്വരം വരെ വന്ന് ഹരിതപതാക എന്റെ കൈകളിലേൽപ്പിച്ച പ്രിയപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ഈ യാത്രയിലുടനീളം ശ്രദ്ധയോടെയും വാത്സല്യത്തോടെയും അനുഗമിച്ച പ്രിയപ്പെട്ട എളാപ്പ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗിന്റെ ബഹുമാന്യരായ നേതാക്കൾ, മുപ്പത് ദിവസം നിഴൽ പോലെ കൂടെയുണ്ടായിരുന്ന എന്റെ സഹപ്രവർത്തകർ, ഈ യാത്രയെ ലോകമാകെ എത്തിച്ച മാധ്യമപ്രവർത്തകർ, കുടുംബത്തിന്റെ പ്രയാസങ്ങൾ പോലും മാറ്റിവെച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തുടങ്ങി എല്ലാവരെയും ഹൃദയത്തിൽ ചേർത്തുവെക്കുന്നു. പകരം തരാൻ എന്റെ കയ്യിൽ മറ്റൊന്നുമില്ല. പ്രാർഥനയും സ്നേഹവുമല്ലാതെ. അല്ലാഹു ഈ ത്യാഗം സ്വീകരിക്കട്ടെ. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter