നന്മയുടെ റാണി (ഭാഗം നാല്)
വളയിട്ട കൈകളുടെ കരുത്ത്.
കിഴക്ക് ചൈന വരേയും പടിഞ്ഞാറ് സ്‌പൈന്‍ വരേയും നീണ്ടു കിടക്കുന്ന ഒരു വലിയ സാമ്രാജ്യമായിരുന്നു അമവികള്‍ അബ്ബാസികള്‍ക്ക് കൈമാറിയത്. ഒരിക്കല്‍ തന്റെ ആകാശത്തിലൂടെ കടന്നുപോകുന്ന മേഘത്തെ നോക്കി ഹാറൂന്‍ റഷീദ് തന്നെ പറയുന്നുണ്ട്: 'മേഘമേ, നീ എവിടെപ്പോയി പെയ്താലും എനിക്കു പരാതിയില്ല, കാരണം നിന്റെ തുള്ളികള്‍ വീഴുന്നത് എന്റെ മണ്ണിലായിരിക്കും'. അത്രയും വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായതോടെ ഹാറൂന്‍ റഷീദിന്റെ നാട് ഉണര്‍ന്നു. ക്ഷേമം കളിയാടി. മികച്ച ഭരണമായിരുന്നു ഹാറൂന്‍ റഷീദ് കാഴ്ചവെച്ചത്. ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ഇസ്‌ലാം രണ്ടു ശക്തികലൂടെ പിന്‍ബലം കാണുന്നുണ്ട്. രണ്ടു സ്ത്രീകളുടെ. ഒന്ന് ഹാറൂന്‍ റഷീദിന്റെ മാതാവ് ഖൈസുറാന്‍ റാണിയുടെയും മറെറാന്ന് ഭാര്യ സുബൈദാ റാണിയുടേയും. ഈ രണ്ടു കരങ്ങളായിരുന്നു അദ്ദേഹത്തിന്റെ പിന്‍ബലം. എല്ലാ കാര്യങ്ങളും അവരോട് ചോദിക്കുന്നതും അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചു മാത്രം നടപ്പിലാക്കുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഇവരില്‍ ഒരടി മുന്നില്‍ നിന്നിരുന്നത് സുബൈദാ റാണിതന്നെയായിരുന്നു.
അപാരമായ ബുദ്ധി വൈഭവവും ആഴമുള്ള അറിവും തെളിമയുള്ള മനസ്സും കൂടിചേര്‍ന്നതായിരുന്നു സുബൈദാ റാണി. ഭരണകാര്യങ്ങളിലാവട്ടെ, ജീവിതകാലം മുഴുവനും അവര്‍ ഭരണചക്രത്തിനു തൊട്ടുതന്നെയായിരുന്നുവല്ലോ. അവരുടെ പിതാവ് ജഅ്ഫര്‍ ബിന്‍ മന്‍സ്വൂര്‍ അബ്ബാസികളിലെ ഏററവും മഹാനായ ഭരണാധികാരിയായിരുന്നു. അവരുടെ സഹോദരന്‍മാര്‍ ഖലീഫമാരായിരുന്നു. അവര്‍ ഒരു ഖലീഫയുടെ ഭാര്യയായിരുന്നു. ഖലീഫാ ഹാറൂന്‍ റഷീദിന്റെ. അവര്‍ രണ്ടു ഖലീഫമാരുടെ മാതാവുമായിരുന്നു. ഖലീഫാ അമീനിന്റെ പെററുമ്മയും ഖലീഫാ മഅ്മൂനിന്റെ പോററുമ്മയും. അതുകൊണ്ട് രാഷ്ട്രീയം മുതല്‍ രാജ്യതന്ത്രം വരെ അവര്‍ക്കു മനപ്പാഠമായിരുന്നു. പിന്നെ അറിവിന്റെ കാര്യത്തിലാവട്ടെ, അബ്ബാസീ കൊട്ടാരങ്ങളില്‍ അവര്‍ക്കു ആ കാലത്തിന്റെ എല്ലാ അറിവുകളും ലഭിച്ചിരുന്നു. ഇങ്ങനെ സുബൈദാ റാണി അനുഭവത്തിലും അറിവിലും ആ കാലത്തിന്റെ മുന്നില്‍ നിന്ന സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ ഓരോ കാര്യങ്ങളിലും ഹാറൂന്‍ റഷീദ് ഭാര്യയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നു. സുബൈദയുടെ അഭിപ്രായം പരിഗണിച്ച് താന്‍ കൈക്കൊണ്ട പല തീരുമാനങ്ങളൂം അദ്ദേഹം പുനപ്പരിശോധിക്കുക വരെ ചെയ്തിട്ടുണ്ട്.
സാഹിത്യവും അറിവും അവരുടെ ഏററവും വലിയ വികാരങ്ങളായിരുന്നു. അല്ലെങ്കിലും സാഹിത്യം അബ്ബാസീ യുഗത്തിന്റെ ഏററവും വലിയ ചാരുതയായിരുന്നുവല്ലോ. ധാരാളം സാഹിത്യ സദസ്സുകള്‍ രാജ്യത്തുടനീളം സദാ നടക്കുമായിരുന്നു. കൊട്ടാരങ്ങളാവട്ടെ അവയുടെ രംഗവേദികളുമായിരുന്നു. ആ കാലത്തെ സാധാരണ ജനങ്ങളില്‍ നിന്നും വളരെ ഉന്നതമായ ഭാഷാവ്യുല്‍പ്പത്തി കൊണ്ടനുഗ്രഹീതയായിരുന്നു സുബൈദാ റാണി. ഒരിക്കല്‍ അവര്‍ക്ക് ഒരു ഉദ്യോഗസ്ഥ പ്രമുഖന്‍ ഒരു കത്തെഴുതുകയുണ്ടായി. അതില്‍ അയാള്‍ ആശംസാ ഭാവത്തില്‍ 'അവിടുത്തെ ഔതാര്യം എന്നെന്നും നിലനില്‍ക്കുമാറാവട്ടെ (അദാമല്ലാഹു കറാമത്തക്കി)' എന്ന് ആശംസിച്ചിരുന്നു. അതുവായിച്ചതും അതേ കത്തിന്റെ പുറത്ത് അവര്‍ ഇങ്ങനെ എഴുതി: 'നിങ്ങള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം, അല്ലെങ്കില്‍ നാം നിങ്ങളെ പിരിച്ചുവിടും'. റാണിയുടെ ഗുരുതരമായ താക്കീത് കണ്ടു ഞെട്ടിയ ആ ഉദ്യോഗസ്ഥന്‍ കാര്യമെന്തെന്നറിയാതെ വിഷമിച്ചു. പല സാഹിത്യകാരെയും സമീപിച്ച് റാണിയെ പ്രകോപിപ്പിച്ച പ്രയോഗം ഏതാണ് എന്ന് അന്വേഷിച്ചു. ഒരുപാട് അന്വേഷിച്ചതിനു ശേഷമാണ് കാര്യം മനസ്സിലായത്. അറബിയില്‍ 'അദാമല്ലാഹു കറാമത്തക്കി' എന്ന പ്രയോഗത്തിന് മരണശേഷമുള്ള ഒന്നത്യം നീണാള്‍വാഴട്ടെ എന്നാണ് അര്‍ഥമെന്ന്. പൊതുവെ സാധാരണ സാഹിത്യകാര്‍ക്കുപോലും അറിയാത്ത പ്രയോഗങ്ങളും മററും അറിയാവുന്ന ഒരു സാഹിത്യകാരിയായിരുന്നു അവര്‍ എന്ന് ഇതു തെളിയിക്കുന്നു.
അക്കാലം കണ്ട ഏററവും വലിയ പണ്‍ഡിതരെയും സാഹിത്യ പടുക്കളെയും കൊട്ടാരത്തില്‍ ഇടക്കിടക്ക് അവര്‍ വിളിച്ചുകൂട്ടുമായിരുന്നു. അവരുമായി വലിയ വലിയ അക്കാദമിക ചര്‍ച്ചകളില്‍ ഏര്‍പ്പടുവാന്‍ അവര്‍ സമയം കണ്ടെത്തുമായിരുന്നു. ജാഹിള്, അബുല്‍ അതാഹിയ്യ, അബൂ നവാസ്, ഹുസൈന്‍ ബിന്‍ ളഹ്ഹാക് തുടങ്ങിയ സാഹിത്യകാരന്‍മാര്‍ അവരുടെ സ്ഥിരം ക്ഷണിതാക്കളായിരുന്നു. മതപണ്‍ഡിതരായിരുന്ന ഇമാം അബൂ ഹനീഫ(റ), ഔസാഈ(റ), മാലിക് ബിന്‍ അനസ്(റ) തുടങ്ങിയവര്‍ അവരുടെ സ്ഥിരം ക്ഷണിതാക്കളായിരുന്നു. അവരുമായുള്ള കൂടിക്കാഴ്ചകളിലൂടെ അവര്‍ തന്റെ മതപരമായ അറിവിനെയും തഖ്‌വയെയും ഊതിക്കാച്ചിയെടുത്തു. ഖലീല്‍ ബിന്‍ അഹ്മദ്, അഖ്ഫഷ്, സീബവൈഹി തുടങ്ങിയ ഭാഷാ പണ്‍ഡിതന്‍മാരെയും അവര്‍ പലപ്പോഴും വിളിച്ചുവരുത്തി. അങ്ങനെ മതവും സാഹത്യവും ഭാഷയും എല്ലാം ചേര്‍ന്ന ഒരു ജീവിതമായിരുന്നു അവരുടേത്. ആണായിരുന്നുവെങ്കില്‍ അബ്ബാസികളില്‍ സ്വന്തം പിതാവിനെയും ഭര്‍ത്താവിനേയും കവച്ചുവെക്കുമായിരുന്നേനെ അവര്‍ എന്ന് ചരിത്രത്തില്‍ ഒരു സംസാരം തന്നെയുണ്ട്. ആയിരത്തൊന്ന് അറേബ്യന്‍ രാവുകള്‍ എന്ന വിഖ്യാത സൃഷ്ടി ജനിച്ച കാലം ഇതു തന്നെയായിരുന്നു. ഈ സാഹിത്യ സൃഷ്ടിയുടെ പിറവിക്കു പിന്നിലുമുണ്ട് അമത്തുല്‍ അസീസ് എന്നു വിളിക്കപ്പെടുന്ന ഈ റാണിയുടെ കൈകള്‍. ഇതില്‍ പറയുന്ന കഥകളിലെ രാജാവും രാജകുമാരിയും സുബൈദ-ഹാറൂന്‍ ദമ്പതിമാരാണ് എന്നു വരെ ഈ സംസാരം എത്തിനില്‍ക്കുന്നുണ്ട്.
തന്റെ പഠനങ്ങള്‍ക്കുപരി അവര്‍ ഈ സാഹിത്യ സാംസ്‌കാരിക സംഗമങ്ങളെ ഉപയോഗപ്പെടുത്തിയത് പൊതുജനങ്ങളുടെ അറിവുകളെ വളര്‍ത്തുവാന്‍ വേണ്ടി കൂടിയായിരുന്നു. മററു ഭാഷകളില്‍ നിന്നും അറബിയിലേക്ക് വിഖ്യാത കൃതികള്‍ മൊഴിമാററം ചെയ്യുവാനും വലിയ ഗ്രന്ഥങ്ങള്‍ കൊട്ടാരത്തിലെ കുതുബു ഖാനയില്‍ എത്തിക്കുവാനും അവയെല്ലാം കാര്യക്ഷമമായി നോക്കിനടത്തുവാനും വലിയ സംഖ്യ തന്നെ സുബൈദാ റാണി ചെലവഴിച്ചിരുന്നു.
ബുദ്ധിയിലും അറിവിലും ഭംഗിയിലുമെല്ലാം ആ കാലത്തെ മികച്ച സ്ത്രീയായിരുന്നു സുബൈദ. പക്ഷെ, ജീവിതത്തിന്റെ എല്ലാ തരം നിറവും മണവും അവരുടെ കയ്യെത്താവുന്ന ദൂരത്തുണ്ടായിരുന്നുവെങ്കിലും അവരുടെ മതപരമായ അസ്തിത്വം അവര്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തിരുന്നു. ഖുര്‍ആനായിരുന്നു അവരുടെ ഏററവും വലിയ വികാരം. നൂറിലധികം ദാസിമാര്‍ അവര്‍ക്കുണ്ടായിരുന്നുവെന്നും അവരൊക്കെയും ഖുര്‍ആന്‍ മനപ്പാഠമാക്കിയവരായിരുന്നുവെന്നും ചരിത്രം പറയുന്നുണ്ട്. ഖുര്‍ആന്‍ പാരായണത്തില്‍ ഈണത്തില്‍ ഒരു തേനീച്ചക്കൂടിന്റെ സമീപത്തുണ്ടാകുന്ന മൂളക്കം അവരുടെ അന്തപ്പുരത്തില്‍ സദാ ഉയര്‍ന്നുനിന്നിരുന്നു. ഖുര്‍ആനുമായുള്ള ഈ ബന്ധമാണ് അവരെ മതപരമായ പച്ചപ്പില്‍ പിടിച്ചുനിറുത്തിയത്. അച്ചടക്കവും വിനയവും ഔതാര്യതയുമെല്ലാം ഈ വഴിക്കാണ് അവരുടെ ജീവിതത്തിലേക്കു വന്നുകയറിയത്.
(തുടരും)
Leave A Comment