മക്തബതു ഖുദാ ബക്‍ഷ്: അപൂർവ കയ്യെഴുത്തു പ്രതികളുടെ ശേഖരം

ഇന്ത്യയിലെ ഇസ്‍ലാമിക വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ ഗ്രന്ഥശാലയും ഗവേഷണ കേന്ദ്രവുമാണ് ഖുദാ ബക്‍ഷ് ഓറിയന്റൽ ലൈബ്രറി. ബിഹാറിലെ പട്‌നയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥശാല ഇന്ത്യയിലെ ദേശീയ ലൈബ്രറികളിൽ ഒന്നാണ്. 1891 ഒക്ടോബർ 29-ന്, ലൈബ്രറിയുടെ സ്ഥാപകനായ ഖാൻ ബഹാദൂർ ഖുദാ ബക്‍ഷ് നാലായിരം കൈയെഴുത്തുപ്രതികളുമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതാണ് ഇത്. ഏകദേശം 1,400 കൈയ്യെഴുത്തുപ്രതികൾ പിതാവായ മൗലവി മുഹമ്മദ് ബക്‍ഷ് ശേഖരിച്ചതായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയത്തിനും ബീഹാർ ഗവർണറുടെ കീഴിലുള്ള എക്‌സ് ഒഫീഷ്യോ ചെയർമാൻ (ex-officio Chairman) എന്ന ബോർഡിന്റെയും സംരക്ഷണത്തിലാണ് നിലവിൽ ഈ ലൈബ്രറി പ്രവർത്തിക്കുന്നത്. പേർഷ്യൻ, അറബിക് കൈയെഴുത്തുപ്രതികളുടെ ശേഖരവും ഇന്ത്യയിലെ രജപുത്, മുഗൾ ഭരണകാലഘട്ടങ്ങളിൽ നിർമ്മിച്ച പെയിന്റിംഗുകളും ഇവിടെയുണ്ട്. ദേശീയ മിഷന്റെ ഭാഗമായി കൈയെഴുത്തുപ്രതികൾക്കായി 'മാനുസ്‌ക്രിപ്റ്റ് കൺസർവേഷൻ സെന്റർ' (Manuscript Conservation Centre, MCC) കൂടിയായി ഇത് പ്രവര്‍ത്തിക്കുന്നു. 

1895-ൽ, നിസാമി ഭരണകൂടത്തിന്റെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ച ബക്‍ഷിന്റെ പിതാവ്, 3 വർഷത്തിനു ശേഷം പട്‌നയിൽ തിരിച്ചെത്തുകയും ലൈബ്രറി നിർമാണം പൂർത്തിയാക്കാന്‍ പ്രവർത്തം ആരംഭിക്കുകയും ചെയ്തു. ആ സ്വപ്നം പൂർത്തിയാവും മുമ്പേ, 1908 ഓഗസ്റ്റ് 3 ന് അദ്ദേഹം അന്തരിച്ചു.

പിന്നീട്, മുഹമ്മദ് ബക്‍ഷിന്റെ സ്വകാര്യ പുസ്തക ശേഖരത്തിലുള്ള 1,400 കൈയെഴുത്തുപ്രതികൾ കൊണ്ട് അദ്ദേഹത്തിന്റെ മകൻ ഖുദാ ബക്‍ഷ് ലൈബ്രറിയുടെ നിർമാണം പൂർത്തിയാക്കുകയം ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്നും അനേകം പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും കൊണ്ട് വന്ന് ലൈബ്രറി വിപുലീകരിക്കുകയും ചെയ്തു. 1891 ഒക്ടോബർ 5ന്, ബംഗാൾ ഗവർണറായ സർ ചാൾസ് ആൽഫ്രഡ് എലിയട്ട് ഉദ്ഘാടനം ചെയ്യുകയും, 1969-ൽ 'ഖുദാ ബക്‍ഷ് ഓറിയന്റൽ പബ്ലിക് ലൈബ്രറി ആക്റ്റ്' (1969) ഫെഡറൽ നിയമനിർമ്മാണത്തിലൂടെ പാർലമെന്റിൽ പാസാക്കുകയും ഖുദാ ബക്‍ഷ് ഓറിയന്റൽ പബ്ലിക് ലൈബ്രറിയെ ദേശീയ പ്രാധാന്യമുള്ള കേന്ദ്രമായി ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കുകയും ലൈബ്രറിയുടെ പരിപാലനവും വികസനവുമായി ബന്ധപ്പെട്ട് ധനസഹായം നൽകി സർക്കാർ ആദരിക്കുകയും ചെയ്തു.

2021 ൽ, ഒരു പാലം നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ലൈബ്രറി കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൊളിക്കാൻ നിർദ്ദേശിക്കുകയും, തുടർന്ന് ലൈബ്രറി വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. രണ്ടു മാസത്തിനു ശേഷം ലൈബ്രറിയുടെ ഇപ്പോഴത്തെ ഡയറക്ടറായ ഡോ ശയസ്‌ത ബേദർ ഇന്ത്യ ഗവൺമെന്റിനോട് ലൈബ്രറിയുടെ വികസനത്തിനും പരിപാലത്തിനും ധനസഹായം തേടിയിരുന്നെങ്കിലും, കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. പിന്നീട് 2023ൽ ശയസ്തയുടെ കീഴിൽ തന്നെ ഫണ്ട് ശേഖരണം നടക്കുകയും, അത് കൊണ്ട് ലൈബ്രറിയിലെ ടെക്നോളോജിക്കൽ മേഖലയും പ്രസിദ്ധീകരണ മുറികളും ഗവേഷണ സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും ചെയ്തു. ഇരുപത് വർഷമായി, പട്നയിലെ ഈ അമൂല്യ ലൈബ്രററി ഗവേഷകർക്കും പൊതുജനങ്ങൾക്കും ചെയ്യുന്ന സേവനം അതിമഹത്തരമാണെങ്കിലും വേണ്ടത്ര വാര്‍ത്താപ്രാധാന്യവും അധികാരികളുടെ പരിഗണനയും ലഭിക്കാത്തത് ഏറെ സങ്കടകരമാണ് 


ശേഖരണം:

അറബിക്, പേർഷ്യൻ, ഉറുദു, ടർക്കിഷ്, ഭാഷകളിലായി 21,136 കയ്യെഴുത്തുപ്രതികളുള്ള ഈ ലൈബ്രറിയില്‍, മുഗൾ ചക്രവർത്തിമാരുടെയും രാജാക്കന്മാരുടെയും ഓട്ടോഗ്രാഫുകളും മഹാരാജ രഞ്ജിത് സിംഗിന്റെ സൈനിക അക്കൗണ്ടുകളുടെ പുസ്തകവും ഉൾക്കൊള്ളുന്ന തിമൂർ നാമ , ഷാ നാമ, പാദ്ഷാ നാമ, ദിവാനേഹാഫിസ്, സഫീനത്തുൽ ഔലിയ തുടങ്ങി നിരവധി ശ്രദ്ധേയമായ അപൂർവ കൈയെഴുത്തുപ്രതികളും സൂക്ഷിച്ചിരിക്കുന്നു.

കൂടാതെ മുഗൾഭരണകാലത്തെ ചിത്രങ്ങളുടെ മാതൃകകൾ, കാലിഗ്രാഫി, അറബി, ഉറുദു കയ്യെഴുത്തുപ്രതികൾ, മാന്‍തോലിൽ എഴുതിയ ഖുർആൻ പേജുകളും, ബംഗാൾ സുൽത്താൻ അലാവുദ്ദീൻ ഹുസൈൻ ഷായ്ക്കുള്ള സമ്മാനമായി ബംഗാളിലെ ഷെയ്ഖ് മുഹമ്മദ് ഇബ്ൻ യസ്ദാൻ ബക്ഷ് ബംഗാളി കൈകൊണ്ട് പകർത്തിയ സഹീഹ് അൽ-ബുഖാരിയുടെ കൈയെഴുത്തുപ്രതിയും ലൈബ്രറിയിലുണ്ട്.

അവലംബം: 
1. ഖുദാ ബക്ഷ് ലൈബ്രറി:  എട്ടാമത്തെ  ലോകമഹാത്ഭുതം
2. ഖുദാ ബക്ഷ് ഗ്രന്ഥശാലയെക്കുറിച്ചുള്ള ഡോ. അതീഖ് അൽ-റഹ്മാൻ അൽ-ഖാസിമിയുടെ പ്രഭാഷണം 
3. ഖുദാ ബക്ഷ് ലൈബ്രറിയുടെ ഔദ്യോഗിക വെബ്സൈറ്റ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter