ഫര്‍ള് നിസ്‌കാരം ഖളാഅ് വീട്ടാനുള്ളവന്റെ സുന്നത്ത് നിസ്‌കാരം
നിസ്‌കാരം മൂന്നു തരമാണ്. അതുകൊണ്ടുതന്നെ നിയ്യത്തും മൂന്നു വിധത്തിലാണ്. ഒന്ന്, ഫര്‍ള് നിസ്‌കാരം. അതിന്റെ നിയ്യത്തില്‍ മൂന്നു കാര്യം നിര്‍ബന്ധമാണ്. ഞാന്‍ നിസ്‌കരിക്കുന്നുവെന്നും ഫര്‍ളാണെന്നും ഏതു നിസ്‌കാരമാണെന്നും വ്യക്തമാക്കല്‍. ഉദാ:- ളുഹര്‍ നിസ്‌കാരത്തിന്റെ നിയ്യത്തില്‍ ഉസ്വല്ലീ ഫര്‍ളള്ളുഹ്‌രി (ളുഹ്ര്‍ എന്ന ഫര്‍ളു നിസ്‌കാരം ഞാന്‍ നിര്‍വ്വഹിക്കുന്നു) എന്നു കരുതലേ നിര്‍ബന്ധമുള്ളൂ. ജുമുഅ നിസ്‌കാരത്തില്‍ ഇമാമോടുകൂടെ എന്നു മഅ്മൂമീങ്ങളും ഇമാമായിട്ട് എന്നു ഇമാമും കരുതല്‍ നിര്‍ബന്ധമാണ്.
രണ്ട്, നിശ്ചിത സമയമോ കാരണമോയുള്ള സുന്നത്തു നിസ്‌കാരം. ഇതിന്റെ നിയ്യത്തില്‍ ഞാന്‍ നിസ്‌കരിക്കുന്നുവെന്നും ഏതു നിസ്‌കാരമെന്നും വ്യക്തമാക്കലേ നിര്‍ബന്ധമുള്ളു. സുന്നത്താണെന്ന് പ്രത്യേകം വ്യക്തമാക്കേണ്ടതില്ല. ഉദാ:- ഉസ്വല്ലിള്ളുഹാ (ഞാന്‍ ളുഹാ നിസ്‌കരിക്കുന്നു). ഉസ്വല്ലിത്തറാവീഹ് (ഞാന്‍ തറാവീഹ് നിസ്‌കരിക്കുന്നു.) മൂന്ന്, സമയമോ കാരണമോ ഒന്നുമില്ലാത്ത നിസ്‌കാരം. ഈ സുന്നത്തു നിസ്‌കാരത്തില്‍ ഞാന്‍ നിസ്‌കരിക്കുന്നുവെന്നു (ഉസ്വല്ലീ) കരുതല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. അല്ലാഹുവിനു വേണ്ടിയെന്നും ഖിബ്‌ലക്കു മുന്നിട്ടുകൊണ്ടെന്നും കരുതലും അദാഓ ഖളാഓ എന്നും റക്അത്തുകളുടെ എണ്ണവും വ്യക്തമാക്കലും നിയ്യത്തിന്റെ സുന്നത്തുകളാണ്.
മനസ്സിലെ കരുത്താണ് നിയ്യത്ത്, നാവുകൊണ്ടുച്ചരിക്കലല്ല. മനസ്സില്‍ കരുതല്‍ നിര്‍ബന്ധവും നാവുകൊണ്ടുച്ചരിക്കല്‍ സുന്നത്തുമാണ്. ഏതുതരം ഇബാദത്തിന്റെയും നിയ്യത്തിന്റെ അവസ്ഥ ഇതുതന്നെയാണ്. നിസ്‌കാരത്തിന്റെ ഒന്നാമത്തെ ഫര്‍ളായ നിയ്യത്തും രണ്ടാമത്തെ ഫര്‍ളായ തക്ബീറത്തുല്‍ ഇഹ്‌റാമും ഒരുമിച്ച് ചെയ്യേണ്ടുന്ന ഫര്‍ളാണ്. അതായത് നിയ്യത്തു ചെയ്ത ഉടനടി തക്ബീര്‍ ചൊല്ലണം. ശബ്ദകോലാഹലങ്ങളും കേള്‍വിക്കുറവും ഇല്ലെങ്കില്‍ തക്ബീര്‍ സ്വന്തം ശരീരത്തെ കേള്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. ഊമയാണെങ്കില്‍ നാവും ചുണ്ടും അണ്ണാക്കും കഴിയുംവിധം ചലിപ്പിക്കേണ്ടതാണ്. (ഫത്ഹുല്‍ മുഈന്‍: 35) തക്ബീര്‍ ചൊല്ലുമ്പോള്‍ രണ്ടു കൈകളും തുറന്നു പിടിച്ചും വിരലലുകള്‍ പരസ്പരം അകറ്റിപ്പിടിച്ചും ചുമലുകള്‍ക്കു നേരെ ഉയര്‍ത്തല്‍ സുന്നത്താണ്. കൈകള്‍ ഉയര്‍ത്തലും തക്ബീറും ഒന്നിച്ചു തുടങ്ങുകയും ഒന്നിച്ചു അവസാനിപ്പിക്കുകയും വേണം. തക്ബീര്‍ കഴിഞ്ഞതിനു ശേഷമാണ് കൈ താഴ്ത്തി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ വെക്കേണ്ടത്. നെഞ്ചില്‍ കൈവെക്കണമെന്നതു നാലു മദ്ഹബിനും വിരുദ്ധമാണ്. അതായത് ഇജ്മാഇനു വിരുദ്ധമാണ്. നിസ്‌കരിക്കുന്നവന്റെ മുമ്പില്‍ ചുമര്‍, തൂണ്‍ തുടങ്ങിയ മറയുണ്ടാവല്‍ സുന്നത്താണ്. മറ ഒരു മുഴത്തിന്റെ മൂന്നില്‍ രണ്ടിനേക്കാള്‍ കുറയാതിരിക്കുക. നിസ്‌കരിക്കുന്നവന്റെയും മറയുടെയും ഇടയില്‍ മൂന്നു മുഴത്തിനേക്കാള്‍ കൂടുതലില്ലാതിരിക്കുക എന്നത് മറയുടെ നിബന്ധനയാണ്.
ചുമര്‍, തൂണ്, എന്നീ രണ്ടിനും മറയുടെ വിഷയത്തില്‍ തുല്യ പദവിയാണുള്ളത്. ഈ രണ്ടു മറയുടെ സൗകര്യവും ഇല്ലെങ്കില്‍ മാത്രമാണ് മുസ്വല്ല വിരിക്കല്‍, വടി നാട്ടല്‍, വര വരയ്ക്കല്‍ തുടങ്ങിയവയെല്ലാം മറയായി പരിഗണണിക്കുക. ഓരോ സ്വഫ്ഫും അതിന്റെ പിന്നിലുള്ള സ്വഫ്ഫിനു മറയാണ്. ജമാഅത്തു കഴിഞ്ഞു മസ്ബൂഖ് ബാക്കി നിസ്‌കരിക്കുമ്പോള്‍ മറ ലഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ചുമരിന്റെ അടുത്തേക്ക് നീങ്ങേണ്ടതില്ല. കാരണം, ജമാഅത്തിന്റെ വേളയില്‍ കിട്ടിയ ആ മറ തന്നെ അവനു മതി. മസ്ബൂഖിന്റെ ബാക്കി നിസ്‌കരിക്കുന്ന വേളയിലും ആദ്യത്തെ മറ പരിഗണിക്കും- യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ മറയില്ലെങ്കിലും. നഷ്ടപ്പെട്ട നിസ്‌കാരങ്ങള്‍ വേഗത്തില്‍ നിസ്‌കരിച്ചു തീര്‍ക്കല്‍ നിര്‍ബന്ധമായതും സുന്നത്തായതുമുണ്ട്. കാരണം കൊണ്ട് നഷ്ടപ്പെട്ടത് വേഗത്തില്‍ ഖളാഅ് വീട്ടല്‍ സുന്നത്തും കാരണം കൂടാതെ നഷ്ടപ്പെട്ടത് വേഗം നിസ്‌കരിക്കല്‍ നിര്‍ബന്ധവുമാണ്. ഒരാള്‍ അസ്വറിന്റെ ജമാഅത്ത് പള്ളിയില്‍ നടന്നുകൊണ്ടിരിക്കെ പള്ളിയില്‍ പ്രവേശിച്ചു. അവനാണെങ്കില്‍ കാരണം കൂടാതെ നിസ്‌കാരം നഷ്ടപ്പെട്ട വ്യക്തിയുമാണ്. എങ്കില്‍ പ്രസ്തുത അസ്ര്‍ നിസ്‌കാരത്തിന്റെ ജമാഅത്തില്‍ അവന്‍ പങ്ക് ചേരല്‍ നിഷിദ്ധമാണ്. ജമാഅത്തില്‍ പങ്കെടുക്കാതെ നിസ്‌കാരം ഖളാഅ് വീട്ടുകയാണ് വേണ്ടത്.
ജമാഅത്തില്‍ പെങ്കടുത്താല്‍ നിഷിദ്ധമാണെങ്കിലും ജമാഅത്തു നിസ്‌കാരം സ്വഹീഹാകും. അസ്വര്‍ നിസ്‌കാരം പോലെത്തന്നെയാണു മറ്റു നിസ്‌കാരങ്ങളും. കാരണം കൂടാതെ നിസ്‌കാരം നഷ്ടപ്പെടുത്തിയവന്‍ അവന്റെ ഉറക്കം, ചെലവിനുവേണ്ടി സമ്പാദിക്കല്‍ തുടങ്ങി അനുപേക്ഷണീയമായ ജീവിതാവശ്യങ്ങള്‍ക്കു വേണ്ട സമയമൊഴികെ മുഴുവന്‍ സമയവും നിസ്‌കാരം ഖളാഅ് വീട്ടാന്‍ വേണ്ടി നീക്കിവെക്കല്‍ നിര്‍ബന്ധമാണ്. ഉറക്കം, മറവി എന്നിവയാണ് ഇസ്‌ലാം പരിഗണിച്ച കാരണങ്ങള്‍. ഫര്‍ള് നിസ്‌കാരം ഖളാഅ് വീട്ടാനുള്ളവര്‍ സുന്നത്തു നിസ്‌കാരം നിര്‍വ്വഹിക്കലും മറ്റു സുന്നത്തായ കാര്യങ്ങള്‍ ചെയ്യലും നിഷിദ്ധമാണ്. നിഷിദ്ധത്തോടെ കര്‍മ്മങ്ങള്‍ സാധുവാകും.
<img alt=" width=" 1"="" height="1">
Leave A Comment