മോദിയും ട്രംപും ഇഫ്താര്‍ വിരുന്നുകളെ ഭയക്കുന്നതെന്തിന്?

കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു വാര്‍ത്തകളിലൊന്നാണ് അമേരിക്കയില്‍ ട്രംപ് വൈറ്റ് ഹൗസിലെ ഇഫ്താര്‍ വിരുന്ന് നിര്‍ത്തലാക്കിയതും, മറ്റൊന്ന് ഇന്ത്യയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ മോദിയും ഉത്തരവാദപ്പെട്ട ബി.ജെ.പി മന്തിമാരും സംബന്ധിക്കാത്തതും. ജനാധിപത്യ മതേതരത്വ സംവിധാനം നിലനില്‍ക്കുന്ന നാടുകളില്‍ ഇത്തരം സംഗമങ്ങള്‍ ഏറെ പ്രസക്തിയും പ്രാധാന്യവും ഉണ്ടായിരിക്കെ പാരമ്പര്യമുള്ള ഇത്തരം സംഗമങ്ങള്‍ക്കെതിരെ വിമുഖത പ്രകടിപ്പിക്കുന്നത് തീര്‍ത്തും ജുഗുപ്‌സാവഹമാണ്. ഇവിടെ സ്വാഭാവികമായും രാജ്യത്തെ പൗരന്മാരുടെ മനസ്സില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണ് ട്രംപും മോദിയും ഇഫ്താര്‍ സംഗമങ്ങളെ എന്തിനിത്ര ഭയപ്പെടുന്നുവെന്നത്.

തീര്‍ത്തും പ്രസക്തമായൊരു ചോദ്യമാണിത്. ഹിന്ദുവും മുസ്‌ലിമും ക്രൈസ്തവനും ജൂതനും മതമുള്ളവനും ഇല്ലാത്തവനുമെല്ലാം ഒരുമിച്ചിരുന്ന് മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു സംഗമമാണ് സത്യത്തില്‍ ഇഫ്താര്‍ മീറ്റുകള്‍. മുസ്‌ലിം വിശ്വാസവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെടുന്ന ഒരു സംഗമമാണെങ്കിലും ഇതിന് എല്ലാവരും ഒരുമിച്ചിരുന്ന സൗഹൃദവും സ്‌നേഹവും പങ്കിടുന്ന ഒരു അവസരമാണിത്. രാഷ്ട്രീയത്തിനു പുറത്ത് എല്ലാവരും ഒന്നാണെന്ന മാനവഐക്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരം സംഗമങ്ങള്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും പരസ്പരം തിരിച്ചറിയാനും മാനസികമായി അടുക്കാനുമുള്ള നല്ലൊരു അവസരം. ഇന്ത്യ പോലെയുള്ള ബഹുസ്വര രാജ്യത്ത് ഇത്തരം കൂട്ടായ്മകള്‍ക്ക് ധാരാളം ധര്‍മങ്ങള്‍ ചെയ്യാനുണ്ട്. അതുകൊണ്ടാണ് കാലങ്ങളായി രാഷ്ട്രപതി, പ്രിതപക്ഷ നേതാവ് പോലെ ഉത്തവാദപ്പെട്ട പോസ്റ്റുകളില്‍ ഇരിക്കുന്നവര്‍ ഇത് മുടങ്ങാതെ നിലനിര്‍ത്തിപ്പോരുന്നതും. 

എന്നാല്‍, ഈയൊരു പതിവു പല്ലവിയെ ചോദ്യം ചെയ്യുന്നവിധത്തിലാണ് അധികാരത്തില്‍ വന്നതിനു ശേഷമുള്ള എല്ലാ തവണയും പോലെത്തന്നെ ഇത്തവണയും മോദി കുടുംബം ഈയൊരു സംഗമത്തോട് പുറം തിരിഞ്ഞുനിന്നത്. രണ്ടു ഇഫ്താര്‍ വിരുന്നുകളിലും അവര്‍ പങ്കെടുത്തില്ലായെന്നു മാത്രമല്ല, പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ കുണ്ഠിതവും അവര്‍ രേഖപ്പെടുത്തിയില്ല. പങ്കെടുക്കലും പങ്കെടുക്കാതിരിക്കലും അവരുടെ വൈയക്തിക ചോയ്‌സുകളില്‍ പെട്ടതാകാം. പക്ഷെ, രാജ്യത്തിന്റെ ബഹുസ്വര പശ്ചാത്തലത്തില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഒന്നില്‍നിന്നും പ്രധാനമന്ത്രിയടക്കം ഭരണപക്ഷം മാറിനില്‍ക്കുമ്പോള്‍ ഇത് ന്യൂനപക്ഷത്തോടും ചില മതവിശ്വാസികളോടുമുള്ള അവഗണനയും വിശ്വാസമില്ലായ്മയുമായിട്ടു മാത്രമാണ് മനസ്സിലാക്കപ്പെടുക. ജനങ്ങളെ മുഖവിലക്കെടുക്കേണ്ട ഒരു മതേതര രാജ്യത്ത് ഇതൊരിക്കലും ഭൂഷണമല്ല. 

ഈ വിഷയത്തില്‍ മോദിയും ട്രംപും ഒരേ തൂവല്‍ പക്ഷികളാണെന്നു തെളിയിക്കുന്നതാണ് വൈറ്റ് ഹൈസിലെ ഇഫ്താര്‍ വിരുന്നുമായി ബന്ധപ്പെട്ട് ഒടുവില്‍ ട്രംപ് സ്വീകരിച്ച നിലപാടും. പങ്കെടുക്കാതിരിക്കുക എന്നതല്ല, വൈറ്റ് ഹൗസിലെ ഇഫ്താര്‍ വിരുന്നുതന്നെ നിര്‍ത്തലാക്കുകയായിരുന്നു ട്രംപ് ചെയ്തത്. 

1805 മുതല്‍ അമേരിക്കയില്‍ തുടര്‍ന്നുവരുന്ന രീതിയാണ് വൈറ്റ് ഹൗസില്‍ വെച്ച് റമദാന്‍ മാസാവസാനം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുകയെന്നത്. തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം പ്രതിനിധികളോടൊപ്പം പ്രസിഡന്റും അതില്‍ പങ്കെടുക്കാറുണ്ട്. അവസാന നോമ്പുതുറയും ഈദ് ദിന സന്ദേശവും നല്‍കും. അതാണ് പതിവ്. മുമ്പ് ബുഷ്- ബാരാക് ഒബാമയെല്ലാം അങ്ങനെ പങ്കെടുത്തിരുന്നു. എന്നാല്‍, ഈയൊരു ചടങ്ങിനെത്തന്നെ നിര്‍ത്തലാക്കുകയായിരുന്നു ഇത്തവണ ഡൊണാള്‍ഡ് ട്രംപ്. കേവലം ഈദ് സന്ദേശത്തില്‍ മാത്രമൊതുക്കി അദ്ദേഹം ഈ ചടങ്ങുകളെല്ലാം. 

1805 ഡിസംബര്‍ ഒമ്പതിന് അന്നത്തെ പ്രസിഡന്റ് തോമസ് ജെഫേഴ്‌സണ്‍ ആണ് പ്രഥമ ഇഫ്താര്‍-ഈദ് വിരുന്ന് വൈറ്റ് ഹൗസില്‍ ആരംഭിച്ചത്. സെനറ്റ്-കോണ്‍ഗ്രസ് അംഗങ്ങളും മറ്റുമായിരുന്നു ഇതില്‍ സംബന്ധിക്കാറ്. അമേരിക്കന്‍ വിപ്‌ളവകാലത്തെ തുനീഷ്യന്‍ അംബാസിഡര്‍ സിദ്ദി സുലൈമാന്‍ മെല്ലിയുടെ ബഹുമാനാര്‍ത്ഥമായിരുന്നു ഇതിന്റെ തുടക്കം. പിന്നീട് ഇത് മതസൗഹര്‍ദമായി നിലനിര്‍ത്തപ്പെടുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ട്രംപ് സ്വീകരിച്ച ഈ നിലപാട് അദ്ദേഹത്തിന്റെ മുസ്‌ലിം വിരോധത്തിന്റെ പ്രകടനമായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്. 

മതേര രാജ്യങ്ങളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം പക്ഷപാതിത്തപരവും വിഭാഗീയവുമായ നിലപാടുകള്‍ കൊള്ളുന്നത് തീര്‍ത്തും അപലപനീയമാണ്. ഒരുമിച്ചിരിക്കാനുള്ള പൗരാവകാശങ്ങള്‍ക്കാണ് ഇതിലൂടെ നിരുത്സാഹം വന്നു ഭവിക്കുന്നത്. ഇത് എല്ലാ അര്‍ത്ഥത്തിലും വിമിര്‍ശനമര്‍ഹിക്കുന്നതാണ്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter