ആത്മാവ് നഷ്ടപ്പെടുന്ന സുജൂദുകള്‍
വിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാന പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തേതും മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതുമായ സുപ്രധാന ആരാധനാകര്‍മമാണ് നിസ്‌കാരം. മുസ്‌ലിമിനും അമുസ്‌ലിമിനും ഇടയിലുള്ള പ്രകടമായ വ്യത്യാസമാണത്. നിസ്‌കാരം ദീനിന്റെ തൂണാണ്. അതു നിലനിര്‍ത്തിയവന്‍ ദീനിനെ നിലനിര്‍ത്തിയവനും അത് ഉപേക്ഷിച്ചവന്‍ ദീനിനെ പൊളിച്ചുകളഞ്ഞവനുമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അന്ത്യ നാളില്‍ അടിമയുടെ കര്‍മങ്ങളില്‍ ആദ്യം വിചാരണക്കെടുക്കപ്പെടുന്നതും നിസ്‌കാരമത്രെ. ദിവസത്തിലെ അഞ്ചു നിശ്ചിത സമയങ്ങളില്‍ നിര്‍ബന്ധമായും നിര്‍വഹിക്കപ്പെടേണ്ടുന്ന നിസ്‌കാരത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ മൂന്ന് സമയങ്ങളിലും നിങ്ങള്‍ നിസ്‌കാരം നിലനിര്‍ത്തുക. (ഹൂദ്:114)
അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവിനെ ഓര്‍ക്കലും അതുവഴി പാപമോചനവും ആത്മീയോന്നതിയും നേടല്‍ തന്നെയാണ് നിസ്‌കാര നിര്‍വഹണങ്ങള്‍ കൊണ്ടുള്ള പരമമായ ലക്ഷ്യവും അതിന്റെ അകക്കാമ്പും. 'എന്നെ ഓര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ നിസ്‌കാരം നിലനിര്‍ത്തുക' (സൂറ:താഹാ) എന്ന ഖുര്‍ആനിക വചനത്തില്‍നിന്നും അതു വ്യക്തം. എന്നാല്‍, കേവലം മനസ് കൊണ്ടുള്ള ഇലാഹീ സ്മരണ ഇസ്‌ലാമിലെ നിസ്‌കാരത്തിന്റെ പകരമാവില്ല. തക്ബീറതുല്‍ ഇഹ്‌റാം കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവൃത്തികളുമാണ് നിസ്‌കാരം. ഞാന്‍ എങ്ങനെ നിസ്‌കരിക്കുന്നത് നിങ്ങള്‍ അറിഞ്ഞുവോ അതുപോലെ നിങ്ങളും നിസ്‌കരിക്കുക എന്ന നബിവചനവും അതുമായി ബന്ധപ്പെട്ട് ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഇതര ഹദീസുകളും നിസ്‌കാരത്തിന്റെ നിശ്ചിത രൂപത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ചുരുക്കത്തില്‍, നിസ്‌കാരത്തിന്റെ ബാഹ്യ രൂപം പഴത്തിന്റെ തൊലി പോലെയും മനസ് കൊണ്ടുള്ള ഇലാഹീ സ്മരണ ആ പഴത്തിന്റെ കഴമ്പ് പോലെയുമാണ്. കഴമ്പുണ്ടെങ്കിലേ തൊലി കൊണ്ട് പ്രയോജനമുള്ളൂ. എന്നാല്‍, തൊലിയില്ലെങ്കില്‍ കഴമ്പിന് നിലനില്‍പ് തന്നെയില്ല. രണ്ടും പരസ്പരാശ്രിതങ്ങളാണ്.
അല്ലാഹുവിനെ ഓര്‍ക്കലും ഭയഭക്തിയുമാണ് നിസ്‌കാരത്തിന്റെ അകക്കാമ്പെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അന്തഃസത്ത നഷ്ടപ്പെട്ട കേവലം കുത്തിമറിയലുകളായി ഇന്നത്തെ നിസ്‌കാരങ്ങള്‍ മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ രണ്ടുതരം നിസ്‌കാരക്കാരെ കുറിച്ച് പ്രതിപാദിച്ചതായി കാണാം. ''നിശ്ചയമായും നിസ്‌കാരത്തില്‍ ഭയഭക്തിയുള്ള വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.'' (അല്‍ മുഅ്മിനൂന്‍) ''അപ്പോള്‍ നിസ്‌കാരക്കാര്‍ക്കാണ് നാശം. തങ്ങളുടെ നിസ്‌കാരങ്ങളെക്കുറിച്ച് അശ്രദ്ധരാണവര്‍.'' (അല്‍ മാഊന്‍) '' ലഹരിയില്‍ ഉന്മത്തരായിരിക്കെ നിങ്ങള്‍ നിസ്‌കാരത്തോട് അടുക്കരുത്-നിങ്ങള്‍ പറയുന്നതെന്താണെന്ന് നിങ്ങള്‍ക്ക് സ്വയം ബോധമുണ്ടാവുന്നത് വരെ.'' (അന്നിസാഅ്: 43) എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് ഉന്മത്തരായവര്‍ എന്ന ഗണത്തില്‍ ഭൗതിക ചുറ്റുപാടുകളിലും ആഗ്രഹങ്ങളിലും ഉത്ഖണ്ഠകളിലും വേവലാതികളിലും മനസ് ലയിച്ചു പോയവരും ഉള്‍പ്പെടും എന്നാണ്.
പറയുന്നതിനെ കുറിച്ച് സ്വയം ബോധമുണ്ടാവാതിരിക്കുക എന്നതാണല്ലോ നിസ്‌കാരത്തോട് അടുക്കുകപോലും ചെയ്യാതിരിക്കാനുള്ള മാനദണ്ഡമായി (ഇല്ലത്ത്) ഉപരിസൂചിത വചനത്തില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ നാം നമ്മുടെ നിസ്‌കാരങ്ങളെ കുറിച്ച് ഒരു ആത്മവിചിന്തനം നടത്തല്‍ അനിവാര്യതയായി വരുന്നു. കാരണം, എത്ര പേരുണ്ടാകും പൂര്‍ണമായും മനസ്സാന്നിദ്ധ്യത്തോടെ മാത്രം അല്ലാഹുവിന്റെ മുമ്പില്‍ വണങ്ങാനെത്തുന്നവര്‍? പലരും ഒരുപക്ഷേ പരമാവധി സുന്നത്തുകള്‍ പോലും നിര്‍വഹിച്ചുകൊണ്ട് തന്നെയാകും നിസ്‌കാരത്തിനെത്തുന്നത്. പക്ഷേ, മനസ്സിലെ ചിന്ത ടൗണിലെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചോ പാടത്തെ കൃഷിയിടത്തെ സംബന്ധിച്ചോ ഭാവി പദ്ധതികളെക്കുറിച്ചോ ആയിരിക്കും. വേറെ ചിലര്‍ നിസ്‌കരിക്കാന്‍ വരുന്നത് തന്നെ എന്തെങ്കിലും വിപത്തുകളോ മാറാവ്യാധികളോ വന്നുപെടുമ്പോള്‍ മാത്രവും! ഇക്കൂട്ടര്‍ക്കൊക്കെ മദ്യപാനമോ മറ്റു ലഹരിപദാര്‍ത്ഥ ഉപയോഗമോ ഇല്ലാതെ തന്നെ മനസ്സാന്നിദ്ധ്യം നഷ്ടപ്പെടുന്നതായി നാം കാണുന്നു. അല്ലാഹുവിന്റെ മുമ്പിലാണ് താന്‍ നില്‍ക്കുന്നതെന്നുള്ള ഒരു ഉള്‍ബോധമില്ല എങ്കില്‍ പിന്നെ ഇത്തരത്തിലുള്ള മലക്കംമറിച്ചിലുകളും ഇതര കായികാഭ്യാസങ്ങളും തമ്മില്‍ എന്താണു വ്യത്യാസം?
നബി(സ) പറഞ്ഞു: ''ആരെങ്കിലും ദുന്‍യവിയായ ഒരു ചിന്തയുമില്ലാതെ രണ്ടു റക്അത്ത് നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും. മുന്‍കാല ഗ്രന്ഥങ്ങളില്‍ അല്ലാഹു പറയുന്നതായി കാണുന്നു: ''എല്ലാവരുടെയും നിസ്‌കാരം ഞാന്‍ സ്വീകരിച്ചു കൊള്ളണമെന്നില്ല. ഞാന്‍ സ്വീകരിക്കുന്നത്, എന്റെ മഹത്വത്തിനു മുന്നില്‍ വണങ്ങുകയും എന്റെ അടിമകള്‍ക്കു മേല്‍ അഹങ്കരിക്കാതിരിക്കുകയും എന്റെ തൃപ്തി കാംക്ഷിച്ച് വിശന്നു വലയുന്ന ദരിദ്രനു ഭക്ഷണം നല്‍കുകയും ചെയ്തവന്റെ നിസ്‌കാരം മാത്രമാണ്.'' ഒരു വ്യക്തിയെ ഉപദേശിക്കുന്നതിനിടയില്‍ നബി(സ) പറഞ്ഞു: ''നീ നിസ്‌കരിക്കുകയാണെങ്കില്‍ യാത്ര പറയുന്നവന്റെ നിസ്‌കാരം പോലെ നിര്‍വഹിക്കുക.'' (ഹാകിം). അതായത് സ്വന്തം ദേഹേച്ഛയോടും സ്വന്തം ആയുസ്സിനോട് തന്നെയും വിട പറഞ്ഞ് യജമാനനായ അല്ലാഹുവിലേക്കുള്ള പ്രയാണമെന്ന കരുത്തോടെയാണ് നിസ്‌കരിക്കേണ്ടത്.
ശരിയായ സൂക്ഷ്മതയോടെയും ഭയഭക്തിയോടെയുമുള്ള നിസ്‌കാരം പിന്നീടുള്ള പാപങ്ങളില്‍നിന്ന് അവനെ തടഞ്ഞുനിര്‍ത്തും. അതാണ് ഖുര്‍ആന്‍ പറയുന്നത്: ''നിശ്ചയമായും നിസ്‌കാരം തിന്മകളില്‍നിന്നും തെമ്മാടിത്തരങ്ങളില്‍ നിന്നും തടഞ്ഞുനിര്‍ത്തും'' (അല്‍ അന്‍കബൂത്) എന്നാല്‍, മസ്ജിദില്‍ ഒന്നാം സ്വഫ്ഫില്‍ ഒന്നാം ജമാഅത്ത് കഴിഞ്ഞ് പുറത്തേക്കിറങ്ങി, നേരേ മുസ്‌ലിം സഹോദരനെ അസഭ്യം പറയുന്നതിലേക്കും.
ചായ മക്കാനിയില്‍ ചെന്നിരുന്ന്, മുന്നില്‍ കാണുന്നവരുടെയെല്ലാം ഏഷണിയും പരദൂഷണവും പറയുന്നതിലേക്കും നയിക്കുന്ന ഇന്നത്തെ നവ നിസ്‌കാരക്കാരുടെ നിസ്‌കാരങ്ങള്‍ അവയുടെ ശരിരൂപം പ്രാപിക്കുന്നില്ല എന്നു തന്നെയല്ലേ മനസ്സിലാക്കേണ്ടത്? നബിതിരുമേനി(സ) പറഞ്ഞു: ''നിസ്‌കാരശേഷം ഒരാള്‍ വീണ്ടും തിന്മകള്‍ ചെയ്യുന്നുവെങ്കില്‍ അതു കാരണമായി അയാളും അല്ലാഹുവുമായുള്ള അകലം കൂടുക മാത്രമാണ് ചെയ്യുന്നത്.''(തബറാനി)
ജനസമ്പര്‍ക്ക പരിപാടി നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ മൂക്കിന്‍താഴെ വച്ച് തന്റെ ഏതോ ഒരു കാര്യ സാധ്യത്തിനു വേണ്ടി നാട്ടിലെ പഞ്ചായത്ത് മെമ്പര്‍ക്ക് ഫോണ്‍ വിളിച്ച് ആവലാതി പറയുന്നവനെ വിഡ്ഢി എന്നല്ലാതെ എന്താണു വിളിക്കുക? കാരണം, പഞ്ചായത്ത് മെമ്പര്‍ക്കും സഹായങ്ങള്‍ എത്തുന്നതിന്റെ ഉറവിടം മുന്നില്‍ നില്‍ക്കുന്ന ഈ മുഖ്യമന്ത്രിയാണല്ലോ. എന്നാല്‍, അവനെയും പഞ്ചായത്ത് മെമ്പറെയും മുഖ്യമന്ത്രിയെയും ഈ പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളെയും പടച്ച് പോറ്റി പരിപാലിക്കുന്ന, ഏതു നിമിഷവും താന്‍ ചോദിച്ചതെന്തും നല്കാന്‍ കെല്പുള്ള, തന്നെ എന്തും ചെയ്യാന്‍ കഴിവുള്ള, സര്‍വത്തിന്റെയും നിയന്ത്രകനായ അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണ(മുനാജാത്)മായ നിസ്‌കാരത്തില്‍ ആ അല്ലാഹുവിന്റെ സാന്നിധ്യം മനസ്സില്‍ കൊണ്ടുവരുന്നതില്‍ അശ്രദ്ധ പറ്റുന്നതെങ്ങനെ? ആഇശ ബീബി(റ)യില്‍നിന്ന് നിവേദനം: ''നബി(സ) ഞങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ നിസ്‌കാര സമയം ആഗതമായാല്‍ ഞങ്ങള്‍ പരസ്പരം മുന്‍പരിചയം പോലുമില്ലാത്തതു പോലെയായിരുന്നു പിന്നെ അവിടുത്തെ പെരുമാറ്റം. അല്ലാഹുവിന്റെ മാഹാത്മ്യത്തെ ഗൗനിക്കുന്നതിനിടയില്‍ അവിടുന്ന് മറ്റൊന്നിനെയും ശ്രദ്ധിക്കാറേയില്ലായിരുന്നു. നിസ്‌കാരത്തില്‍ മനസ്സാന്നിധ്യമില്ലാത്തവനിലേക്ക് അല്ലാഹു നോക്കുകപോലുമില്ല എന്ന് അവിടുന്ന് അരുളിയിട്ടുണ്ട്. അല്ലാഹുവിനെ അങ്ങോട്ട് പുല്ല് വില കല്‍പ്പിക്കാത്തവനെ അല്ലാഹു എന്തിന് ഇങ്ങോട്ട് പരിഗണിക്കണം?
ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) നിസ്‌കാരം തുടങ്ങിയാല്‍ അദ്ദേഹത്തിന്റെ ഹൃദയ സ്പന്ദനത്തിന്റെ ശബ്ദം രണ്ട് മൈല്‍ ദൂരേക്ക് കേള്‍ക്കാറുണ്ടായിരുന്നു. ഒരാള്‍ നിസ്‌കാരത്തില്‍ തന്റെ താടിയില്‍ പിടിച്ച് കളിക്കുന്നതു കണ്ടപ്പോള്‍ നബി(സ) പറഞ്ഞു: ''ഇയാളുടെ ഹൃദയത്തില്‍ ഭക്തിയുണ്ടായിരുന്നെങ്കില്‍ ഇയാളുടെ അവയവങ്ങള്‍ക്കും ഭക്തിയുണ്ടായേനെ.''(തുര്‍മുദി) ഹൃദയത്തിലെ ഭക്തിശൂന്യതയാണ് അവയവങ്ങളിലൂടെ പ്രകടമാകുന്നതെന്ന് സാരം. നിസ്‌കാരത്തില്‍ കോട്ടുവായ് ഇടുന്നതും ഈ ഗണത്തില്‍ തന്നെയാണു വരിക. മാത്രമല്ല, കോട്ടുവായ് ഇടുന്നത് മടിയുടെ ലക്ഷണവും ഹൃദയത്തില്‍ പിശാചിന്റെ ആധിപത്യത്തിന്റെ അടയാളവുമാണ്. മുനാഫിഖുകളെ വിമര്‍ശിച്ച് പറയുന്നിടത്ത് അല്ലാഹു പറയുന്നത്, മുനാഫിഖുകള്‍ നിസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ മടിയോടെയാണവര്‍ നില്‍ക്കുക. അല്‍പം മാത്രമേ അവര്‍ നിസ്‌കരിക്കുകയുള്ളൂ. (അതുതന്നെ മറ്റുള്ളവര്‍ കാണാന്‍ വേണ്ടിയായിരിക്കും.) ഖലഫു ബ്‌നുഅയ്യൂബ് എന്നവരോട് ചോദിക്കപ്പെട്ടു: ''നിസ്‌കരിക്കുമ്പോള്‍ ഈച്ചകളെ കൊണ്ട് നിങ്ങള്‍ക്ക് പ്രയാസമില്ലേ? എന്നിട്ടും അവയെ ആട്ടാത്തത് എന്തു കൊണ്ടാണ്?'' അദ്ദേഹം പ്രതിവചിച്ചു: ''ഫാസിഖുകളായ ആളുകള്‍ (ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റാന്‍ വേണ്ടി) സുല്‍താന്റെ ചാട്ടവാറടി കൊള്ളുമ്പോള്‍ പതറാതെ ക്ഷമയോടെ നില്‍ക്കുമെന്ന് കേട്ടിട്ടുണ്ട്. ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് പോലും ഇങ്ങനെ ക്ഷമിച്ചു നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ രാജാധിരാജനായ റബ്ബിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഒരു ഈച്ച കാരണം അനങ്ങുന്നത് ശരിയല്ലല്ലോ.
മുസ്‌ലിമുബ്‌നു യസാര്‍(റ) ഒരിക്കല്‍ ബസ്വറയിലെ ജുമാമസ്ജിദില്‍ നിസ്‌കരിക്കുന്നതിനിടയില്‍ മസ്ജിദിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ആളുകളെല്ലാം ആ ഭാഗത്തേക്ക് ഓടിക്കൂടി. എന്നാല്‍, തന്റെ നിസ്‌കാരം കഴിഞ്ഞ ശേഷം മാത്രമാണ് മഹാനവര്‍കള്‍ ഈ സംഭവം തന്നെ അറിയുന്നത്. നിസ്‌കാര സമയം ഹാജറായാല്‍ അലി ബ്‌നു അബീ ത്വാലിബി(റ)ന്റെ നിറം വിവര്‍ണമാകുകയും ഒരുതരം വിറയല്‍ അനുഭവപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ ആരോ അദ്ദേഹത്തോട് അതേക്കുറിച്ച് ചോദിച്ചുവത്രെ. അദ്ദേഹം പറഞ്ഞു: ''അല്ലാഹു ആകാശഭൂമികള്‍ക്കും പര്‍വതങ്ങള്‍ക്കും മുമ്പില്‍ വച്ചപ്പോള്‍ അവയൊന്നും സ്വീകരിക്കാന്‍ കൂട്ടാക്കാതെ പേടിയോടെ ഒഴിഞ്ഞുമാറിയിട്ടും ഞാന്‍ സ്വയം ഏറ്റെടുത്ത ഭാരമേറിയ അല്ലാഹുവിറെ അമാനത്ത് വീട്ടേണ്ട സമയമാണീ വന്നണഞ്ഞിരിക്കുന്നത്.
ഹാതിമുല്‍ അസമ്മിനെ കുറിച്ച് തന്റെ നിസ്‌കാരത്തെ കുറിച്ച് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ''നിസ്‌കാര സമയം വന്നാല്‍ ഞാന്‍ പൂര്‍ണ രൂപത്തില്‍
വുളൂഅ് ചെയ്ത് നിസ്‌കാരസ്ഥലത്ത് ചെന്നിരിക്കും. അങ്ങനെ എന്റെ മുഴുവന്‍ അവയവങ്ങളും ആത്മീയമായി ഇബാദത്തിന് സജ്ജമായാല്‍ ഞാന്‍ നിസ്‌കരിക്കാനായി എഴുന്നേറ്റ് നില്‍ക്കും. എന്നിട്ട് എന്റെ രണ്ടു പുരികങ്ങള്‍ക്കിടയില്‍ ഞാന്‍ വിശുദ്ധ കഅ്ബാലയത്തെ സങ്കല്‍പിക്കും. എന്റെ രണ്ടു കാല്‍പ്പാദങ്ങള്‍ക്കിടയില്‍ സിറാത് പാലവും, എന്റെ വലതു വശത്ത് സ്വര്‍ഗവും ഇടത്ത് നരകവും ഉള്ളതായിത്തന്നെ ഞാന്‍ കരുതും. എന്റെ തൊട്ടു പിന്നില്‍ മലക്കുല്‍ മൗത് അസ്‌റാഈല്‍ ഉള്ളതായും ഇത് എന്റെ ഒടുവിലത്തെ നിസ്‌കാരമാണെന്നും ഞാന്‍ മനസ്സിലുറപ്പിക്കും. അങ്ങനെ ഞാന്‍ ഭയവും ശുഭപ്രതീക്ഷയും (ഖൗഫ്, റജാഅ്) കലര്‍ന്ന മാനസികാവസ്ഥയില്‍നിന്നുകൊണ്ട് അര്‍ത്ഥ ബോധത്തോടെ ന്‍ ഓതി വിനയത്തോടെ റുകൂഇലേക്ക് പോകും. ശേഷം ഭയഭക്തിയോടെ സുജൂദ് ചെയ്യും. പിന്നെ ആത്മാര്‍ത്ഥതയോടെ അത്തഹിയ്യാത് ഓതും. എനിക്കപ്പോഴും അറിയില്ല, ആ നിസ്‌കാരം അല്ലാഹു സ്വീകരിച്ചോ ഇല്ലെയോ എന്ന്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''മനസ്സറിഞ്ഞു കൊണ്ടുള്ള രണ്ട് റക്അത് നിസ്‌കാരമാണ് അശ്രദ്ധമായ മനസ്സോടെ ഒരു രാത്രി മുഴുവന്‍ നിന്ന് നിസ്‌കരിക്കുന്നതിനെക്കാള്‍ നല്ലത്.''
Leave A Comment