സിറിയൻ അധിനിവേശത്തിന്റെ പിന്നാമ്പുറം

യുദ്ധം അതാരുടെ ഭാഗത്തുനിന്നായാലും മാനുഷികതക്കും ജൈവികതക്കും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ ഇന്ന് ഒട്ടുമിക്ക രാഷ്ട്രീയ സംഘട്ടനങ്ങളും ഭൂരാഷ്‌ട്രതന്ത്രമൊ അവ പയറ്റുന്ന വെറും മേശപ്പന്തയമൊ ഒക്കെയാണ്. അതിൽ കരുക്കളാകുന്നത് പാവം സാധാരണക്കാരും. തുർക്കിയുടെ സിറിയൻ അധിനിവേശത്തിനു തൽകാലം അറുതിവന്നിരിക്കുന്നു. ആദ്യം അമേരിക്കയുമായും പിന്നീട് റഷ്യയുമായും ഉണ്ടാക്കിയ സംയുക്തകരാർ തുർക്കി അംഗീകരിക്കുയുണ്ടായി. എന്നാൽ സൈനികനീക്കം ആരംഭിച്ചത്‌ മുതൽ മുമ്പ് ഫലസ്തീനികളെ ഇസ്രായേൽ വെടിച്ചിടുന്നതും പണ്ട്‌ ഇറാഖിലും സിറിയയിലും അമേരിക്കയും ഐസിസുമൊക്കെ നടത്തിയ കിരാത ആക്രമണത്തിന്റെയും വ്യാജചിത്രങ്ങളും വാർത്തകളും കുർദ്ദുകളുടേതെന്ന് പറഞ്ഞ്‌ പ്രചരിപ്പിക്കപ്പെട്ടു. തുർക്കിക്കും ഉർദ്ദുഗാ നുമെതിരെ വാർത്തകൾ മെനയാൻ ജൂതലോബി ഏർപ്പെടുത്തിയ രണ്ടു ഡസനോളം പിആർ കമ്പനികളെ കുറിച്ചും അവ പടച്ചുവിടുന്ന വ്യാജവാർത്തകളെ കുറിച്ചും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവരായിരുന്നു എറ്റവും കൂടുതൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നത്.

          തനി നാടകം 

ലോകരാഷ്ട്രീയം ചിലപ്പോഴൊക്കെയും മാഫിയകളുടെ മേശപ്പന്താട്ടം പോലെയാണ്. ഇന്ന് പറഞ്ഞതും നാളെ പറയുന്നതിനുമിടയിൽ കോടികൾ മറിയുന്നതിനനുസരിച്ച് അഭിപ്രായങ്ങളും ഇളകിമറിയും. രാഷ്ട്രീയത്തിൽ ദിനേനയെന്നോണം പുതിയ നാടകങ്ങൾ അരങ്ങേറുന്നത് ഇന്നൊരു നിത്യകാഴച്ചയാണ്. അമേരിക്കയും ഇറാനും റഷ്യയും മറ്റു യൂറോപ്യൻ രാജ്യങ്ങളും പുതിയ നാടകത്തിൽ അവരവരുടെ പങ്ക് ഭംഗിയായി നിർവഹിക്കുകയും ചെയ്യുന്നു. തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ലോകമാധ്യമങ്ങളുടെ ഒത്താശയോടെയാണ് പലരും ലക്ഷ്യം നേടുന്നതെങ്കിൽ ചില ലോകനേതാക്കൾ തങ്ങളെ വീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ജനസഞ്ചയത്തെ കൂടെ നിർത്തുന്നതും കബളിപ്പിക്കുന്നതും  സാമൂഹ്യമാധ്യമങ്ങൾ വഴിയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. കഴിഞ്ഞ ഒരാഴ്ച്ചയിൽ കുർദ്ദുകളോടൂം തുർക്കിയോടുമുള്ള നിലപാട് അറിയിച്ച അദ്ദേഹത്തിന്റെ ട്വീറ്റ് മാത്രം പരിശോധിച്ചാലിത് വ്യക്തമാവുന്നതാണ്.

            ആരാണ് കുർദുകൾ

 കുർദ്ദിഷ് പ്രശ്നത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വന്തമായി ഭാഷയും സംസ്കാരവും പൈതൃകങ്ങളും ഉള്ള ഒരു സമൂഹമാണ് കുർദ്ദുകൾ. ഇറാഖ്, സിറിയ, ഇറാൻ, തുർക്കി, എന്നിവിടങ്ങളിലെ മതന്യൂനപക്ഷമായിട്ടാണ് കുർദ്ദുകൾ ജീവിക്കുന്നത്. എന്നാൽ ചരിത്രപരമായി അടിച്ചമർത്തുകയെന്ന നയമാണ് ഈ നാലു രാജ്യങ്ങളുടെ ഭരണകൂടങ്ങളും കാലങ്ങളായി കുർദ്ദുകളോട് സ്വീകരിച്ചു വന്നിട്ടുള്ളത്. നാലു രാജ്യങ്ങളിൽ ഒരുഭാഗത്ത് കുർദ്ദികള്‍ക്ക് സ്വാതന്ത്യം ലഭിക്കുന്നത് മറുരാജ്യത്തുള്ള കുർദ്ദികളുടെ ഉയർച്ചക്കും പിന്നീട് സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കും ഇടയാകുമെന്നതിനാൽ ഓരോ രാജ്യങ്ങളും കുർദ്ദിഷ് പ്രശ്നത്തെ അതീവ ഗൗരവത്തോടേയാണ് കൈകാര്യം ചെയ്യുന്നത്.  സിറിയയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമാണ് കുര്‍ദ്ദുകള്‍. രാജ്യത്തിന്റെ മൊത്ത ജനസംഖയുടെ 12 ശതമാനത്തോളം വരുന്ന കുര്‍ദ്ദുകള്‍ തെക്കന്‍ കുര്‍ദ്ദിസ്ഥാനിലെ ഹസാക്ക, അല്‍ കാമിഷി, ഐനുല്‍ അറബ് എന്നറിയപ്പെടുന്ന കൊബാനി എന്നീ പ്രദേശങ്ങളിലാണ്  അധിവസിക്കുന്നത്. തുര്‍ക്കിയുടെ അതിര്‍ത്തിയിലുള്ള അഫ്രിന്‍ ആണ്  കുർദ്ദുകളുടെ മറ്റൊരു പ്രധാന കേന്ദ്രം. തെക്കന്‍ ഇറാഖിലെ കുര്‍ദിസ്ഥാന്‍ പോലെ സിറിയയിലെ പടിഞ്ഞാറന്‍ കുര്‍ദിസ്ഥാന്‍ അഥവാ റോജാവ 2013 മുതല്‍ സ്വയം ഭരണാവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രദേശമാണ്. ഐസിസിനെതിരെയുള്ള യുദ്ധത്തിൽ മേഖലയിൽ ഏറ്റവും ശക്തമായി പോരാടിയതിന് കുര്‍ദ്ദിഷ് സേനയായ ‘പെഷമര്‍ഗ്ഗ’യെ ലോക മാധ്യമങ്ങളൊന്നടങ്കം പുകഴ്ത്തിയിരുന്നു. അസദ്‌ ഭരണകൂടവും പടിഞ്ഞാറൻ ശക്തികളൂം ഐസിസിനെ തുടച്ചുനീക്കുന്നത് വരെയും കുർദ്ദിഷ് സേനയെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ശക്തമായ പോരാട്ടങ്ങളിലൂടെയും  നിരന്തരമായ ചെറുത്തുനില്‍പ്പിലൂടെയും ഇറാഖി കുർദിസ്താനിനു കീഴിലുള്ള ‘പെഷമര്‍ഗ്ഗ’യാണു അതിര്‍ത്തി പ്രദേശമായ കൊബാനിയുൾപെടെ പല പ്രദേശങ്ങളും ഐസിസിൽ നിന്നും മോചിപ്പിച്ചത്. സിറിയയിലെ കുര്‍ദ്ദിഷ്  പാര്‍ട്ടിയും മേഖലയിലെ ശക്തമായ സാനിധ്യവുമായ പീപ്പിള്‍സ്‌ പ്രൊട്ടക്ഷന്‍ പാര്‍ട്ടി (വൈ.പി.ജി)യാണ് ഇതിനു നേതൃത്വം നല്‍കിയിരുന്നത്. ഭരണകൂടത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം നിന്ന് പൊരുതുന്ന വൈ.പി.ജി ക്ക് അന്നു അമേരിക്കന്‍ സഹായം ലഭിച്ചിരുന്നുവെന്ന് മേഖലയില്‍ സുവിതിതമാണ്. അതേ അമേരിക്ക ഇന്ന് ചോദിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിൽ കുർദ്ദുകൾ എന്ത് കൊണ്ട് തങ്ങളെ സഹായിച്ചില്ലെന്നും!! തുർക്കിയിലെ കുർദ്ദുകൾ എന്താണ്ട് 80 മില്യണ്‍ ജനങ്ങൾ വസിക്കുന്ന തുർക്കിയിൽ അതിന്റെ 18%  (30 ലക്ഷം)ത്തോളമുണ്ട്  . 

          പോരാട്ടങ്ങളുടെ തുടക്കം

തുർക്കിയിലെ മതന്യൂനപക്ഷമായ കുർദ്ദുകളുടെ ഭരണകൂടത്തോടുള്ള പോരാട്ടങ്ങൾക്ക് മുപ്പൊത്തൊമ്പത് വർഷങ്ങളുടെ പ്രായമുണ്ട്. 1980 ലാണ് പി.കെ.കെ (The Kurdistan Workers Party) എന്ന സംഘടന 30 കുർദ്ദുകളെ മൃഗീയമായി വകവരുത്തി കൊലപാതക പരമ്പരകൾക്ക് തുടക്കമിട്ടത്. ലാറ്റിൻ അമേരിക്കയിലെ ഉത്പതിഷ്ണുക്കളായ  ഇടത് വിപ്ലവപ്പാർട്ടികളുടെ സ്വാധീനമുൾകൊണ്ട് രൂപീകരിക്കപ്പെട്ട പി.കെ.കെയുടെ സൈദ്ധാന്തിക അടിത്തറ ‘കലാപത്തിലൂടെ ശക്തി’ എന്നായിരുന്നു. ഏതാണ്ട് നാൽപ്പതിനായിരം ആളുകളെ കൊലക്ക് കൊടുത്ത പോരാട്ടങ്ങള്‍ക്ക്‌ 2013-ലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അന്നു ജയില്‍ തടവുകാരനായിരുന്ന കുര്‍ദ്ദിഷ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ്‌ അബ്ദുള്ള ഒച്ച്ലാനുമായുള്ള ചര്ച്ചയിലൂടെയാണ് തുർക്കി ഗവണ്മെന്‍റ് കുർദ്ദികളുമായുള്ള  സന്ധി സംഭാഷങ്ങളുടെ വാതിൽ തുറന്നത്. എന്നാൽ ഏതാനും വര്‍ഷത്തെ  ഇടവേളയ്ക്കു ശേഷം ചോര മണക്കുന്ന പുകപടലങ്ങള്‍ വീണ്ടുമുയർന്നു.  തുര്‍ക്കിയിലെ ഭരണകൂടത്തിനു എന്നും തലവേദന സൃഷ്ടിക്കുന്ന കുര്‍ദ്ദിഷ് തീവ്രവാദികളായ പി.കെ.കെ എന്നും  കലാപത്തിലൂടെയായിരുന്നു അവരുടെ വിപ്ലവ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്നത്. തുർക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പല രീതിയിൽ നിരന്തരം ഇവരുമായി ചർച്ചകൾ നടത്തിയെങ്കിലും പി.കെ.കെ അവരുടെ തീവ്രവാദ ലൈൻ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ തുർക്കിയിലെ പ്രശ്നങ്ങൾക്ക് യാതൊരു അറുതിയുമുണ്ടായില്ല എന്നല്ല, അനുദിനം രാജ്യത്തിനും കുർദ്ദുവംശജർക്കുതന്നെയും അവർ ഭീഷണീയാകുകയുമായിരുന്നു. സിറിയയിൽ തുർക്കിയുടെ അധിനിവേശം ഐസിസിനാൽ ഛിന്നഭിന്നമാവുകയും ആഭ്യന്തരകലഹങ്ങളാലും അന്താരാഷ്ട്ര ഇടപെടലുകളാലും  പാപ്പരാവുകയും ചെയ്ത സിറീയൻ ഗ്രാമങ്ങളിൽ തുർക്കി സൈനിക മുന്നേറ്റം നടത്തുന്നതെന്തിനാണ്? അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്ന നിറം പിടിപ്പിച്ച കഥകൾ വായിക്കുമ്പോൾ ഏതൊരാളും ചോദിച്ച് പോകും. സിറിയയിൽ തുർക്കിക്ക് എന്ത് കാര്യമെന്ന ചോദ്യം സ്വഭാവികവുമാണ്. സിറിയയിൽ നിന്ന് ഐസിസ് തീവ്രവാദികൾ നീങ്ങിയിട്ടും രാജ്യത്തെ പുന:സ്ഥാപിക്കാനൊ രാജ്യനിവാസികളെ തിരിച്ച് വിളിക്കാനൊ യാതൊരു നടപടികളും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല, 

              സേഫ് സോൺ

തുർക്കിയിലെ കുർദ് തീവ്രവാദികളായ പികെകെയും സിറിയയിലെ കുർദിശ് ഗ്രൂപ്പായ വൈപിജിയും സിറിയക്കും തുർക്കിക്കും നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തുർക്കിയുടെ തെക്കൻ അതിർത്തിയിൽ നിന്നും ഏതാണ്ട്  30 കി.മി വീതിയിൽ 400 ഓളം കി.മി ചുറ്റളവിൽ ഒരു മേഖലയെ ‘സൈഫ് സോൺ‘ ആക്കിയെടുക്കാൻ തുർക്കി മുന്നിട്ടിറങ്ങിയിരിക്കുന്നത്. രണ്ട് ലക്ഷ്യങ്ങളാണു തുർക്കി ഇതിൽ കാണുന്നത്. മുഴുവൻ തീവ്രവാദികളിൽ നിന്നും വടക്കൻ സിറിയയിലെ ഈ പ്രദേശത്തെ മോചിപ്പിച്ച് നാലുമില്യനോളം വരുന്ന സിറിയൻ അഭയാർത്ഥികളെ ഈ സുരക്ഷിത മേഖലയിലേക്ക് തിരിച്ച് കൊണ്ടുവരാലാ‍ണ് ഒന്നാമത്തേത്. അതിർത്തിയിലെ തീവ്രവാ‍ദഭീഷണി ഇല്ലായ്മ ചെയ്യലാണു രണ്ടാമത്തേത്. ‘ഓപ്പറേഷൻ പീസ് സ്പ്രിംഗ്’ എന്ന് പേരിട്ട ഈ തുറന്ന സൈനിക പോരാട്ടം യഥാർത്ഥത്തിൽ ആർക്കെതിരാണെന്ന് ചോദിച്ചാൽ യാതൊരു സംശയവുമില്ല, കുർദ് തീവ്രവാദികൾ എന്ന്   മുദ്രകുത്തപ്പെട്ട പി.കെ.കെ ക്കും അവരുടെ സിറിയൻ പക്ഷം വൈപിജെക്കും എതിരെയാണ്. അമേരിക്കയും യൂറൊപ്പ്യൻ യൂണിയനും ഒരേ സ്വരത്തിൽ തീവ്രവാദി പട്ടികയിൽ പെടുത്തിയ പി.കെ.കെ തുർക്കിയിൽ ഇതിനകം 40,000 ആളുകളെ കൊലപ്പെടുത്തിയ ചരിത്രവുമുണ്ട്. ഈ പോരാട്ടം സാധാരണ പൗരന്മാർക്ക് നേരെയെല്ലെന്നും തീവ്രവാ‍ദഗ്രൂപ്പുകൾക്ക് നേരെയാണെന്നും ഈ പോരാട്ടത്തിന്റെ ലക്ഷ്യം തുർക്കിയുടെ അതിർത്തികൾ സുരക്ഷിതമാക്കുകയാണെന്നും അതുവഴി മുഴുവൻ അഭയാർത്ഥികൾക്കും സുരക്ഷിതമായ തിരിച്ചുവരവിനു സാധ്യതയൊരുക്കുമെന്നും തുർക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ അധിനിവേശമാരംഭിക്കുമ്പോൾ വ്യക്തമാക്കിയിരുന്നു. സിറിയയിൽ പ്രശ്നങ്ങൾ പെരുകുന്നത് തുർക്കിക്ക് ഭീഷണിയാകുമെന്നതിനാൽ ഇനിയും മൗ നമവലംബിക്കാൻ സാധ്യമല്ലെന്നാണു തുർക്കിഷ് ഭരണകൂടത്തിന്റെ നിലപാട്. സിറിയയുമായി 911 കി.മി അതിർത്തി പങ്കിടുന്ന തുർക്കി സൃഷ്ടിക്കുന്ന പ്രതിരോധം അതിൽ ഒതുങ്ങാതിരിക്കാനാണു അന്താരാഷ്ട്ര ശക്തികൾ കിണഞ്ഞ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കത്തുന്ന തീയിൽ എണ്ണയൊഴിച്ചും കൂടുതൽ നുണപ്രചരിപ്പിച്ചും ആഗോളമാധ്യമങ്ങൾ തുർക്കിയേയും ഉർദുഗാനെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഇത്രയും കൊടുമ്പിരി കയറിയ പോരാട്ടമെന്ന് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നുണ്ടെങ്കിലും സൈനിക മുന്നേറ്റത്തിൽ ഏതാണ്ട് 200 ൽ താഴെ ആളുകളാണ് വധിക്കപ്പെട്ടിട്ടുള്ളത്. അതിൽ 125 ഓളം പേർ കുർദ്ദിഷ് സൈനികരാണ്. അതേസമയം പോരാട്ടം നടക്കുന്ന പ്രദേശങ്ങളിൽ നിന്നും ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി യു.എൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളിൽ നിന്ന് അമേരിക്കൻ സൈന്യം പൂർണ്ണമായി പിന്മാറിയതിനു തൊട്ടുപുറകെയാണ് തുർക്കിയുടെ സൈനിക നടപടി ആരംഭിച്ചത്.

             Pkk യുടെ മുന്നറിയിപ്പ്

എന്നാൽ സൈനിക നടപടിക്ക് പ്രതികാരമായി പിടിച്ചുവെച്ചിട്ടുള്ള മുഴുവൻ ഐസിസ് തീവ്രാവാദികളെയും ജയിലിൽ നിന്നും ഇറക്കിവിടുമെന്നും മുഴുവൻ തുർക്കിഷ് ഗ്രാമങ്ങളിലും സ്ഫോടനങ്ങൾ ഒരുക്കുമെന്നും പി.കെ.കെ അറിയിച്ചു. ഇത് വീണ്ടും ഐസിസിന്റെ കരങ്ങളിലേക്ക്  സിറിയയെ തള്ളിവിടാൻ കാരണമായേക്കും. ഇതിനകം ഐസിസ് ബന്ധമുള്ള 750 ഓളം പേരെയെങ്കിലും തുറന്നുവിട്ടതായി വാർത്തകളുണ്ട്. ഫ്രാൻസ് ഉൾപെടെയുള്ള യൂറോപ്യൻ ശക്തികളും തുർക്കിയുടെ നടപടിയെ അപലപിച്ചു. കുർദ്ദുകൾ സിറിയൻ ഭരണകൂടവുമായി ഒരു കരാറുണ്ടാക്കി  തുർക്കിയെ സംയുക്തമായി നേരിടാനുള്ള പദ്ധതി തയ്യാറായി വരുമ്പോഴേക്കും അമേരിക്കയുടെ ഒഴിവിലേക്ക് റഷ്യ പ്രവേശിച്ചു കഴിഞ്ഞു.  ഈ കരാർ പ്രകാരം അതിർത്തിയിലെ ഭീഷണിയായ കുർദ്ദുകളെ നിശ്ചിത അളവിലുള്ള പ്രദേശത്ത് റഷ്യൻ സേനയും തുർക്കിയും ഒന്നിച്ച് നേരിടും. അതിനപ്പുറത്തേക്ക് തുർക്കിക്ക് പ്രവേശനം ഉണ്ടാ‍വുകയുമില്ല. ഈ കരാറിന്റെ അനന്തരഫലം കുർദ്ദുകൾക്കെതിരായിരിക്കുമെങ്കിലും ബാക്കി കാത്തിരുന്നു കാണേണ്ടിവരും. കുളംകലക്കിയും കലാപമുണ്ടാക്കിയും രാഷ്ട്രീയലാഭം നേടുന്നതിന്റെ കാലം കഴിഞ്ഞു.

                  പരിഹാരം 

തുര്‍ക്കിയിലെയും സിറിയയിലേയും കുര്‍ദ്ദിഷ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകേണ്ടതുണ്ട്. തുർക്കി ഉയർത്തുന്ന അഭയാർത്ഥി വിഷയങ്ങളും രമ്യമായി പരിഹരിക്കപ്പെടണം. മുഴുവൻ അഭയാർത്ഥികൾക്കും സുരക്ഷിതമായി തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ അന്താരാഷ്ട്ര ശക്തികൾ വഴിയൊരുക്കണം. സിറിയൻ ഭരണകൂടവുമായി സന്ധിസംഭാഷണമാണ് മുന്നോട്ട് വെക്കുന്ന മുന്നിലുള്ള ഏറ്റവും നല്ലവഴി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുര്‍ക്കിക്ക് ലഭിച്ച പ്രഭാവകാരണവും അത്തരത്തിലുള്ള സന്ധി സംഭാഷണങ്ങളായിരുന്നു. അതേസമയം ആഗോളമാധ്യമങ്ങൾ ഭൂരിപക്ഷവും തുർക്കിക്കെതിരെ നീങ്ങുന്നത് പ്രത്യേക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്. യുദ്ധത്തിനു സമ്മർദ്ദം ചെലുത്തുന്ന പിന്നാമ്പുറ ശക്തികളെ കുറിച്ചൊന്നും  യാതൊരു ചർച്ചയുമില്ല. നേരെത്തെ ഇറാഖിലും സിറിയയിലുമുണ്ടായ യുദ്ധത്തിൽ ലക്ഷക്കണക്കിനു പിഞ്ചുമക്കൾ പിടഞ്ഞ് മരിച്ചപ്പോൾ ഇല്ലാതിരുന്ന മാനുഷീകത ഇപ്പോൾ തുർക്കിക്കെതിരെ ഉയർത്തുന്നതിൽ ആശങ്കയുണ്ട്. അമേരിക്ക അഫ്ഘാനിസ്ഥാനിലും ഇസ്രായേൽ ഫലസ്തീനിലും നടത്തിയ നരനായാട്ടിൽ ഇല്ലാത്ത നിലവിളി ഇപ്പോൾ ഉണ്ടാകുന്നതിൽ സ്ഥാപിത താല്പര്യമുണ്ടെന്നർത്ഥം. സൗദിയുടെ താല്പര്യങ്ങൾക്ക് വേണ്ടി ആയിരക്കണക്കിനു യമനികൾ പിടഞ്ഞുവീണപ്പോഴും ഈ പ്രചാരകരും സാമൂഹ്യജീവികളും ഒട്ടുമുണർന്നു കണ്ടില്ല.   ലോകത്തിനു മുന്നില്‍ ഉര്‍ദ്ദുഗാന്‍ ഉയര്‍ന്നു നിന്നപ്പോള്‍, ഏറ്റവും ഒടുവിൽ യുഎന്നിൽ തല ഉയർത്തി പശ്ചാത്യശക്തികളുടെ മുഖത്ത് നോക്കി ചില വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ ഇസ്രായേല്‍ ഉള്‍പെടെ പല വമ്പന്‍ ശക്തികളെയും അതേറെ അസ്വസ്ഥമാക്കിയിരുന്നു. ആയുധവിപണിയിൽ തങ്ങൾക്ക് ലാഭമുണ്ടാവുന്ന സാമ്പത്തികമായ ഒരു നീക്കുപോക്കിനാണ് പാശ്ചാത്യ ശക്തികള്‍ കിണഞ്ഞ് ശ്രമിക്കുന്നത് എന്നതിന്നാൽ അവരുടെ പക്ഷങ്ങൾ നീതിയുടേതാകണമെന്നില്ല. അതുകൊണ്ടുതന്നെ കലാപങ്ങളുടെയും സൈനിക നടപടികളുടേയും വഴിക്ക് ഉര്‍ദ്ദുഗാനെ തള്ളിവിടാനാണ് അമേരിക്കയും റഷ്യയും ഉൾപെടെയുള്ളവർ ശ്രമിക്കുന്നത് എന്ന് കാണാതിരുന്നുകൂടാ. കുര്‍ദ് തീവ്രവാദികളായ പി.കെ.കെ യെ ഇളക്കിവിട്ടാല്‍ അവര്‍ കലാപമുണ്ടാക്കി കൊള്ളുമെന്ന് നന്നായി അറിയാവുന്ന ഈ ശക്തികൾ ആരെയും ഇളക്കിവിട്ടേക്കാം. റഷ്യയോടൊപ്പം സിറിയന്‍ ഭരണകൂടത്തിന്റെ മറപറ്റി ഒരുഭാഗത്ത്‌ ഇറാനും മറുഭാഗത്ത്‌ അമേരിക്കയും മുഴുവൻ കുർദ്ദുകളും തുര്‍ക്കിയെ പ്രകോപിപ്പിക്കുന്നുണ്ടാവാം. എന്തായിരുന്നാലും തുർക്കി മുന്നോട്ട് വെച്ച സൈനികമുന്നേറ്റത്തിനു ശുഭസൂചകമായ ഒരു അവസാനം ഉണ്ടാകുമൊ, അഭയാർഥികൾക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കി സിറിയ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരികയും ചെയ്യുമൊ എന്നൊക്കെയാണ് രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.    

                         കടപ്പാട്: സുപ്രഭാതം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter