ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-38 ബർബറോസ: ആ പേര് കേട്ടാല്‍ മെഡിറ്ററേനിയന്‍ തിരമാലകള്‍ ഇന്നും കോരിത്തരിക്കും

തുർക്കിയിലെ ഇസ്താംബൂളിലെ ബെസിക്താസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയ നാവിക മ്യൂസിയമാണ് ഇസ്താംബുൾ നേവൽ മ്യൂസിയം. നേവൽ മ്യൂസിയത്തിന്റെ 130 മീറ്റർ വടക്കു കിഴക്കായാണ് ഖൈറുദ്ധീൻ ബർബറോസയുടെ മഖ്ബറ സ്ഥിതിചെയ്യുന്നത്. മ്യൂസിയത്തിലെത്തിയ ഞാന്‍ ആ മഖ്ബറ ലക്ഷ്യമാക്കി നടന്നു.
ഖബ്റിന്റെ അടുത്തായി അദ്ദേഹത്തിൻറെ ഒരു പ്രതിമ കാണാം. അതില്‍ തുർക്കി കവി യഹ്‍യ കമാൽ ബെയാത്‍ലിയുടെ വാക്കുകൾ എഴുതി വെച്ചത് ഇങ്ങനെ വായിക്കാം: 'ആ അലർച്ച കടലിൻറെ ഏത് ചക്രവാളത്തിൽ നിന്നാണ് വരുന്നത്? അത് ടുണീഷ്യയിൽ നിന്നോ അൾജീരിയയിൽ നിന്നോ ദ്വീപുകളിൽ നിന്നോ മടങ്ങുന്ന ബർബറോസ ആണോ? ഇരുന്നുറ് കപ്പലുകൾ തിരമാലകളിൽ സഞ്ചരിക്കുന്നു, കരകളിൽ നിന്ന് ഉയരുന്ന ലൈറ്റുകൾ, കപ്പലുകളേ, നിങ്ങൾ ഏത് കടലിൽ നിന്നാണ് വരുന്നത്?'.

ഉസ്മാനിയാ സാമ്രാജ്യം മെഡിറ്ററേനിയൻ കടൽ അടക്കി ഭരിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. പാശ്ചാത്യൻ തീരങ്ങളിൽ രക്തം ഊറ്റിക്കുടിച്ചിരുന്ന രാക്ഷസനാവികൻമാരെ വരെ തകര്‍ത്തായിരുന്നു അവരാ വിജയം വരിച്ചത്. തുർക്കികൾ ഇന്നും മെഡിറ്ററേനിയയിലെ ഒരു പ്രധാന ഭാഗം തന്നെയാണ്. അനോട്ടോളിയയിലെ ഈജിയൻ തീരം കീഴടക്കുന്നതോടെയാണ് ആ കടല്‍ജൈത്രയാത്ര തുടക്കം കുറിക്കുന്നത്. നൂറ്റാണ്ടുകളോളം ഈജിയൻ തീരം 'ഒരു തുർക്കി തടാകം' എന്ന പേരിലാണ് മെഡിറ്ററേനിയനിൽ അറിയപ്പെട്ടത്. 

വർഷങ്ങളോളം ബൈസന്റൈന്‍ അധീനതയിലായിരുന്ന സ്മിർന (ഇന്നത്തെ ഇസ്മിർ) ഓഗുസ് യോദ്ധാക്കളുടെ ചെറിയ സൈന്യവുമായി സൽജുഖ് കമാൻററായിരുന്ന സച്ചാസ് ബെയാണ് കീഴടക്കിയത്. അനോട്ടോളിയയിലെ ഈജിയൻ പ്രദേശത്ത് സച്ചാസ് ബെ സ്ഥാപിച്ച സ്വതന്ത്ര പ്രവിശ്യക്ക് കോൺസ്റ്റാൻറിനോപ്പിളുമായി അതിർത്തി പങ്കിട്ടിരുന്നു. അത് കൊണ്ടു തന്നെ സച്ചാസ് ബെ നാൽപ്പത് കപ്പലുള്ള ഒരു നാവികസേന സ്ഥാപിക്കുകയും സ്മിർനയോട് അടുത്തുള്ള ലെസ്ബോസ് ദ്വീപ് കീഴടക്കുകയും ചെയ്തു. 1090ൽ ബൈസന്റൈന്‍ സൈന്യം സച്ചാസ് ബെയുടെ നാവിക സേനയെ അക്രമിക്കുകയും അവർ തുർക്കികളോട് പരാജയപ്പെടുകയും ചെയ്തു. ഇത് ചരിത്രത്തിലെ ആദ്യത്തെ തുർക്കി നാവിക വിജയമായാണ് അറിയപ്പെടുന്നത്. 

Read More:ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-37 വാസ്തു വിദ്യയുടെ അമരക്കാരനെ തേടി സുലൈമാനിയ്യ പള്ളിയില്‍

സൽജൂഖികളുടെ ഭരണകാലത്ത് ബൈസന്റൈന്‍ ഇടപെടലും മംഗോളിയൻ അധിനിവേശവും രാഷ്ട്രീയത്തിലെ ഉയർച്ചയും താഴ്ച്ചയും കാരണം സ്ഥിരമായ രാഷ്ട്രീയ ശക്തിയാകാൻ അവർക്ക് സാധിച്ചില്ല. ശേഷം ശക്തമായി ഒരു കടൽ സാമ്രാജ്യമെന്ന ബഹുമതി നേടിയത് ഉസ്മാനികളാണ്. അവർ ഏഴു കടലുകളിൽ ഏറ്റവും ശക്തമായ നാവികസേനയാവുകയും കാലാകാലങ്ങളിലായി മെഡിറ്റേറിയനിൽ നേട്ടങ്ങൾ കൊയ്യുകയും ചെയ്തു. 'കടൽക്കൊള്ളക്കാരുടെ കാലഘട്ടം' എന്നറിയപ്പെട്ട പതിനാറ് മുതൽ പത്തൊമ്പത് വരെയുള്ള നൂറ്റാണ്ടുകളിൽ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ സമാധാനം ഉറപ്പ് വരുത്തിയത് അവരായിരുന്നു. കടൽക്കൊള്ളക്കാരെ വെല്ലുവിളിച്ച് കീഴടക്കാനും മുസ്‍ലിംകളെ ഭീഷണിപ്പെടുത്തുന്ന മെഡിറ്ററേനിയൻ, കിഴക്കൻ അറ്റ്‍ലാൻറിക് സമുദ്രങ്ങളിലെ കടൽ വ്യാപാരികളെ നിലക്ക് നിറുത്താനും അവർക്ക് കഴിഞ്ഞു. അൾജീരിയയുടെ ഭരണാധികാരിയായി മാറിയതിനു ശേഷം മെഡിറ്ററേനിയൻ ചരിത്രത്തിലെ ഏറ്റവും വിജയിയായ ഉസ്മാനിയാ സാമ്രാജ്യത്തിൻറെ കടൽ അധിപനായിരുന്നു ഖൈറുദ്ധീൻ ബർബറോസ.

ഉസ്മാനീ ഭരണത്തിന് കീഴിലുള്ള ലെസ്ബോസിലെ പാലിയോകിപോസ് ഗ്രാമത്തിൽ 1470 കളുടെ അവസാനത്തിലോ 1480 കളുടെ തുടക്കത്തിലോ ആണ് ഖൈറുദ്ധീൻ ബർബറോസ എന്ന 'ഖിസ്റ്' ജനിക്കുന്നത്. അദ്ദേഹത്തിൻറെ പിതാവ് യാകുപ് ഒരു അൽബേനിയൻ വംശജനായ മുസ്‍ലിം സിപാഹി (കരാർ സൈനികൻ) ആയിരുന്നു. ഉസ്മാനീ സേന ലെസ്ബോസിനെ കീഴടക്കിയതിൽ അദ്ദേഹവും പങ്കെടുത്തിരുന്നു. ഒരു ഗ്രീക് വനിതയെ അദ്ദേഹം വിവാഹം കഴിച്ച് അതിലുണ്ടായ നാല് മക്കളിൽ മൂന്നാമനായിരുന്നു ഖിസ്റ്. തുർക്കിയിലെ കടൽ യാത്രക്കാർ, വിശേഷിച്ചും കരിങ്കടൽ പ്രദേശത്ത് താമസിക്കുന്നവർ, ഖിസ്റിൻറെയും സഹോദരന്മാരുടെയും പേരുകൾ ഇന്നും മക്കള്‍ക്ക് നല്കാന്‍ ഇന്നും ഏറെ താല്പര്യപ്പെടുന്നവരാണ്.

ഒരു ബോട്ട് ഓടിച്ച്, ദ്വീപിനകത്തും പുറത്തും തന്റെ ചരക്കുകൾ വിറ്റിരുന്ന പിതാവ് യാകുപ്, മക്കള്‍ക്കും കടല്‍ യാത്ര അഭ്യസിപ്പിച്ചിരുന്നു. ശേഷം മെഡിറ്റേറിയൻ സമുദ്രത്തിലെ പലയിടങ്ങളിലും അദ്ദേഹവും സഹോദരന്മാരും പ്രവർത്തി കച്ചവടാവശ്യത്തിനായി വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും ചെയ്തു. 

'റീകൺക്വിസ്റ്റ'ക്ക് (1492, സ്പെയ്ന്‍ പരാജയപ്പെടുന്ന കാലഘട്ടം) ശേഷം പോർച്ചുഗീസുകാരും സ്പാനിഷ് പടയും വടക്കെ ആഫ്രിക്കയിലെ മുസ്‍ലിം തീരദേശ നഗരങ്ങളെ അക്രമിക്കാൻ തുടങ്ങി. ഇത് ഓട്ടോമന്മാരെയും ഉത്തര ആഫ്രിക്കൻ മുസ്‍ലിം ഭരണകൂടങ്ങളെയും തിരച്ചടിക്കാൻ നിര്‍ബന്ധിതരാക്കി. സ്പാനിഷ് കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനായി ബായസീദ് രണ്ടാമൻ മകൻ ഷഹ്സാദെ കോർക്കുഡ് ഒറൂസിനൊപ്പം ഖൈറുദ്ധീൻ ബർബറോസയെയാണ് നിയമിച്ചത്. 1512ൽ സലീം ഒന്നാമൻ അധികാരത്തിലെത്തിയതോടെ കോർക്കുഡിനെ വധിക്കുകയും അതോടെ ബർബറോസ വടക്കെ ആഫ്രിക്കയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. അവിടെ എത്തിയ ബാര്‍ബറോസയും സഹോദരങ്ങളും പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ച് സ്പെയിൻ അധിനിവേശകര്‍ക്കെതിരെ ശക്തമായി പോരാടി. 1516ൽ സ്പാനിഷ് സർക്കാരിൽ നിന്ന് അവര്‍ അള്‍ജീരിയ മോചിപ്പിച്ചു. അതോടെ, അവരുടെ ശക്തി മനസ്സിലാക്കിയ ഉസ്മനി സുല്‍താന്‍ ബർബറോസയുടെ സഹോദരനായ ഒറൂജിനെ അൾജീരിയയുടെ ബെയായും (ഗവർണർ) ബർബറോസയെ പടിഞ്ഞാറൻ മെഡിറ്ററേനിയൻറെ ചീഫ് ഗവർണറായും തിരഞ്ഞടുത്തു. ഇത് ഒരു ചരിത്രത്തിന്റെ തുടക്കമായിരുന്നു എന്ന് വേണം പറയാന്‍.

നിർഭാഗ്യവശാൽ, സ്പാനിഷ് അക്രമണത്തിൽ ബർബറോസക്ക് സഹോദരനായ ഒറുസിനെ നഷ്ടപ്പെട്ടു. അതോടെ അൾജീരിയയുടെ അധികാരവും ഖൈറുദ്ദീന്‍ ബര്‍ബറോസയുടെ കൈകളിലെത്തി. രണ്ടു വർഷത്തിന് ശേഷം സലീം രാജാവ് മരിക്കുകയും അദ്ദേഹത്തിൻറെ ഏകമകൻ സുലൈമാൻ ദി മാഗ്നിഫിഷ്യൻറ് അധികാരത്തിലെത്തുകയും ചെയ്തു. അവസരം ഉപയോഗപ്പെടുത്തി ബാര്‍ബറോസ സ്പാനിഷ്കാർക്കെതിരായ യുദ്ധത്തിൽ തൻറെ കപ്പലുകൾ ഉപയോഗപ്പെടുത്താമെന്ന വാഗ്ദാനവുമായി യുവ സുൽത്താന് സന്ദേശമയച്ചു. ഇതോടെ, ഉസ്മാനികളുടെ അംഗീകൃത സമുദ്രശക്തിയായി മാറുകയും സ്പാനിഷ് പടയെ പരാജയപ്പെടുത്തിയ ബർബറോസ ഒട്ടോമന്മാരുടെ 'കപ്താൻദെര്യ' (ചീഫ് അഡ്മിറൽ) സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

അതോടെ, ബർബറോസയുടെ പ്രശസ്തി മുസ്‍ലിം ലോകമെമ്പാടും വ്യാപിച്ചു. ഒരിക്കൽ ചാൾസ് അഞ്ചാമൻറെ (റോമൻ സാമ്രാജ്യം) അഡ്മിറൽ ആൻഡ്രിയ ഡോറിയ ഒട്ടോമൻ ഗ്രീസിലെ തുറുമുഖങ്ങൾ പിടിച്ചെടുത്തപ്പോൾ സുൽത്താൻ സുലൈമാൻറെ ആവശ്യപ്രകാരം അവരെ തുരത്തിയതും ബര്‍ബറോസ ആയിരുന്നു. ബർബറോസയുടെ ഓരോ വിജയവും ഗംഭീരമായിരുന്നു. ഒരിക്കൽ ചാൾസ് അഞ്ചാമൻ വലിയ സൈന്യത്തെ മെഡിറ്റേറിയനിലേക്ക് അയച്ചു. ഒരാഴ്ച്ച നിന്ന ഉപരേധത്തിന് ശേഷം അവർ ടുണീഷ്യ കീഴടക്കി. വിവരമറിഞ്ഞ  ബർബറോസ പ്രതികാരത്താൽ ആളിക്കത്തി. തന്റെ സൈനികവ്യൂഹവുമായി അവിടെയെത്തിയ അദ്ദേഹം ആ വന്‍സൈന്യത്തെ നിഷ്പ്രയാസം കീഴടക്കി. അവസാനം, ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം തരാമെന്ന ഉറപ്പില്‍ റോമൻ സൈന്യം ബർബറോസക്കു മുന്നിൽ ദയനീയമായി കീഴടങ്ങി. 

മെഡിറ്റേറിയയുടെ പിന്നീടുള്ള വർഷങ്ങള്‍ ഖൈറുദ്ധീൻ ബർബറോസയുടേതായിരുന്നു. 1538ൽ ഗ്രീസിലെ ഒട്ടോമൻ തുറുമുഖമായ പ്രീവിസയിൽ വെച്ച് റോമൻ അഡ്മിറൽ ആൻഡ്രിയ ഡോറിയുടെ നേതൃത്വത്തിലുള്ള ശക്തരായ കപ്പൽ സേനയെ അദ്ദേഹം പരാജയപ്പെടുത്തി. അതേ സമയം, ഇറ്റലിയിലെയും ഫ്രാൻസിലെ മാർസയിലെയും ടൊലോണിയിലേയും തുറുമുഖങ്ങളുമായി  സമാധാന പരമായ കരാറുണ്ടാക്കാനും ബര്‍ബറോസ മറന്നില്ല. അതോടെ അവരെല്ലാം അദ്ദേഹത്തെ ബഹുമാനത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു.  

Read More: ദർവീശിന്റെ ഡയറി - 36 സുല്‍താന്‍ സുലൈമാന്റെ മാഗ്നിഫിഷ്യന്‍ കാലത്തിലൂടെ..

1545ൽ ബർബറോസ വിരമിച്ച ശേഷം ഇസ്താംബൂളിൽ സ്ഥിരതാമസമാക്കി. 1546 ജൂലൈ 4ന് അദ്ദേഹം അന്തരിച്ചു. ഇസ്താംബൂളിലെ ബർബറോസ് ടർബെസിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. യൂറോപ്യൻ തീരമായ ബോസ്ഫറസിലെ ബെസിക്താസിലെ ഒരൂ ജില്ലയിലാണ് ഇത്. അദ്ദേഹത്തിൻറെ ഖബ്റ് പണിതത് പ്രസിദ്ധ ഒട്ടോമൻ വസ്തുശിൽപിയായ മിഅ്മാർ സിനാനാണ്. 

നാവികവീരനായ ബര്‍ബറോസയുടെ ഓർമകൾ ഇന്നും ഇസ്താംബൂളിനെ പുളകം കൊള്ളിക്കുന്നാതായി കാണാം. തുർക്കിയിലെ നാവികരും കപ്പലുകളുമെല്ലാം ഇന്നും ഖൈറുദ്ധീൻ ബർബറോസക്ക് അഭിവാദ്യം അർപ്പിച്ചാണ് ഓരോ യാത്രയും തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമെന്ന് പറയാം. അദ്ദേഹത്തിൻറെ ഖബ്റിന്മേൽ ഇങ്ങനെ എഴുതിയിരിക്കുന്നു: 'അൾജീരിയയെയും ടുണീഷ്യയുയെയും കീഴടക്കിയ ഖൈറുദ്ധീൻ ബർബറോസയുടെ മേൽ ദൈവത്തിൻറെ സംരക്ഷണം ഉണ്ടാകട്ടെ. 

ആ പ്രാര്‍ത്ഥനാ വാക്കുകള്‍ ഉരുവിട്ട് സലാം പറഞ്ഞ് തിരിഞ്ഞുനടക്കുമ്പോള്‍, എന്റെയുള്ളില്‍ അഭിമാനപുളകങ്ങളുടെ ഒരായിരം കടലുകള്‍ ഇരമ്പുന്നുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter