നന്മയുടെ റാണി (ഭാഗം 12)
കലാപക്കൊടി
രാജ്യത്ത് ചര്‍ച്ചകള്‍ ചൂടുപിടിച്ചു. ബര്‍മകുകള്‍ വ്യക്തമായും ഇടഞ്ഞു. രാജ്യഭരണത്തെത്തന്നെ അതു സാരമായി ബാധിച്ചു. ഇതു സുബൈദാ റാണി കണ്ടു. കാര്യങ്ങളുടെ അപകടം ബുദ്ധിമതിയായ അവര്‍ മുന്നില്‍ കണ്ടു. ബര്‍മകുകളാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്. അവര്‍ വലിയ വാശിക്കാരാണ്. രാജ്യത്തിന്റെ പ്രധാന സ്ഥാനങ്ങളെല്ലാം കയ്യാളൂന്നത് അവരാണ്. അവര്‍ക്ക് തന്റെ സ്വന്തം മകന്‍ അമീനിനെ കണ്ടുകൂടാ. ഇങ്ങനെ പോയാല്‍ അവനെ അവര്‍ ഭരിക്കുവാന്‍ അനുവദിക്കില്ല. അവനെ അവര്‍ എന്തു വില കൊടുത്തും നശിപ്പിച്ചേക്കും. അതിനാല്‍ ഇപ്പോള്‍ തന്നെ ഇതിനൊരു പരിഹാരം കാണണം. അവര്‍ മനസ്സില്‍ കണ്ടു. അവര്‍ ഭര്‍ത്താവിനെ കണ്ട് സംഗതികളുടെ പോക്ക് തര്യപ്പെടുത്തി. മാത്രമല്ല, ബര്‍മകുകള്‍ ഒരു അട്ടിമറി തന്നെ നടത്തുവാനുള്ള സാധ്യത അവര്‍ പറഞ്ഞു. ഖലീഫയെ തന്നെ വധിക്കുവാന്‍ അവര്‍ക്കു പദ്ധതിയുണ്ട് എന്നവര്‍ അറിയിച്ചു. അതിനവര്‍ ചില തെളിവുകള്‍ നിരത്തുകയും ചെയ്തു. ആ തെളിവുകളെ കുറിച്ച് ഹാറൂന്‍ റഷീദ് ആലോചിക്കുകയുണ്ടായി.സുബൈദ പറയുന്നതില്‍ കഴമ്പുണ്ട് എന്നു കരുതുവാന്‍ ചില ന്യായങ്ങള്‍ അദ്ദേഹം കണ്ടു. അതോടെ അദ്ദേഹത്തിന്റെ ഉള്ള് വിറക്കുവാന്‍ തുടങ്ങി.
തങ്ങള്‍ക്കെതിരെ ഒരു നീക്കം ഏതു സമയവും ഉണ്ടായേക്കാം എന്ന ഭീതിയിലായിരുന്നു ബര്‍മകുകളും. അതോടെ അവര്‍ രഹസ്യമായി രാജ്യത്തിന്റെ പല ഭാഗത്തും വലിയ കോട്ടകളും കൊട്ടാരങ്ങളും സ്വന്തമാക്കുവാന്‍ തുടങ്ങി. അല്ലെങ്കിലും ഖലീഫയേക്കാള്‍ മികച്ച ജീവിതസൗകര്യങ്ങളില്‍ ജീവിക്കുന്നവരായിരുന്നു അവര്‍. ഹാറൂന്‍ റഷീദ് എല്ലാ നീക്കങ്ങളും സാകൂതം വിലയിരുത്തി. ഇതിനിടയില്‍ ഹാറൂന്‍ റഷീദ് കണ്ടുപിടിച്ച ഒരു രഹസ്യമായിരുന്നു ബര്‍മകുകളും ത്വാലിബീങ്ങളും (ശിയാക്കളും) തമ്മില്‍ എന്തോ രഹസ്യബന്ധം വളരുന്നുണ്ട് എന്നത്. അത് അതീവ ഗുരുതരമായിരുന്നു. കാരണം അബ്ബാസീ ഖിലാഫത്തിന്റെ ഏററവും വലിയ ശത്രുക്കള്‍ ത്വാലിബീങ്ങള്‍ എന്ന ശിയാക്കളായിരുന്നു. അബ്ബാസികളുടെ അസ്തിത്വത്തെ തന്നെ അംഗീകരിക്കാത്തവരായിരുന്നു അവര്‍.അതിനാല്‍ തന്നെ ഹാറൂന്‍ റഷീദിന്റെ ജയിലുകള്‍ നിറയെ അവരായിരുന്നു.
ഈ ബന്ധം ഒരു നാള്‍ മറനീക്കി പുറത്തുവന്നു. അത് യഹ്‌യാ ബിന്‍ അബ്ദുല്ലാ എന്ന ശിയാ നേതാവിനെ ജഅ്ഫര്‍ ബര്‍മകി ജയിലില്‍ നിന്ന് തുറന്നുവിട്ടതിലൂടെയായിരുന്നു. ഈ രാഷ്ട്രീയ തടവുകാരനെ തുറന്നുവിട്ടു എന്നു മാത്രമല്ല, അയാള്‍ക്കു രായ്ക്കുരാമാനം രാജ്യം വിടുവാനുള്ള പണവും സൗകര്യവും ചെയ്തുകൊടുത്ത ജഅ്ഫര്‍ ജയിലുകളുടെ അധികാരം പേറുന്ന മന്ത്രിയും ഖലീഫയുടെ വലംകയ്യുമായിരുന്നു. ഇത്തരമൊരാള്‍ ഇങ്ങനെ ചെയ്തത് വലിയ കൊടും ചതിയും പാതകവുമായിട്ടാണ് ഹാറുന്‍ റഷീദ് കണ്ടത്.
മറെറാരു സുപ്രധാന സംഭവം കൂടി ഈ പ്രശ്‌നത്തെ ഊതിക്കത്തിച്ചു. അത് ഇതേ ജഅ്ഫര്‍ ബര്‍മകിയും ഖലീഫയുടെ സഹോദരി അബ്ബാസയും തമ്മിലുണ്ടായിരുന്ന പ്രണയമായിരുന്നു. അവരുടെ പ്രണയം മറനീക്കി പുറത്തുവന്നു. അതിനോട് യോചിക്കുവാന്‍ ഹാറൂന്‍ റഷീദിന് കഴിയുമായിരുന്നില്ല. അതിസുന്ദരിയും ബുദ്ധിമതിയും കവയത്രിയുമായിരുന്ന അബ്ബാസക്ക് ജഅ്ഫര്‍ അനുയോജ്യനല്ല എന്നു ഹാറൂന്‍ റഷീദ് ഉറച്ചുവിശ്വസിച്ചു. പക്ഷെ, അവര്‍ തമ്മിലുള്ള ഹൃദയബന്ധം കാരണം അവരെ രണ്ടുപേരെയും ഒഴിവാക്കുവാന്‍ കഴിയാതെ ഖലീഫ കുഴങ്ങി. അവസാനം അവര്‍ക്കു പരസ്പരം കാണുവാന്‍ മാത്രം അവകാശമുള്ള ഒരു ബന്ധം അവര്‍ തമ്മില്‍ അനുവദിച്ചു.
ഈ ബന്ധത്തിന്റെ സാധുത പണ്‍ഡിതരുടെയും ചരിത്രകാരന്‍മാരുടെയും സംശയത്തിന്റെ നിഴലിലാണ്. കാരണം ഹാറൂന്‍ തന്റെ സഹോദരിയെ ജഅ്ഫറിന് വിവാഹം ചെയ്തുകൊടുത്തിട്ടുണ്ട് എങ്കില്‍ അതു പരസ്യവും സമ്പൂര്‍ണ്ണവുമായിരിക്കേണ്ടതാണ്. വെറുതെ കാണല്‍ അനുവദനീയമാക്കുവാന്‍ വേണ്ടി മാത്രമുള്ള ഒരു വിവാഹം ഇസ്‌ലാമിക ശരീഅത്തിലില്ല. ഏതായാലും അവര്‍ പരസ്പരം കാണുന്നതിന് ഖലീഫയുടെ ഒരതരത്തിലുള്ള അനുവാദമുണ്ടായിരുന്നു എന്നു മാത്രമാണ് ഇതില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയുന്നത്. മതപരമായ അതിന്റെ സാംഗത്യത്തിലേക്കു കടക്കുവാന്‍ പ്രയാസമുണ്ട്. എങ്കിലും മഹാഭൂരിപക്ഷം ചരിത്രകാരന്‍മാരും ഇങ്ങനെ ഒരു വിവാഹം നടന്നു എന്ന ധ്വനിയിലാണ് സംസാരിക്കുന്നത്.
അതു പക്ഷെ അതിലൊന്നും ഒതുങ്ങിനിന്നില്ല. അവരുടെ ബന്ധം വളര്‍ന്നു എന്നു മാത്രമല്ല അബ്ബാസ ജഅ്ഫറില്‍ നിന്നും ഗര്‍ഭിണി വരെയായി എന്നു ചില ചരിത്രങ്ങള്‍ പറയുന്നു. മഅ്മൂന്‍ വിഷയത്തോടൊപ്പം ഇതു കൂടി ചേര്‍ന്നപ്പോള്‍ ഹാറൂന്‍ റഷീദിന്റെ മനസ്സില്‍ ശക്തമായ പ്രതികാര ദാഹമുണ്ടായി. എന്നാല്‍ ബുദ്ധിപൂര്‍വ്വകമല്ലാത്ത ഒരു നീക്കം നടത്തിയാല്‍ അതു വിപരീതഫലം ചെയ്യുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതോടൊപ്പം തന്നെ മറെറാരു വാര്‍ത്ത കൂടി നാട്ടില്‍ പരന്നുപരന്ന് ഖലീഫയുടെ ചെവിയിലെത്തി. ബര്‍മകുകള്‍ ശരിക്കും മുസ്‌ലിംകള്‍ തന്നെയാണോ എന്ന സംശയമായിരുന്നു അത്. ഗൂഢമായ ഒരു തന്ത്രത്തിന്റെ ഭാഗമായാണ് അവര്‍ മുസ്‌ലിംകളായത് എന്നും എന്നാല്‍ അവരുടെ മനസ്സ് ഇപ്പോഴും ബുദ്ധമതത്തോടൊപ്പം തന്നെയാണ് എന്നുമായിരുന്നു പ്രചരിച്ചത്.
Also Read:നന്മയുടെ റാണി (ഭാഗം പതിനൊന്ന്)
ഇതേ സമയം ബര്‍മകുകള്‍ പൊതു മുതല്‍ ഉപയോഗപ്പെടുത്തി വലിയ കോട്ടകളും കൊട്ടാരങ്ങളും സ്വന്തമാക്കുന്നതും ഖലീഫയെ ചൊടിപ്പിച്ചു. ഇതെല്ലാം കൂട്ടിക്കെട്ടി സുബൈദാ റാണി ഭര്‍ത്താവിന്റെ മനസ്സില്‍ ബര്‍മകുകളോടുള്ള വിരോധത്തിന്റെ തീ കത്തിച്ചു. അതു കരുതിയതുപോലെ കത്തുകയും ചെയ്തു. ഹിജ്‌റ 187 സ്വഫര്‍ മാസത്തില്‍ ഒരുനാള്‍ ബര്‍മകുകളെ മുഴുവനും പിടികൂടുവാന്‍ ഖലീഫ ഉത്തരവിട്ടു. അതിശക്തമായിരുന്നു ഖലീഫയുടെ നീക്കം. ബര്‍മകുകളില്‍ ഒരാളെ പോലും വെറുതെവിട്ടില്ല. അവരുടെ കൂട്ടത്തില്‍ പ്രമുഖ മന്ത്രിയും സ്വന്തം സഹചാരിയുമായിരുന്ന ജഅ്ഫര്‍ വരെയുണ്ടായിരുന്നു. ബര്‍മകുകള്‍ക്ക് അഭയം നല്‍കുന്നത് രാജ്യദ്രോഹ കുററമായി ഖലീഫ പ്രഖ്യാപിച്ചു. നാട്ടിലാകെ ഭീതി കളിയാടി. ബര്‍മകുകളെ സഹായിക്കുന്നവരെയും അവര്‍ക്കു അഭയം നല്‍കുന്നവരെയും ബര്‍മകുകളെ പോലെ ശിക്ഷിച്ചു. വെറും രണ്ടു നാളുകള്‍ കൊണ്ട് എല്ലാവരെയും പിടികൂടുകയും ചരിത്രത്തെ ഞെട്ടിച്ചുകൊണ്ട് ഒന്നടങ്കം കൊന്നുകളയുകയും ചെയ്തു. ചരിത്രം വിറങ്ങലിച്ചുനിന്നുപോയ അത്യപൂര്‍വ്വം സംഭവങ്ങളിലൊന്നായിരുന്നു ഇത്. ബര്‍മകുകള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും കനത്ത താക്കീതും സൂചനയുമെന്നോണം ജഅ്ഫറിന്റെ ഭൗതിക ശരീരം ബഗ്ദാദിലെ പാലത്തില്‍ പരസ്യമായി കെട്ടിത്തൂക്കുകയും ചെയ്തു.
(തുടരും)
Leave A Comment