തറാവീഹ്: ഇരുപതിന്റെ പ്രാമാണികത
പരിശുദ്ധ റമദാന്‍ മാസത്തിലെ അതിവിശിഷ്ടമായ ഒരു ആരാധനയാണല്ലോ തറാവീഹ് നിസ്‌കാരം. പ്രവാചകന്‍ തന്റെ വാക്കുകള്‍കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും പ്രോത്സാഹിപ്പിച്ചതോടൊപ്പം ഇതില്‍ അതി ബൃഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യുകകൂടി ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: 'വല്ലവനും വിശുദ്ധ റമദാനില്‍ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും നിസ്‌കാരം (തറാവീഹ്) നിര്‍വഹിച്ചാല്‍ തന്റെ മുന്‍ പാപങ്ങള്‍ അവന് പൊറുക്കപ്പെടുന്നതാണ്.'
വ്രതത്തിന് ശേഷം ഈ മാസത്തില്‍ അതിപ്രധാനവും അവഗണിക്കപ്പെടാത്തതുമായ ഒരു ആരാധനയാണ് തറാവീഹെന്ന് പ്രസ്തുത ഹദീസ് നമുക്ക് പഠിപ്പിച്ചു തരുന്നു. വിശ്വാസി തന്റെ വ്രതത്തിന്റെ മാധുര്യവും പ്രതാപശാലിയായ ദൈവത്തോടുള്ള സാമീപ്യത്തിന്റെ ആനന്ദവും കരസ്ഥമാക്കുന്നത് തറാവീഹിലൂടെയാണെന്നതാണ് വസ്തുത. പകലിലെ നോമ്പും രാത്രിയിലെ നിസ്‌കാരവും വിശുദ്ധ മാസത്തിന്റെ അലങ്കാരവും ആസ്വാദ്യവുമത്രെ. പരമ്പരാഗതമായി മുസ്‌ലിം സമൂഹം അനുവര്‍ത്തിച്ചുവരുന്നതും മുജ്തഹിദുകളും മുന്‍കാല ഇമാമുകളും ഏകാഭിപ്രായത്തോടെ യോജിച്ചതുമായ ഒരു വസ്തുതയാണ് തറാവീഹ് നിസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണം ഇരുപതാണ് എന്നത്. ഈ നിസ്‌കാരം ആദ്യമായി തുടങ്ങിയത് മഹാനായ പ്രവാചകന്‍ തന്നെയാണ്. അതിനാല്‍ത്തന്നെ, ഇതിനെ പുത്തന്‍വാദവും ബിദ്അത്തുമായി കാണുന്നത് അജ്ഞതയും അവിവേകവുമാണ്. തുടര്‍ച്ചയായ മൂന്നു രാത്രികളില്‍ സ്വഹാബത്തോടൊന്നിച്ച് തറാവീഹില്‍ പങ്കെടുത്ത പ്രവാചകന്‍ അടുത്ത ദിവസത്തെ ജനബാഹുല്യം നിമിത്തം തന്റെ സമൂഹത്തിന് നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഭയപ്പെട്ട് നിസ്‌കാരം വീട്ടിലൊതുക്കുകയായിരുന്നു. ഈ സംഭവം ബുഖാരി വ്യക്തമാക്കിയിട്ടുണ്ട്. പിന്നീടങ്ങോട്ട് മഹാനായ ഉമര്‍ (റ) വിന്റെ ഖിലാഫത്ത് കാലം വരെ മുസ്‌ലിംകള്‍ ഇതിനെ ഒറ്റയായും ചെറിയ ചെറിയ സംഘങ്ങളായും നിര്‍വ്വഹിച്ചുപോന്നു. ഉമര്‍ (റ) വിന്റെ കാലത്താണ് ഈ രൂപത്തിന് (റക്അത്തുകള്‍ക്കല്ല) മാറ്റം വന്നത്. ക്രമരഹിതമായ നിസ്‌കാര രീതി കണ്ട ഉമര്‍ (റ) ഒരു ഇമാമിന്റെ പിന്നില്‍ അണി നിരത്തി മുസ്‌ലിം കൂട്ടായ്മയുടെ മാറ്റ് കൂട്ടുകയായിരുന്നു. അങ്ങനെയാണ് സ്വഹാബികളില്‍ ഖുര്‍ആന്‍ പാരായണ നിപുണനായ ഹസ്രത്ത് ഉബയ്യ് ബിന്‍ കഅബ് (റ) വിന്റെ നേതൃത്വത്തില്‍ ഒരൊറ്റ ജമാഅത്തായി ഇതിന് തുടക്കം കുറിച്ചത്. ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഇമാമി (ഉബയ്യ്) ന്റെ കീഴില്‍ നിസ്‌കരിക്കുന്നതു കണ്ട് നിഅമത്തില്‍ ബിദ്അതു ഹാദിഹി (എത്ര മനോഹരമായ മാറ്റം) എന്നു പറഞ്ഞത്രെ. തറാവീഹിന്റെ എണ്ണം ഇരുപതല്ലെന്നും എട്ടുമാത്രമാണെന്നും വാദിക്കുന്നത് സ്വഹാബത്തിന്റെ ചര്യയെ നിഷേധിക്കലും പ്രവാചക കല്‍പനയോടുള്ള പുച്ഛവുമാണെന്ന് താഴെ പറയുന്നതില്‍നിന്നും വ്യക്തമാകുന്നു. ഒന്ന്: പ്രവാചകന്‍ പറയുന്നു: പില്‍കാലം ജീവിക്കുന്നവര്‍ക്ക് ധാരാളം ഭിന്നാഭിപ്രായങ്ങള്‍ കാണാന്‍ കഴിയും. ആ സമയത്ത് എന്റെ ചര്യയെയും സന്മാര്‍ഗികളായ ഖുലഫാഉര്‍റാശിദയുടെ ചര്യയെയും നിങ്ങള്‍ പിന്‍പറ്റുക. അതിനെ അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കുക... തിരുസുന്നതിനെയും ഖുലഫാഉര്‍റാശിദിന്റെ ചര്യയെയും അനുധാവനം ചെയ്യാനുള്ള വ്യക്തമായ കല്‍പനയല്ലേ ഇത്? രണ്ട്: ഉമര്‍ (റ) ഉബയ്യു ബിന്‍ കഅബ് (റ) വിന്റെ നേതൃത്വത്തില്‍ തറാവീഹിന് അനിവാര്യമായ നൂതന രീതി നടപ്പിലാക്കിയപ്പോള്‍ ഉബയ്യ് (റ) വിന് പിന്നില്‍ ഇരുപത് റക്അത്ത് നിസ്‌കരിച്ച സ്വഹാബത്ത് ഒന്നടങ്കം ഒരു വീണ്ടുവിചാരത്തിനു കാത്തുനില്‍ക്കാതെ അംഗീകരിച്ചതിനാല്‍ സ്വഹാബത്തിന്റെ ഇജ്മാഅ് (ഏകോപനം) ഇതിനെ ശരിവെക്കുകയാണ്. ഈ ഇജ്മാഇനെ എതിര്‍ക്കുന്നത്, ദീനില്‍ പ്രവാചകന്‍ അംഗീകരിക്കാത്ത ഒന്ന് തങ്ങളുടെ കാലശേഷം സ്വഹാബത്ത് പടച്ചുവിട്ടു എന്ന പൊള്ളയും ഗുരുതരവുമായ വാദം അംഗീകരിക്കലാണെന്നതിന് പുറമെ, തന്റെ കാലശേഷം ഭിന്നാഭിപ്രായങ്ങള്‍ കാണുന്നവന്‍ ഖുലഫാഉര്‍റാശിദിന്റെ ചര്യ പിന്തുടരട്ടെ എന്ന പ്രവാചക പ്രമാണത്തെ ധിക്കരിക്കലുമാണ്.
മൂന്ന്: ഉമര്‍ (റ) നാക്കിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ ആക്കിയിരിക്കുന്നുവെന്ന പ്രവാചകരുടെ പ്രത്യേക സര്‍ട്ടിഫിക്കറ്റിന് അര്‍ഹനായ ഖലീഫ, പ്രവാചകരുടെ തിരുസുന്നത്തിന് എതിര് പ്രവര്‍ത്തിക്കുകയോ? എത്രത്തോളം, ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിക്കുന്ന ഒരു ഹദീസ് പ്രകാരം മൂന്നു കാര്യത്തില്‍ ഉമര്‍ (റ) അഭിപ്രായത്തോട് യോജിച്ച് വിശുദ്ധ ഖുര്‍ആന്‍ പോലും അവതീര്‍ണമായെങ്കില്‍ തറാവീഹില്‍ മാത്രം അദ്ദേഹം അതിക്രമം പ്രവര്‍ത്തിച്ചുവെന്നുവരുമോ? നാല്: ഉമര്‍ (റ) അപ്രകാരം 20 നിസ്‌കരിച്ചിട്ടില്ല എന്നു വാദിക്കുന്നുവെങ്കില്‍ അത് വിഡ്ഢിത്തമല്ലാതെ മറ്റൊന്നുല്ല.
കാരണം, വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതന്‍ അബുദാവൂദ് (റ) തന്റെ സുനനില്‍ ഉദ്ധരിക്കുന്നു: ഉമര്‍ (റ) ഉബയ്യ് (റ) വിന്റെ നേതൃത്വത്തില്‍ അണിനിരത്തിയ സമയത്ത് അവര്‍ (സ്വഹാബികള്‍) ഇരുപതായിരുന്നു നിസ്‌കരിച്ചിരുന്നത്. റമളാന്‍ അവസാനത്തെ പത്ത് ആയാല്‍ ഉബയ്യ് (റ) കൂടുതല്‍ ഇബാദത്തിനായി വീട്ടില്‍ ഒതുങ്ങുമായിരുന്നു എന്നതിനാല്‍ ജനങ്ങള്‍ ഉബയ്യ് ഒളിച്ചോടി എന്നു പറയുമായിരുന്നു. പ്രമുഖ ഹദീസ് പണ്ഡിതന്‍ മാലിക് (റ) തന്റെ മുവത്വയില്‍ ഉദ്ധരിക്കുന്നു: ഉമര്‍ (റ) വിന്റെ കാലത്ത് ജനങ്ങള്‍ തറാവീഹ് ഇരുപത് റക്അത്തും വിത്‌റ് മൂന്നു റക്അതുമായിരുന്നു നിസ്‌കരിച്ചിരുന്നത്. അഞ്ച്: മദ്ഹബുകളുടെ ഇമാമുമാരായ ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ് (റ) തുടങ്ങിയ വിശ്വപ്രസിദ്ധ മുജ്തഹിദീങ്ങള്‍ സ്വഹാബത്തിന്റെ മാര്‍ഗം സ്വീകരിച്ച് തറാവീഹ് ഇരുപത് എന്നതില്‍ ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇമാം മാലിക് (റ) മറ്റൊരു റിപ്പോര്‍ട്ടില്‍ മുപ്പത്തിയാറ് റക്അത്ത് രേഖപ്പെടുത്തിയതൊഴിച്ചാല്‍ ഇവാരാരുംതന്നെ ഇരുപതിനെ എതിര്‍ത്തതായി കാണാന്‍ കഴിയുകയില്ല. ഇത്തരുണത്തില്‍ ഉമര്‍ (റ) ന്റെ പ്രവൃത്തി അതിക്രമം എന്നു വാദിക്കുന്ന പണ്ഡിതവേഷധാരികള്‍ സ്വഹാബത്തിനെ പഴി ചാരുന്നതിന്റെ പിന്നില്‍ ധിക്കാരവും അജ്ഞതയുമല്ലാതെ മറ്റൊന്നുമല്ല. ആറ്: മുസ്‌ലിംകള്‍ പ്രവാചകരുടെ കാലംമുതല്‍ ഈ സമയംവരെ ഇരു ഹറം ശരീഫുകളിലും നിസ്‌കരിച്ചുവരുന്നത് ഇരുപത് റക്അത്താണ്. ഈ പള്ളികളില്‍ അന്നുമുതല്‍ ഇന്നുവരെ നിസ്‌കരിച്ചവര്‍ പിഴച്ചരാണെന്നാണോ ഇക്കൂട്ടര്‍ വാദിക്കുന്നത്? ഈ പുണ്യഭൂമികളില്‍ പുത്തന്‍വാദങ്ങള്‍ക്കും മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പണ്ഡിതര്‍ നേതൃത്വം നല്‍കിയപ്പോള്‍ അവരേന്തേ ഇവിടങ്ങളിലെ തറാവീഹ് എട്ടാക്കി ചുരുക്കാതിരുന്നത്? മറ്റൊന്നുമല്ല,
ഇരുപത് നിസ്‌കരിച്ച ഉമര്‍ (റ) വിന്റെ പ്രവൃത്തി സ്വഹാബത്തിന്റെ ഇജ്മാആണെന്ന സത്യം മനസ്സിലാക്കിയ സച്ചരിതരായ പണ്ഡിതന്മാര്‍ ആ നിയമം മാറ്റാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഏഴ്: ഉല്‍പ്പത്തിഷ്ണുക്കള്‍ തെളിവായി ഉദ്ധരിക്കുന്ന ആഇശ (റ) യുടെ വാക്ക് നമുക്ക് നോക്കാം. മഹതി പറയുന്നു: പ്രവാചകന്‍ റമളാനിലും അല്ലാത്ത സമയങ്ങളിലും പതിനൊന്നിനെക്കാള്‍ അധികരിപ്പിച്ചിരുന്നില്ല. എന്നാല്‍, പ്രവാചകരുടെ ഒമ്പതു ഭാര്യമാരില്‍ ഒരാളായിരുന്ന മഹതിയുടെ കൂടെ അധികവും ഒമ്പതു ദിവസത്തില്‍ ഒരു ദിവസം മാത്രമേ താമസിക്കാറുണ്ടായിരുന്നുള്ളൂ. എന്നതിനാല്‍തന്നെ, പ്രവാചകരുടെ പല പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പെടാതെ പോകുമെന്നതാണെല്ലോ സാമാന്യ ബുദ്ധി സമ്മതിക്കുന്നത്. കാരണം, ഇബ്‌നു അബ്ബാസ് നിവേദനം ചെയ്ത- ഞാന്‍ നബിതങ്ങളുടെ കൂടെ പതിനൊന്നിലേറെ നിസ്‌കരിച്ചു. ഞങ്ങള്‍ പന്ത്രണ്ട് നിസ്‌കരിക്കുകയും ശേഷം ഒറ്റയാക്കുകയും ചെയ്തു- എന്ന ഹദീസ് നല്‍കുന്ന പാഠവും അതുതന്നെ. ഇവിടെ പ്രവാചകന്‍ ഒരു റക്അത്തുകൊണ്ടാണ് വിത്‌റ് ആക്കിയതെങ്കില്‍ മൊത്തം റക്അത്ത് പതിമൂന്നും മൂന്നു റക്അത്തുകള്‍കൊണ്ടാണ് വിത്‌റ് ആക്കിയതെങ്കില്‍ മൊത്തം പതിനഞ്ചുമെന്നത് വളരെ സ്പഷ്ടം. ഏതായാലും സ്വഹീഹുല്‍ ബുഖാരില്‍ അഞ്ചോളം വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഈ വിഷയകമായി വന്നിട്ടുണ്ട്. മുസ്‌ലിമില്‍ ഉദ്ധരിക്കുന്നു കാണുക: ഒരു ദിവസം പ്രവാചകന്‍ പതിനേഴ് റക്അത്ത് നിസ്‌കരിച്ചുവത്രെ- ഇവിടെ നിസ്‌കാരത്തില്‍ പ്രവാചകരോടൊപ്പം ഇബ്‌നു അബ്ബാസ് തന്നെയായിരുന്നുവെന്നാണ് ബുഖാരിയുടെ ഭാഷ്യം. ഏതായാലും ആഇശാ ബീവിയുടെ മേലുദ്ധരിച്ച ഹദീസ് തറാവീഹിനെ കുറിച്ചായിരുന്നില്ല. മറിച്ച്, വിത്‌റ്, തഹജ്ജുദ് മുതലായ നിസ്‌കാരങ്ങളെക്കുറിച്ചായിരുന്നുവെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. എട്ട്: തറാവീഹിനെ എട്ടില്‍ അധികരിപ്പിക്കുന്നത് സുബഹി നിസ്‌കാരത്തെ രണ്ടിനു പകരം നാലാക്കുകയോ അല്ലെങ്കില്‍ മറ്റു വല്ല ഫര്‍ദ് നിസ്‌കാരത്തെ ഒരു റക്അത്തില്‍ രണ്ടു റുകൂഉം നാലു സുജൂദുമാക്കി മാറ്റുകയോ ചെയ്യുന്നതിന് തുല്യമാണെന്ന ചില പണ്ഡിത വേഷധാരികളുടെ വാദഗതി തികച്ചും അബദ്ധ ജടിലവും ആശ്ചര്യജനകവുമാണ്. കാരണം തറാവീഹ് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ട സുന്നത്തു നിസ്‌കാരമായിരിക്കെ അതിനെ ഫര്‍ദിനെട് തുല്യപ്പെടുത്തലും ഫര്‍ദായി ഉദ്ധരിക്കലും ചെയ്യുന്നതിലുള്ള ബുദ്ധി അല്‍പം വക്രമാണ്. ഒമ്പത്: പണ്ഡിത ശ്രേഷ്ഠനായ അല്ലാമ ഖുദാമതുല്‍ (റ) യുടെ ഖണ്ഡിതമായ വാക്കുകള്‍ ഇവിടെ ഏറെ പ്രസിദ്ധമാണ്: മുഗ്‌നിയില്‍ അദ്ദേഹം പറയുന്നു: അബൂ അബ്ദില്ലാ (റ) വിന്റെ അടുത്ത് സ്വീകാര്യമായത് ഇരുപതാണ്. അതുതന്നെയാണ് പണ്ഡിതരായ സൗരി, അബൂ ഹനീഫ, മാലിക്, ശാഫി (റ) തുടങ്ങിയവരും തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്. മാലിക് (റ) നെതൊട്ടുള്ള ഒരു റിപ്പോര്‍ട്ടില്‍ ചില മദീനക്കാരെ ഉദ്ധരിച്ച് മുപ്പത്തി ആറാണെന്നും കാണുന്നുണ്ട്. ഇബ്‌നു ഖുദാമ തുടരുന്നു: നമ്മുടെ തെളിവ് അബൂദാവൂദ് (റ) റിപ്പോര്‍ട്ട് ചെയ്ത, ഉമര്‍ (റ) ഉബയ്യ് (റ) വിന്റെ കീഴില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഇരുപതായിരുന്നു അവര്‍ നിസ്‌കരിച്ചിരുന്നത് എന്നതാണ്. ഇത് അബൂ ദാവൂദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഹാനായ അലി (റ) ഒരു മനുഷ്യനോട് ജനങ്ങളുമായി റമദാനില്‍ ഇരുപത് റക്അത്ത് നിസ്‌കരിക്കാനായി കല്‍പിച്ച ഹദീസും നമുക്ക് തെളിവായി കാണുന്നുണ്ട്. ഇനി മദീനക്കാരെ ഉദ്ധരിച്ചുള്ള മുപ്പിത്തിയാറ് ഖണ്ഡിതമായിരുന്നുവെങ്കില്‍ ഉമര്‍ (റ) അത് നടപ്പാക്കുമായിരുന്നു. അതിനാല്‍, സ്വഹാബത്ത് സര്‍വ്വരും ഏകോപിച്ച ഇരുപതാണ് നാം പിന്തുടരേണ്ടത് (മുഗ്‌നി: 1/604).
(ശൈഖ് മുഹമ്മദ് അലി അസ്വാബൂനി (സഊദി അറേബ്യ), തെളിച്ചം സമ്മേളന സുവനീര്‍, 1998, ദാറുല്‍ഹുദാ, ചെമ്മാട്, മലപ്പുറം)
Leave A Comment