ജഹാംഗീർ നാമ: മുഗൾ ഭരണത്തിന്റെ രേഖാചിത്രം

വിസ്തൃത ഭൂപ്രദേശവും സാമ്പത്തികാഭിവൃദ്ധിയും കൊണ്ട് പുകൾപെറ്റ മുഗൾ രാജവംശത്തിലെ നാലാം ഭരണാധികാരി ജഹാംഗീറിന്റെ ആത്മകഥയാണ് ജഹാംഗീർ നാമ. തന്റെ സ്വകാര്യ സ്മരണകളും അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലങ്ങളും അടങ്ങിയതാണ് ഗ്രന്ഥം. ജഹാംഗീറിന്റെ പിതാമഹൻ ബാബർ, ആദ്യത്തെ യഥാർത്ഥ ആത്മകഥയായ ബാബർനാമ എഴുതിയിരുന്നു. അത്, മധ്യേഷ്യയിൽ നിന്ന് മുഗളന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന രാഷ്ട്രീയ പ്രക്ഷുബ്ധതകളും പ്രവർത്തനങ്ങളും വ്യക്തിത്വങ്ങളും വളരെ വ്യക്തമായും അപാരമായ ഉൾക്കാഴ്ചയോടെയും വിവരിക്കുന്നതായിരുന്നു. അതേക്കാള്‍ സുന്ദരമായ ഒന്ന് വേണമെന്ന് തന്നെയായിരുന്നു ജഹാംഗീറിന്റെ തീരുമാനം. അതിന്റെ ഫലമായിരുന്നു ജഹാംഗീര്‍നാമ. അതോടെ, രാഷ്ട്രീയ ശക്തിക്കൊപ്പം സമ്പന്നവും കലാപരവുമായ അത്യാധുനിക സാമ്രാജ്യത്തിന്റെ ഉജ്ജ്വലമായ ചരിത്രം കൂടിയാണ് സമൂഹത്തിന് ലഭിച്ചത്.

കലയുടെയും സാഹിത്യത്തിന്റെയും വസന്തകാലമായിരുന്നു ജഹാംഗീറിന്റേത്. ബാബർ ചക്രവർത്തിയെപ്പോലെ സമർഥനായ ഗദ്യസാഹിത്യകാരനായിരുന്നു ജഹാംഗീർ. അതിനാൽ തന്നെ ആത്മകഥയായ ജഹാംഗീർനാമ ലക്ഷണമൊത്ത സാഹിത്യഗ്രന്ഥവുമാണ്. അതോടൊപ്പം ഒരു ചിത്രകാരൻ കൂടിയായിരുന്ന ജഹാംഗീര്‍ കലാകാരന്മാരുടെ വിവരണത്തിലും അവരുടെ പ്രവർത്തനങ്ങളിലുള്ള തന്റെ താൽപര്യത്തെക്കുറിച്ചും നാമയില്‍ വിവരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഏഴാം ഭരണ വർഷത്തിന്റെ (1612) തുടക്കത്തിൽ ഗോവയില്‍നിന്ന് നിരവധി മൃഗങ്ങളെ അദ്ദേഹം കൊണ്ടുവന്നിരുന്നു. ജഹാംഗീർനാമയിൽ അവയുടെ ചിത്രങ്ങള്‍ വരക്കാൻ കലാകാരന്മാരോട് ആജ്ഞാപിച്ചതിനെ പരാമര്‍ശിക്കുന്നുണ്ട്.

ബാബർനാമ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ഒരു കാലഘട്ടത്തെ ചിത്രീകരിക്കുമ്പോൾ, രാഷ്ട്രീയ നിയന്ത്രണം താരതമ്യേന സുസ്ഥിരവും ജീവിത സുഖങ്ങൾക്കായി സമയം നീക്കിവയ്ക്കാവുന്നതുമായ ഒരു കാലഘട്ടത്തെയാണ് ജഹാംഗീർനാമ ചിത്രീകരിക്കുന്നത്. എല്ലാ മുഗൾ ചക്രവർത്തിമാരിൽ നിന്നും വ്യത്യസ്തമായി തന്റെ ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കുന്നത് ജഹാംഗീറിന്റെ പതിവായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ, ഇന്ത്യയിൽ കണ്ടുമുട്ടിയ അസാധാരണമായ പ്രകൃതിദൃശ്യങ്ങൾ, മൃഗങ്ങൾ, പൂക്കൾ, കഥാപാത്രങ്ങൾ എന്നിവയെല്ലാം നാമയില്‍ വിശദമായി കടന്നു വരുന്നുണ്ട്. വിഷ്വൽ സെൻസേഷനുകളില്‍ അദ്ദേഹത്തിന് പ്രത്യേക താല്പര്യമായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ വാചകത്തിലെ വിവരണങ്ങൾ സൂക്ഷ്മമവും വിശദമാവുമാണ്. അദ്ദേഹത്തിന്റെ പിതാവ് അക്ബർ വിപുലമായ പൊതുനിർമ്മാണ പദ്ധതികളിലൂടെ അധികാരം ഉറപ്പിച്ചപ്പോൾ, ജഹാംഗീർ കൂടുതൽ ആകര്‍ഷകവും വ്യക്തിത്വം പ്രകടിപ്പിക്കുന്നതുമായ കലാരൂപങ്ങൾ, കൈയെഴുത്തുപ്രതികള്‍, ചിത്രീകരണങ്ങൾ തുടങ്ങിയവയിലാണ് ശ്രദ്ധ ചെലുത്തിയത്. താമരയിലയുടെ ആകൃതിയിലുള്ള ജേഡ് കപ്പുകൾ, സ്വർണ്ണ നൂൽ കൊണ്ട് നെയ്ത തുണിത്തരങ്ങൾ, അലങ്കാര കാലിഗ്രാഫി ആലേഖനം ചെയ്ത മാണിക്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ശേഖരം തന്നെ അദ്ദേഹം ഒരുക്കി.

ജഹാംഗീറിന്റെ ആത്മകഥ വിവിധ രാഷ്ട്രീയ, മത, സാമൂഹിക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. ചക്രവർത്തിയുടെ ഭൂമിയുടെ പട്ടയമായ ജാഗീർ കൈവശം വച്ചിരുന്ന ജാഗിർദാർമാരെ നിയന്ത്രിക്കുന്നതിനുള്ള കല്പനകളും വരുമാനങ്ങള്‍ ചെലവഴിക്കേണ്ട രീതികളും നാമയിലുണ്ട്. അഴിമതിയും അധികാര ദുരുപയോഗവും തടയുന്നതിനും ക്ഷേമ പൂര്‍ണ്ണമായ ഭരണം ഉറപ്പ് വരുത്തുന്നതിനും അദ്ദേഹം നല്കിയ നിര്‍ദ്ദേശങ്ങളും അതില്‍ കാണാം.

ജഹാംഗീർ ചക്രവർത്തിയുടെ ഉത്തരവുകൾ എന്ന അർത്ഥത്തിൽ തുസുകി ജഹാംഗിരി എന്നും അറിയപ്പെടുന്ന ഈ കൃതി പേർഷ്യൻ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. 1786 ൽ ജയിംസ് ആൻസേഴ്സൺ ജഹാംഗീർ നാമയിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പല യൂറോപ്യൻ പണ്ഡിതന്മാരും ഇതിന്റെ പല ഭാഗങ്ങൾ പരിഭാഷപ്പെടുത്തി എങ്കിലും അലക്സാർ റോജർ പരിഭാഷപ്പെടുത്തി ഹെന്റി ബവ്റിഡ്ജ് എഡിറ്റ് ചെയ്ത് 1909 ൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ലണ്ടനിൽ പബ്ലിഷ് ചെയ്തതാണ് ജഹാംഗീർ നാമയുടെ ആദ്യ സമ്പൂർണ പരിഭാഷ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter