ഇരുന്നു നിസ്‌കരിക്കുമ്പോള്‍

ഇരുന്നു നിസ്‌കരിക്കുമ്പോള്‍

 
കാല്‍മുട്ടിനും നട്ടെല്ലിനും ഊരക്കും കുഴപ്പവും വേദനയും ഉള്ള പലരും പലവിധത്തില്‍ നിസ്‌കരിക്കാറുണ്ട്. ചില പള്ളികളില്‍ സ്വഫ്ഫുകള്‍ക്കിടയില്‍ കസേരകള്‍ കാണാം. ഒരു കസേരയില്‍ ഇരുന്നും മറ്റൊരു കസേരയില്‍ സുജൂദ് ചെയ്തും നിസ്‌കരിക്കുന്നു. ഈ നിസ്‌കാരത്തിന്റെ വിധിയും ഇസ്‌ലാമിക വീക്ഷണവും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
നില്‍ക്കാന്‍ കഴിവുള്ളവര്‍ ഫര്‍ള് നിസ്‌കാരത്തില്‍ നില്‍ക്കുകതന്നെവേണം. ഇതു നിസ്‌കാരത്തിന്റെ ഫര്‍ളാണ്. ഇരുന്നു നിസ്‌കരിക്കല്‍ അനുവദനീയമല്ല. നില്‍ക്കുന്നതു കാരണം, സാധാരണ രീതിയില്‍ സഹിക്കപ്പെടാത്ത വിഷമമുള്ളവര്‍ക്കേ ഫര്‍ളു നിസ്‌കാരത്തില്‍ ഇരിക്കാന്‍ പറ്റൂ. അതുപോലെ നിന്നു നിസ്‌കരിച്ചാല്‍ റുകൂഉം സുജൂദും പൂര്‍ണമായി നിര്‍വ്വഹിക്കാന്‍ കഴിയില്ല, ഇരുന്നു നിസ്‌കരിച്ചാല്‍ കഴിയും എന്ന അവസ്ഥയാണെങ്കില്‍ അവന്‍ ഇരിക്കണം. പക്ഷേ, ഇരുന്നു നിസ്‌കരിക്കുമ്പോള്‍ റുകൂഉം സുജൂദും പൂര്‍ത്തിയാക്കാന്‍ കഴിവുള്ള വ്യക്തി നിര്‍ത്തത്തില്‍ നിന്നു ഇരിക്കാനും അനന്തരം റുകൂഉം സുജൂദും പൂര്‍ത്തിയാക്കാനും കഴിവുള്ളവനെങ്കില്‍ അവന്‍ ഓത്തിന്റെ വേളയില്‍ നില്‍ക്കുകയും ശേഷം ഇരുന്നു റുകൂഅ്, സുജൂദ് എന്നിവ പൂര്‍ണമാക്കുകയും വേണം.
നിന്നാലും ഇരുന്നാലും റുകൂഉം സുജൂദും പൂര്‍ത്തിയാക്കാന്‍ കഴിയാത്തവനാണെങ്കില്‍ അവന്‍ നില്‍ക്കുകയും റുകൂഉം സുജൂദും നിര്‍ത്തത്തിലായി തന്നെ ആവുന്നത്ര ആംഗ്യത്തിലൂടെ നിര്‍വ്വഹിക്കുകയുമാണു വേണ്ടത്. റുകൂഇനു വേണ്ടി കുനിയുന്നതിനേക്കാള്‍ കൂടുതല്‍ സുജൂദിനു വേണ്ടി കുനിയണം.
ഇത്തരം രൂപത്തിലല്ലാതെ മുട്ടുവേദന അല്ലെങ്കില്‍ മുട്ടു മടങ്ങുന്നില്ല എന്നു പറഞ്ഞു നില്‍ക്കാന്‍ കഴിവുള്ളതിനോടു കൂടി നിസ്‌കാരത്തിന്റെ തുടക്കത്തിലേ കസേരയില്‍ ഇരുന്നു നിസ്‌കരിക്കല്‍ സ്വഹീഹല്ല. നില്‍ക്കാന്‍ കഴിവുള്ളതിനോടുകൂടി ഇരുന്നു എന്നതുകൊണ്ടുതന്നെ നിസ്‌കാരം ശരിയാവുന്നില്ല. ഒരു സ്റ്റൂളില്‍ ഇരുന്നു മറ്റൊരു സ്റ്റൂളില്‍ സുജൂദ് ചെയ്യുന്നതുകൊണ്ടു സുജൂദ് പൂര്‍ത്തിയാവുന്നില്ല. ആംഗ്യമേ ആകുന്നുള്ളൂ. ആംഗ്യത്തിലൂടെയുള്ള സുജൂദ് നിന്നുകൊണ്ടും നിര്‍വ്വഹിക്കാമല്ലോ. മാത്രവുമല്ല, ഇത്തരക്കാരില്‍ പലരും ശരിക്കു റുകൂഅ് ചെയ്യാന്‍ കഴിവുള്ളവരുമായിരിക്കും. അവര്‍ ഇരിക്കുന്നതു കാരണം റുകൂഅ് പൂര്‍ണമാവാതെ ഇരിക്കുകയാണു ചെയ്യുന്നത്. ചുരുക്കത്തില്‍, നടക്കാനും നില്‍ക്കാനും ഒരു ബുദ്ധിമുട്ടും ഇല്ലാത്തവര്‍ ആദ്യമേ കസേരയിലോ സ്റ്റൂളിലോ നിലത്തോ ഇരുന്നു നിസ്‌കരിക്കാവതല്ല.
നില്‍ക്കുന്നതുകാരണം സാധാരണ സഹിക്കപ്പെടാത്ത വിഷമമുള്ളവര്‍ ഇരിക്കുമ്പോള്‍ ഏതുവിധേനയും ഇരിക്കാം. ഇഫ്തിറാശിന്റെ ഇരുത്തമാണു നല്ലത്. ചന്തികള്‍ നിലത്തുവെച്ച് കാല്‍മുട്ടുകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഇരുത്തവും കാല്‍മുട്ടുകള്‍ നീട്ടിവെച്ചുള്ള ഇരുത്തവും മറ്റുരൂപം സാധിക്കുന്നവര്‍ക്കു കറാഹത്താണ്. (തുഹ്ഫ 2/22,23,24)
അദാആയി നിസ്‌കരിക്കുന്നവനോടു ഖളാആയി വീട്ടുന്നവനും മറിച്ചും തുടര്‍ന്നാല്‍ ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടില്ലെങ്കിലും ആ ജമാഅത്തിനേക്കാള്‍ ശ്രേഷ്ഠമായതു തനിച്ചു നിസ്‌കരിക്കലാണ്. (തുഹ്ഫ 2/332) ഏറ്റവും ശ്രേഷ്ടമായ ഈ രീതി അവലംബിച്ചുകൊണ്ട് ശ്രേഷ്ഠത കുറഞ്ഞ തുടര്‍ച്ചയെ ഒഴിവാക്കാന്‍ തുടര്‍ന്നു നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചവനോടു ആംഗ്യത്തിലൂടെ എന്നെ തുടരേണ്ട എന്നര്‍ത്ഥത്തില്‍ നിര്‍ദ്ദേശം നല്‍കല്‍ സുന്നത്താണ്.
(ശര്‍വാനി 2/305 നോക്കുക.)
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter