അല്‍ഫാതിഹ: സബ്അന്‍ സബ്അന്‍
ജുമുഅ: നിസ്‌കാരത്തില്‍ നിന്നു സലാം വീട്ടിയ ഉടനെ ഏഴു തവണ വീതം സൂറത്തുല്‍ ഫാതിഹയും ഇഖ്‌ലാസും മുഅവ്വിദതൈനിയും ഓതല്‍ ഇമാമിനും മഅ്മൂമുകള്‍ക്കും സുന്നത്തുണ്ട്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) പറയുന്നു: ”ജുമുഅ:യില്‍ നിന്ന് സലാം വീട്ടിയ ഉടനെ കാല്‍ തിരിക്കുന്നതിന് മുമ്പ്, മറ്റൊരു റിപ്പോര്‍ട്ടില്‍ സംസാരിക്കുന്നതിന് മുമ്പ് ഫാതിഹ, ഇഖ്‌ലാസ്, മുഅവ്വിദതൈനി എന്നിവ ഏഴ് തവണ വീതം ഓതല്‍ സുന്നത്താണ്. ഇത് പാരായണം ചെയ്താല്‍ മുന്തിയതും പിന്തിയതുമായ അവന്റെ കുറ്റങ്ങള്‍ പൊറുക്കപ്പെടുമെന്നും അല്ലാഹുവിലും റസൂലിലും വിശ്വസിച്ചവരുടെ എണ്ണത്തോളം അവന് പ്രതിഫലം നല്‍കപ്പെടുമെന്നും ഹദീസില്‍ വന്നതുകൊണ്ടാണിത്”. (ഫത്ഹുല്‍ മുഈന്‍ പേജ് 148) ഇപ്രകാരം മഖ്ദൂമിന്റെ ഗുരുവര്യര്‍ ഇമാം ഇബ്‌നു ഹജര്‍(റ) തുഹ്ഫ(2/464) യിലും പ്രസ്താവിച്ചിട്ടുണ്ട്.
പ്രസ്തുത സൂറത്തുകള്‍ ഓതിയാല്‍ അവന്റെ ദീനും ദുനിയാവും ഭാര്യ-സന്തതികളും സംരക്ഷിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. (തുഹ്ഫ 2/464) സംസാരിക്കുന്നതിന് മുമ്പ് ഓതണം എന്ന് ഹദീസില്‍ വന്നതിനാല്‍ മറ്റ് ദിക്‌റുകള്‍ക്ക് മുമ്പ് ഓതണം എന്നു വന്നു. എന്നാല്‍ മുഅദ്ദിന്‍ ‘അല്‍ഫാതിഹ’ എന്ന് പറയുന്നതുകൊണ്ട് അവന്റെ പ്രതിഫലം നഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍, സംസാരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആവശ്യമല്ലാത്തതും അനാവശ്യവുമായ സംസാരമാണെന്ന് ഹാശിയത്തുന്നിഹായ(1/550)യില്‍ പ്രസ്താവിച്ചിട്ടുണ്ട്.
മുഅദ്ദിന്‍ ‘അല്‍ഫാതിഹ’ എന്ന് പറയുന്നത് മറ്റുള്ളവര്‍ ഓതാന്‍ പ്രചോദനവും പ്രേരണയുമാണല്ലോ. ഇത് ആവശ്യമുള്ളതാണ്; അന്യമല്ലാത്തതും.
സലാം വീട്ടിയ ഉടനെ തന്നെയാണ് പ്രസ്തുത സൂറത്തുകള്‍ കൊണ്ടുവരേണ്ടത്. അതിനു ശേഷമാണ് മറ്റു ദിക്‌റുകള്‍ ചൊല്ലേണ്ടത്. തെറ്റുകള്‍ പൊറക്കപ്പെടുമെന്നതില്‍ ചെറുദോഷങ്ങളാണ് ഉള്‍പ്പെടുക, വന്‍ദോഷങ്ങളല്ല. അതിനുതൗബ അനിവാര്യമാണ്.
അറഫ ദിവസം സുബ്ഹ് മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാനത്തെ അസ്വര്‍ വരെ നിസ്‌കാരത്തിന്റെ ഉടനെ ചൊല്ലേണ്ട തക്ബീര്‍ വെള്ളിയാഴ്ചയും സലാം വീട്ടിയ ഉടനെ ചൊല്ലണം. അതിനു ശേഷമാണ് ഫാതിഹയും മുമ്പ് വിവരിച്ച സൂറത്തുകളും ഓതേണ്ടത്.
ജുമുഅ: നിസ്‌കാരത്തില്‍ ഓതേണ്ട സൂറത്തുകള്‍ അല്‍പം പതുക്കെയും ബാക്കി ഉറക്കെയും ഓതുന്ന പതിവാണ് കൂടുതല്‍ കണ്ടുവരുന്നത്. എന്നാല്‍ അങ്ങനെ ചെയ്യല്‍ സുന്നത്തില്ല. സൂറത്ത് മുഴുവനും ഇമാം ഉറെക്കയാക്കലാണ് സുന്നത്ത്.
വെള്ളിയാഴ്ച പകലിലും രാവിലും സ്വലാത്തു ചൊല്ലല്‍ പ്രത്യേകം സുന്നത്താണെന്നത് സുവിദിതമാണല്ലോ. എന്നു മാത്രമല്ല, വെള്ളിയാഴ്ചത്തേക്ക് പ്രത്യേകമായി നബി(സ) തങ്ങളെ ഉദ്ധരിച്ചുവന്ന ഖുര്‍ആന്‍-ദിക്‌റുകള്‍ അല്ലാത്ത മറ്റേതു ദിക്‌റുകളേക്കാളും ഖുര്‍ആന്‍ പാരായണത്തേക്കാളും വെള്ളിയാഴ്ച രാവിലും പകലിലും സ്വലാത്ത് വര്‍ധിപ്പിക്കലാണ് പുണ്യം. (തുഹ്ഫ: 2/478)
ഈ പറഞ്ഞ സ്വലാത്ത് ഏത് വചനം കൊണ്ടുള്ള സ്വലാത്തുമാവാം. ഹിസ്ബ് യൗമില്‍ ജുമുഅഃ എന്ന പേരില്‍ അല്‍കഹ്ഫ് സൂറത്തിന്റെ കൂടെ ബൈന്റ് ചെയ്ത സ്വലാത്ത് വളരെ പുണ്യമുള്ളതാണ്. പ്രസിദ്ധ വലിയ്യും ആരിഫുമായിരുന്ന അബൂ അബ്ദുല്ല മുഹമ്മദുബിനു സുലൈമാന്‍ ജസൂലി(റ) എന്ന പണ്ഡിതന്‍ ആഴ്ചയിലെ ഓരോ ദിവസത്തേക്കും പ്രത്യേകം പതിവായി ചൊല്ലാന്‍ വേണ്ടി ഉണ്ടാക്കിയ സ്വലാത്തില്‍ നിന്ന് വെള്ളിയാഴ്ചത്തേക്ക് നിജപ്പെടുത്തി തന്റെ ദലാഇലുല്‍ ഖൈറാത്തില്‍ രേഖപ്പെടുത്തിയതാണ് പ്രസ്തുത ഹിസ്ബു യൗമില്‍ ജുമുഅഃ.
ഹിസ്ബ് എന്നാല്‍ പതിവായി ചൊല്ലുന്നത് എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഈ ഹസ്ബിലുള്ളതുപോലെ ആയിരം വട്ടം അല്ലാഹുവിന്റെ കലിമത്തുകളുടെ മഷിയുടെ തോത് എന്നിങ്ങനെയുള്ള പദങ്ങള്‍ കൊണ്ട് സ്വലാത്ത് ചൊല്ലുന്നതിനു അത്രയും പ്രാവശ്യം സ്വലാത്ത് ചൊല്ലുന്നതിന്റെ പ്രതിഫലം ഉണ്ടെന്നു മാത്രമല്ല, അതിലേറെ നേട്ടം ലഭിക്കുമെന്നും ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവല്‍ കുബ്‌റാ 1/148)
തിരുമേനി(സ)യുടെ പ്രിയ പത്‌നി ബീവി സഫിയ്യ(റ)യില്‍ നിന്ന് ഉദ്ധരണി: മഹതി പറഞ്ഞു: ”ഒരിക്കല്‍ നബി(സ) എന്റെ അരികിലേക്ക് കടന്നുവന്നപ്പോള്‍ ഞാന്‍ ഒരുക്കിവെച്ച നാലായിരം ചെരല്‍കല്ലുകള്‍ കണ്ടു ചോദിച്ചു- എന്തിനാണിത്? തസ്ബീഹ് ചൊല്ലുമ്പോള്‍ എനിക്കു എണ്ണം പിടിക്കാന്‍ -ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘ഓ സ്വഫിയ്യാ… നിന്റെയടുത്തേക്കു പ്രവേശിച്ച ശേഷം നാലായിരത്തേക്കാള്‍ എണ്ണം ഞാന്‍ തസ്ബീഹ് ചൊല്ലി.’ ‘അതെങ്ങനെ? എനിക്കു പഠിപ്പിച്ചുതരൂ’ -മഹതി ആവശ്യപ്പെട്ടു. തല്‍സമയം നബി(സ) പറഞ്ഞു: ”സുബ്ഹാനല്ലാഹി അദദ മാഖലഖ മിന്‍ ശൈഇന്‍”(റബ്ബിന്റെ സൃഷ്ടികളുടെ എണ്ണത്തിന്റെ തോത് ഞാന്‍ അല്ലാഹുവിന്റെ പരിശുദ്ധി വാഴ്ത്തുന്നു) എന്നു നീ പറയുക.” (തുര്‍മുദി, ഹാകിം)
Leave A Comment