മുസ്‍തഫാ കമാല്‍ പാഷ തുര്‍ക്കിയില്‍ ചെയ്ത് വെച്ചത്
ഇസ്‍ലാമിക ചരിത്രത്തിൽ എന്നും വ്യക്തവും വ്യത്യസ്തവുമായ സ്ഥാനമാണ് തുർകിക്ക് കല്പിച്ച് പോരുന്നത്. നൂറ്റാണ്ടുകളോളം തുടർന്ന ഇസ്‍ലാമിക ഖിലാഫത്തിന് ചുക്കാൻ പിടിച്ചതും തുർക്കികൾ ആണല്ലോ. എന്നാൽ അതുപോലെതന്നെ വേദനാജനകമാണ് ഖിലാഫത്തിന്റെ തകർച്ചയും തുടർന്ന് മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ തുർകിയിൽ നടന്ന സംഭവവികാസങ്ങളും. ഇസ്‍ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ വരെ നിരോധിച്ചുകൊണ്ടുള്ള നിയമങ്ങളാണ് പിന്നീട് തുർക്കിയിൽ അരങ്ങേറിയത്. ഉസ്മാനിയ സാമ്രാജ്യത്തിലെ തകർച്ചക്ക് കാരണക്കാരനായ അവരുടെ തന്നെ സൈനികനും അന്നത്തെ യുവതുർക്കികളുടെ നേതാവുമായ മുസ്തഫ കമാൽ പാഷ എന്ന വ്യക്തി പിന്നീട് രാജ്യത്ത് ജനാധിപത്യത്തിന്റെ മറവിൽ ഏകാധിപത്യപരമായ ഭരണമാണ് നടത്തിയത്.
1902 ൽ റോയല്‍ മിലിറ്ററി അക്കാദമിയിൽ നിന്ന് ഫലം പുറത്തുവന്നപ്പോൾ മുസ്തഫ കമാൽ 459 കേഡറ്റുളിൽ എട്ടാമതായിരുന്നു. അവിടുന്ന് തുടങ്ങിയ കയറ്റമാണ് മുസ്തഫ കമാലിനെ തുർക്കിയുടെ രാഷ്ട്രപിതാവ് എന്ന് പറയപ്പെടുന്ന അതാതുർക്കിലേക് നയിച്ചത്. പഠനകാലത്തുതന്നെ ഖിലാഫത്തിന്റെ പല നടപടികൾക്കെതിരായിരുന്നെങ്കിലും പഠനം പൂർത്തിയാകുന്നതുവരെ ഉസ്മാനിയ സ്ഥാപനങ്ങളിലാണ് പഠിച്ചിരുന്നത്.
ഉസ്മാനിയ ഖിലാഫത്തിന്റെ കീഴിലുള്ള ഇത്തരം സ്ഥാപനങ്ങളിൽ മറ്റു വെസ്റ്റേൺ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരുടെ സൈനിക ക്ലാസ്സുകളും മറ്റും ഖിലാഫത്തിന്റെ കീഴിൽ തന്നെ നടന്നിരുന്നു. ഇത്തരം ക്ലാസ്സുകളാണ് ഒരളവോളം വിദ്യാർത്ഥികളെ ഖിലാഫത്തിനെതിരെ തിരിയാനും മറ്റും കൂടുതൽ ഇടയാക്കിയത്. 1883-1884 ൽ പ്രശസ്ത ജർമ്മൻ സൈദ്ധാന്തികനായ കോൾമാർ വോൺ ഡെർ ഗോൾട്ട്സ് ക്ലാസ് എടുക്കുകയും സമൂഹത്തിൽ സൈന്യത്തിന്റെ പങ്കിന് ഗോൾട്ട്സ് പ്രത്യേക ഊന്നൽ നൽകുകയും ചെയ്‌തിരുന്നു. ദ നേഷൻ ഇൻ ആംസ് എന്ന തന്റെ പുസ്തകത്തിൽ, രാജ്യങ്ങൾക്കിടയിൽ യുദ്ധം അനിവാര്യമാണെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളെയും പ്രതിരോധിക്കാനും നയിക്കാനും സൈന്യത്തിന് ഒഴിച്ചുകൂടാനാവാത്ത കടമയുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു. വൈകാതെ ഉസ്മാനിയ ഓഫീസർമാരുടെ ഉള്ളിലും ഈ ചിന്ത കടന്ന് കൂടി.
ഖിലാഫത്തിനെതിരെ പ്രക്ഷോഭം നടത്താനും പ്രതിരോധിക്കാനും അവസരം നോക്കിനിൽക്കുന്നതിനിടയിലാണ് ബാൽക്കൻ യുദ്ധത്തിൽ ഉസ്മാനിയ ഖിലാഫത്തിനും സഖ്യകക്ഷികൾക്കും പരാജയം സംഭവിക്കുന്നത്. ഇത് കാരണത്താൽ ജനങ്ങൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങളും റിപ്പബ്ലിക്കിന് വേണ്ടിയുള്ള നിലവിളികളും ഉയർത്താൻ ഇത്തരം വ്യക്തികൾക്ക് സാധിച്ചു. ഉസ്മാനിയ ഖിലാഫത്തിന്റെ അവസാന ഭരണാധികാരി ആയ മുഹമ്മദ് ആറാമൻ ആറു മാസങ്ങൾക്കു മുമ്പ് അവതരിപ്പിച്ച റിപ്പബ്ലിക്കിനോട് സമാനമായ ബില്ല് വീണ്ടും കൊണ്ടുവരാനും, അല്ലാത്ത പക്ഷം തുർക്കി റിപ്പബ്ലിക് ആക്കാനായി ഖലീഫ സ്ഥാനത്തുനിന്നു ഒഴിയാനും യുവതുർക്കികള്‍ എന്ന പേരിൽ നടക്കുന്ന പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. പ്രക്ഷോഭകാരികൾക്ക് മറ്റു ഇസ്‍ലാമിക വിരുദ്ധ രാഷ്ട്രങ്ങളിൽ നിന്ന് സഹായങ്ങളും ലഭിച്ചിരുന്നു. അങ്ങനെ 1923 ഒക്ടോബറിൽ ഉസ്മാനിയ സാമ്രാജ്യം അവസാനിക്കുകയും മുഹമ്മദ് കമാൽ പാഷയുടെ നേതൃത്വത്തിൽ പുതിയ ഭരണകൂടം അധികാരം ഏൽക്കുകയും ചെയ്തു.
തുര്‍ക്കി റിപ്പബ്ലിക് ആയതിനുപിന്നാലെ ഭരണാധികാരികൾ തുർക്കിയിലെ മതങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും, പ്രത്യേകിച്ച് ഇസ്‍ലാമിക പ്രബോധനത്തിനും മദ്രസകൾക്കും വരെ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം, ക്രിസ്ത്യാനികള്‍ക്ക് പ്രബോധന അനുമതി നൽകുകയും ചെയ്തിരുന്നു. മറ്റൊരു ഇസ്‍ലാമിക ഭരണകൂടം മദ്രസകളിലൂടെയും പള്ളികളിലൂടെയും വളർന്നുവരുമോ എന്നതായിരുന്നു അവരുടെ ആശങ്ക. അതുകൊണ്ട് തന്നെ ചരിത്രപ്രധാന്യമുള്ള, ഉസ്മാനിയ ഭരണാധികാരികൾ ജനങ്ങളുമായി സംവദിക്കാറുള്ള ആയാ സോഫിയ തുടങ്ങി എല്ലാ പള്ളികളും അടച്ചുപൂട്ടുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. രഹസ്യമായി നടന്ന പല മത പഠന ക്ലാസുകളും പട്ടാളക്കാര്‍ പിടി കൂടുകയും പല പ്രമുഖ നേതാക്കളെയും ജയിലിൽ അടക്കുകയും ചെയ്തു. തുടർന്ന് ഇസ്‍ലാമിന്റെ വളരെ പ്രധാനമായ ബാങ്കുവിളിക്കും നിരോധനം ഏർപ്പെടുത്തുകയും അത് നിര്‍വ്വഹിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഇതെല്ലാം നടക്കുന്നത് റിപ്പബ്ലിക്കിന്റെ മറവിലാണെന്നതായിരുന്നു ഏറ്റവും വലിയ വിരോധാഭാസം.
അത്താതുർക്കെന്ന കമാൽപാഷക്ക് പല കാലഘട്ടങ്ങളിലായി പല നാമങ്ങളും ലഭിച്ചിട്ടുണ്ട്. ജനിക്കുമ്പോൾ മുസ്തഫ എന്ന പേര് മാത്രമുള്ള അദ്ദേഹത്തിന് കമാൽ എന്ന നാമം കൊടുക്കുന്നത് അദ്ദേഹത്തിന്റെ അധ്യാപകനാണ്. പുറമേ സൈനികസ്ഥആനവും മറ്റു നാമങ്ങളും എല്ലാം ചേർത്ത് അവസാനം ജനങ്ങൾ അദ്ദേഹത്തെ അത്താതുർക്ക് എന്ന് നാമകരണം ചെയ്തു. തുര്‍കിയുടെ മുസ്‍ലിം വിരുദ്ധ ലിബറല്‍ രാഷ്ട്രമാക്കി മാറ്റാനായിരുന്നു അയാളുടെ പദ്ധതികളെല്ലാം. അതുവരെ തുർക്കിയുടെ ലിപി അറബിയിലായിരുന്നതിനെ ഇംഗ്ലീഷ് ലിപി ആക്കുകയും അറബി ലിപി നിരോധിക്കുകയും ഉപയോഗിക്കുന്നവർക്ക് ശക്തമായ ശിക്ഷ നൽകുകയും ചെയ്തു. ഇത്തരത്തിൽ തുർക്കിയുടെ സംസ്കാരത്തെയും മറ്റും എല്ലാത്തരത്തിലും മാറ്റിമറിച്ച അത്താതുർക് പലപ്പോഴായി പണ്ഡിതരിൽ നിന്ന് പ്രതിഷേധങ്ങൾ ഏൽക്കേണ്ടിയും വന്നിട്ടുണ്ട്.
പതിനഞ്ചു വർഷത്തെ ഭരണത്തിനിടയിൽ തുർക്കിയെ പല നിലക്കും അദ്ദേഹം മാറ്റിയിരുന്നു. ജനാധിപത്യ രീതിയിൽ വോട്ടിംഗ് നടത്താനോ ജനഹിതം തേടാനോ അദ്ദേഹം തയ്യാറായില്ല എന്ന് മാത്രമല്ല, ഭരണകാലത് തീർത്തും ഏകാധിപത്യഭരണമായിരുന്നു അയാള്‍ കാഴ്ചവച്ചത്. തുടർന്നുവന്ന ഭരണാധികാരികളും അദ്ദേഹത്തിന്റെ പാത പിന്തുടർന്നുവെങ്കിലും അദ്ദേഹത്തോളം പ്രാപ്തരോ സ്വാധീനമുള്ളവരോ ആയിരുന്നില്ല അവരൊന്നും. വൈകാതെ, നിരോധിക്കപ്പെട്ട പല പാർട്ടികളും തിരിച്ചുവരികയും തുർക്കിയിൽ യഥാർത്ഥ ജനാധിപത്യരീതി നിലവിൽ വരികയും ചെയ്തു.
എങ്കിലും അത്താതുർകിന്റെ പല പരിഷ്കരണങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. അവസാനമായി ഈയടുത്തായി വീണ്ടും പള്ളിയാക്കി മാറ്റിയ അയാസോഫിയ അതിനൊരു ഉദാഹരണം മാത്രമാണ്. എന്നാൽ ഇന്നത്തെ തുർക്കി ഭരണകൂടം മുസ്‍ലിം സമൂഹത്തിന് വലിയ പ്രതീക്ഷ തന്നെയാണ് സമ്മാനിക്കുന്നത്. എത്ര അടിച്ചമര്‍ത്തിയാലും ജനമനസ്സുകളില്‍ നിന്ന് ഈ മതത്തെയും വിശ്വാസസംഹിതയെയും കുടിയിറക്കാനാവില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, ഫിനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് വന്ന തുര്‍കി. അത് വിശ്വാസിസമൂഹത്തിന് നല്കുന്നത് പ്രതീക്ഷയുടെ ഒരായിരം പൊന്‍കിരണങ്ങള്‍ തന്നെയാണ്.
Leave A Comment