നന്മയുടെ റാണി ഭാഗം (ഏഴ്)
നന്‍മയുടെ കയ്യൊപ്പ്
ഹിജ്‌റ 186 ലെ ഹജ്ജ് യാത്ര സുബൈദാ റാണിയെ ചരിത്രത്തില്‍ വേറിട്ടടയാളപ്പെടുത്തിയ സംഭവമായിരുന്നു. തന്റെ വ്യക്തിപരമായ ഔന്നത്യങ്ങള്‍ക്കുപുറമെ സുബെദാ റാണി ചരിത്രത്തില്‍ ഇടം പിടിക്കുന്ന വലിയ ഒരു ദാനത്തിന് കളമൊരുങ്ങിയ യാത്രയായിരുന്നു ഇത്. ബഗ്ദാദില്‍ നിന്നും പരുശുദ്ധ മക്കയിലേക്കുള്ള ആ യാത്രയില്‍ അവര്‍ നേരിട്ടുകണ്ട ഏററവും വലിയ ദുരിതമായിരുന്നു മക്കയിലെ ജലക്ഷാമം. പര്‍വ്വതങ്ങളാല്‍ ചുററപ്പെട്ട മരുഭൂമിയായ മക്കയില്‍ തീര്‍ഥാടന സമയങ്ങളില്‍ വിശ്വാസികള്‍ക്കു വേണ്ടത്ര വെള്ളം ലഭിക്കുവാനില്ലാതെ ബുദ്ധിമുട്ടുന്നത് അവര്‍ കണ്ടു. വെള്ളത്തിനുവേണ്ടി ജനങ്ങള്‍ കഷ്ടപ്പെടുക മാത്രമല്ല ദൂരദിക്കുകളില്‍ നിന്നും വെള്ളം ചുമന്നുകൊണ്ടുവരുന്നതിലുള്ള പ്രയാസവും അതിനിടെ ഉണ്ടാകുന്ന മരണങ്ങള്‍ വരെയുള്ള ദുരന്തങ്ങളുമെല്ലാം അവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
ഇതിനു തന്റെ ഒരു പരിഹാരം ചെയ്യണമെന്ന് അവര്‍ തീരുമാനിച്ചു. ജനങ്ങളുടെ ഏററവും വലിയ കഷ്ടപ്പാടിന് മുന്‍ഗണന നല്‍കുന്നതിന്റെ മഹത്വവും ഏററവും വലിയ വിലയും മൂല്യവുമുള്ള ജലദാനത്തിന്റ പ്രതിഫലവുമായിരുന്നു അവരുടെ മനസ്സു നിറയെ. അതുനേടിയെടുക്കുവാന്‍ അവര്‍ അക്കാലത്തിന്റെ ചരിത്രം കണ്ട ഏററവും വലിയ ഒരു ത്യാഗത്തിനു തയ്യാറായി. മഴ ലഭിക്കുന്ന പ്രദേശം കണ്ടെത്തി വലിയ കനാലുകള്‍ വഴി മഴവെള്ളം സംഭരിച്ച് കിണറുകളില്‍ വീഴ്തി സംഭരിക്കുവാനും അതു ജനങ്ങളുടെ സൗകര്യര്‍ഥം എല്ലായിടത്തും എത്തിക്കുവാനുമുള്ള ഒരു ജലസേചന പദ്ധതിയായിരുന്നു അത്.
മക്കയുടെ കിഴക്ക് ഇടതു വശത്തായി ഉള്ള വാദീ നുഅ്മാനില്‍ നിന്നായിരുന്നു ഈ പദ്ധതിയുടെ തുടക്കം. മക്കയും മശാഇറുകളും കടന്ന് അത് ത്വാഇഫ് വരെ നീണ്ടു. മഴ അധികമായി ലഭിക്കുന്ന പ്രദേശമായിരുന്നു വാദീ നുഅ്മാന്‍. അവടെ പെയ്യുന്ന മഴവെള്ളം കനാലുകള്‍ വഴി വലിയ കിണറുകളിലെത്തിക്കുകയായിരുന്നു ആദ്യം. അതിനുവേണ്ടി അവര്‍ കനാല്‍ കടന്നുപോകുന്ന വഴിയിലുള്ള സ്ഥലങ്ങള്‍ വിലകൊടുത്തുവാങ്ങി. കനാലിന്റെ ഇടയില്‍ വരിവെള്ളം വന്നുചേരുവാനുള്ള വാള്‍വുകള്‍ സ്ഥാപിച്ചു. കനാല്‍ ഇടക്കിടെ വലിയ സംഭരണികളിലായിരുന്നു ചെന്നവസാനിച്ചിരുന്നത്. വാദീ നുഅ്മാനില്‍ നിന്നുള്ള കനാല്‍ നേരെ അറഫയിലേക്കായിരുന്നു എത്തിയിരുന്നത്. അവിടെ ജനങ്ങള്‍ക്കു അനായാസം വെള്ളം ഉപയോഗിക്കുവാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തി. പിന്നെയും അത് മള്‌ലമ വഴി മുസ്ദലിഫയിലേക്കും പിന്നെ മിനാ താഴ്‌വരയിലേക്കും നീണ്ടു. കല്ലുകള്‍ കൊണ്ട് ഭദ്രവും ബലിഷ്ടവുമായിട്ടായിരുന്നു അതിന്റെ നിര്‍മ്മിതി. നൂറു കണക്കിനു എഞ്ചിനീയര്‍മാര്‍, ആയിരക്കണക്കിനു തൊഴിലാളികള്‍ എന്നിവര്‍ രാപ്പകല്‍ ഭേതമില്ലാതെ പണിയെടുത്തു.
വലിയ ഒരു സംഖ്യ തന്നെ ഇതിനുവേണ്ടിവന്നു. തന്റെ കയ്യിലുള്ള സ്വത്തിനു പുറമെ സ്വന്തം ആഭരണങ്ങള്‍ പോലും ഇതിനുവേണ്ടി അവര്‍ക്കു വില്‍ക്കേണ്ടിവന്നു. പൊതു ഖജനാവില്‍ നിന്നും നല്ലൊരു തുക നീക്കിവെച്ചു. ഇത് ഒരു ഘട്ടത്തില്‍ ഖജനാവിനു തന്നെ ഭീഷണിയുണ്ടാക്കി. ഖജനാവിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ അവരോട് വന്ന് ഇങ്ങനെ പോയാല്‍ അതു ഖജനാവിനു ഭീഷണിയാകും എന്നുവരെ പറയുകയുണ്ടായി. അതിനു അവര്‍ നല്‍കിയ മറുപടി ചരിത്രത്തില്‍ ഇന്നും സുവര്‍ണ്ണലിപികളാല്‍ ആലേഖിതമാണ്. അവര്‍ പറഞ്ഞു: 'ഓരോ കൊത്തിനും ഓരോ ദീനാര്‍ കൊടുക്കേണ്ടിവന്നാലും അതു നല്‍കുക'.
മൊത്തം പതിനേഴു ലക്ഷം മിത്ഖാല്‍ സ്വര്‍ണ്ണം അഥവാ ആറായിരം കിലോ സ്വര്‍ണ്ണം വേണ്ടിവന്നു പദ്ധതി പൂര്‍ത്തിയാക്കുവാന്‍. തൊഴിലാളികള്‍ക്കു വേണ്ടത് അപ്പപ്പോള്‍ നല്‍കുകയും കണക്കുകള്‍ അവസാനം നോക്കാം എന്നു പറയുകയും ചെയ്യുകയായിരുന്നു അവര്‍. മൊത്തം പണി പൂര്‍ത്തിയായതിനു ശേഷം കണക്കുകള്‍ ശരിപ്പെടുത്തുവാനും അവതരിപ്പിക്കുവാനും ബന്ധപ്പെട്ടവര്‍ വരുമ്പോള്‍ അവര്‍ ടൈഗ്രീസിന്റെ കരയില്‍ വിശ്രത്തിലായിരുന്നു. തന്റെ മുമ്പില്‍ കൊണ്ടുവന്നു വെച്ച കണക്കു പുസ്തകങ്ങള്‍ അവര്‍ നദിയിലേക്ക് എടുത്തെറിഞ്ഞിട്ടു പറഞ്ഞു: 'കണക്കുകളെയെല്ലാം നാം വിചാരണനാളിലേക്കു വെച്ചിരിക്കുന്നു. ആര്‍ക്കെങ്കിലും കിട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ അതു ഞാന്‍ തരാം. വല്ലവരും അധികം പററിയിട്ടുണ്ടെങ്കില്‍ അത് അവര്‍ക്കുള്ളതാണ്'. ആ മഹാദാനം നല്‍കിയ ചാരിഥാര്‍ഥ്യത്തില്‍ വിജ്രംബിച്ചു നില്‍ക്കുകയായിരുന്നു അവരുടെ മനസ്സ്.
തീര്‍ഥാടകരുടെ സേവനമെന്ന നിലക്ക് പിന്നീടുവന്ന ഓരോ ഭരണാധികാരിയും ഈ പദ്ധതി സംരക്ഷിച്ചുപോന്നു. കാലക്രമത്തില്‍ പക്ഷെ രണ്ടു പ്രശ്‌നങ്ങള്‍ ഈ പദ്ധതിയെ സാരമായി ബാധിച്ചു. ഒന്ന് മഴയുടെ ലഭ്യത കുറഞ്ഞു. മറെറാന്ന് കാലപ്പഴക്കത്തില്‍ കനാലിന് ചോര്‍ച്ചയും തകര്‍ച്ചയും ഉണ്ടായി. എങ്കിലും ചെറിയ അററകുററപ്പണികള്‍ നടത്തി അതാതു കാലത്തെ ഭരണാധികാരികള്‍ അതു നിലനിറുത്തുവാന്‍ ശ്രമിച്ചു. ഓട്ടോമന്‍ ഭരണാധികാരി സുലൈമാന്‍ ഖാനൂനീയുടെ കാലത്ത് പക്ഷെ കനാലില്‍ വെള്ളം നിലച്ചു. പിന്നെ അതു പുനസ്ഥാപിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കാര്യമായി വുജയിച്ചില്ല. 5 ലക്ഷം ഓട്ടോമന്‍ ലിറ ചെലവഴിച്ചുവെങ്കിലും അതു പൂര്‍വ്വസ്ഥിതി പ്രാപിച്ചില്ല. പിന്നെ കാര്യമായി അതു അതിന്റെ ഭാഗമായി നിര്‍മ്മിച്ച കിണറുകളില്‍ ഒതുങ്ങി. പരിപൂര്‍ണ്ണമായതല്ലെങ്കിലും സുബൈദാ റാണിയുടെ ഈ ദാനം നിശ്ചലമാകാതെ നിന്നതും ചരിത്രം അതില്‍ ആശ്വാസം കണ്ടതും ഈ കിണറുകള്‍ വഴിയായിരുന്നു. കിണറുകളെ ബന്ധിപ്പിക്കുവാന്‍ പിന്നീട് ചെറിയതരം തോടുകള്‍ ഉണ്ടാക്കി അതു വഴിയും കുറേ കാലം ഇത് പ്രവര്‍ത്തിച്ചു. അങ്ങനെയെല്ലാമായി ഏതാണ്ട് പന്ത്രണ്ട് നൂററാണ്ട് ഈ സേവനം നീണ്ടൂനിന്നു. സുബൈദാ റാണിയുടെ കൈകളുടെ ഐശ്വര്യത്തിന്റെ ഒരു സ്പര്‍ശം കൂടി അതില്‍ അനുഭവപ്പെടുന്നുണ്ട്.
ആധുനിക സൗദീ അറേബ്യയും ഈ മഹാദാനത്തെ പരിചരിച്ചുവന്നു. ആധുനിക സൗദിയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവ് പ്രത്യേക താല്‍പര്യമെടുത്ത് ഏെനു സുബൈദ നിലനിറുത്തുവാന്‍ ശ്രമിച്ചു. ശൈഖ് അബ്ദുല്ലാ ദഹ്‌ലവിയുടെ നേതൃത്വത്തില്‍ പ്രത്യേക വകുപ്പുണ്ടാക്കി. പക്ഷെ, കാലത്തിന്റെ ശക്തമായ മാററം ഇതിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കടല്‍വെള്ളം ശുദ്ധീകരിച്ച് ഉയോഗിക്കുവാനും മററു ജലസ്രോതസ്സുകള്‍ കണ്ടെത്തുവാനും കഴിഞ്ഞതുവഴി ഈ കനാല്‍ പദ്ധതി നിലനിറുത്തുന്നത് ലാഭകരമേ അല്ലാതായി. ജനസംഖ്യയിലുണ്ടായ വമ്പിച്ച മുന്നേററം പരിഹരിക്കുവാന്‍ മാത്രം പര്യാപ്തമല്ല ഇത്തരം പരമ്പരാഗത ജലസേചന സൗകര്യങ്ങള്‍ എന്നുവന്നു. അതോടെ ഈ പദ്ധതി നിലച്ചു. എങ്കിലും ഒരു ചരിത്രാധ്യായം എന്ന നിലക്ക് അതു നിലനിറുത്തിപ്പോരുവാന്‍ സൗദി ഭരണകൂടം ശ്രമിക്കുന്നുണ്ട്. സുബൈദാ റാണിയുടെ കൈപ്പുണ്യവും ദയാമനസ്ഥിതിയും കൂടിചേര്‍ന്ന ഈ പദ്ധതിയുടെ വന്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും മക്കയില്‍ കാണാം.
(തുടരും)
Leave A Comment