മ്യാന്‍മറിലെ വംശീയ കലാപങ്ങള്‍ അന്വേഷിക്കാന്‍ യു.എന്‍. മനുഷ്യാവകാശ സമിതി

 width= മ്യാന്മര്‍: നിരന്തരമായി വംശീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന മ്യാന്‍മറിലെ സമകാലിക സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍. മനുഷ്യാവകാശ സമിതി രംഗത്ത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന മുസ്‌ലിംകൂട്ടക്കൊലയെ മുന്‍നിറുത്തിയായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന അന്വേഷണ യാത്രക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്.

സമിതി മേധാവി തോമസ് ഓജിയ ഇതിനകം മിയാന്മര്‍ അതിര്‍ത്തി കാര്യമന്ത്രിയുമായി പടിഞ്ഞാറന്‍ പ്രദേശമായ റാഖേനിലെ ഇപ്പോഴത്തെ അവസ്ഥകളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. കഴിഞ്ഞ മാസം നടന്ന കൂട്ടക്കൊലയില്‍ 78 ഓളം പേരാണ് അവിടെ വധിക്കപ്പെട്ടിരുന്നത്. തങ്ങള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഫലം പുറത്തുവിടില്ലെന്നും ഓജിയ വ്യക്തമാക്കി. രാഷ്ട്രീയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനു ശേഷവും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് മ്യാന്മര്‍ നേരിടുന്ന വലിയ വെല്ലുവിളിയായിരിക്കുമെന്ന് യാത്രക്കു മുന്നോടിയായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

റോഹിന്‍ഗ്യ മുസ്‌ലിംകളെ ഒരു തദ്ദേശീയ വിഭാഗമായോ പൗരന്മാരായോ അംഗീകരിക്കാന്‍ മിയാന്മര്‍ ഇതുവരെ തയ്യാറായിട്ടില്ല. ബംഗ്ലാദേശില്‍നിന്നും കുടിയേറിപ്പാര്‍ത്ത ഒരു വര്‍ഗമായാണ് ഇന്നും അവരെ വീക്ഷിക്കപ്പെടുന്നത്. റോഹിന്‍ഗ്യ മുസ്‌ലിംകളുടെ ജനസംഖ്യ ഏകദേശം ഏഴു ലക്ഷം വരുമെന്നാണ് യു.എന്‍. പറയുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്ന ജനവിഭാഗമെന്നും അവര്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.

ദീര്‍ഘകാലത്തെ പട്ടാള ഭരണത്തിനു ശേഷം പുതുതായി അധികാരത്തില്‍വന്ന പ്രസിഡന്റ് തെയ്ന്‍ സെയ്‌ന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ തോത് അളക്കുന്നതായിരിക്കും ഓജിയയുടെ അന്വേഷണ റിപ്പോര്‍ട്ട് എന്ന് വീക്ഷിക്കപ്പെടുന്നു.

അന്വേഷണ യാത്രയുടെ ആദ്യപടിയെന്നോണം സംഘം യങ്കൂണിലെ കുപ്രസിദ്ധ ജയില്‍ സന്ദര്‍ശിക്കുകയും അവിടെയുള്ളവരുമായി സംവദിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് സൂകിയുമായും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമായും സംഘം ചര്‍ച്ച നടത്തുന്നതായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter