ഇമാം ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലുമ്പോള്‍

ഇമാം ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലുമ്പോള്‍

 
നിസ്‌കാരത്തിലെ തക്ബീറത്തുല്‍ ഇഹ്‌റാം, പോക്കുവരവിലുള്ള തക്ബീറുകള്‍ എന്നിവ ഇമാം ഉച്ചത്തില്‍ ചൊല്ലുമ്പോള്‍ ദിക്‌റെന്നു കരുതല്‍ അനിവാര്യമാണ്. മറ്റുള്ളവര്‍ക്ക് തന്റെ ചലനങ്ങള്‍ അറിയിച്ചുകൊടുക്കുക എന്നു മാത്രം കരുതിയാല്‍ നിസ്‌കാരം അസാധുവാകും. ഒന്നും കരുതാതെ ചൊല്ലിയാലും നിസ്‌കാരം ബാത്വിലാകും. ദിക്‌റ് എന്ന് കരുതുന്നതോടൊപ്പം മഅ്മൂമുകളെ അറിയിക്കുക എന്നു കരുതിയാല്‍ നിസ്‌കാരത്തിനു കുഴപ്പമില്ല. (തുഹ്ഫ: 2/144)
ഇമാമിന്റെ നിസ്‌കാരം, തക്ബീറുകളില്‍ ദിക്‌റാണെന്ന് കരുതാത്തതിന്റെ പേരില്‍ ബാത്വിലായാലും തുടര്‍ന്നവരുടെ നിസ്‌കാരം അസാധുവാകില്ല. എന്തുകൊണ്ടെന്നാല്‍, തക്ബീറത്തുല്‍ ഇഹ്‌റാമോ മറ്റു തക്ബീറുകളോ ഉച്ചത്തില്‍ നിര്‍വഹിക്കുന്ന ഇമാം അതുകൊണ്ട് തക്ബീറിനെ കരുതിയോ എന്നത് മനസ്സുകൊണ്ട് നിര്‍വഹിക്കുന്ന പ്രവൃത്തിയാണല്ലോ. തുടര്‍ന്ന് നിസ്‌കരിക്കുന്നവര്‍ക്ക് അക്കാര്യം അറിയാന്‍ അടയാളമില്ല.
ഇത്തരം ഗോപ്യമായ കാരണങ്ങള്‍ കൊണ്ട് ഇമാമിന്റെ നിസ്‌കാരം ബാത്വിലായാലും തുടര്‍ന്നവരുടെ നിസ്‌കാരം അസാധുവാകുകയില്ല. ഇമാമിന്റെ നിസ്‌കാരം അസാധുവാണെന്ന് അയാള്‍ പറഞ്ഞോ  മറ്റോ പിന്നീട് ബോധ്യപ്പെട്ടാലും തുടര്‍ന്നവര്‍ ആ നിസ്‌കാരം മടക്കേണ്ടതില്ല. (തുഹ്ഫ: ശര്‍വാനി 2/290)
ഇമാമിന്റെ സലാമിനു ശേഷം എഴുന്നേറ്റുനിന്ന മസ്ബൂഖുകള്‍ പരസ്പരം തുടരല്‍ കറാഹത്താണ്. എന്നാല്‍ മസ്ബൂഖിനോട് മറ്റൊരാള്‍ തുടര്‍ന്നാല്‍ കറാഹത്തില്ല. (തുഹ്ഫ 2/283)
മസ്ബൂഖിനോട് ആരു തന്നെ തുടര്‍ന്നാലും കറാഹത്താണെന്നാണ് ഇമാം റംലി(റ)യുടെ അഭിപ്രായം.(തര്‍ശീഹ് പേജ് 114 നോക്കുക.)
ഇരുന്ന് നിസ്‌കരിക്കുന്നവന്‍ ആദ്യത്തെ അത്തഹിയ്യാത്തിനു വേണ്ടിയുള്ള ഇരുത്തത്തില്‍നിന്ന് മൂന്നാമത്തെ റക്അത്തിലേക്കുള്ള എഴുന്നേല്‍ക്കലിനെ കരുതികൊണ്ടാണ് ഫാതിഹ ഓതേണ്ടത്. ആദ്യത്തെ അത്തഹിയ്യാത്തിലെ ഇരുത്തത്തില്‍നിന്നു മൂന്നാം റക്അത്തിലെ നിറുത്തമെന്ന ഫര്‍ള് വേറിട്ടുണ്ടാകാന്‍ ഇങ്ങനെ കരുതുകയല്ലാതെ മാര്‍ഗമില്ലല്ലോ. (തുഹ്ഫ: 2/22 നോക്കുക.)
ഒരിക്കല്‍ നിസ്‌കരിച്ച ഫര്‍ള് മടക്കി നിസ്‌കരിക്കല്‍ സുന്നത്താണ്. പക്ഷേ, ഇരുന്ന് നിസ്‌കരിക്കാന്‍ പറ്റില്ല. കഴിവുണ്ടെങ്കില്‍ നില്‍ക്കുക തന്നെ വേണം.
(തുഹ്ഫ: 2/270)
ആദ്യത്തെ അത്തഹിയ്യാത്തിലുള്ള ഇമാമിനെ തുടര്‍ന്ന ഉടനെ ഇമാം എഴുന്നേറ്റാല്‍ അവനെ പന്‍പറ്റിക്കൊണ്ട് മഅ്മൂം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. (ഉമൈറ 1/299)
ആദ്യത്തെ അത്തഹിയ്യാത്തില്‍ നബി(സ)യുടെ കുടുംബത്തിന്റെ മേല്‍ സ്വലാത്ത് സുന്നത്തില്ലല്ലോ. പക്ഷേ, ഇമാമിന്റെ അവസാനത്തെ അത്തഹിയ്യാത്തും മഅ്മൂമിന്റെ ആദ്യത്തെ അത്തഹിയ്യാത്തുമാണെങ്കില്‍ അവന്‍ നബി(സ)യുടെ കുടുംബത്തിന്റെ മേലിലുള്ള സ്വലാത്ത് കൊണ്ടുവരലാണു സുന്നത്ത്. (തുഹ്ഫ 2/366)
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter