നിസ്കാരത്തിലെ സ്വഫ്‌

ചില നാടുകളില്‍ നിലവിലുള്ള പള്ളിക്ക് പുറമെ അതിന്റെ ചുമരുകള്‍ നിലനിര്‍ത്തിക്കൊണ്ട് വീണ്ടും ഇരുഭാഗത്തും (തെക്കും വടക്കും) പള്ളിയുണ്ടാക്കാറുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ഒന്നാം സ്വഫ് പൂര്‍ത്തിയായി എന്നു പറയല്‍ പഴയ പള്ളിയുടെ പരിധിയില്‍ വിടവില്ലാതെ ജനം അണിനിരക്കലോ അതൊ പള്ളിയുടെ വടക്കെ അറ്റം മുതല്‍ തെക്കേ അറ്റം വരെ അവസാനിക്കലോ എന്ന സംശയം സ്വാഭാവികമാണ്.

ഇത്തരം പള്ളികളില്‍ പഴയ പള്ളിയുടെ പരിധിയില്‍ നടക്കുന്ന ജമാഅത്തില്‍ അതിന്റെ ചുമരുകള്‍ക്കുള്ളില്‍ വിടവില്ലാതെ സ്വഫ് പൂര്‍ത്തിയാക്കിയാല്‍ തന്നെ ഒന്നാം സ്വഫ് പൂര്‍ത്തിയായി എന്നു പറയാവുന്നതാണ്. അങ്ങനെ പഴയ പള്ളിയുടെ പരിധിയില്‍ തന്നെ രണ്ടാം സ്വഫ് ഉണ്ടാക്കുന്നവര്‍ക്ക് ഒന്നാം സ്വഫ് പൂര്‍ത്തിയായിട്ടില്ല; കറാഹത്തു വരില്ല. നിസ്‌കരിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ ഓരോ സ്വഫും പൂര്‍ത്തിയാവുകയും അണികള്‍ക്കിടയില്‍ വിടവില്ലാതിരിക്കുകയുമാണ് സ്വഫ് സമമാവുക, വിടവില്ലാതിരിക്കുക എന്നതിന്റെ ഉദ്ദേശ്യം. (തുഹ്ഫ 2/311 നോക്കുക.) മുന്നിലെ സ്വഫില്‍ വിടവ് നിലനിര്‍ത്തിക്കൊണ്ട് പിന്നിലെ സ്വഫില്‍ നില്‍ക്കല്‍ കറാഹത്താണ്. ഇതുതന്നെ വെയിലില്‍ നില്‍ക്കുക, മഴ നനയുക തുടങ്ങിയ കാരണങ്ങളുണ്ടെങ്കില്‍ കറാഹത്തുമില്ല. (തുഹ്ഫ: 2/311 ശര്‍വാനി സഹിതം നോക്കുക.) പഴയ പളളിയുടെ തെക്കും വടക്കും പുതുതായി ഉണ്ടാക്കിയ സ്ഥലത്ത് പഴയ പള്ളിയുടെ ഒന്നാം സ്വഫിന്റെ നേരെ സ്വഫ് ഉണ്ടാക്കിയാല്‍ അവര്‍ക്കും ഒന്നാം സ്വഫിന്റെ പ്രതിഫലം കിട്ടും. പുതുതായി ഉണ്ടാക്കിയത് പള്ളിയായി വഖ്ഫ് ചെയ്താലും ഇല്ലെങ്കിലും മസ്അല മാറ്റമില്ല. (ജമാഅത്ത് സാധുവാകാനുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം.) (തുഹ്ഫ: ശര്‍വാനി 2/321)

പഴയ പള്ളിയുടെ പരിധിയില്‍ രണ്ടാം സ്വഫില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ഒന്നാം സ്വഫില്‍ (പള്ളിയല്ലാത്ത ചെരുവിലാണെങ്കിലും) നില്‍ക്കലാണ്. എന്തുകൊണ്ടെന്നാല്‍, പള്ളിയില്‍ നില്‍ക്കുന്ന ശ്രേഷ്ഠതയെക്കാള്‍ ഒന്നാം സ്വഫില്‍ നില്‍ക്കുന്ന ശ്രേഷ്ഠതയ്ക്കാണ് പ്രാമുഖ്യം കല്‍പ്പിക്കേണ്ടത്. (തുഹ്ഫ: 2/308) ചില നാടുകളില്‍ പള്ളിയല്ലാത്ത ചെറുഭാഗം പള്ളിയേക്കാള്‍ താഴ്ചയിലായിരിക്കും. ഇത്തരം വേളയില്‍ താഴ്ചയുള്ള സ്ഥലത്തു നില്‍ക്കാതിരിക്കുകയാണ് വേണ്ടത്. എന്തുകൊണ്ടെന്നാല്‍ ഇമാമുമായി ഉയര്‍ച്ച-താഴ്ചകളില്‍ മാറ്റമായി നില്‍ക്കല്‍ സമമായി നില്‍ക്കാന്‍ സൗകര്യമുള്ളേടത്ത് പള്ളിയാണെങ്കിലും അല്ലെങ്കിലും കറാഹത്താണ്. മിമ്പര്‍, തൂണ്‍ മുതലായവ കൊണ്ട് അകലം സംഭവിച്ചാലും ഇമാമിനോട് അടുത്തു നില്‍ക്കുന്ന സ്വഫാണ് ഒന്നാം നിരയായി പരിഗണിക്കുക. (ഫത്ഹുല്‍ മുഈന്‍) ഇമാമിന്റെ ഇടതു ഭാഗത്തെക്കാള്‍ പുണ്യം വലതു ഭാഗത്ത് അണിനിരക്കലാണ്. വലതു ഭാഗത്തെക്കാള്‍ ശ്രേഷ്ഠമായതാണ് ഇമാമിന്റെ നേരെ പിന്നില്‍ നില്‍ക്കലെന്നു ഇമാം ഇബ്‌നു ഹജര്‍ (റ) തന്റെ ശര്‍ഉല്‍ ഉബാബില്‍ പറഞ്ഞിട്ടുണ്ട്. (ശര്‍വാനി: 2/308) പള്ളിയുടെ മിഹ്‌റാബുകള്‍ക്ക് ഇതര സ്ഥലങ്ങളെക്കാള്‍ ശ്രേഷ്ഠതയില്ലെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. ശ്രേഷ്ഠതയുണ്ടെന്നു പറഞ്ഞ ഇബ്‌നുല്‍ ഇമാദി(റ)ന്റെ വാദത്തെ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. (കുര്‍ദി 1/264) സംഘടിതമായി നിസ്‌കരിക്കുമ്പോള്‍ ഇമാം മിഹ്‌റാബില്‍ തന്നെ നില്‍ക്കല്‍ പ്രത്യേക സുന്നത്തുകളില്‍ പെട്ടതല്ല. അതുകൊണ്ടുതന്നെ മിഹ്‌റാബിലല്ലാത്ത സ്ഥലത്തു ഇമാം നിന്നാലും മഹത്വം കുറയുന്നില്ല. ഇമാം സ്വഫിന്റെ മധ്യത്തില്‍ നില്‍ക്കണം. മധ്യത്തിലാവാതിരുന്നാല്‍ കറാഹത്തു വരുന്നതും ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്തായതിനാല്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും ചെയ്യും. ഇമാം മിഹ്‌റാബില്‍ നിന്നു ഇറങ്ങി നില്‍ക്കുകയാണെങ്കില്‍ സ്വഫിന്റെ മധ്യമായി വരുന്നിടത്തു തന്നെ നില്‍ക്കാന്‍ ശ്രദ്ധിക്കണം. അശ്രദ്ധമൂലം പലപ്പോഴും ജമാഅത്തു നിസ്‌കാരത്തിന്റ ഇരുപത്തിയേഴ് പദവിയുടെ പുണ്യം പലര്‍ക്കും നഷ്ടപ്പെടുന്നുവെന്നതാണ് വസ്തുത. നഷ്ടപ്പെടുന്ന അവസരത്തിലും നിസ്‌കാരം ജമാഅത്തായി തന്നെ സാധുവാകുന്നതും അല്ലാഹുവിന്റെ തേട്ടം (ത്വലബ്) ഒഴിവാകുന്നതുമാണ്.

 

<img alt=" width=" 1"="" height="1">

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter